Politics (Page 36)

കണ്ണൂർ: ഇടതു മുന്നണിയിലേക്ക് മുസ്ലിം ലീഗിനെ ക്ഷണിച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഇടത് മുന്നണിക്ക് ലീഗിന്റെ ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

റിയാസ് മൗലവി വധക്കേസിലെ വിധിയെ കുറിച്ചും അദ്ദേഹം സംസാരിച്ചു. കുറ്റവാളികൾക്ക് തക്കതായ ശിക്ഷ ലഭിക്കണമെന്നാണ് സി പി എമ്മിൻറെ അഭിപ്രായമെന്ന് അദ്ദേഹം വ്യക്തമാക്കി. റിയാസ് മൗലവിയുടെ കുടുംബത്തിന് സി പി എം പിന്തുണ നൽകും. റിയാസ് മൗലവി വധം കോടതിയുടെ മുന്നിലുള്ള കേസാണെന്നും കൃത്യമായി കേസ് കൈകാര്യം ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു. ശരിയായ നിലപാടാണ് ഉദ്യോഗസ്ഥർ സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, റിയാസ് മൗലവി വധക്കേസിന്റെ പശ്ചാത്തലത്തിൽ സാമൂഹ്യമാധ്യമങ്ങളിൽ വിദ്വേഷപ്രചാരണം നടത്തുന്നവർക്കും പങ്കുവയ്ക്കുന്നവർക്കുമെതിരെ കർശന നടപടി സ്വീകരിക്കുന്നതാണെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. ഇത്തരം സന്ദേശങ്ങൾ കണ്ടെത്തുന്നതിനായി സാമൂഹ്യമാധ്യമങ്ങളിൽ 24 മണിക്കൂറും സൈബർ പട്രോളിങ് നടത്തുമെന്നും പോലീസ് അറിയിച്ചു.

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രകടനപത്രിക തയാറാക്കാനുള്ള സമിതിയെ പ്രഖ്യാപിച്ച് ബിജെപി. പാർട്ടി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. 27 അംഗ സമിതിയെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

സമിതിയെ നയിക്കുക പ്രതിരോധ മന്ത്രിയും മുതിർന്ന നേതാവുമായ രാജ്‌നാഥ് സിങ് ആയിരിക്കും. കേന്ദ്രമന്ത്രിമാരായ നിർമലാ സീതാരാമൻ ആണ് സമിതിയുടെ കണ്ഡവീനർ. പിയുഷ് ഗോയൽ കോകൺവീനർ സ്ഥാനം വഹിക്കും. പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർത്ഥി അനിൽ ആന്റണിയാണ് കേരളത്തിൽ നിന്ന് സമിതിയിലുള്ളത്. കേന്ദ്രമന്ത്രിമാരായ അശ്വിനി വൈഷ്ണവ്, അർജുൻ മുണ്ടെ തുടങ്ങിയവരും സമിതിയിലുണ്ട്.

തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർഥിയും കേ ന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ, മധ്യപ്രദേശ്, അസം, ഛത്തീസ്ഗഡ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ തുടങ്ങിയവരും സമിതിയിൽ അംഗങ്ങളാണ്.

വൈക്കം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പൗരത്വത്തെ കുറിച്ച് പറഞ്ഞ നട്ടാൽ കുരുക്കാത്ത നുണ മുഖ്യമന്ത്രി ഇപ്പോഴും ആവർത്തിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധി സിഎഎയ്ക്ക് എതിരെ പാർലമെന്റിൽ വോട്ട് ചെയ്തതിന്റെ രേഖകൾ പുറത്ത് വിട്ടിട്ടും മുഖ്യമന്ത്രി അതേ നുണ ആവർത്തിക്കുന്നു. എംപിമാരായ ശശി തരൂരും എൻ കെ പ്രേമചന്ദ്രനും ഇ ടി മുഹമ്മദ് ബഷീറും പാർലമെന്റിൽ നടത്തിയ പ്രസംഗങ്ങളും മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അയച്ചു കൊടുത്തു. എന്നിട്ടും പിണറായി വിജയൻ മുഖ്യമന്ത്രി കസേരയിൽ ഇരുന്ന് കള്ളപ്രചരണം നടത്തുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചു എന്നതിന് പകരം വ്യാജപ്രചരണം ആരംഭിച്ചു എന്ന് പറയുന്നതാകും ശരി. എൽഡിഎഫ് സ്ഥാനാർത്ഥികളുടെ പോസ്റ്ററിൽ മുഖ്യമന്ത്രിയുടെ പടം വേണമോയെന്ന് അവരാണ് തീരുമാനിക്കേണ്ടത്. ചിഹ്നം സംരക്ഷിക്കാനോ ദേശീയ അംഗീകാരം നഷ്ടപ്പെടാതിരിക്കാനോ അല്ല വർഗീയതയെ കുഴിച്ചുമൂടി ഫാഷിസം ഇല്ലാതാക്കാനുള്ള പോരാട്ടത്തിന്റെ ഭാഗമായാണ് കോൺഗ്രസ് ദേശീയതലത്തിലും യു.ഡി.എഫ് കേരളത്തിലും മത്സരിക്കുന്നത്. കഴിഞ്ഞ വർഷം നഷ്ടപ്പെട്ട ആലപ്പുഴ ഉൾപ്പെടെ നേടി ഇരുപതിൽ ഇരുപത് സീറ്റിലും ഉജ്ജ്വല വിജയമുണ്ടാകുമെന്നതാണ് യുഡിഎഫിന്റെ പ്രതീക്ഷയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കോൺഗ്രസ് അക്കൗണ്ടുകൾ മരവിപ്പിച്ചതിലൂടെ കേന്ദ്ര സർക്കാരിന്റെ ഫാഷിസത്തിന്റെ ക്രൂരമുഖം ജനം തിരിച്ചറിഞ്ഞു. ക്രൗഡ് ഫണ്ടിങിലൂടെ തിരഞ്ഞെടുപ്പിനുള്ള പണം കണ്ടെത്തും. ഇടത് യൂണിയൻ പ്രവർത്തകരെ ഉൾപ്പെടുത്തി വോട്ടർപട്ടികയിൽ വ്യാപക ക്രമക്കേട് നടത്തി. ഇരട്ട വോട്ടിനെതിരെ നിയമനടപടി സ്വീകരിക്കും. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ മുഖ്യപ്രതിപക്ഷ കക്ഷിയെ ഭരണകൂടം എങ്ങനെ പ്രവർത്തിപ്പിക്കാതിരിക്കാൻ ശ്രമിക്കുന്നു എന്നതാണ് ആദായനികുതി വകുപ്പ് കോൺഗ്രിസന് നൽകിയിരിക്കുന്ന നോട്ടീസിലൂടെ ജനങ്ങൾ മനസിലാക്കുന്നത്. ഫാഷിസത്തിന്റെ ഏറ്റവും ക്രൂരമായ മുഖമാണിത്. മത്സരിക്കാൻ പണമില്ലെങ്കിൽ ജനങ്ങൾ തങ്ങളെ സഹായിക്കും. ക്രൗഡ് ഫണ്ടിങ് നടത്തി കൂലിപ്പണിക്കാർ ഉൾപ്പെടെയുള്ള സാധാരണക്കാർ നൽകുന്ന 50 രൂപയും 100 രൂപയും കൊണ്ട് ഞങ്ങൾ തിരഞ്ഞെടുപ്പ് നടത്തും. പണം കൊണ്ടൊന്നും തങ്ങളെ തോൽപിക്കാനാകില്ല. ഇവരാണ് വീണ്ടും അധികാരത്തിൽ വരുന്നതെങ്കിൽ ഇന്ത്യയിൽ പ്രതിപക്ഷം പോലും ഉണ്ടാകില്ലല്ലോയെന്നും വി ഡി സതീശൻ വ്യക്തമാക്കി.

തിരുവനന്തപുരം: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്ത് വലിയൊരു വിഭാഗം ജനം ഭീതിയിലാണെന്നും തലമുറകളായി ജീവിച്ചു വന്നവർ ഇനിയിവിടെ ജീവിക്കാനാകുമോ എന്ന് ചിന്തിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത് നമ്മുടെ രാജ്യത്തെ ലോകത്തിന് മുമ്പിൽ തന്നെ വലിയൊരു ദുഷ്‌കീർത്തി ഉണ്ടാക്കിയിരിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നെയ്യാറ്റിൻകരയിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് ജനാധിപത്യമാണോ എന്ന സംശയം ലോകത്ത് ഉയർന്നിരിക്കുന്നു. ലോകരാജ്യങ്ങൾ നമ്മെ നോക്കി നിങ്ങൾ നടപ്പാക്കുന്നത് ജനാധിപത്യരീതിയാണോ എന്ന് ചോദിക്കുന്ന അവസ്ഥ വന്നിരിക്കുന്നു. ആ ചോദ്യം ഇന്ത്യയുമായി നല്ല ബന്ധം പുലർത്തുന്ന ജർമ്മനിയും അമേരിക്കയുമെല്ലാം ചോദിച്ചു കഴിഞ്ഞു. മതനിരപേക്ഷതയ്ക്ക് പേരുകേട്ട രാജ്യം എന്ന നിലയ്ക്ക് ലോകത്തിന് മുമ്പിൽ ഇന്ത്യ അംഗീകരിക്കപ്പെട്ടിരുന്നു. അതാണ് ഇപ്പോൾ നഷ്ടപ്പെട്ടത്. ഐക്യരാഷ്ട്ര സഭ, ആംനസ്റ്റി ഇന്റർനാഷണൽ, അമേരിക്ക, പശ്ചിമേഷ്യൻ രാജ്യങ്ങൾ എന്നിവ അടക്കമുള്ളവ ഇന്ത്യയുടെ നിലപാടിനെ വിമർശിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ബിജെപിയെ പരാജയപ്പെടുത്തുക എന്നത് രാജ്യവ്യാപകമായി ഉയർന്നുവന്ന കാര്യമാണെന്നും ഇതിന്റെ ഭാഗമായി സംസ്ഥാനങ്ങൾ തോറും വിപുലമായ ഐക്യം രൂപപ്പെട്ടുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

പത്തനംതിട്ട: പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർത്ഥി അനിൽ ആന്റണിക്കെതിരെ പ്രചാരണത്തിനിറങ്ങില്ലെന്ന് വ്യക്തമാക്കി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ. ഇതിന്റെ കാരണവും അച്ചു ഉമ്മൻ വ്യക്തമാക്കി. ബാല്യകാലം തൊട്ടുള്ള സുഹൃത്താണ് അനിലെന്നും അതിനാലാണ് അദ്ദേഹത്തിനെതിരെ പ്രചാരണത്തിനിറങ്ങാത്തതെന്നും അച്ചു ഉമ്മൻ പറഞ്ഞുവെന്നാണ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഉമ്മൻചാണ്ടിയുടെ വിശ്വസ്തനായി പരിഗണിക്കുന്ന ആന്റോ ആന്റണിയാണ് പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാർത്ഥി. യുഡിഎഫിന് ഏറെ വിജയപ്രതീക്ഷയുള്ള മണ്ഡലം കൂടിയാണ് പത്തനംതിട്ട. കോൺഗ്രസിലെ പ്രമുഖ നേതാക്കളായിരുന്ന ഉമ്മൻ ചാണ്ടിയും എ കെ ആന്റണിയും വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു. ഇവരുടെ കുടുംബങ്ങൾ തമ്മിലും ഈ സൗഹൃദം ഉണ്ടായിരുന്നു.

മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി മുൻമന്ത്രിയും സിപിഎം നേതാവുമായ തോമസ് ഐസക്ക് ആണ്. ശക്തമായ ത്രികോണ മത്സരമായിരിക്കും പത്തനംതിട്ട മണ്ഡലത്തിൽ ഇത്തവണ ഉണ്ടാകുകയെന്നാണ് വിവരം.

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിനായി മുഖ്യമന്ത്രിയുടെ മണ്ഡലതല പര്യടനം ഇന്ന് മുതൽ ആരംഭിക്കും. ഏപ്രിൽ 22 ന് ആണ് പര്യടനം അവസാനിക്കുന്നത്. ഇന്ന് തിരുവനന്തപുരം മണ്ഡലത്തിലാണ് പര്യടനം. തിരുവനന്തപുരം ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രന്റെ ഇന്നത്തെ വിവിധയിടങ്ങളിലെ പ്രചാരണ പരിപാടികളിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും. രാവിലെ 10.30 ന് നെയ്യാറ്റിൻകര ടൗണിലാണ് ആദ്യ പരിപാടി നടക്കുന്നത്. വൈകുന്നേരം 4.30 ന് തിരുവല്ലം മൈതാനത്താണ് രണ്ടാമത്തെ പൊതുയോഗം. വൈകുന്നേരം 5.30 ന് പേട്ടയിലാണ് മൂന്നാമത്തെ പരിപാടി.

രാജ്യത്തിന്റെ ഭരണഘടനാമൂല്യങ്ങളെയും മതനിരപേക്ഷ പാരമ്പര്യത്തെയും സംരക്ഷിക്കാൻ ഈ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാർത്ഥികൾ വിജയിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞഞു. ജനങ്ങൾ നേരിടുന്ന യഥാർത്ഥ പ്രശ്‌നങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാനായി വെറുപ്പിന്റെ രാഷ്ട്രീയം ആളിക്കത്തിക്കുന്ന വർഗീയ ശക്തികളെ പ്രതിരോധിക്കാൻ ഇടതുപക്ഷത്തിന് മാത്രമേ സാധിക്കൂ. മതനിരപേക്ഷ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാതെ അവസരവാദ രാഷ്ട്രീയം പയറ്റുന്ന കോൺഗ്രസിന്റെ ഇരട്ടത്താപ്പും തിരിച്ചറിയേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളം വലിയ പ്രതിസന്ധികൾ നേരിട്ടപ്പോൾ പാർലമെന്റിൽ നിശബ്ദരായ യുഡിഎഫ് എംപിമാരെ വിലയിരുത്താനുള്ള വേളയാണിത്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വിജയത്തിനായി കൈകോർത്ത് രംഗത്തിറങ്ങാമെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഭരണം ലഭിച്ചാൽ ജനാധിപത്യത്തെ തകർക്കുന്നവർക്ക് എതിരെ നടപടിയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. പിഴയും പലിശയുമടക്കം 1800 കോടി രൂപ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസിന് ആദായനികുതി വകുപ്പ് നോട്ടിസ് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ പരാമർശം. ബിജെപിയുടെ ‘ടാക്‌സ് ടെററിസം’ എന്ന ഹാഷ്ടാഗോടെ എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഭരണമാറ്റമുണ്ടായാൽ ഉറപ്പായും ജനാധിപത്യം തകർക്കുന്നവർക്കെതിരെ നടപടിയുണ്ടാകും. ഇനി ഇതൊക്കെ ചെയ്യാൻ ധൈര്യം വരാത്ത രീതിയിലാകും നടപടി സ്വീകരിക്കുന്നത്. ഇത് തന്റെ ഗ്യാരന്റിയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

1,800 കോടി രൂപയുടെ നോട്ടിസാണ് ആദായ നികുതി വകുപ്പ് കോൺഗ്രസിന് നൽകിയത്. 2017-18 മുതൽ 2020-21 വരെയുള്ള സാമ്പത്തിക വർഷങ്ങളിലെ പിഴയും പലിശയും ഉൾപ്പെടെയുള്ള തുകയാണിത്. നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് കോൺഗ്രസ് അറിയിച്ചു. കോൺഗ്രസിന്റെ അഭിഭാഷകനും രാജ്യസഭാ എംപിയുമായ വിവേക് തൻഖാണ് ഇക്കാര്യം വ്യക്തമാക്കിയത്.

മലപ്പുറം: കോൺഗ്രസിലെ സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് സംസാരിച്ച് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. പാർട്ടിയിലെ സാമ്പത്തിക സ്ഥാനാർഥികളെ ബാധിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പിരിവു നടത്തി പണം കണ്ടെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. പാണക്കാട് ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പൗരത്വ ഭേദഗതി നിയമത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ഇന്ത്യ മുന്നണി അധികാരത്തിൽ വന്നാൽ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ല. നമുക്കു കിട്ടേണ്ട കാശൊക്കെ കേന്ദ്രം അടിച്ചുപൊളിച്ചു കൊണ്ടുപോകുവല്ലേ. യാതൊരു രക്ഷയുമില്ല. ഇത്ര നെറികെട്ട ജനാധിപത്യവിരുദ്ധ നടപടി ഈ ലോകത്ത് ഒരു രാഷ്ട്രീയ പാർട്ടിയും നടത്തില്ല. ഇങ്ങനെയൊന്നും തറയാകരുത് ഒരു ഭരണകൂടം. ഇത്തിരി അന്തസ്സും ആഭിജാത്യവുമൊക്കെ കാണിക്കണമെന്ന് കെ സുധാകരൻ പറഞ്ഞു.

ജനാധിപത്യ മര്യാദ കാണിക്കാനുള്ള ബാധ്യത കേന്ദ്ര സർക്കാരിനുണ്ട്. തങ്ങൾ ജനങ്ങളെ കണ്ട് പിരിച്ച് കാശുണ്ടാക്കും. എന്നാൽ ഒരുമിച്ച് പൈസ കിട്ടുമ്പോഴുള്ള ഒരു സൗകര്യമുണ്ടല്ലോ. കൂടുതൽ പ്രവർത്തിക്കാനും മറ്റും സമയം കിട്ടും. ഇതിപ്പോൾ പണം ലഭിക്കുന്നതിനു വേണ്ടി തങ്ങൾ കുറച്ച് ബുദ്ധിമുട്ടണമെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: വടകരയിലെ എൽഡിഎഫ് സ്ഥാനാർഥിയും സിപിഎം നേതാവുമായ കെ കെ ശൈലജയ്ക്കായി വോട്ട് അഭ്യർത്ഥനയുമായി നടനും മക്കൾ നീതി മയ്യം പാർട്ടി അധ്യക്ഷനുമായ കമൽഹാസൻ. ഇന്ത്യയെ നിലനിർത്താനുള്ള പോരാട്ടത്തിലെ മുഖ്യകണ്ണിയാണ് കെ കെ ശൈലജയെന്ന് കമൽഹാസൻ വ്യക്തമാക്കി. കെ കെ ശൈലജയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് കമൽഹാസൻ വോട്ട് അഭ്യർത്ഥന നടത്തിയത്.

കോവിഡ് കാലത്ത് ലോകം പകച്ചുനിന്നപ്പോഴും കരുത്തും നേതൃപാടവവും തെളിച്ച നേതാവാണ് ശൈലജ. നിപ, കോവിഡ് കാലത്തെ ആരോഗ്യമന്ത്രി എന്ന നിലയിലുള്ള കെ കെ ശൈലജയുടെ പ്രവർത്തനത്തെയും അദ്ദേഹം പ്രശംസിക്കുകയും ചെയ്തു. 2018ൽ കോഴിക്കോട് നിപ പടർന്നുപിടിച്ചപ്പോൾ ഓഫീസിലിരുന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുകയല്ല അന്നത്തെ ആരോഗ്യമന്ത്രിയായിരുന്ന കെ.കെ ശൈലജ ചെയ്തത്. കോഴിക്കോട് ക്യാംപ് ചെയ്ത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അവശ്യ മരുന്നുകൾ എത്തിക്കുകയും മാതൃകാപരമായ പ്രവർത്തനം കാഴ്ചവെക്കുകയും ചെയ്തു. അതിലും മികച്ചതായിരുന്നു കോവിഡ് കാലത്തെ ആരോഗ്യമന്ത്രി എന്ന നിലയിലുള്ള അവരുടെ പ്രവർത്തനം. കോവിഡ് നിയന്ത്രണത്തിൽ കേരളം രാജ്യത്തിന് മാതൃകയായതും അതിന് വഴിവെച്ചതും കെ കെ ശൈലജയുടെ നേതൃത്വം തന്നെയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കേന്ദ്രത്തിൽ കനത്ത വെല്ലുവിളി നേരിടുന്ന സംസ്ഥാനങ്ങളാണ് കേരളവും തമിഴ്‌നാടും. ഈ വ്യവസ്ഥിതിക്കെതിരെ പാർലമെന്റിന് അകത്തും പുറത്തും ശബ്ദം ഉയർത്താൻ കെ കെ ശൈലജയെ പോലെ പല നേതാക്കളെയും നമുക്ക് വേണം. കെ കെ ശൈലജയ്ക്ക് ചുറ്റിക അരിവാൾ നക്ഷത്രത്തിൽ വോട്ട് ചെയ്ത് വിജയപ്പിക്കണമെന്നും കമൽ ഹാസൻ ആഹ്വാനം ചെയ്തു.

തിരുവനന്തപുരം: കേരള സർക്കാരിനെതിരെ വിമർശനവുമായി കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ. കേരളത്തിന്റെ ധനകാര്യ മാനേജ്‌മെന്റ് പരാജയമാണെന്ന് നിർമ്മലാ സീതാരാമൻ പറഞ്ഞു. കടമെടുപ്പ് പരിധിയും കടന്നാണ് കേരളം കടമെടുക്കുന്നതെന്നും ധനമന്ത്രി വിമർശിച്ചു. കണക്കുകൾ നിരത്തിയായിരുന്നു മന്ത്രിയുടെ പരാമർശം.

കേരളത്തിന്റെ ധനകാര്യ മാനേജ്‌മെന്റ് 2016 മുതൽ പരാജയമാണ്. കടം എടുക്കാൻ പരിധിയുണ്ട്. പക്ഷെ അതും കടന്നാണ് കേരളത്തിന്റെ കടമെടുപ്പെന്ന് നിർമ്മലാ സീതാരാമൻ ചൂണ്ടിക്കാട്ടി. കേരളം ബജറ്റിന് പുറത്ത് വൻതോതിൽ പണം കടമെടുക്കുന്നു. എന്നാൽ തിരിച്ചടവ് ട്രഷറി പണം ഉപയോഗിച്ചാണ്. തിരിച്ചടവിന് പണമില്ല. കേരളത്തിലേക്ക് നിക്ഷേപം വരുന്നില്ലെന്നും വ്യവസായികളെ ഭീഷണിപ്പെടുത്തുന്ന സാഹചര്യമാണ് കേരളത്തിലുള്ളതെന്നും നിർമലാ സീതാരാമൻ ചൂണ്ടിക്കാട്ടി. തിരുവനന്തപുരത്ത് എൻഡിഎ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.

കേരളത്തിൽ ഭരിക്കുന്നവർക്ക് നാട് നന്നാവണമെന്നില്ല. സ്വന്തം ലാഭം മാത്രമാണ് ലക്ഷ്യം. കേരളത്തിൽ അഴിമതിയുടെ പരമ്പരയാണുള്ളത്. ദേശീയ ശരാശരിയേക്കാളും കൂടുതലാണ് കേരളത്തിലെ തൊഴിലില്ലായ്മ നിരക്കെന്നും നിർമ്മലാ സീതാരാമൻ കൂട്ടിച്ചേർത്തു.