ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ പിഎ ബൈഭവ് കുമാർ അറസ്റ്റിൽ. സ്വാതി മാലിവാൾ എംപിയെ മർദിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. കേജ്രിവാളിന്റെ വീട്ടിൽ നിന്നാണ് ബൈഭവിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. സ്വാതി മാലിവാളിന്റെ പരാതിയ്ക്ക് പിന്നാലെ ഒളിവിൽ പോയ ബൈഭവിനെ സംരക്ഷിക്കുന്നത് കെജ്രിവാളാണെന്ന് ആരോപണം ഉയർന്നിരുന്നു. ഇതിനിടെയാണ് സിവിൽ ലൈനിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നിന്ന് ബൈഭവിനെ പിടികൂടിയത്.
സിവിൽ ലൈൻ പൊലീസ് സ്റ്റേഷനിലാണ് പൊലീസ് ബൈഭവിനെ എത്തിച്ചിരിക്കുന്നത്. ലക്‌നൗവിൽ നടക്കുന്ന ഇന്ത്യാ സഖ്യത്തിന്റെ വാർത്താസമ്മേളനത്തിൽ പങ്കെടുക്കാൻ കേജ്രിവാളിനും സഞ്ജയ് സിങ് എംപിക്കുമൊപ്പം തിരിച്ച ബൈഭവ്, വിവാദങ്ങളെത്തുടർന്ന് ഒളിവിൽ പോവുകയായിരുന്നു. ഇയാൾ അമൃത്സർ വരെ പോയതിന് തെളിവുണ്ടെന്നും പോലീസ് അറിയിച്ചു.
ബൈഭവിനെ കണ്ടെത്താനായി നാല് സംഘങ്ങളായി തിരിഞ്ഞ് പൊലീസ് പഞ്ചാബിൽ തിരച്ചിൽ നടത്തി വരികയായിരുന്നു. ഇതിനിടെയാണ് കെജ്രിവാളിന്റെ വീട്ടിൽ ബൈഭവ് ഉണ്ടെന്ന് സൂചന ലഭിച്ചത്. തുടർന്ന് പോലീസ് ഇവിടെ പരിശോധന നടത്തുകയും ബൈഭവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
അതേസമയം, മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വീട്ടിൽ വെച്ച് പേഴ്‌സണൽ അസിസ്റ്റന്റ് ആക്രമിച്ചെന്ന സ്വാതി മാലിവാളിന്റെ ആരോപണം ശരിവെച്ച് മെഡിക്കൽ റിപ്പോർട്ട് പുറത്തു വന്നിരുന്നു. സ്വാതിയുടെ മുഖത്ത് ആന്തരിക മുറിവുകൾ സംഭവിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്
കെജ്രിവാളിന്റെ വസതിയിലെത്തിയ തന്നെ മുഖത്ത് തല്ലുകയും ചവിട്ടുകയും വയറ്റിൽ ഇടിക്കുകയും ചെയ്തുവെന്നാണ് മാലിവാൾ വ്യക്തമാക്കിയിരുന്നത്.
മാലിവാളിന്റെ വസതിയിലെത്തി അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തിയ ശേഷമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. സ്വാതിക്ക് നേരെ ആക്രമണം നടന്നതായി നേരത്തെ ആം ആദ്മി പാർട്ടി നേതാക്കളും സ്ഥിരീകരിച്ചിരുന്നു.

