ഡൽഹിയിൽ കെട്ടിപിടുത്തവും വയനാട്ടിൽ മത്സരവും എങ്ങനെ നടക്കും; പരിഹാസവുമായി കെ സുരേന്ദ്രൻ

സുൽത്താൻ ബത്തേരി: വയനാട്ടിലെ കോൺഗ്രസ് സ്ഥാനാർത്ഥി രാഹുൽ ഗാന്ധിയ്ക്കും എൽഡിഎഫ് സ്ഥാനാർത്ഥി ആനി രാജയ്ക്കുമെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷനും എൻഡിഎ സ്ഥാനാർത്ഥിയുമായ കെ സുരേന്ദ്രൻ. വയനാട് ലോക്‌സഭ മണ്ഡലത്തിലെ രാഹുൽഗാന്ധി-ആനീ രാജ മത്സരത്തെ പരിഹസിച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

ഡൽഹിയിലെ റാലിയിൽ രാഹുലും രാജയും ഒരുമിച്ചു നിൽക്കുന്നു. ഡൽഹിയിൽ കെട്ടിപിടുത്തവും വയനാട്ടിൽ മത്സരവും എങ്ങനെ നടക്കും. ജനങ്ങളെ പരിഹസിക്കുന്ന നിലപാടാണിതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മുഖ്യമന്ത്രിക്കും മകൾക്കും എതിരായ ഇഡി അന്വേഷണത്തിൽ രാഹുലിന്റെ നിലപാട് എന്താണ്. കെജ്രിവാളിനോടുള്ള അതെ നിലപാട് ആണോ. മുഖ്യമന്ത്രിക്ക് എതിരായ അന്വേഷണം രാഷ്ട്രീയ വേട്ടയാണ് എന്ന അഭിപ്രായം സുധാകരനും സതീശനും ഉണ്ടോയെന്ന് കെ സുരേന്ദ്രൻ ചോദിച്ചു.

എന്ത് കൊണ്ടാണ് രാഹുൽ ഗാന്ധി അയോദ്ധ്യ ക്ഷേത്രം സന്ദർശിക്കാത്തത്. മറ്റു പല ക്ഷേത്രങ്ങളിലും പോവാറില്ലേ. ഏപ്രിൽ 26 കഴിഞ്ഞാൽ രാഹുൽ അയോദ്ധ്യയിൽ പോകും. അതിന് മുന്നേ പോകാൻ ധൈര്യം ഉണ്ടോ. മുസ്ലിം ലീഗ്, ജമാഅത്ത് ഇസ്ലാമി, സമസ്ത എന്നിവരെ പേടിച്ചാണ് രാഹുൽ ഗാന്ധി പോകാത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.