പാർലമെന്ററി സംവിധാനത്തിൽ നരേന്ദ്രമോദിക്ക് ബദൽ എന്നതിന് പ്രസക്തിയില്ല; ശശി തരൂർ

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ച് തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂർ. കലക്ടറേറ്റിലെത്തി അദ്ദേഹം നാമനിർദേശ പത്രിക സമർപ്പിച്ചു. വരണാധികാരിയായ ജില്ലാ കലക്ടർ പത്രിക സ്വീകരിച്ചു. ഡിസിസി പ്രസിഡന്റ് പാലോട് രവി, മുൻ മന്ത്രി വി എസ് ശിവകുമാർ, മുൻ ഡെപ്യൂട്ടി സ്പീക്കർ ശക്തൻ നാടാർ, എം വിൻസെന്റ് എംഎൽഎ തുടങ്ങിയവർ ശശി തരൂരിനൊപ്പമുണ്ടായിരുന്നു.

പാർലമെന്ററി സംവിധാനത്തിൽ നരേന്ദ്രമോദിക്ക് ബദൽ എന്നതിന് പ്രസക്തിയില്ലെന്ന് ശശി തരൂർ പറഞ്ഞു. പ്രസിഡൻഷ്യൽ സമ്പ്രദായത്തിൽ എന്ന പോലെ ഒരു വ്യക്തിയെ അല്ല തെരഞ്ഞെടുക്കുന്നത്. മറിച്ച് ഒരു പാർട്ടിയെയോ ഒരു സഖ്യത്തെയോ ആണെന്നും ശശി തരൂർ ചൂണ്ടിക്കാട്ടി. എക്‌സ് പ്ലാറ്റ് ഫോമിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

തിരുവനന്തപുരത്ത് കോൺഗ്രസും ബിജെപിയും തമ്മിലാണ് മത്സരമെന്ന് ത്രികോണ മത്സരം എന്നു പറയുമെങ്കിലും സ്ഥിതി അതല്ല. കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിലെ സ്ഥിതിയാകും ഇത്തവണയും. എസ്ഡിപിഐ പിന്തുണ ഒരാൾക്ക് വേണ്ടി മാത്രം പ്രഖ്യാപിച്ചല്ല. ഇന്ത്യയുടെ വൈവിധ്യവും ബഹുസ്വരതയും എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ചയും സംരക്ഷിക്കാൻ വിലമതിക്കാനാകാത്ത ഒരു കൂട്ടം തത്വങ്ങളെയും ബോധ്യങ്ങളെയും പ്രതിനിധീകരിക്കുന്നവരാണ് പാർട്ടികൾ. മോദിക്ക് ബദൽ പരിചയസമ്പന്നരും കഴിവുള്ളവരും വൈവിധ്യമാർന്നവരുമായ ഒരു കൂട്ടം നേതാക്കളാണ്. അവർ ജനങ്ങളുടെ പ്രശ്നങ്ങളോട് പ്രതികരിക്കുകയും വ്യക്തിഗത അഹംഭാവത്താൻ നയിക്കപ്പെടാതിരിക്കുകയും ചെയ്യുമെന്നും തരൂർ കൂട്ടിച്ചേർത്തു.