വോട്ട് ചോദിക്കാനെത്തി; എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിനെ തടഞ്ഞ് എസ്എഫ്‌ഐ പ്രവർത്തകർ

കൊല്ലം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കൊല്ലം മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്ന എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിനെ തടഞ്ഞ് എസ്എഫ്‌ഐ പ്രവർത്തകർ. ചന്ദനത്തോപ്പ് ഐടിഐയിൽ വോട്ട് അഭ്യർത്ഥിക്കാൻ വേണ്ടി എത്തിയ കൃഷ്ണകുമാറിനെയാണ് എസ്എഫ്‌ഐ പ്രവർത്തകർ തടഞ്ഞത്. കൃഷ്ണ കുമാർ കോളേജിൽ എത്തി സറ്റേജിൽ കയറി പ്രസംഗിക്കുന്നതിനിടെയായിരുന്നു സംഭവം.

കൃഷ്ണകുമാറിനെ തടഞ്ഞതോടെ എബിവിപിയും എസ്എഫ്‌ഐയും തമ്മിൽ സംഘർഷം ഉണ്ടായി. പോലീസ് എത്തിയതോടെയാണ് സംഘർഷം അവസാനിച്ചത്. കോളേജിൽ എത്തിയ കൃഷ്ണകുമാറിനെ എസ്എഫ്‌ഐക്കാർ തടഞ്ഞ ശേഷം ഈ കോളേജിലേക്ക് പ്രവേശനമില്ലെന്നും നരേന്ദ്രമോദിയുടെ സ്ഥാനാർഥിക്ക് പ്രവേശനമില്ലെന്നും പറയുകയുമായിരുന്നു.

സംഭവത്തിൽ പ്രതികരണവുമായി കൃഷ്ണകുമാർ രംഗത്തെത്തി. ഇവിടെ നടക്കുന്നതാണ് യഥാർഥ ഫാസിസമെന്ന് അദ്ദേഹം പറഞ്ഞു. വോട്ട് അഭ്യർഥിച്ച് പല സ്ഥലങ്ങളിലും പോയിരുന്നു. അതിന്റെ ഭാഗമായാണ് കോളേജിലുമെത്തിയത്. ഫാസിസം എന്ന് പറഞ്ഞ് യുപിയിലോട്ടും ഗുജറാത്തിലോട്ടും നോക്കുന്നവർ ഇവിടെ എന്താണ് നടത്തുന്നത്. ഇതാണ് റിയൽ ഫാസിസമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.