ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നുള്ള പാർട്ടി നേതൃത്വത്തിന്റെ ആവശ്യം നിരസിച്ചു; കാരണം വെളിപ്പെടുത്തി ധനമന്ത്രി

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നുള്ള പാർട്ടി നേതൃത്വത്തിന്റെ ആവശ്യം നിരസിച്ചുവെന്ന് വ്യക്തമാക്കി കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ. ഇതിനുള്ള കാരണവും ധനമന്ത്രി വെളിപ്പെടുത്തി. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് പാർട്ടി ആവശ്യപ്പെട്ടപ്പോൾ അതേക്കുറിച്ച് പത്ത് ദിവസത്തോളം ചിന്തിച്ചുവെന്നും അതിന് ശേഷമാണ് നിരസിച്ചതെന്നും മന്ത്രി അറിയിച്ചു.

ആന്ധ്രപ്രദേശിലെയോ തമിഴ്നാട്ടിലേയോ ഏതെങ്കിലും ഒരു മണ്ഡലത്തിൽ നിന്ന് മത്സരിക്കണമെന്നാണ് പാർട്ടി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ ആവശ്യപ്പെട്ടത്. എന്നാൽ തന്റെ കൈവശം അതിനുള്ള പണമില്ലാത്തതിനാലാണ് നേതൃത്വത്തിന്റെ ആവശ്യം നിരസിച്ചതെന്നും നിർമല സീതാരാമൻ പറഞ്ഞു. ആന്ധ്രപ്രദേശിൽ മത്സരിക്കണോ അതോ തമിഴ്നാട്ടിൽ മത്സരിക്കണോ എന്നതും തനിക്ക് തീരുമാനിക്കാൻ കഴിഞ്ഞില്ല. തന്റെ തീരുമാനത്തെ പാർട്ടി നേതൃത്വം അംഗീകരിച്ചതിൽ സന്തോഷമുണ്ടെന്നും കേന്ദ്രമന്ത്രി പ്രതികരിച്ചു.

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇന്ത്യയുടെ ധനമന്ത്രിയുടെ കയ്യിൽ പണമില്ലെന്നാണോ പറയുന്നതെന്ന് ചോദ്യത്തിനും നിർമ്മലാ സീതാരാമൻ മറുപടി നൽകി. രാജ്യത്തിന്റെ പണം ഇന്ത്യയുടെ ജനങ്ങളുടെ സ്വത്താണെന്നും അതിൽ തനിക്ക് ഒരു അവകാശവും ഇല്ലെന്നുമാണ് മന്ത്രി അഭിപ്രായപ്പെട്ടത്. തന്റെ സ്വത്ത് സമ്പാദ്യം എന്നിവ മാത്രമാണ് തനിക്ക് അവകാശപ്പെട്ടത്. അല്ലാതെ രാജ്യത്തിന്റെ പൊതുസ്വത്തിൽ മന്ത്രിക്ക് ഒരു അവകാശവുമില്ല. ലോക്സഭാ തിരഞ്ഞെടുപ്പിൽ കേന്ദ്രമന്ത്രിമാരായ നിരവധി രാജ്യസഭാ അംഗങ്ങൾ മത്സരിക്കുന്നുണ്ട്. അവർക്കായി പ്രചാരണത്തിൽ പങ്കെടുക്കുമെന്നും അതിലാണ് ഇപ്പോൾ ശ്രദ്ധയെന്നും നിർമ്മലാ സീതാരാമൻ കൂട്ടിച്ചേർത്തു.