കൈപിടിച്ച് കയറ്റിയവനെ കഴുത്തിന് പിടിച്ച് തള്ളിയിട്ടാണ് ചിലർ എംഎൽഎയും എംപിയുമൊക്കെ ആവുന്നത്; ജി സുധാകരൻ

ആലപ്പുഴ: രാഷ്ട്രീയത്തിൽ വിജയിക്കണമെങ്കിൽ വിദ്യാഭ്യാസ യോഗ്യതയല്ല മറിച്ച് സാമാന്യ ബോധമാണ് പ്രധാനമെന്ന് സിപിഎം നേതാവും മുൻ മന്ത്രിയുമായ ജി സുധാകരൻ. സാമൂഹിക പ്രവർത്തനത്തിലും ജീവിതത്തിലും സാമാന്യബോധമുള്ളവർ ജയിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കൈപിടിച്ച് കയറ്റിയവനെ കഴുത്തിന് പിടിച്ച് തള്ളിയിട്ടാണ് ചിലർ എംഎൽഎയും എംപിയുമൊക്കെ ആവുന്നത്. ഒരു സ്ഥാനത്ത് എത്തുന്നതിന് മുമ്പ് എംഎൽഎയും എംപിയുമാകണമെന്ന മോഹമാണ് ചിലർക്ക്. അത് കൈപിടിച്ച് കയറ്റിയവന്റെ കഴുത്തിന് വെട്ടുന്ന പരിപാടിയാണെന്ന് അദ്ദേഹം പറഞ്ഞു.

അവനെ അങ്ങ് തട്ടിക്കളഞ്ഞാൽ തനിക്ക് അവിടെ കയറിയിരിക്കാം. എന്നിട്ട്, അവിടെ കയറിയിരുന്നിട്ട് കൈകാലിട്ടടിക്കും. ഇതാണിപ്പോൾ കേരളത്തിൽ നടക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മറ്റുള്ളവരെ ബഹുമാനിക്കുക. എതിർക്കേണ്ട കാര്യത്തിൽ ശക്തമായി വിട്ടുവാഴ്ചയില്ലാതെ എതിർക്കുക. പരസ്യമായി എതിർക്കുകയും രാത്രി ഫോൺ വിളിച്ചിട്ട് ചുമ്മാതെ പറഞ്ഞതാ എന്ന് പറയുന്ന പരിപാടിയുണ്ട് ചിലർക്ക്. അത് വർധിച്ചു വരികയാണ്. താൻ ഒരു പൂജാരിയെയും ആക്ഷേപിച്ചിട്ടില്ല. അവരുടെ ശമ്പളം കൂട്ടികൊടുത്തത് താനാണ്. മലബാർ ദേവസ്വം സ്ഥാപിച്ചാൽ മരിച്ചുപോകുമെന്ന് പലരും പറഞ്ഞു. എന്നാൽ, അത് രൂപവത്കരിച്ചുവെന്നും ജി സുധാകരൻ കൂട്ടിച്ചേർത്തു.