സജി ചെറിയാന്റെ മന്ത്രിസഭാ പുനഃപ്രവേശനം; നിയമോപദേശം തേടി ഗവർണർ

തിരുവനന്തപുരം: സജി ചെറിയാന്റെ മന്ത്രിസഭാ പുനഃപ്രവേശനത്തിൽ നിയമോപദേശം തേടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഭരണഘടനാ വിരുദ്ധ പരാമർശത്തിന്റെ പേരിലാണ് സജി ചെറിയാൻ മന്ത്രിസ്ഥാനം രാജി വച്ചത്. സജി ചെറിയാൻ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് ഏതെങ്കിലും തരത്തിലുള്ള നിയമപ്രശ്‌നങ്ങൾ അവശേഷിക്കുന്നുണ്ടോ എന്നാണ് ഗവർണർ നയമോപദേശം തേടിയത്. സജി ചെറിയാന്റെ പരാമർശവുമായി ബന്ധപ്പെട്ട് കോടതികളിലുള്ള നിയമപ്രശ്‌നങ്ങൾ അവസാനിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തെ മന്ത്രിസഭയിലേക്ക് തിരിച്ചുകൊണ്ടുവരുന്നത്.

ഗവർണർ ഹൈക്കോടതി സ്റ്റാൻഡിംഗ് കൗൺസൽ അഡ്വ.ഗോപകുമാരൻ നായരിൽ നിന്നാണ് ഗവർണർ നിയമോപദേശം തേടിയിരിക്കുന്നത്. സജി ചെറിയാന്റെ സത്യപ്രതിജ്ഞ ജനുവരി നടത്തണമെന്നാണ് സിപിഎം പദ്ധതിയിടുന്നത്. കഴിഞ്ഞ ജൂലൈ മാസത്തിലാണ് സജി ചെറിയാൻ മന്ത്രിസ്ഥാനം രാജിവെച്ചത്. ഈ വർഷം ജൂലൈ മൂന്നിന് പത്തനംതിട്ട മല്ലപ്പള്ളിയിലെ സിപിഎം പരിപാടിയിൽ വച്ചാണ് സജി ചെറിയാന്റെ രാജിയിലേക്ക് നയിച്ച വിവാദ പരാമർശം നടത്തിയത്. രാജ്യത്തെ ജനങ്ങളെ ഏറ്റവും കൂടുതൽ കൊള്ളയടിക്കാൻ സഹായിക്കുന്നതിന് വേണ്ടിയുള്ളതാണ് ഇന്ത്യൻ ഭരണഘടനയെന്നായിരുന്നു സജി ചെറിയാന്റെ പരാമർശം.

ബ്രിട്ടീഷുകാരൻ പറഞ്ഞ് തയ്യാറാക്കി കൊടുത്ത ഭരണഘടനയാണ് ഇന്ത്യാക്കാർ എഴുതിവച്ചത്. ഭരണഘടനയുടെ മുക്കിലും മൂലയിലുമെല്ലാം നല്ല കാര്യങ്ങൾ എന്ന പേരിൽ ജനാധിപത്യം മതേതരത്വം എന്നെല്ലാം എഴുതിവച്ചുവെങ്കിലും സാധാരണക്കാരെ ചൂഷണം ചെയ്യുക എന്നത് മാത്രമാണ് ഇതിന്റെ ഉദ്ദേശ്യമെന്നും സജി ചെറിയാൻ ആരോപിച്ചിരുന്നു.

മനോഹരമായ ഭരണഘടനയാണ് ഇന്ത്യയിൽ എഴുതിവച്ചിരിക്കുന്നതെന്ന് നമ്മൾ എല്ലാവരും പറയും. എന്നാൽ താൻ പറയും ഇന്ത്യയിലെ ജനങ്ങളെ ഏറ്റവും കൂടുതൽ കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണ് എഴുതി വച്ചിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മോദി സർക്കാർ മുതലാളിമാർക്ക് അനുകൂലമായി പ്രവർത്തിക്കുമ്പോൾ ഇന്ത്യൻ ഭരണഘടന അവർക്കൊപ്പമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. രാജ്യത്ത് അംബാനിയും അദാനിയുമെല്ലാം വളർന്ന് വരാൻ കാരണം ഇന്ത്യൻ ഭരണഘടന അവർക്ക് നൽകുന്ന പരിരക്ഷയാണെന്നും അദ്ദേഹം അറിയിച്ചിരുന്നു.

എന്നാൽ, സജി ചെറിയാൻ ഭരണഘടനയെപ്പറ്റി സംസാരിച്ചത് വിമർശനാത്മകമായി മാത്രമാണെന്നും ഭരണഘടനയെയോ ഭരണഘടനാ ശിൽപ്പികളെയോ അവഹേളിച്ചിട്ടില്ലെന്നും സജി ചെറിയാനെ കുറ്റവിമുക്തനാക്കിയ പൊലീസിന്റെ റഫർ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. അതിനാൽ തന്നെ ഈ കേസ് തുടർന്ന് അന്വേഷിക്കേണ്ട കാര്യമില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. സജി ചെറിയാനെതിരെ തെളിവില്ലെന്ന പേരിൽ തിരുവല്ല കോടതിയിലാണ് പോലീസ് റിപ്പോർട്ട് നൽകിയത്.