കോൺഗ്രസിനെയും ബിജെപിയെയും നയിക്കുന്നത് അന്ധമായ ഇടത്തു പക്ഷ വിരോധം; ബിനോയ് വിശ്വം

കോഴിക്കോട്: കോൺഗ്രസിനും ബിജെപിക്കുമെതിരെ ആഞ്ഞടിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കോൺഗ്രസസും ബിജെപിയും കൈകോർത്തു നിൽക്കുകയാണ്. കോൺഗ്രസിനെയും ബിജെപിയെയും നയിക്കുന്നത് അന്ധമായ ഇടത്തു പക്ഷ വിരോധമാണെന്ന് ബിനോയ് വിശ്വം പറഞ്ഞു.

ന്യുനപക്ഷ വിഷയങ്ങൾ ഇടത് പക്ഷം കാണുന്നത് വോട്ട് വിഷയമായല്ല. ജനാധിപത്യ വിഷയമാണ് കാണുന്നത്. വലിയ തോതിലുള്ള ന്യുന പക്ഷ മുന്നേറ്റം കോൺഗ്രസിനെയും ബിജെപിയെയും ഭയപ്പെടുത്തുകയാണ്. സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് അനുകൂല കാറ്റാണ്. എല്ലാ ഘടക കക്ഷികളും ഒറ്റക്കെട്ടായി മുന്നോട്ട് പോകും. ന്യൂനപക്ഷങ്ങൾ ഇടതുപക്ഷത്തോട് അടുക്കുകയാണ്. പെസഹ ദിനത്തിൽ ക്രൈസ്തവ പുരോഹിതർ സംശയലേശമന്യേ ന്യൂനപക്ഷങ്ങളുടെ ഭയപ്പാട് വ്യക്തമാക്കി. സത്യം വിളിച്ചു പറഞ്ഞ പുരോഹിതരെ തേടി ഇ ഡി എപ്പോൾ വരും എന്ന് നോക്കിയാൽ മതിയെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തിൽ ബിജെപിയുമായി കൈകോർത്ത കോൺഗ്രസിനെ ജനം ശിക്ഷിക്കും. ഗാന്ധിയെ മറക്കാൻ കഴിയാത്ത കോൺഗ്രസുകാർ ഇടതുപക്ഷമാണ് ശരി എന്ന് മനസിലാക്കി വോട്ട് ചെയ്യും. വയനാട്ടിൽ അനിരാജയെ ജനം സ്വന്തമാക്കിയിരിക്കുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ട്. കോർപ്പറേറ്റ് ഫണ്ട് വേണ്ടെന്ന് നിലപാടെടുത്ത പാർട്ടിയാണ് സിപിഐ. ജനങ്ങളെ ആശ്രയിച്ചു മുന്നോട്ടു പോകുമെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.