Politics (Page 35)

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ച് തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂർ. കലക്ടറേറ്റിലെത്തി അദ്ദേഹം നാമനിർദേശ പത്രിക സമർപ്പിച്ചു. വരണാധികാരിയായ ജില്ലാ കലക്ടർ പത്രിക സ്വീകരിച്ചു. ഡിസിസി പ്രസിഡന്റ് പാലോട് രവി, മുൻ മന്ത്രി വി എസ് ശിവകുമാർ, മുൻ ഡെപ്യൂട്ടി സ്പീക്കർ ശക്തൻ നാടാർ, എം വിൻസെന്റ് എംഎൽഎ തുടങ്ങിയവർ ശശി തരൂരിനൊപ്പമുണ്ടായിരുന്നു.

പാർലമെന്ററി സംവിധാനത്തിൽ നരേന്ദ്രമോദിക്ക് ബദൽ എന്നതിന് പ്രസക്തിയില്ലെന്ന് ശശി തരൂർ പറഞ്ഞു. പ്രസിഡൻഷ്യൽ സമ്പ്രദായത്തിൽ എന്ന പോലെ ഒരു വ്യക്തിയെ അല്ല തെരഞ്ഞെടുക്കുന്നത്. മറിച്ച് ഒരു പാർട്ടിയെയോ ഒരു സഖ്യത്തെയോ ആണെന്നും ശശി തരൂർ ചൂണ്ടിക്കാട്ടി. എക്‌സ് പ്ലാറ്റ് ഫോമിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

തിരുവനന്തപുരത്ത് കോൺഗ്രസും ബിജെപിയും തമ്മിലാണ് മത്സരമെന്ന് ത്രികോണ മത്സരം എന്നു പറയുമെങ്കിലും സ്ഥിതി അതല്ല. കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിലെ സ്ഥിതിയാകും ഇത്തവണയും. എസ്ഡിപിഐ പിന്തുണ ഒരാൾക്ക് വേണ്ടി മാത്രം പ്രഖ്യാപിച്ചല്ല. ഇന്ത്യയുടെ വൈവിധ്യവും ബഹുസ്വരതയും എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ചയും സംരക്ഷിക്കാൻ വിലമതിക്കാനാകാത്ത ഒരു കൂട്ടം തത്വങ്ങളെയും ബോധ്യങ്ങളെയും പ്രതിനിധീകരിക്കുന്നവരാണ് പാർട്ടികൾ. മോദിക്ക് ബദൽ പരിചയസമ്പന്നരും കഴിവുള്ളവരും വൈവിധ്യമാർന്നവരുമായ ഒരു കൂട്ടം നേതാക്കളാണ്. അവർ ജനങ്ങളുടെ പ്രശ്നങ്ങളോട് പ്രതികരിക്കുകയും വ്യക്തിഗത അഹംഭാവത്താൻ നയിക്കപ്പെടാതിരിക്കുകയും ചെയ്യുമെന്നും തരൂർ കൂട്ടിച്ചേർത്തു.

ബംഗളൂരു: ബിജെപിക്കൊപ്പം തന്നെയെന്ന് പ്രഖ്യാപിച്ച് നടിയും എംപിയുമായ സുമലത. മാണ്ഡ്യയിൽ അനുയായികളുടെ യോഗത്തിൽ ആണ് സുമലത ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഇനിയും മോദിക്ക് പിന്തുണയുണ്ടാകുമെന്നും ജെഡിഎസ്- ബിജെപി സഖ്യത്തിനും പിന്തുണ നൽകുമെന്നും സുമലത പറഞ്ഞു. മാണ്ഡ്യയിൽ കുമാരസ്വാമിക്കായി പ്രചാരണത്തിന് ഇറങ്ങുമെന്നും സുമലത അറിയിച്ചു.

സീറ്റ് നിഷേധിച്ചെങ്കിലും ബിജെപിക്കൊപ്പം തുടരാനാണ് സുമലതയുടെ തീരുമാനം. 2019ൽ മാണ്ഡ്യയിൽ നിന്ന് സ്വതന്ത്ര എംപിയായി സമുലത തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

എംപിയും കന്നഡ സിനിമാതാരവുമായിരുന്ന ഭർത്താവ് അംബരീഷിന്റെ മരണത്തിന് പിന്നാലെയായിരുന്നു അന്ന് തെരഞ്ഞെടുപ്പ് നടന്നത്. ജെഡിഎസിന് മുൻതൂക്കമുള്ള മണ്ഡലത്തിൽ ജെഡിഎസ് നേതാവായ കുമാരസ്വാമിയുടെ മകൻ നിഖിൽ ആയിരുന്നു അന്ന് മണ്ഡലത്തിൽ മുഖ്യ എതിരാളി. എന്നാൽ, സുമലത ഈ തെരഞ്ഞെടുപ്പിൽ വിജയിച്ചു. ഇത്തവണ ബിജെപി സീറ്റ് നൽകുമെന്ന് പ്രതീക്ഷിച്ചെങ്കിലും ജെഡിഎസ്- ബിജെപി സഖ്യം സുമലതയ്ക്ക് തിരിച്ചടിയാകുകയായിരുന്നു. സീറ്റ് നിഷേധിക്കപ്പെട്ടെങ്കിലും താരം ബിജെപിയ്ക്ക് തന്നെ പിന്തുണ നൽകാൻ തീരുമാനിക്കുകയായിരുന്നു.

കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ സ്ഥാനാർഥികളെ നിർത്തില്ലെന്ന് എസ്ഡിപിഐ. യുഡിഎഫിന് പിന്തുണ നൽകുമെന്നും എസ്ഡിപിഐ അറിയിച്ചു. എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവിയാണ് ഇക്കാര്യം അറിയിച്ചത്.

ഇന്ത്യയുടെ ഭാവി നിർണയിക്കുന്ന തിരഞ്ഞെടുപ്പാണിത്. രാജ്യത്തിന്റെ വീണ്ടെടുപ്പാണ് മുഖ്യ അജണ്ട. ദേശീയ തലത്തിൽ ബിജെപി വിരുദ്ധ ഇന്ത്യാ മുന്നണിക്ക് നേതൃത്വം നൽകുന്ന പാർട്ടിയാണ് കോൺഗ്രസ്. ആ നിലയിലാണ് യുഡിഎഫിന് മുൻഗണന നൽകുവാൻ തീരുമാനിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

തമിഴ്‌നാട്, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, ജാർഖണ്ഡ്, ഉത്തർപ്രദേശ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലായി പതിനെട്ട് മണ്ഡലങ്ങളിലാണ് പാർട്ടി സ്ഥാനാർഥികൾ മത്സരിക്കുന്നത്. മറ്റിടങ്ങളിൽ ബിജെപി വിരുദ്ധ ചേരിയെ സഹായിക്കുമെന്നും അഷ്‌റഫ് മൗലവി കൂട്ടിച്ചേർത്തു.

സുൽത്താൻ ബത്തേരി: വയനാട്ടിലെ കോൺഗ്രസ് സ്ഥാനാർത്ഥി രാഹുൽ ഗാന്ധിയ്ക്കും എൽഡിഎഫ് സ്ഥാനാർത്ഥി ആനി രാജയ്ക്കുമെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷനും എൻഡിഎ സ്ഥാനാർത്ഥിയുമായ കെ സുരേന്ദ്രൻ. വയനാട് ലോക്‌സഭ മണ്ഡലത്തിലെ രാഹുൽഗാന്ധി-ആനീ രാജ മത്സരത്തെ പരിഹസിച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

ഡൽഹിയിലെ റാലിയിൽ രാഹുലും രാജയും ഒരുമിച്ചു നിൽക്കുന്നു. ഡൽഹിയിൽ കെട്ടിപിടുത്തവും വയനാട്ടിൽ മത്സരവും എങ്ങനെ നടക്കും. ജനങ്ങളെ പരിഹസിക്കുന്ന നിലപാടാണിതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മുഖ്യമന്ത്രിക്കും മകൾക്കും എതിരായ ഇഡി അന്വേഷണത്തിൽ രാഹുലിന്റെ നിലപാട് എന്താണ്. കെജ്രിവാളിനോടുള്ള അതെ നിലപാട് ആണോ. മുഖ്യമന്ത്രിക്ക് എതിരായ അന്വേഷണം രാഷ്ട്രീയ വേട്ടയാണ് എന്ന അഭിപ്രായം സുധാകരനും സതീശനും ഉണ്ടോയെന്ന് കെ സുരേന്ദ്രൻ ചോദിച്ചു.

എന്ത് കൊണ്ടാണ് രാഹുൽ ഗാന്ധി അയോദ്ധ്യ ക്ഷേത്രം സന്ദർശിക്കാത്തത്. മറ്റു പല ക്ഷേത്രങ്ങളിലും പോവാറില്ലേ. ഏപ്രിൽ 26 കഴിഞ്ഞാൽ രാഹുൽ അയോദ്ധ്യയിൽ പോകും. അതിന് മുന്നേ പോകാൻ ധൈര്യം ഉണ്ടോ. മുസ്ലിം ലീഗ്, ജമാഅത്ത് ഇസ്ലാമി, സമസ്ത എന്നിവരെ പേടിച്ചാണ് രാഹുൽ ഗാന്ധി പോകാത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോഴിക്കോട്: ഡൽഹിയിൽ ഞായറാഴ്ച നടന്ന ഇന്ത്യ മുന്നണിയുടെ പ്രതിഷേധറാലി ബിജെപിക്കുള്ള ശക്തമായ മുന്നറിയിപ്പെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസ് ഇതിൽ നിന്ന് പാഠം ഉൾക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

വ്യത്യസ്ത അഭിപ്രായമുള്ള പാർട്ടികളേയും നേതാക്കളേയും ബി.ജെ.പി വേട്ടയാടുമ്പോൾ ഒപ്പംനിൽക്കുന്ന സമീപനമാണ് കോൺഗ്രസ് സ്വീകരിച്ചത്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കെജ്രിവാൾ വിഷയം. കോൺഗ്രസ് നൽകിയ പരാതിയാണ് ഇഡി ഇടപെടലിന് വഴിവെച്ചത്. ഞായറാഴ്ചത്തെ റാലിയിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്തത് നല്ലകാര്യം. ബിജെപിയുടെ ഇത്തരം നീക്കങ്ങൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച് മുന്നോട്ടുപോകേണ്ടത് ആവശ്യമാണ്. എല്ലാ രാഷ്ട്രീയ പാർട്ടികൾക്കുനേരെയും കേന്ദ്രം നടപടികൾ സ്വീകരിക്കുമ്പോൾ പിടിച്ചുനിൽക്കാൻ കഴിയാത്ത ഒരുപാട് കോൺഗ്രസ് നേതാക്കളുണ്ട്. അശോക് ചവാന്റെ കാര്യം രാഹുൽ തന്നെയാണ് പറഞ്ഞത്. രാജ്യതാത്പര്യം മുൻനിർത്തിയാണ് പ്രവർത്തിക്കേണ്ടത്. രാഷ്ട്രീയക്കാർക്കെതിരെ നടപടിയുണ്ടാകുമ്പോൾ പാർട്ടി വിട്ടുപോകുകയല്ല വേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മോദി സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ രാജ്യത്തിന്റെ മൂല്യങ്ങൾ തകർന്നു. വർഗീയതയെ എതിർത്തേ മതനിരപേക്ഷത സംരക്ഷിക്കാൻ കഴിയൂ. എന്നാൽ, മതനിരപേക്ഷർ എന്നുപറയുന്ന ചിലർക്ക് ശക്തമായി വർഗീയതയെ എതിർക്കാൻ സാധിക്കുന്നില്ല. സിഎഎയിൽ കോൺഗ്രസിന് പ്രതികരിക്കാൻ കഴിയുന്നില്ല. രാഹുൽ ഗാന്ധി ഇതുവരെ പ്രതികരിച്ചിട്ടില്ല. വയനാട്ടിൽ ശക്തമായ മത്സരമായിരിക്കും. കോൺഗ്രസിന്റെ വലിയ നേതാവാണ് രാഹുൽ. സുരേന്ദ്രനെ നേരിടാനാണോ അദ്ദേഹം വയനാട്ടിലെത്തുന്നത്. ഇവിടെ എൽഡിഎഫിനെതിരെയാണ് രാഹുലിന്റെ മത്സരം. ദേശീയതലത്തിൽ എല്ലാവർക്കുമറിയുന്ന ഇടതുപക്ഷ നേതാവാണ് ആനി രാജ. അവരെയാണല്ലോ മണിപ്പുർ വിഷയത്തിൽ രാജ്യദ്രോഹിയായി ചിത്രീകരിച്ചത്. രാഹുൽ ഗാന്ധിക്ക് മണിപ്പുർ വിഷയത്തിൽ എന്ത് റോളാണുള്ളത്. രാജ്യത്തിന് ഭീഷണിയാകുന്ന ഏതെങ്കിലും വിഷയത്തിൽ രാഹുൽ ഗാന്ധിയെ കാണുന്നുണ്ടോയെന്ന് അദ്ദേഹം ചോദിക്കുന്നു.

ന്യൂഡൽഹി: ബിജെപിക്കെതിരെ പരിഹാസവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 400-ലേറെ സീറ്റുകൾ നേടുകയെന്ന ബിജെപിയുടെ ലക്ഷ്യത്തെ പരിഹസിച്ചാണ് മമത രംഗത്തെത്തിയത്. കുറഞ്ഞത് 200 മണ്ഡലങ്ങളെങ്കിലും വിജയിക്കാൻ ബിജെപിയെ മമത വെല്ലുവിളിക്കുകയും ചെയ്തു. ആദ്യം 200 സീറ്റ് എന്ന ലക്ഷ്യമെങ്കിലും നേടാൻ താൻ അവരെ വെല്ലുവിളിക്കുകയാണെന്ന് മമത വ്യക്തമാക്കി.

2021ലെ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ 200ലേറെ സീറ്റുകൾ നേടുമെന്നാണ് ബിജെപി അവകാശപ്പെട്ടത്. എന്നാൽ 77ന് അപ്പുറം പോകാൻ കഴിഞ്ഞില്ലെന്നും മമത അറിയിച്ചു. തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയായി കൃഷ്ണ നഗറിൽ നിന്നും മത്സരിക്കുന്ന മഹുവ മൊയ്ത്രയ്ക്കു വേണ്ടിയുള്ള പ്രചാരണ യോഗത്തിൽ സംസാരിക്കവെയാണ് മമത ഇക്കാര്യം അറിയിച്ചത്.

പൗരത്വ ഭേദഗതി നിയമം നടപ്പാക്കാൻ ബംഗാളിൽ അനുവദിക്കില്ല. സിഎഎയ്ക്ക് അപേക്ഷിക്കുന്നതോടെ അപേക്ഷകൻ വിദേശിയായി മാറും. സിഎഎയ്ക്കു വേണ്ടി അപേക്ഷിക്കരുതെന്ന് അഭ്യർഥിക്കുകയാണ്. നിയമപരമായ പൗരന്മാരെ വിദേശികളാക്കാനുള്ള ഒരു കെണിയാണിത്. ബംഗാളിൽ ഇന്ത്യാ സഖ്യമില്ല. ബംഗാളിൽ സിപിഎമ്മും കോൺഗ്രസും ബിജെപിക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും മമത ബാനർജി കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: എൻഫോഴ്സ്‌മെന്റ് അറസ്റ്റ് ചെയ്ത ഡൽഹി മുഖ്യമന്ത്രിയും ആംആദ്മി നേതാവുമായ അരവിന്ദ് കെജ്രിവാളിന്റെ ആറ് സന്ദേശങ്ങൾ വായിച്ച് ഭാര്യ സുനിത. നരേന്ദ്രമോദി സർക്കാരിനെതിരെ ഇന്ത്യാ സഖ്യം നടത്തുന്ന ശക്തിപ്രകടന വേദിയിൽ സുനിത അരവിന്ദ് കെജ്രിവാളിന്റെ സന്ദേശങ്ങൾ വായിച്ചത്. ഒരു കാരണവുമില്ലാതെയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അരവിന്ദ് കേജ്രിവാളിനെ അറസ്റ്റ് ചെയ്ത് ജയിലിലിട്ടിരിക്കുന്നതെന്ന് സുനിത പറഞ്ഞു.

നീതിവേണമെന്ന ആവശ്യവും സുനിത മുന്നോട്ടുവെച്ചു. ഒരു പുതിയ രാഷ്ട്ര നിർമ്മാണത്തിന് എല്ലാവരുടെയും പിന്തുണ തേടുകയാണ്. ജയിലിൽ കഴിയുമ്പോഴും കെജ്രിവാളിന്റെ ചിന്ത രാജ്യത്തെക്കുറിച്ചാണ്. ഇന്ത്യ സഖ്യമെന്നത് വെറുംവാക്കല്ല. ഹൃദയമാണ്, ആത്മാവാണ്. നരേന്ദ്രമോദി സർക്കാരിന്റെ സ്വേച്ഛാധിപത്യത്തിനെതിരെ പോരാടുക തന്നെ ചെയ്യുമെന്നാണ് അദ്ദേഹത്തിന്റെ സന്ദേശമെന്ന് സുനിത അറിയിച്ചു.

അതേസമയം, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ഇന്ത്യാ സഖ്യം നടത്തിയ ശക്തിപ്രകടന റാലിയിൽ പങ്കെടുത്തു. ബിജെപി സർക്കാർ ഇന്ത്യയിലെ ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. പ്രധാന പ്രതിപക്ഷ നേതാക്കളെ ബിജെപി ജയിലിൽ അടയ്ക്കുന്നു. സംസ്ഥാനങ്ങളെ തകർത്ത് പ്രതിപക്ഷത്തെ ഇല്ലാതാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ബിജെപി രാഷ്ട്രീയ നേട്ടത്തിനായി ഇഡി, സിബിഐ, തുടങ്ങിയ ഏജൻസികളെ ഉപയോഗിക്കുന്നു. ഇത്തവണ ഇന്ത്യയെ രക്ഷിക്കാനുളള തിരഞ്ഞെടുപ്പാകണമെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: മുസ്ലിം ലീഗിനെതിരെ വിമർശനവുമായി മുൻമന്ത്രി കെ ടി ജലീൽ. കാസർഗോഡ് റിയാസ് മൗലവി വധക്കേസിൽ പ്രതികളെ വെറുതെ വിട്ട കോടതി വിധി സർക്കാരിനെതിരെ തെരഞ്ഞെടുപ്പ് ആയുധമാക്കാനാണ് ലീഗ് ശ്രമമെന്ന് അദ്ദേഹം പറഞ്ഞു. പ്രസ്താവന പിൻവലിച്ച് ലീഗ് പൊതുസമൂഹത്തോട് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇഡിയെ ഭയന്ന് നീതിന്യായ സംവിധാനങ്ങൾ വരെ കാവിവൽക്കരിക്കപ്പെടുന്നുവെന്ന് തുറന്നു പറയാൻ കഴിയാത്തതിനാലാണ് ലീഗ് സംസ്ഥാന സർക്കാരിനെതിരെ തിരിയുന്നത്. റിയാസ് മൗലവി വധിക്കപ്പെട്ട കേസിൽ കാസർഗോഡ് ജില്ലാ കോടതി നടത്തിയ വിധിയെ സംബന്ധിച്ച് ലീഗ് നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടിയും പിഎംഎ സലാമും നടത്തിയ പ്രതികരണങ്ങൾ തികഞ്ഞ അവിവേകവും അസംബന്ധവുമാണ്. പോലീസും പ്രോസിക്യൂഷനും ഒത്തുകളിച്ചു എന്നാണ് അവരുടെ ആക്ഷേപം. അത്തരമൊരു ആക്ഷേപം റിയാസ് മൗലവിയുടെ ഭാര്യക്കോ കുടുംബത്തിനോ ആക്ഷൻ കമ്മിറ്റി ഭാരവാഹികളായ ലീഗ് നേതാക്കൾക്കോ ഉണ്ടോ എന്ന കാര്യം ഇരു നേതാക്കളും വ്യക്തമാക്കണമെന്ന് അദ്ദേഹം അറിയിച്ചു.

ലീഗ് നേതാക്കൾ തല മറന്ന് എണ്ണ തേക്കരുത്. യുഡിഎഫ് കാലത്ത് കാസർഗോഡ് ജില്ലയിൽ എത്ര മുസ്ലിങ്ങൾ വധിക്കപ്പെട്ടിട്ടുണ്ടെന്നും അതിൽ എത്ര കേസിൽ പ്രതികൾക്ക് ജാമ്യം കിട്ടിയിട്ടുണ്ടെന്നും എത്ര പ്രതികളെ വെറുതെ വിട്ടിട്ടുണ്ടെന്നും നെഞ്ചത്ത് കൈവെച്ച് ആലോചിച്ച് നോക്കുക. വിശദവിവരം രണ്ട് ദിവസത്തിനകം പുറത്തുവിടാം. ജുഡീഷ്യറി കാവിവൽക്കരിക്കപ്പെടുന്നു എന്ന് തുറന്നു പറയാനുള്ള ഭയമാണ് പോലീസിനെയും പ്രോസിക്യൂഷനെയും പഴിചാരാൻ ലീഗ് നേതാക്കളെ പ്രേരിപ്പിക്കുന്നത്. പല ലീഗ് നേതാക്കളുടെയും വാല് ബിജെപിയുടെയും ഈഡിയുടെയും അമ്മിയുടെ ചുവട്ടിലാണെന്ന പരമസത്യം ആർക്കാണറിയാത്തതെന്നും കെ ടി ജലീൽ ചോദിക്കുന്നു.

കോഴിക്കോട്: കോൺഗ്രസിനും ബിജെപിക്കുമെതിരെ ആഞ്ഞടിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കോൺഗ്രസസും ബിജെപിയും കൈകോർത്തു നിൽക്കുകയാണ്. കോൺഗ്രസിനെയും ബിജെപിയെയും നയിക്കുന്നത് അന്ധമായ ഇടത്തു പക്ഷ വിരോധമാണെന്ന് ബിനോയ് വിശ്വം പറഞ്ഞു.

ന്യുനപക്ഷ വിഷയങ്ങൾ ഇടത് പക്ഷം കാണുന്നത് വോട്ട് വിഷയമായല്ല. ജനാധിപത്യ വിഷയമാണ് കാണുന്നത്. വലിയ തോതിലുള്ള ന്യുന പക്ഷ മുന്നേറ്റം കോൺഗ്രസിനെയും ബിജെപിയെയും ഭയപ്പെടുത്തുകയാണ്. സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് അനുകൂല കാറ്റാണ്. എല്ലാ ഘടക കക്ഷികളും ഒറ്റക്കെട്ടായി മുന്നോട്ട് പോകും. ന്യൂനപക്ഷങ്ങൾ ഇടതുപക്ഷത്തോട് അടുക്കുകയാണ്. പെസഹ ദിനത്തിൽ ക്രൈസ്തവ പുരോഹിതർ സംശയലേശമന്യേ ന്യൂനപക്ഷങ്ങളുടെ ഭയപ്പാട് വ്യക്തമാക്കി. സത്യം വിളിച്ചു പറഞ്ഞ പുരോഹിതരെ തേടി ഇ ഡി എപ്പോൾ വരും എന്ന് നോക്കിയാൽ മതിയെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തിൽ ബിജെപിയുമായി കൈകോർത്ത കോൺഗ്രസിനെ ജനം ശിക്ഷിക്കും. ഗാന്ധിയെ മറക്കാൻ കഴിയാത്ത കോൺഗ്രസുകാർ ഇടതുപക്ഷമാണ് ശരി എന്ന് മനസിലാക്കി വോട്ട് ചെയ്യും. വയനാട്ടിൽ അനിരാജയെ ജനം സ്വന്തമാക്കിയിരിക്കുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ട്. കോർപ്പറേറ്റ് ഫണ്ട് വേണ്ടെന്ന് നിലപാടെടുത്ത പാർട്ടിയാണ് സിപിഐ. ജനങ്ങളെ ആശ്രയിച്ചു മുന്നോട്ടു പോകുമെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.

ആലപ്പുഴ: രാഷ്ട്രീയത്തിൽ വിജയിക്കണമെങ്കിൽ വിദ്യാഭ്യാസ യോഗ്യതയല്ല മറിച്ച് സാമാന്യ ബോധമാണ് പ്രധാനമെന്ന് സിപിഎം നേതാവും മുൻ മന്ത്രിയുമായ ജി സുധാകരൻ. സാമൂഹിക പ്രവർത്തനത്തിലും ജീവിതത്തിലും സാമാന്യബോധമുള്ളവർ ജയിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കൈപിടിച്ച് കയറ്റിയവനെ കഴുത്തിന് പിടിച്ച് തള്ളിയിട്ടാണ് ചിലർ എംഎൽഎയും എംപിയുമൊക്കെ ആവുന്നത്. ഒരു സ്ഥാനത്ത് എത്തുന്നതിന് മുമ്പ് എംഎൽഎയും എംപിയുമാകണമെന്ന മോഹമാണ് ചിലർക്ക്. അത് കൈപിടിച്ച് കയറ്റിയവന്റെ കഴുത്തിന് വെട്ടുന്ന പരിപാടിയാണെന്ന് അദ്ദേഹം പറഞ്ഞു.

അവനെ അങ്ങ് തട്ടിക്കളഞ്ഞാൽ തനിക്ക് അവിടെ കയറിയിരിക്കാം. എന്നിട്ട്, അവിടെ കയറിയിരുന്നിട്ട് കൈകാലിട്ടടിക്കും. ഇതാണിപ്പോൾ കേരളത്തിൽ നടക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മറ്റുള്ളവരെ ബഹുമാനിക്കുക. എതിർക്കേണ്ട കാര്യത്തിൽ ശക്തമായി വിട്ടുവാഴ്ചയില്ലാതെ എതിർക്കുക. പരസ്യമായി എതിർക്കുകയും രാത്രി ഫോൺ വിളിച്ചിട്ട് ചുമ്മാതെ പറഞ്ഞതാ എന്ന് പറയുന്ന പരിപാടിയുണ്ട് ചിലർക്ക്. അത് വർധിച്ചു വരികയാണ്. താൻ ഒരു പൂജാരിയെയും ആക്ഷേപിച്ചിട്ടില്ല. അവരുടെ ശമ്പളം കൂട്ടികൊടുത്തത് താനാണ്. മലബാർ ദേവസ്വം സ്ഥാപിച്ചാൽ മരിച്ചുപോകുമെന്ന് പലരും പറഞ്ഞു. എന്നാൽ, അത് രൂപവത്കരിച്ചുവെന്നും ജി സുധാകരൻ കൂട്ടിച്ചേർത്തു.