ലോക്സഭാ തിരഞ്ഞെടുപ്പ്; ഡിഎംകെയുടെ ആദ്യ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി

ചെന്നൈ: ലോക്സഭാ തിരഞ്ഞെടുപ്പിലെ ഡിഎംകെയുടെ ആദ്യ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി. 21 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് ഡിഎംകെ പ്രഖ്യാപിച്ചത്. സ്ഥാനാർത്ഥി പട്ടികയിൽ 11 പുതുമുഖങ്ങളുണ്ട്. കനിമൊഴി, ടി ആർ ബാലു, എ രാജ, ദയാനിധി മാരൻ തുടങ്ങിയവർ പുതുമുഖങ്ങളാണ്. കനിമൊഴി തൂത്തുക്കുടിയിലും ദയാധിനിധി മാരൻ സെൻട്രൽ ചെന്നൈയിലും കലാനിധി വീരസാമി നോർത്ത് ചെന്നൈയിലും ടി ആർ ബാലു ശ്രീപെരുംപുത്തൂരിലുമാണ് മത്സരിക്കുന്നത്.

അതേസമയം, പ്രകടന പത്രികയും ഡിഎംകെ പുറത്തിറക്കി. വലിയ വാഗ്ദാനങ്ങളാണ് പ്രകടന പത്രികയിലുള്ളത്. ഗവർണർ പദവി എടുത്തുകളയുമെന്നും, ക്രിമിനൽ നടപടികളിൽ നിന്ന് ഗവർണർക്ക് പരിരക്ഷ നൽകുന്ന ഭരണഘടനാ വകുപ്പ് ഭേദഗതി ചെയ്യുമെന്നും പ്രകടന പത്രികയിലുണ്ട്. പുതുച്ചേരിക്ക് സംസ്ഥാന പദവി നൽകും. പെട്രോൾ വില 75 രൂപയും ഡീസൽ വില 65ഉം രൂപയായി കുറയ്ക്കുമെന്നും പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്യുന്നു.

നീറ്റ് പരീക്ഷ ഒഴിവാക്കും. യുസിസി, സിഎഎ എന്നിവ നടപ്പാക്കില്ല. തിരുക്കുറൽ ദേശീയ ഗ്രന്ഥമാക്കും. സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ നൽകും. പാചകവാതകം 500 രൂപയ്ക്ക് ലഭിക്കും. ദേശീയ പാതയിലെ ടോൾ ഗേറ്റുകൾ ഇല്ലാതാക്കും തുടങ്ങിയവയാണ് മറ്റ് പ്രധാനപ്പെട്ട വാഗ്ദാനങ്ങൾ.