തിരുവനന്തപുരം: മുസ്ലിം ലീഗിനെതിരെ വിമർശനവുമായി മുൻമന്ത്രി കെ ടി ജലീൽ. കാസർഗോഡ് റിയാസ് മൗലവി വധക്കേസിൽ പ്രതികളെ വെറുതെ വിട്ട കോടതി വിധി സർക്കാരിനെതിരെ തെരഞ്ഞെടുപ്പ് ആയുധമാക്കാനാണ് ലീഗ് ശ്രമമെന്ന് അദ്ദേഹം പറഞ്ഞു. പ്രസ്താവന പിൻവലിച്ച് ലീഗ് പൊതുസമൂഹത്തോട് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഇഡിയെ ഭയന്ന് നീതിന്യായ സംവിധാനങ്ങൾ വരെ കാവിവൽക്കരിക്കപ്പെടുന്നുവെന്ന് തുറന്നു പറയാൻ കഴിയാത്തതിനാലാണ് ലീഗ് സംസ്ഥാന സർക്കാരിനെതിരെ തിരിയുന്നത്. റിയാസ് മൗലവി വധിക്കപ്പെട്ട കേസിൽ കാസർഗോഡ് ജില്ലാ കോടതി നടത്തിയ വിധിയെ സംബന്ധിച്ച് ലീഗ് നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടിയും പിഎംഎ സലാമും നടത്തിയ പ്രതികരണങ്ങൾ തികഞ്ഞ അവിവേകവും അസംബന്ധവുമാണ്. പോലീസും പ്രോസിക്യൂഷനും ഒത്തുകളിച്ചു എന്നാണ് അവരുടെ ആക്ഷേപം. അത്തരമൊരു ആക്ഷേപം റിയാസ് മൗലവിയുടെ ഭാര്യക്കോ കുടുംബത്തിനോ ആക്ഷൻ കമ്മിറ്റി ഭാരവാഹികളായ ലീഗ് നേതാക്കൾക്കോ ഉണ്ടോ എന്ന കാര്യം ഇരു നേതാക്കളും വ്യക്തമാക്കണമെന്ന് അദ്ദേഹം അറിയിച്ചു.
ലീഗ് നേതാക്കൾ തല മറന്ന് എണ്ണ തേക്കരുത്. യുഡിഎഫ് കാലത്ത് കാസർഗോഡ് ജില്ലയിൽ എത്ര മുസ്ലിങ്ങൾ വധിക്കപ്പെട്ടിട്ടുണ്ടെന്നും അതിൽ എത്ര കേസിൽ പ്രതികൾക്ക് ജാമ്യം കിട്ടിയിട്ടുണ്ടെന്നും എത്ര പ്രതികളെ വെറുതെ വിട്ടിട്ടുണ്ടെന്നും നെഞ്ചത്ത് കൈവെച്ച് ആലോചിച്ച് നോക്കുക. വിശദവിവരം രണ്ട് ദിവസത്തിനകം പുറത്തുവിടാം. ജുഡീഷ്യറി കാവിവൽക്കരിക്കപ്പെടുന്നു എന്ന് തുറന്നു പറയാനുള്ള ഭയമാണ് പോലീസിനെയും പ്രോസിക്യൂഷനെയും പഴിചാരാൻ ലീഗ് നേതാക്കളെ പ്രേരിപ്പിക്കുന്നത്. പല ലീഗ് നേതാക്കളുടെയും വാല് ബിജെപിയുടെയും ഈഡിയുടെയും അമ്മിയുടെ ചുവട്ടിലാണെന്ന പരമസത്യം ആർക്കാണറിയാത്തതെന്നും കെ ടി ജലീൽ ചോദിക്കുന്നു.

