ഡിഎംകെ ഒരു മതത്തിനും എതിരല്ല : അണികൾക്ക് തുറന്ന കത്തയച്ച് ഉദയനിധി സ്റ്റാലിൻ
ചെന്നൈ : സനാധന ധർമ്മ പരാമർശം വിവാദമായതോടെ ഡിഎംകെ പ്രവർത്തകർക്ക് തുറന്ന കത്തുമായി ഇപ്പോൾ ഉദയനിധി സ്റ്റാലിന്‍ രംഗത്തുവന്നിട്ടിക്കുകയാണ്. ഡിഎംകെ ഒരു മതത്തിനും എതിരല്ല എന്നും കത്തിൽ പറയുന്നുണ്ട്. സാമൂഹ്യ നീതി ഉറപ്പാക്കാനുള്ള ദൗത്യം തുടരുകയെന്ന പേരിലാണ് കത്ത് ആരംഭിക്കുന്നത്. സെപ്തംബര്‍ രണ്ടിന് നടത്തിയ പ്രഭാഷണത്തേക്കുറിച്ച് ചില കാര്യങ്ങള്‍ വിശദീകരിക്കേണ്ടത് തന്‍റെ ഉത്തരവാദിത്തമാണ് എന്ന് കത്തില്‍ ഉദയനിധി പറയുന്നു. കഴിഞ്ഞ 9 വര്‍ഷമായി ബിജെപി നല്‍കുന്ന വാഗ്ദാനമെല്ലാം പൊള്ളയാണെന്നും കത്തിൽ ആരോപിക്കുന്നുണ്ട്. ഞങ്ങളുടെ ക്ഷേമത്തിനായി ശരിക്കും നിങ്ങളെന്താണ് ചെയ്തത്? രാജ്യം മുഴുവന്‍ ഏകസ്വരത്തില്‍ ബിജെപിയോട് ചോദിക്കുന്നത് ഇതാണ് എന്നും ഉദയനിധി അണികൾക്കെഴുതിയ കത്തിൽ പറയുന്നു. ബിജെപി നേതാക്കള്‍ തന്‍റെ പ്രസംഗത്തെക്കുറിച്ച് തെറ്റായ പ്രചാരണമാണ് നടത്തുന്നത് എന്ന് കത്തിൽ ഉദയനിധി ആരോപിക്കുന്നു.
വംശഹത്യയ്ക്കുള്ള ആഹ്വാനം നടത്തിയെന്ന രീതിയില്‍ പ്രസംഗത്തെ വളച്ചൊടിക്കുന്നത് അവരെ തന്നെ സംരക്ഷിക്കാനുള്ള ആയുധമായാണ് അവര്‍ കാണുന്നത്. തനിക്കെതിരെ വ്യാജ പ്രചാരണമാണ് നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അമിത്ഷായും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഈ തെറ്റായ പ്രചാരണത്തെ അടിസ്ഥാനമാക്കി തനിക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെടുന്നതാണ് അത്ഭുതമുണ്ടാക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരം വ്യാജ പ്രചാരണങ്ങള്‍ നടത്തിയവര്‍ക്കെതിരെ ക്രിമിനല്‍ കേസിന് പോകേണ്ടത് താനാണ് അതുകൊണ്ട് തന്നെ ഇതിൽ എന്ത് വസ്തുതയാണുള്ളത് എന്നും അദ്ദേഹം ചോദിക്കുന്നു. എന്നാല്‍ അതിജീവനത്തിന് വേണ്ടിയുള്ള അവരുടെ ശ്രമമാണ് ഇതെന്ന് താന്‍ തിരിച്ചറിയുന്നു. വേറെ ഒരു രീതിയിലും അതിജീവിക്കാന്‍ അറിയാത്ത സ്ഥിതിയാണ് അവര്‍ക്കുള്ളതെന്നതിനാല്‍ വ്യാജ പ്രചാരണത്തിനെതിരെ താൻ കോടതിയെ സമീപിക്കാൻ ഉദ്ദേശിക്കുന്നില്ല എന്നും വ്യക്തമാക്കിയാ ഉദയനിധി സ്റ്റാലിൻ കഴിഞ്ഞ 9 വർഷമായി മോദി ഒന്നും ചെയ്തിട്ടില്ല. ഇതിനിടയ്ക്ക് നോട്ട് നിരോധിച്ചു. ഒളിത്താവളങ്ങളുണ്ടാക്കി, പുതിയ പാർലമെന്റ് കെട്ടിടമുണ്ടാക്കി അവിടെ ചെങ്കോൽ സ്ഥാപിച്ചു. രാജ്യത്തിന്റെ പേര് മാറ്റാൻ കളിക്കുന്നു. അതിർത്തിയിൽ നിലകൊണ്ട് വെള്ളക്കൊടി വീശിക്കാണിക്കുന്നുവെന്നതാണ് മോദി ചെയ്തതെന്നും കുറ്റപ്പെടുത്തി.
ആളുകളെ മതം സമത്വത്തിലേക്ക് നയിക്കുന്നുവെങ്കിൽ താനുമൊരു വിശ്വാസിയാണ്. എന്നാൽ മതം ജാതിയുടെ പേരിൽ ആളുകളെ വിഭജിക്കുകയും തൊട്ടുകൂടായ്മയും അടിമത്തവും പഠിപ്പിക്കുകയാണെങ്കിൽ അതിനെ എതിർക്കുന്ന ആദ്യത്തെ ആളാവും താനെന്നാണ് അണ്ണാ പറഞ്ഞത്. അതുകൊണ്ട് തന്നെ അണ്ണായുടെ വാക്കുകൾ ഇന്നും പ്രസക്തമാണ്. എല്ലാവരെയും സമത്വത്തോടെ കാണുന്ന മതങ്ങളെ തങ്ങൾ ബഹുമാനിക്കുന്നു. എന്നാൽ ഇതിനെക്കുറിച്ചൊന്നും അറിവില്ലാതെയാണ് മോദിയും സംഘവും തെരഞ്ഞെടുപ്പിനെ മാത്രം ലക്ഷമയിട്ട് ഇത്തരം വ്യാജ പ്രചാരണം നടത്തുന്നത്. ഇത്തരക്കാരോട് തനിക്ക് സഹതാപം മാത്രമാണുള്ളത് എന്നും അദ്ദേഹം പറഞ്ഞു.
സനാതനത്തിന്റെ അർത്ഥം തേടി വീട്ടിനുള്ളിലെ ബുക്കുകളിൽ നോക്കിയതുകൊണ്ട് എടപ്പാടി പളനിസ്വാമിക്ക് ഇരിക്കാൻ സാധിക്കില്ല. കേടനാട് കൊലപാതക കേസിലും അഴിമതി കേസിലും രക്ഷ തേടി താടിയിൽ ഒളിച്ചിരിക്കാ പളനിസ്വാമിക്ക് സാധിക്കില്ല എന്നും കൂട്ടിച്ചേർത്തു. മറ്റുള്ളവർക്ക് വേണ്ടി വാടകയ്ക്ക് ശബ്ദം നൽകിയവരുടെ അത്താഴം മുടക്കാൻ ആഗ്രഹിക്കുന്നില്ല. തങ്ങൾ പ്രതിപക്ഷത്തിരുന്ന സമയത്ത് അരിയും പച്ചക്കറിയും അവശ്യ സാധനങ്ങളും വീട് വീടാന്തരം കയറി വിതരണം ചെയ്തിട്ടുണ്ട്. ആ സമയത്ത് ബിജെപിയും എഡിഎംകെയും എന്ത് ചെയ്യുകയായിരുന്നു. വിളക്ക് തെളിച്ചും മണി അടിച്ചും കൊറോണ വൈറസിനെ ഓടിക്കാൻ കൈകോർക്കുകയാണ് അക്കാലത്ത് അവർ ചെയ്തത്.
മണിപ്പൂരിനേക്കുറിച്ചുള്ള ചോദ്യങ്ങളൊഴിവാക്കാനായി മോദി സുഹൃത്തായ അദാനിക്കൊപ്പം നാട് ചുറ്റുകയാണ്. ആളുകളുടെ അറിവില്ലായ്മയാണ് ഇത്തരക്കാരുടെ രാഷ്ട്രീയ നാടകത്തിന്റെ മൂലധനം. മണിപ്പൂരിൽ 250 പേർ കലാപത്തിൽ കൊല്ലപ്പെട്ടതും 7.5 കോടിരൂപയുടെ അഴിമതിയും മറയ്ക്കാനാണ് മോദി സനാതന കാർഡ് ഇറക്കുന്നത്. എടപ്പാടി അവരുടെ നിർദേശത്തിന് ചുവട് വയ്ക്കുകയാണ്.
ഈ സാഹചര്യത്തിൽ വധ ഭീഷണി നൽകിയവർക്കെതിരെ സ്റ്റേഷനുകളിൽ പാർട്ടിക്കാർ കേസ് നൽകുന്നതായി അറിയാൻ സാധിച്ചിട്ടുണ്ട്. മറ്റുള്ളവർക്ക് മാന്യത പഠിപ്പിച്ച് കൊടുക്കേണ്ടത് നമ്മളാണ്. അതാണ് നമ്മുടെ നേതാക്കന്മാർ പഠിപ്പിച്ചിട്ടുള്ളത്. അതിനാൽ പ്രകോപനപരമായ കാര്യങ്ങളിൽ നിന്ന് അണികൾ പിന്തിരിയണം. സന്യാസിമാർക്കെതിരെ പരാതി നൽകുകയോ കോലം കത്തിക്കയോ ചെയ്യരുത്. അതിനായി സമയം പാഴാക്കരുത്. സാമൂഹ്യ നീതി ഉറപ്പാക്കാനുള്ള ദൗത്യം തുടരുക എന്നും അണികൾക്കുള്ള തുറന്ന കത്തിൽ ഉദയനിധി ആവശ്യപ്പെടുന്നുണ്ട്.









