Politics (Page 26)

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്രക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ബിജെപിയെ പേടിച്ചിട്ടാണോ മുഖ്യമന്ത്രി പ്രചാരണത്തിന് ഇറങ്ങാതെ വിദേശത്തേക്ക് പോയതെന്ന് അദ്ദേഹം ചോദിക്കുന്നു. മന്ത്രിസഭാ യോഗം ചേരാത്തത് എന്തുകൊണ്ടെന്നും വി ഡി സതീശൻ ചോദിച്ചു.

മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ രഹസ്യമായി വിദേശയാത്ര നടത്തിയത് എന്തിനാണ്. അടിയന്തര തീരുമാനങ്ങളെടുക്കേണ്ട സാഹചര്യത്തിലും മന്ത്രിസഭായോഗം ചേരാത്തത് എന്തുകൊണ്ടാണ്. ഇടതില്ലെങ്കിൽ ഇന്ത്യയില്ലെന്ന് പറഞ്ഞവരാണ് ലോകം ചുറ്റാൻ ഇറങ്ങിയിരിക്കുന്നത്. ബിജെപിയെ പേടിച്ചാണോ പിണറായി പ്രചരണത്തിന് ഇറങ്ങാത്തത്. മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശയാത്ര നടത്തുന്നതിന് പ്രതിപക്ഷം എതിരല്ല, എന്നാൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ അതീവരഹസ്യമായി യാത്ര നടത്തിയത് എന്തിനെന്ന് മനസിലാകുന്നില്ല, 16 ദിവസം മുഖ്യമന്ത്രി സംസ്ഥാനത്തില്ലെന്നാണ് മനസിലാക്കുന്നത്, ഭരണഘടനാ സ്ഥാനത്തിരിക്കുന്നവർ എന്ത് ചെയ്യുമ്പോഴും സുതാര്യത ഉറപ്പാക്കേണ്ടതുണ്ട്, അല്ലെങ്കിൽ അത് പലവിധ സംശയങ്ങൾക്കും ഇടവരുത്തുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തിൽ തീരുമാനങ്ങളെടുക്കുന്നത് ആരാണ്. പകരം ചുമതല ആരെയും ഏൽപിച്ചിട്ടില്ല എങ്കിൽ അത് മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തത്തിൽ സംശയങ്ങളുയർത്തുന്നു. ഉഷ്ണതരംഗം, കടൽക്ഷോഭം എന്നിങ്ങനെയുള്ള പല പ്രശ്‌നങ്ങളും സംസ്ഥാനം നേരിട്ടുകൊണ്ടിരിക്കെ ഇവയിലൊന്നും ഇടപെടാതിരിക്കുന്നുവെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.

ന്യൂഡൽഹി: ഇന്ത്യ സഖ്യത്തിന് വേണ്ടി വോട്ട് അഭ്യർത്ഥിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധി. രാജ്യത്തെ ശക്തമാക്കാൻ കോൺഗ്രസിനും ഇന്ത്യ സഖ്യത്തിനും വോട്ട് ചെയ്യണമെന്നാണ് വീഡിയോ സന്ദേശത്തിലൂടെ സോണിയ ആവശ്യപ്പെട്ടിരിക്കുന്നത്. ജനാധിപത്യവും, ഭരണഘടനയും സംരക്ഷിക്കാൻ പിന്തുണ വേണമെന്നും സോണിയ ഗാന്ധി അറിയിച്ചു.

നുണകളുടെയും വിദ്വേഷത്തിന്റെയും വക്താക്കളെ തള്ളിക്കളയണമെന്നും സോണിയാ ഗാന്ധി ആഹ്വാനം ചെയ്തു. കോൺഗ്രസിന്റെ ഔദ്യോഗിക എക്‌സ് പേജിലാണ് സോണിയയുടെ വീഡിയോ സന്ദേശം പോസ്റ്റു ചെയ്തിരിക്കുന്നത്. ഇത് സാധാരണ തെരഞ്ഞെടുപ്പല്ലെന്നും രാജ്യത്തെ ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാനുള്ള പോരാട്ടമാണെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും അറിയിച്ചിരുന്നു. രാജ്യത്ത് മാറ്റം കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

തിരുവനന്തപുരം: ജൂൺ നാലിന് ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ കോൺഗ്രസിന്റെ പല പ്രമുഖരുടെയും കാലിടറുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളത്തിൽ ചരിത്രത്തിലാദ്യമായി ഇത്തവണ ബിജെപി അക്കൗണ്ട് തുറക്കുമെന്നും വോട്ട് ശതമാനം ഗണ്യമായി ഉയരുമെന്ന് അദ്ദേഹം വ്യക്തമാക്കി. വാർത്താ സമ്മേളനത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

കേരളത്തിൽ ഇത്തവണ മികച്ച വിജയ പ്രതീക്ഷയുണ്ട്. ബൂത്ത്തലം മുതൽ ലഭിച്ച റിപ്പോർട്ടുകൾ പ്രതീക്ഷ വെച്ച സീറ്റുകളിൽ വിജയിക്കാമെന്നതാണ്. തിരുവനന്തപുരത്ത് ശശി തരൂർ ഇത്തവണ തോറ്റ് തുന്നംപാടും. തിരുവനന്തപുരത്ത് എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറാണ് തിരുവനന്തപുരത്ത് ജയിക്കാൻ പോകുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ബിജെപി കേരള പ്രഭാരി പ്രകാശ് ജാവഡേക്കറും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. കേരളത്തിൽ അഞ്ച് സീറ്റിൽ വിജയിക്കാനുള്ള സാധ്യതയുണ്ടെന്നാണ് പ്രകാശ് ജാവഡേക്കർ അറിയിച്ചത്. മാസങ്ങൾക്ക് മുമ്പും ഇതേ കാര്യം തന്നെയാണ് താൻ പറഞ്ഞതെന്നും അതേ നിലപാട് തന്നെയാണ് ഇപ്പോഴെന്നും ജാവ്ദേക്കർ പറഞ്ഞു.

തിരഞ്ഞെടുപ്പ് കാലത്ത് വളരെ ബോധപൂർവമായി ഉയർത്തിക്കൊണ്ടുവന്നതാണ് ദല്ലാൾ വിവാദമെന്ന് കെ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. പത്തനംതിട്ടയിലും ആലപ്പുഴയിലും എൻഡിഎയ്ക്ക് വിജയ സാധ്യതയുണ്ടെന്നു വന്നതോടെ യുഡിഎഫ് കേന്ദ്രങ്ങൾ ഉയർത്തിക്കൊണ്ടുവന്നതാണ് വിവാദം. അത് മനസിലാക്കാനുള്ള വിവേകം കേരളത്തിലെ ജനങ്ങൾക്കുണ്ട്. യുഡിഎഫ് കേന്ദ്രങ്ങളുടെ പ്രചാരണത്തിൽ ചില മാധ്യമങ്ങളും വീണുപോയെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: മാസപ്പടി ആരോപണത്തിൽ അന്വേഷണമില്ലെന്ന വിജിലൻസ് കോടതിവിധി മാത്യുകുഴൽനാടന്റേയും പ്രതിപക്ഷത്തിന്റേയും നുണ പ്രചാരണത്തിനേറ്റ തിരിച്ചടിയാണെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. മുഖ്യമന്ത്രിയേയും മകൾ വീണയേയും അവർ ക്രൂരമായി വേട്ടയാടി. കുഴൽനാടന് തെളിവിന്റെ കണിക പോലും ഹാജരാക്കാനായില്ലെന്ന് അദ്ദേഹം പറഞ്ഞു.

കോൺഗ്രസിൽ നിന്ന് കുഴൽനാടൻ ഒറ്റപ്പെട്ടു. വി ഡി സതീശനേക്കാൾ വലിയവാനാകാൻ ശ്രമിച്ചതാണ് പാളിപ്പോയത്. ഒരു കടലാസ് പോലും കോടതിയിൽ കൊടുക്കാനുണ്ടായില്ല. നിയമസഭയിലെ തെറ്റായ പ്രസംഗത്തിൽ കുഴൽനാടൻ ജനങ്ങളോട് മാപ്പ് പറഞ്ഞ് എംഎൽഎ സ്ഥാനം രാജി വയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ വിദേശയാത്രയെക്കുറിച്ച് എന്തിന് വിവാദം ഉണ്ടാക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്രയുടെ സ്പോൺസർ ആരാണെന്ന് പറയേണ്ടതില്ല. വിദേശ യാത്ര പാർട്ടി അറിഞ്ഞിട്ടാണ്. നിങ്ങളല്ലല്ലോ യാത്രയുടെ ചെലവ് വഹിക്കുന്നത്. മാദ്ധ്യങ്ങൾ അറിഞ്ഞില്ലെങ്കിൽ അവരുടെ കഴിവുകേടാണ്. പാർട്ടി അറിഞ്ഞാണ് യാത്ര. ഔദ്യോഗിക ചുമതല മറ്റൊരാളെ ഏൽപ്പിക്കുന്ന പതിവില്ലെന്നും അദ്ദേഹം അറിയിച്ചു.

ആരൊക്കെ ഏതിടങ്ങളിൽ പ്രചാരണത്തിന് പോകണമെന്ന് തീരുമാനിക്കുന്നത് പാർട്ടിയാണ്. നിയമലംഘനമോ ചട്ടലംഘനമോ മുഖ്യമന്ത്രി നടത്തിയിട്ടില്ല. പിന്നെ എന്തിനാണ് യാത്രയെക്കുറിച്ച് വിവാദം ഉണ്ടാക്കുന്നത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയോട് സംസാരിച്ചിരുന്നു. തങ്ങൾ എവിടെയൊക്കെ പോകണം എവിടെയൊക്കെ പ്രസംഗിക്കണമെന്ന് തങ്ങൾ തീരുമാനിക്കും. അതിനുള്ള അവകാശം ആർക്കും വിട്ടുകൊടുത്തിട്ടില്ല. അതിൽ മാദ്ധ്യമങ്ങൾ വിഷമിക്കേണ്ടെന്നും ഇ പി ജയരാജൻ കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് കെ സുധാകരൻ കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് തിരികെയെത്തുന്നു. ചുമതല കൈമാറാൻ ഹൈക്കമാൻഡ് നിർദേശം നൽകി. നാളെ സുധാകരൻ അധ്യക്ഷനായി ചുമതലയേൽക്കുമെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. വോട്ടെടുപ്പു കഴിഞ്ഞ സാഹചര്യത്തിൽ കെപിസിസി പ്രസിഡന്റിന്റെ ചുമതലകൾ തിരികെ ലഭിക്കണമെന്ന് എഐസിസി നേതൃത്വത്തോടു സുധാകരൻ ആവശ്യപ്പെട്ടിരുന്നു.

പാർലമെന്റ് തിരഞ്ഞെടുപ്പ് അവസാനിക്കും വരെ പ്രസിഡന്റിന്റെ ചുമതല നിർവഹിക്കാനുള്ള കത്ത് എഐസിസി ഹസനു നൽകിയിരുന്നു. തിരഞ്ഞെടുപ്പു ഫലം വരുന്നതു വരെ കെപിസിസി പ്രസിഡന്റിന്റെ ചുമതല നിർവഹിക്കാനാണ് എഐസിസി നിർദേശമെന്നും എന്നാൽ അതിനു മുൻപ് നിർദേശം ലഭിച്ചാൽ ഒഴിയുമെന്നും ഹസൻ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു.

താനും സുധാകരനും തമ്മിൽ തർക്കമില്ല. ഉടനെ തിരിച്ചു വരാൻ അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചതായി തനിക്ക് അറിവില്ല. മാറിക്കൊടുക്കാതിരിക്കുക എന്ന പ്രശ്‌നവും ഉദിക്കുന്നില്ല. എഐസിസി നിർദേശം എന്തായാലും അത് അനുസരിക്കുമെന്നും ഹസൻ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വി മുരളീധരൻ. മുഖ്യമന്ത്രിയുടേയും കുടുംബത്തിന്റേയും സ്വകാര്യ വിദേശ യാത്രയിൽ അദ്ദേഹം മൂന്ന് ചോദ്യങ്ങൾ ഉന്നയിച്ചു. യാത്രയുടെ സ്‌പോൺസർ ആരാണ്, സ്‌പോൺസറുടെ വരുമാന സ്രോതസ് എന്താണ്, മുഖ്യമന്ത്രിയുടേയും പൊതുമരാമത്ത് മന്ത്രിയുടേയും ചുമതല ആർക്കാണ് കൈമാറിയിരിക്കുന്നത് തുടങ്ങിയ മൂന്ന് ചോദ്യങ്ങളാണ് അദ്ദേഹം ഉന്നയിച്ചിരിക്കുന്നത്.

ഈ ചോദ്യങ്ങൾക്ക് സപിഎം മറുപടി പറയണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. വേനലിൽ ജനം വലയുമ്പോൾ പിണറായി വിജയൻ ബീച്ച് ടൂറിസം ആഘോഷിക്കാൻ പോയിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

സാമ്പത്തിക പ്രതിസന്ധിക്കിടെയുള്ള യാത്രയിൽ പാർട്ടി നിലപാട് എതാണ്. സീതാറാം യെച്ചൂരി ഒന്നും മിണ്ടിയിട്ടില്ല. പ്രതിപക്ഷ നേതാവ് വിഷയത്തിൽ പ്രതികരിക്കാതെ മുങ്ങി. യാത്രയുടെ ചെലവ് എവിടെ നിന്ന് എന്ന് വ്യക്തമാക്കണം. ചൂട് കാരണം ജനം മരിക്കുമ്പോഴാണോ മുഖ്യമന്ത്രി ഇത്തരം ബീച്ച് ടൂറിസത്തിന് പോകുന്നത്. മാസപ്പടി ആരോപണത്തിലെ വിജിലൻസ് അന്വേഷണ ആവശ്യം തള്ളിയത് അഡ്ജസ്റ്റ്‌മെന്റാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊൽക്കത്ത: പശ്ചിമ ബംഗാൾ ഗവർണർ സി വി ആനന്ദബോസിനെ പിന്തണച്ച് സിപിഎം. ലൈംഗിക അതിക്രമ ആരോപണം ഉയർന്ന പശ്ചാത്തലത്തിലാണ് സി വി ആനന്ദബോസിന് പിന്തുണയുമായി രംഗത്തെത്തിയത്. ആരോപണം ഉന്നയിച്ച യുവതിയുടെ കുടുംബത്തിന് തൃണമൂൽ കോൺഗ്രസുമായുള്ള ബന്ധം ഉയർത്തിക്കാട്ടിയാണ് സിപിഎം ആനന്ദബോസിനെ പിന്തുണ നൽകിയിരിക്കുന്നത്. സന്ദേശ് ഖാലി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ നിന്നും ജനശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സിപിഎം വ്യക്തമാക്കുന്നു.. ഈസ്റ്റ് മിഡ്‌നാപൂർ ജില്ലാ സെക്രട്ടറി നിരഞ്ജൻ സിഹിയാണ് ഇതുസംബന്ധിച്ച ആരോപണം ഉന്നയിച്ചത്.

പരാതിക്കാരിക്ക് തൃണമൂൽ കോൺഗ്രസുമായുള്ള ബന്ധം ബിജെപിക്ക് പുറമേ സിപിഎമ്മും സംസ്ഥാനത്തെ ഭരണകക്ഷിക്കെതിരെ ആയുധമാക്കുകയാണ്. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള തൃണമൂലിന്റെ നാടകമാണ് പരാതിയെന്ന് സിപിഎം വ്യക്തമാക്കി. കിഴക്കൻ മിഡ്‌നാപുർ സ്വദേശിനിയാണ് ആനന്ദ് ബോസിനെതിരെ പരാതി നൽകിയിരിക്കുന്നത്. പരാതിക്കാരിയുടെ അമ്മ 2002-ൽ കിഴക്കൻ മിഡ്‌നാപുർ ജില്ലയിലെ പ്രാദേശിക തിരഞ്ഞെടുപ്പിൽ തൃണമൂൽ സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഈ സമയത്ത് സന്ദേശ് ഖാലി അടക്കം തൃണമൂൽ കോൺഗ്രസിനെ വേട്ടയാടുന്ന വിഷയങ്ങളിൽ നിന്ന് കാര്യങ്ങൾ വഴിതിരിച്ച് വിടാനുള്ള നേതാക്കളുടെ മനഃപൂർവമായ ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

രാജ്ഭവനിൽ ഒരു സ്ത്രീയോട് സിവി ആനന്ദബോസ് അപമര്യാദയായി പെരുമാറിയെന്നാണ് ഉയർന്നിരിക്കുന്ന ആരോപണം. സംസ്ഥാന ധനമന്ത്രി അടക്കമുള്ള തൃണമൂൽ കോൺഗ്രസ് നേതാക്കൾ ഈ ആരോപണം ഉന്നയിക്കുന്നുണ്ട്. എന്നാൽ ഈ ലൈംഗിക ആരോപണം നിഷേധിച്ച് ഗവർണർ സി വി ആനന്ദ ബോസ് രംഗത്തെത്തിയിട്ടുണ്ട്. ആരോപണം അടിസ്ഥാനരഹിതമാണെന്നും സത്യം വിജയിക്കുമെന്നമാണ് സിവി ആനന്ദബോസ് പറയുന്നത്.

ഭോപ്പാൽ: ജാതി സംവരണം ഉയർത്തുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ദലിത്, പിന്നാക്കഗോത്ര വിഭാഗങ്ങൾക്ക് അവസരങ്ങൾ കൂട്ടാനായി ജാതിസംവരണം 50 ശതമാനത്തിൽ നിന്ന് ഉയർത്തുമെന്ന് അദ്ദേഹം പറഞ്ഞു. മധ്യപ്രദേശിലെ രത്‌ലമിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

ലോക്‌സഭാ തിരഞ്ഞെടുപ്പ് ഇന്ത്യൻ ഭരണഘടനയെ സംരക്ഷിക്കാനുള്ള പോരാട്ടമാണ്. ബിജെപിയും ആർഎസ്എസും ഭരണഘടന ഇല്ലാതാക്കാനാണ് ആഗ്രഹിക്കുന്നത്. കോൺഗ്രസും ഇന്ത്യ മുന്നണിയും അത് സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്. ജലത്തിലും വനത്തിലും ഭൂമിയിലും നിങ്ങൾക്ക് അവകാശം നൽകുന്നതാണ് ഈ ഭരണഘടന. നരേന്ദ്ര മോദി അതെല്ലാം നീക്കം ചെയ്യാനാണ് ആഗ്രഹിക്കുന്നത്. അദ്ദേഹം പൂർണ അധികാരമാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

400 സീറ്റുകൾ എന്ന മുദ്രാവാക്യം അവർ ഉയർത്തിയത് ആ ലക്ഷ്യം വച്ചാണ്. അവർക്ക് 150 സീറ്റു പോലും ലഭിക്കാൻ പോകുന്നില്ല. സംവരണം അവസാനിപ്പിക്കുമെന്നു ബിജെപി പറയുന്നു. തങ്ങൾ വിജയിക്കുകയാണെങ്കിൽ സംവരണം 50 ശതമാനത്തിൽ അധികമായി ഉയർത്തും. പാവപ്പെട്ടവർക്കും പിന്നാക്കക്കാർക്കും ദലിതുകൾക്കും ആദിവാസികൾക്കും അവർക്കാവശ്യമുള്ള സംവരണം നൽകുമെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞൈടുപ്പിലെ റായ്ബറേലി-അമേഠി സീറ്റു നിർണ്ണയത്തെ ചൊല്ലി കുടുംബത്തിൽ ഭിന്നതയില്ലെന്ന് വ്യക്തമാക്കി റോബർട്ട് വദ്ര. അധികാരവും പദവിയും കുടുംബ ബന്ധത്തെ ബാധിക്കില്ലെന്ന് വദ്ര പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് നിർണയത്തിൽ പ്രിയങ്ക ഗാന്ധിയെ മാറ്റി നിറുത്തിയതിൽ വദ്ര പ്രതിഷേധിച്ചു എന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തു വന്നിരുന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹം വിശദീകരണവുമായി രംഗത്തെത്തിയത്. റായ്ബറേലിയിൽ രാഹുൽ മത്സരിക്കുന്നതിനോട് സോണിയ ഗാന്ധി യോജിച്ചതിൽ വദ്ര ശക്തമായി പ്രതിഷേധം അറിയിച്ചെന്നായിരുന്നു പുറത്തു വന്ന റിപ്പോർട്ടുകൾ.

രാഷ്ട്രീയത്തിലെ പദവികൾക്ക് കുടുംബ ബന്ധത്തിന് ഇടയിൽ വരാനാകില്ലെന്ന് റോബർട്ട് വദ്ര പറയുന്നു. കുടുംബത്തിൽ എല്ലാവരും ജനങ്ങൾക്കും രാജ്യത്തിനും വേണ്ടി പ്രവർത്തിക്കുന്നത് തുടരും. എല്ലാവരുടെയും പിന്തുണയ്ക്കും ആശംസകൾക്കും നന്ദി. പൊതുരംഗത്ത് നിന്ന് ജനങ്ങളെ സഹായിക്കാൻ കഴിയുന്നത് പോലെ ശ്രമിക്കുമെന്ന് റോബർട്ട് വദ്ര കൂട്ടിച്ചേർത്തു.

rajnath singh

ന്യൂഡൽഹി: കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്. തിരഞ്ഞെടുപ്പ് നേട്ടങ്ങൾക്കുവേണ്ടി ഹിന്ദു-മുസ്ലിം വിഭാഗീയത സൃഷ്ടിക്കാൻ കോൺഗ്രസ് ശ്രമിക്കുന്നെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസ് കളിക്കുന്നത് തീക്കളിയാണ്. തെരഞ്ഞെടുപ്പ് നേട്ടത്തിനായി കോൺഗ്രസ് ഹിന്ദു-മുസ്ലിം വിഭാഗീയത സൃഷ്ടിക്കാൻ ശ്രമിക്കുന്നു. മതത്തിന്റെ പേരിൽ സംഘർഷങ്ങൾ സൃഷ്ടിക്കാനാണ് അവർ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

തീക്കളിയാണ് കോൺഗ്രസ് കളിക്കുന്നത്. എന്നാൽ, അവരുടെ നേതാവ് രാഹുൽ ഗാന്ധിയുടെ ഉള്ളിൽ തീയില്ല. സാമൂഹിക സൗഹാർദ അന്തരീക്ഷം തകർക്കാനാണ് കോൺഗ്രസ് ശ്രമം. വോട്ട് ബാങ്കായി മാത്രമാണ് അവർ മുസ്ലിം സമുദായത്തെ കാണുന്നത്. ജാതിയുടേയും മതത്തിന്റേയും പേരിൽ ഭിന്നിപ്പ് സൃഷ്ടിച്ച് സർക്കാർ രൂപീകരിക്കാനാണ് കോൺഗ്രസ് ശ്രമം. രാഷ്ട്രീയത്തിന്റെ ലക്ഷ്യം രാഷ്ട്രനിർമാണമാണ്. അല്ലാതെ, സർക്കാർ രൂപീകരണം മാത്രമല്ല രാഷ്ട്രീയമെന്നും അദ്ദേഹം കോൺഗ്രസിനെ ഓർമിപ്പിച്ചു.

400-ലധികം സീറ്റുകൾ സ്വന്തമാക്കി എൻഡിഎ ഇത്തവണ അധികാരത്തിലേറും. ബിജെപി 370-ലധികം സീറ്റുകളിൽ വിജയിക്കും. യുപിയിലും ബംഗാളിലും സീറ്റുകൾ വർധിക്കും. കേരളത്തിൽ ഇത്തവണ പാർട്ടി അക്കൗണ്ട് തുറക്കുമെന്നും രാജ്‌നാഥ് സിങ് കൂട്ടിച്ചേർത്തു.