ലോക്‌സഭാ തെരഞ്ഞെടുപ്പ്; റായ്ബറേലിയിലും അമേഠിയിലും മത്സരിക്കാൻ വിസമ്മതിച്ച് രാഹുൽഗാന്ധിയും പ്രിയങ്കയും

ന്യൂഡൽഹി: ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ റായ്ബറേലിയിലും അമേഠിയിലും മത്സരിക്കാൻ വിസമ്മതിച്ച് കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ നാലാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചപ്പോൾ അമേഠി, റായ്ബറേലി മണ്ഡലങ്ങൾ ഉൾപ്പെട്ടിട്ടില്ല. ഇത് പ്രവർത്തകർക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്.

സോണിയ ഗാന്ധി മത്സര രംഗത്ത് നിന്നും മാറിയ സാഹചര്യത്തിൽ പ്രിയങ്ക എത്തിയില്ലെങ്കിൽ റായ്ബറേലിയും കൈവിട്ടുപോകുമെന്നാണ് പ്രവർത്തകർ ആശങ്കപ്പെടുന്നത്. 12 ഇടങ്ങളിലെ 46 സീറ്റുകളിലേക്കുള്ള പട്ടികയാണ് കഴിഞ്ഞ ദിവസം കോൺഗ്രസ് പ്രഖ്യാപിച്ചത്. വാരണാസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഉത്തർപ്രദേശ് പിസിസി അധ്യക്ഷൻ അജയ് റായ് കോൺഗ്രസ് സ്ഥാനാർഥിയാകും. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും വാരണാസിയിൽ മോദിക്കെതിരെ അജയ് റായ് ആയിരുന്നു കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചത്.

അസം, ആൻഡമൻ, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, മണിപ്പൂർ, മിസോറാം, രാജസ്ഥാൻ, തമിഴ്നാട്, ഉത്തരാഖണ്ഡ്, പശ്ചിമബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലെ വിവിധ മണ്ഡലങ്ങളിൽ നിന്നായി 46 സ്ഥാനാർഥികളെയാണ് നാലാംഘട്ട പട്ടികയിൽ കോൺഗ്രസ് പ്രഖ്യാപിച്ചത്. സിക്കം നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള 18 സ്ഥാനാർഥികളെയും പ്രഖ്യാപിച്ചു. തമിഴ്നാട്ടിലെ ശിവഗംഗയിൽ നിന്നും കാർത്തി ചിദംബരം മത്സരിക്കും.

ബിഎസ്പി വിട്ട് കോൺഗ്രസിലേക്കെത്തിയ ഡാനിഷ് അലി ഉത്തർപ്രദേശിലെ അംറോഹയിൽ മത്സരിക്കും. പ്രാദേശിക ഘടകത്തിന്റെ എതിർപ്പ് തള്ളിയാണ് ഡാനിഷ് അലിയെ കോൺഗ്രസ് സ്ഥാനാർഥിയാക്കുന്നത്. മധ്യപ്രദേശിലെ രാജ്ഗഡിൽ നിന്നും ദിഗ് വിജയ് സിങും മത്സരിക്കും.