3 വിമാനത്താവളങ്ങളിൽ നിന്നായി കോടികളുടെ സ്വർണ്ണവേട്ട; നിരവധി പേർ അറസ്റ്റിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മൂന്ന് വിമാനത്താവളങ്ങളിൽ നിന്നായി പിടിച്ചെടുത്തത് കോടിക്കണക്കിന് രൂപയുടെ സ്വർണ്ണം. കണ്ണൂർ വിമാനത്താവളത്തിൽ തലയിണ കവറിലും ചോക്ലേറ്റ് കവറിലും ഒളിപ്പിച്ച് കടത്തിയ 576 ഗ്രാം സ്വർണ്ണം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേർ അറസ്റ്റിലായി. കാസർകോട് സ്വദേശികളായ റിയാസ്, നിസാർ എന്നിവരാണ് അറസ്റ്റിലായത്.

കൊച്ചി – നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് ഗുളിക രൂപത്തിലാക്കി കടത്താൻ ശ്രമിച്ച 430 ഗ്രാം സ്വർണ്ണം പിടിച്ചെടുത്തു. ജിദ്ദയിൽ നിന്നെത്തിയ മലപ്പുറം സ്വദേശിയാണ് സ്വർണ്ണം കടത്താൻ ശ്രമിച്ചത്. ലഗേജുകളൊന്നുമില്ലാതെ ഗ്രീൻ ചാനലിലൂടെ കടക്കാൻ ശ്രമിക്കുന്നതിനിടയിൽ സംശയം തോന്നി ഇയാളുടെ ദേഹപരിശോധന നടത്തിയതോടെയാണ് സ്വർണ്ണം പിടിച്ചെടുത്തതെന്ന് അധികൃതർ വ്യക്തമാക്കി.

കോഴിക്കോട്- കരിപ്പൂർ വിമാനത്താവളത്തിൽ എട്ട് യാത്രക്കാരിൽ നിന്നായി 6.31 കോടി രൂപയുടെ സ്വർണ്ണം- അഥവാ 8.8 കിലോയോളം സ്വർണ്ണവും പിടിച്ചെടുത്തു. സംഭവത്തിൽ മലപ്പുറം, വയനാട്, കോഴിക്കോട് സ്വദേശികൾ പിടിയിലായി. ചെരിപ്പിന്റെ സോളിലും ശരീരത്തിലുമായി സ്വർണ്ണം ഒളിപ്പിച്ചു കടത്താനായിരുന്നു ഇവരുടെ ശ്രമം.