ന്യൂഡൽഹി: ബിജെപിക്കെതിരെ പരിഹാസവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 400-ലേറെ സീറ്റുകൾ നേടുകയെന്ന ബിജെപിയുടെ ലക്ഷ്യത്തെ പരിഹസിച്ചാണ് മമത രംഗത്തെത്തിയത്. കുറഞ്ഞത് 200 മണ്ഡലങ്ങളെങ്കിലും വിജയിക്കാൻ ബിജെപിയെ മമത വെല്ലുവിളിക്കുകയും ചെയ്തു. ആദ്യം 200 സീറ്റ് എന്ന ലക്ഷ്യമെങ്കിലും നേടാൻ താൻ അവരെ വെല്ലുവിളിക്കുകയാണെന്ന് മമത വ്യക്തമാക്കി.
2021ലെ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ 200ലേറെ സീറ്റുകൾ നേടുമെന്നാണ് ബിജെപി അവകാശപ്പെട്ടത്. എന്നാൽ 77ന് അപ്പുറം പോകാൻ കഴിഞ്ഞില്ലെന്നും മമത അറിയിച്ചു. തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയായി കൃഷ്ണ നഗറിൽ നിന്നും മത്സരിക്കുന്ന മഹുവ മൊയ്ത്രയ്ക്കു വേണ്ടിയുള്ള പ്രചാരണ യോഗത്തിൽ സംസാരിക്കവെയാണ് മമത ഇക്കാര്യം അറിയിച്ചത്.
പൗരത്വ ഭേദഗതി നിയമം നടപ്പാക്കാൻ ബംഗാളിൽ അനുവദിക്കില്ല. സിഎഎയ്ക്ക് അപേക്ഷിക്കുന്നതോടെ അപേക്ഷകൻ വിദേശിയായി മാറും. സിഎഎയ്ക്കു വേണ്ടി അപേക്ഷിക്കരുതെന്ന് അഭ്യർഥിക്കുകയാണ്. നിയമപരമായ പൗരന്മാരെ വിദേശികളാക്കാനുള്ള ഒരു കെണിയാണിത്. ബംഗാളിൽ ഇന്ത്യാ സഖ്യമില്ല. ബംഗാളിൽ സിപിഎമ്മും കോൺഗ്രസും ബിജെപിക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും മമത ബാനർജി കൂട്ടിച്ചേർത്തു.

