കോഴിക്കോട്: സംസ്ഥാനത്ത് 2022 സെപ്റ്റംബര്‍ 23ന് പോപ്പുലര്‍ ഫ്രണ്ട് നടത്തിയ മിന്നല്‍ ഹര്‍ത്താലിനിടെ ഉണ്ടായ അക്രമങ്ങളില്‍ നഷ്ടം ഈടാക്കുന്നതിന്റെ ഭാഗമായി 3785 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ സ്വത്തുവിവരം സബ് രജിസ്ട്രാര്‍ ഓഫീസ്, വില്ലേജ് ഓഫീസ് എന്നിവ വഴി ശേഖരിക്കുന്ന നടപടി ആരംഭിച്ചു. അക്രമക്കേസില്‍ പ്രതികളായ 3785 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ പട്ടിക സംസ്ഥാനത്തെ എല്ലാ സബ് രജിസ്ട്രാര്‍ ഓഫീസുകളിലും എത്തിച്ചു.
അതേസമയം, ഓരോ താലൂക്ക് പരിധിയിലെയും പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകളിലെ പ്രതികളുടെ പട്ടിക തഹസില്‍ദാര്‍മാര്‍ക്കും കൈമാറിയിട്ടുണ്ട്. അന്വേഷണം നടത്തി പ്രതികളുടെ സ്വത്തുവിവരം കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കാന്‍ വില്ലേജ് ഓഫീസര്‍മാരോട് നിര്‍ദ്ദേശം നല്‍കി. സ്വത്തുവിവരം ലഭിച്ച ശേഷം റവന്യു റിക്കവറി നടപടികള്‍ തുടങ്ങും.
പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ നടന്ന അക്രമങ്ങളില്‍ 5.2 കോടി രൂപയുടെ നഷ്ടം ഉണ്ടായാതായാണ് വിവരം. ഈ തുക ഈടാക്കാനുള്ള റവന്യു റിക്കവറി നടപടികള്‍ വൈകുന്നതില്‍ സര്‍ക്കാരിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. തുടര്‍ന്ന് ഒരു മാസത്തിനകം റവന്യു റിക്കവറി നടപടികള്‍ പൂര്‍ത്തിയാക്കുമെന്നു ഡിസംബര്‍ 23ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചതിനനുസരിച്ചാണ് നടപടികള്‍ ആരംഭിക്കുന്നത്.

