കാരണമില്ലാതെ കേന്ദ്രസർക്കാർ തനിക്കെതിരെ കേസെടുക്കാൻ ശ്രമിക്കുന്നു; ആരോപണങ്ങളുമായി രാഹുൽ ഗാന്ധി

ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കാരണമില്ലാതെ കേന്ദ്രസർക്കാർ തനിക്കെതിരെ കേസെടുക്കാൻ ശ്രമിക്കുന്നുവെന്നാണ് രാഹുൽ ഗാന്ധിയുടെ ആരോപണം. ഭാരത് ജോഡോ യാത്രയുടെ ഡൽഹി പര്യടനത്തിനിടെ രാഹുൽ ഗാന്ധി സുരക്ഷാ പ്രോട്ടോക്കോൾ ലംഘിച്ചുവെന്ന് സിആർപിഎഫ് ആരോപിച്ചതും കോവിഡ് കേസുകളിലുണ്ടായ വർദ്ധനവ് ചൂണ്ടിക്കാട്ടി ഭാരത് ജോഡോ യാത്ര നിർത്തിവയ്ക്കാൻ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടതും ചൂണ്ടിക്കാട്ടിയാണ് രാഹുൽ ഗാന്ധിയുടെ പരാമർശം.

ബുള്ളറ്റ് പ്രൂഫ് വാഹനത്തിൽ പോകണമെന്ന് ആഭ്യന്തര മന്ത്രാലയം പറയുന്നു. തനിക്ക് എങ്ങനെ അതിനു കഴിയുമെന്ന് അദ്ദേഹം ചോദിച്ചു. തനിക്ക് യാത്രയ്ക്കായി കാൽനടയായി നടക്കണം. സുരക്ഷയ്ക്കായി എന്താണ് ചെയ്യേണ്ടതെന്ന് അവർക്കറിയാമെന്നും അദ്ദേഹം വ്യക്തമാക്കി. ഭാരത് ജോഡോ യാത്രയിൽ കോൺഗ്രസിനൊപ്പമാണ് എല്ലാ പ്രതിപക്ഷ നേതാക്കളും. എന്നാൽ ചില രാഷ്ട്രീയ കടുംപിടിത്തങ്ങൾ ഉണ്ടെന്ന് മനസ്സിലാക്കുന്നു. ഭാരത് ജോഡോ യാത്രയുടെ വാതിലുകൾ എല്ലാവർക്കുമായി തുറന്നിരിക്കുന്നു. തങ്ങളോടൊപ്പം ചേരുന്നതിൽ നിന്ന് തങ്ങൾ ആരെയും തടയാൻ പോകുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യം വേണം. ഭാരത് ജോഡോ യാത്രയുടെ ലക്ഷ്യം വിദ്വേഷത്തിനെതിരെ രാജ്യത്തെ ഒന്നിപ്പിക്കുകയാണ് . ബിജെപി ധാരാളം പ്രചാരണങ്ങൾ നടത്തുന്നുണ്ട്. എന്നാൽ സത്യത്തിനെതിരെ പോരാടാൻ കഴിയില്ല. ഒരു മുൻ ധാരണയുമില്ലാതെയാണ് യാത്ര ആരംഭിച്ചത്. ഈ യാത്രയിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിച്ചുവെന്നും രാഹുൽ ഗാന്ധി അറിയിച്ചു.

ബിജെപി ആക്രമണാത്മകമായി വിമർശിക്കണമെന്ന് താൻ ആഗ്രഹിക്കുന്നു. ഇത് കോൺഗ്രസ് പാർട്ടിയെ അതിന്റെ പ്രത്യയശാസ്ത്രം മനസ്സിലാക്കാൻ സഹായിക്കും. ബിജെപിയെ തന്റെ ഗുരുവായി കാണുന്നു. അവർ തനിക്ക് വഴി കാണിക്കുകയും ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളിൽ പഠിപ്പിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.