കേരളത്തിലെ സിപിഎമ്മുകാരെ ‘ജയ് ഹിന്ദ്’ എന്നുച്ചരിക്കാൻ വെല്ലുവിളിക്കുകയാണ്; രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: സിപിഎം നേതാക്കളെ വെല്ലുവിളിച്ച് കേന്ദ്രമന്ത്രിയും തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർഥിയുമായ രാജീവ് ചന്ദ്രശേഖർ. കേരളത്തിലെ സിപിഎമ്മുകാരെ ‘ജയ് ഹിന്ദ്’ എന്നുച്ചരിക്കാൻ വെല്ലുവിളിക്കുകയാണെന്നും അതിനവരെ ചൈനക്കാർ സമ്മതിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മുകാർക്കു ‘ജയ് ചൈന’യാണ്. ഇന്ത്യയിൽ ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയുമെല്ലാം ദേശീയവാദികളാണെന്നും അദ്ദേഹം അറിയിച്ചു.

ആദ്യമായി ‘ഭാരത് മാതാ കി ജയ്’ വിളിച്ചതിന്റെ ക്രെഡിറ്റ് വേണമെങ്കിൽ പിണറായി എടുത്തോട്ടെ. അതല്ല ഈ തിരഞ്ഞെടുപ്പിൽ ചർച്ച ചെയ്യേണ്ടത്. എട്ടു വർഷം തന്റെ സർക്കാർ എന്തു ചെയ്തുവെന്നാണ് പിണറായി ജനങ്ങളോടു പറയേണ്ടതെന്നും രാജീവ് ചന്ദ്രശേഖർ അഭിപ്രായപ്പെട്ടു.

നമ്മുടെ രാജ്യത്തിന്റെ സംസ്‌കാരിക ചരിത്രം പ്രകാശപൂർണമാക്കുന്നതിൽ മുസ്ലിം ഭരണാധികാരികളും സംസ്‌കാരിക പ്രവർത്തകരും ഉദ്യോഗസ്ഥരുമെല്ലാം വലിയ പങ്കാണ് വഹിച്ചതെന്നും. ഇതെല്ലാം ഇല്ലാതാക്കാനാണ് ആർഎസ്എസ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. ‘ഭാരത് മാതാ കീ ജയ്’ എന്ന് ആദ്യം വിളിച്ചത് അസിമുള്ളഖാനാണ്. ‘സാരേ ജഹാം സേ അച്ഛാ’ എന്നു പാടിയത് കവി മുഹമ്മദ് ഇഖ്ബാലാണ്. അതുകൊണ്ട് ആ മുദ്രാവാക്യം ഒഴിവാക്കുമോയെന്നും അദ്ദേഹം ചോദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി രാജീവ് ചന്ദ്രശേഖർ രംഗത്തെത്തിയത്.