ലോക്‌സഭാ തെരഞ്ഞെടുപ്പ്; സാനിയ മിർസയെ ഹൈദരാബാദിൽ സ്ഥാനാർഥിയാക്കാനൊരുങ്ങി കോൺഗ്രസ്

ഹൈദരാബാദ്: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ടെന്നിസ് താരം സാനിയ മിർസയെ ഹൈദരാബാദിൽ സ്ഥാനാർഥിയാക്കാനൊരുങ്ങി കോൺഗ്രസ്. ഇതുസംബന്ധിച്ച ആലോചനകൾ കോൺഗ്രസ് നടത്തുന്നുവെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസിക്ക് എതിരേ സാനിയയെ മത്സരിപ്പിക്കാൻ നീക്കമെന്നാണ് സൂചന.

ബുധനാഴ്ച കോൺഗ്രസിന്റെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ യോഗം ചേർന്നിരുന്നു. ഗോവ, തെലങ്കാന, യുപി, ഝാർഖണ്ഡ്, ദാമൻ-ദിയു എന്നിവിടങ്ങളിലെ സ്ഥാനാർഥികളെ നിശ്ചയിക്കുന്നതിന് വേണ്ടിയാണ് യോഗം ചേർന്നത്. സാനിയ മിർസയുടെ സ്ഥാനാർഥിത്വം സംബന്ധിച്ചും യോഗത്തിൽ ചർച്ച നടന്നുവെന്നാണ് റിപ്പോർട്ടുകൾ. 18 സ്ഥാനാർഥികളുടെ പേരുകൾക്ക് ഈ യോഗത്തിൽ അന്തിമ രൂപം നൽകി.

സാനിയയുടെ പേര് മുൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനും കോൺഗ്രസ് നേതാവുമായ മുഹമ്മദ് അസ്ഹറുദ്ദീൻ ആണ് മുന്നോട്ടുവെച്ചതെന്നാണ് വിവരം. സാനിയയുടെ ജനപ്രീതി ഉപയോഗപ്പെടുത്തി ഹൈദരാബാദിൽ ഒരു തിരിച്ചുവരവിനുള്ള ശ്രമം കോൺഗ്രസ് നടത്തുമെന്ന സൂചനകളാണ് പുറത്തു വരുന്നത്.