ന്യൂഡൽഹി: എൻഫോഴ്സ്‌മെന്റ് അറസ്റ്റ് ചെയ്ത ഡൽഹി മുഖ്യമന്ത്രിയും ആംആദ്മി നേതാവുമായ അരവിന്ദ് കെജ്രിവാളിന്റെ ആറ് സന്ദേശങ്ങൾ വായിച്ച് ഭാര്യ സുനിത. നരേന്ദ്രമോദി സർക്കാരിനെതിരെ ഇന്ത്യാ സഖ്യം നടത്തുന്ന ശക്തിപ്രകടന വേദിയിൽ സുനിത അരവിന്ദ് കെജ്രിവാളിന്റെ സന്ദേശങ്ങൾ വായിച്ചത്. ഒരു കാരണവുമില്ലാതെയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അരവിന്ദ് കേജ്രിവാളിനെ അറസ്റ്റ് ചെയ്ത് ജയിലിലിട്ടിരിക്കുന്നതെന്ന് സുനിത പറഞ്ഞു.
നീതിവേണമെന്ന ആവശ്യവും സുനിത മുന്നോട്ടുവെച്ചു. ഒരു പുതിയ രാഷ്ട്ര നിർമ്മാണത്തിന് എല്ലാവരുടെയും പിന്തുണ തേടുകയാണ്. ജയിലിൽ കഴിയുമ്പോഴും കെജ്രിവാളിന്റെ ചിന്ത രാജ്യത്തെക്കുറിച്ചാണ്. ഇന്ത്യ സഖ്യമെന്നത് വെറുംവാക്കല്ല. ഹൃദയമാണ്, ആത്മാവാണ്. നരേന്ദ്രമോദി സർക്കാരിന്റെ സ്വേച്ഛാധിപത്യത്തിനെതിരെ പോരാടുക തന്നെ ചെയ്യുമെന്നാണ് അദ്ദേഹത്തിന്റെ സന്ദേശമെന്ന് സുനിത അറിയിച്ചു.
അതേസമയം, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ഇന്ത്യാ സഖ്യം നടത്തിയ ശക്തിപ്രകടന റാലിയിൽ പങ്കെടുത്തു. ബിജെപി സർക്കാർ ഇന്ത്യയിലെ ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. പ്രധാന പ്രതിപക്ഷ നേതാക്കളെ ബിജെപി ജയിലിൽ അടയ്ക്കുന്നു. സംസ്ഥാനങ്ങളെ തകർത്ത് പ്രതിപക്ഷത്തെ ഇല്ലാതാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ബിജെപി രാഷ്ട്രീയ നേട്ടത്തിനായി ഇഡി, സിബിഐ, തുടങ്ങിയ ഏജൻസികളെ ഉപയോഗിക്കുന്നു. ഇത്തവണ ഇന്ത്യയെ രക്ഷിക്കാനുളള തിരഞ്ഞെടുപ്പാകണമെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

