Politics (Page 107)

പുതുപ്പള്ളിയിൽ യുഡിഎഫ് വിജയം സഹതാപ തരംഗവും ഭരണ വിരുദ്ധ വികാരവുമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. തെരഞ്ഞെടുപ്പ് ഫലം താത്കാലികം മാത്രമാണെന്നും ആസാധാരണ വിധിഎഴുത്താണെന്ന് വിലയിരുത്തേണ്ടതില്ലെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. ബിജെപി വോട്ട് യുഡിഎഫിന് കിട്ടി എന്ന എംവി ഗോവിന്ദന്റെ പരാമർശത്തിലും സുരേന്ദ്രൻ മറുപടി പറഞ്ഞു. സർക്കസിലെ കോമാളികൾ പോലും ഇത്തരം തമാശ പറയില്ല. വിഡ്ഢിത്തം ജനങ്ങൾക്ക് മനസ്സിലാകും. വോട്ട് കുറഞ്ഞിൽ സംഘടനാപരമായ വീഴ്ച എന്തെങ്കിലും ഉണ്ടോ എന്നത് അടക്കം പരിശോധിക്കും. വോട്ട് കുറഞ്ഞതിന് മറ്റുള്ളവരെ പഴിക്കുന്ന നിലപാട് വാസവനും ഗോവിന്ദനും പണ്ടേ ഉള്ളതെന്നും സുരേന്ദ്രൻ പറഞ്ഞു.

പുതുപ്പള്ളിയെ 53 വര്‍ഷം നിയമസഭയില്‍ പ്രതിനിധീകരിച്ച ഉമ്മൻ ചാണ്ടിയുടെ റെക്കോർഡ് ഭൂരിപക്ഷവും മറികടന്നാണ് ചാണ്ടി ഉമ്മന്‍റെ ജയം. ഉമ്മൻചാണ്ടിയെ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ വിറപ്പിച്ച ജെയ്ക്ക് സി തോമസിനെ ചാണ്ടി ഉമ്മന്‍ ബഹുദൂരം പിന്നിലാക്കിക്കൊണ്ട് ചരിത്ര വിജയം തന്നെയാണ് ചാണ്ടിഉമ്മൻ നേടിയത്.

കോട്ടയം : ജനവിരുദ്ധ സര്‍ക്കാരിനെതിരെ പേരാടാനും മുന്നോട്ട് കുതിക്കാനുമുള്ള ഇന്ധനമാണ് ഉമ്മന്‍ ചാണ്ടിയുടെ പുതുപ്പള്ളി യു.ഡി.എഫിന് നല്‍കിയയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഫേസ്ബുക് പോസ്റ്റിലൂടെയാണ് പുതുപ്പള്ളി വിജയത്തിൽ അദ്ദേഹം പ്രതികരണം അറിയിച്ചത്. ഏത് കേഡര്‍ പാര്‍ട്ടിയെയും വെല്ലുന്ന തരത്തില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്താനും വിജയം ഉറപ്പാക്കാനുമുള്ള സംഘടനാശേഷി യു.ഡി.എഫിനുണ്ടെന്ന് തൃക്കാക്കരയ്ക്ക് പിന്നാലെ പുതുപ്പള്ളിയിലും തെളിയിക്കപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്നേഹംകൊണ്ട് ലോകം ജയിച്ച ഉമ്മൻ ചാണ്ടിക്ക് പുതുപ്പള്ളി തിരിച്ച് നൽകിയ ആദരവാണ് യു.ഡി.എഫിന്റെ ചരിത്ര വിജയം. സർക്കാരിനെതിരായ ജനവികാരം എത്രമാത്രം വലുതാണെന്ന് തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നുണ്ട്. വോട്ടു ചെയ്തത് പുതുപ്പള്ളിയാണെങ്കിലും ഫലത്തിൽ പ്രതിഫലിച്ചത് കേരളത്തിന്റെ പൊതുമനസ്സാണെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

രാപ്പകൽ വ്യത്യാസമില്ലാതെ പ്രവർത്തകരും നേതാക്കളും ഒരേ മനസോടെയാണ് പ്രവർത്തിച്ചത് അതുകൊണ്ട് തന്നെ ഈ വിജയത്തിന്റെ ക്രെഡിറ്റ് മുഴുവൻ ടീം യുഡിഎഫിനുള്ളതാണ്. പോരായ്മകൾ തിരിച്ചറിഞ്ഞു. അത് തിരുത്തി. സംഘടനാ സംവിധാനത്തെ കുറ്റമറ്റരീതിയിൽ എണ്ണയിട്ട യന്ത്രംപോലെ പ്രവർത്തിപ്പിക്കാനായി. കൂട്ടായ്മയുടെയും സംഘബോധത്തിന്റെയും സ്നേഹത്തിന്റെയും വിജയമാണ് പുതുപ്പള്ളിയിൽ കണ്ടത് എന്നും അദ്ദേഹം പോസ്റ്റിൽ പറഞ്ഞു.

ഒറ്റക്കെട്ടായി നിന്ന് പോരാടിയാൽ ലോക്സഭയിലും തദ്ദേശ തെരഞ്ഞെടുപ്പിലും യുഡിഎഫിന് വിജയം ആവർത്തിക്കാം. ജനങ്ങൾ ആഗ്രഹിക്കുന്നതു പോലെ ഈ ജനവിരുദ്ധ സർക്കാരിനെ 2026-ൽ താഴെയിറക്കാം. പുതുപ്പള്ളിയിലെ വോട്ടർമാർക്കും ഒപ്പം നിന്ന കേരള ജനതയ്ക്കും യു.ഡി.എഫ് പ്രവർത്തകർക്കും നേതാക്കൾക്കും വി ഡി സതീശൻ ഫേസ്ബുക് പോസ്റ്റിലൂടെ നന്ദി അറിയിക്കുകയും ചെയ്തു.

തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ ജനവിധി അംഗീകരിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. നല്ല രീതിയിലുള്ള സഹതാപം യുഡിഎഫ് വിജയത്തിന് അടിസ്ഥാനമായിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

തെരഞ്ഞെടുപ്പിൽ സഹതാപ തരംഗം ഉണ്ടായി. മത്സരത്തിനിടയാണ് ഉമ്മൻ ചാണ്ടിയുടെ മരണാനന്തര ചടങ്ങ് പോലും നടന്നത്. സഹതാപ തരംഗത്തിനിടയിലും ഇടതുപക്ഷ മുന്നണിയുടെ അടിത്തറ നിലനിർത്താനായി. തെരഞ്ഞെടുപ്പ് തോൽവി വിശദമായി പരിശോധിക്കും. ബിജെപി വോട്ട് യുഡിഎഫിന് അനുകൂലമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സഹതാപ തരംഗത്തിന് സാധ്യതയുള്ള മണ്ഡലം എന്ന് നേരത്തെ അറിയാമായിരുന്നു. അതുകൊണ്ടാണ് കൂടുതൽ അവകാശവാദത്തിന് തയ്യാറാകാതിരുന്നത്. സർക്കാരിനെതിരെയുള്ള താക്കീതായി കണക്കാക്കുന്നില്ല. വോട്ട് കുറഞ്ഞത് പരിശോധിക്കും. പതിമൂന്നാമത്തെ ഉമ്മൻചാണ്ടിയുടെ വിജയം എന്നാണ് ചാണ്ടി ഉമ്മൻ തന്നെ പറഞ്ഞത്. അതുതന്നെയാണ് സംഭവിച്ചത്. സർക്കാരിനെതിരെയുള്ള വികാരമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഉമ്മൻചാണ്ടിയുടെ കുടുംബത്തിനെതിരായ സൈബർ ആക്രമണവുമായി ബന്ധപ്പെട്ട് വ്യക്തിപരമായ പരാമർശങ്ങൾ തെരഞ്ഞെടുപ്പിൽ ഉണ്ടാകരുതെന്ന് സിപിഎം നിലപാട് എടുത്തിരുന്നു. അങ്ങനെ പാർട്ടി ചെയ്തിട്ടുമില്ല. സാമൂഹ്യ മാധ്യമങ്ങളിൽ നടക്കുന്ന ചർച്ചകളിലേക്ക് പാർട്ടി വഴുതി വീണിട്ടുമില്ല. ജാഗ്രതയോടെ പ്രവർത്തിക്കണമെന്നാണ് തെരഞ്ഞെടുപ്പ് ഫലത്തിന്റെ സൂചനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പുതുപ്പള്ളി : പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ കനത്ത തോൽവി ഏറ്റുവാങ്ങി എൽടിഎഫ് സ്ഥാനാർഥി ജെയ്ക്ക് സി തോമസ്. ഇത് മൂന്നാം തവണയാണ് ജെയ്ക് തോൽവി ഏറ്റുവാങ്ങുന്നത്. ഉമ്മൻ ചാണ്ടി എന്ന വികാരവും കോൺഗ്രസുകാർ അവകാശപ്പെടുന്നത് പോലെ ഭരണ വിരുദ്ധ വികാരവും ഒന്നിച്ചതോടെ ജെയ്ക്കിന് കാര്യങ്ങൾ ദുഷ്കരമാക്കി. സൈബർ ആക്രമണങ്ങളും ട്രോളുകളും തിരിച്ചടിയാവുക കൂടി ചെയ്തതോടെ എൽഡിഎഫ് മണ്ഡലത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും കനത്ത പരാജയമായി മാറി ജെയ്ക്കിന്റെത്.

വിദ്യാർത്ഥി സമരങ്ങളിലൂടെ ശ്രദ്ധേയനായയിരുന്നു ജെയ്ക്ക് . 2016ലായിരുന്നു പുതുപ്പള്ളിയിൽ ജെയ്ക്കിന് ആദ്യമായി എൽഡിഎഫ് അവസരം നൽകുന്നത്. അന്ന് ജെയ്ക്ക് 27,092 വോട്ടുകളുടെ വ്യത്യാസത്തിലാണ് ഉമ്മന്‍ചാണ്ടിയോട് തോറ്റത്. 2011 തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇടതുപക്ഷത്തിന്‍റെ നില മെച്ചപ്പെടുത്താന്‍ അന്ന് ജെയ്ക്കിന് സാധിച്ചിരുന്നു. ആകെ 44505 വോട്ടുകൾ ജെയ്ക്ക് നേടി. അന്ന് ഉമ്മന്‍ ചാണ്ടി മണ്ഡലത്തിലെ 53.7 ശതമാനം (71597) വോട്ടുകളാണ് നേടിയത്. 2021ലെ തെരഞ്ഞെടുപ്പിൽ വലിയ സ്വാധീനം ചെലുത്താൻ ജെയ്ക്കിന് സാധിച്ചു. മണ്ഡലത്തിലെ 41.4 ശതമാനം വോട്ടും പിടിച്ച ജെയ്ക് കോൺഗ്രസിന് വലിയ ആശങ്കയാണ് സൃഷ്ട്ടിച്ചത്. ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷത്തിൽ വലിയ ഇടിവുണ്ടാക്കാന്‍ ജെയ്ക്കിന് സാധിച്ചെങ്കിലും അന്തിമ വിജയം ഉമ്മന്‍ ചാണ്ടിക്ക് തന്നെയായിരുന്നു. അന്ന് യാക്കോബായ വോട്ടുകള്‍ ജെയ്ക്കിന് അനുകൂലമായതാണ് ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷം കുറയാനിടയാക്കിയത് എന്നായിരുന്നു രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. 2021ലെ തെരഞ്ഞെടുപ്പിലെ പോരാട്ടവീര്യം കണക്കിലെടുത്താണ് ഇത്തവണയും ജെയ്ക്കിനെ തന്നെ പുതുപ്പള്ളിയിൽ സ്ഥാനാർഥിയായി നിശ്ചയിച്ചത്. എന്നാൽ മൂന്നാം വട്ടവും പാളി എന്നതുമാത്രമല്ല മറിച്ച് മുൻപത്തെക്കൾ കനത്ത പരാജയമാണ് ജെയ്ക് ഏറ്റുവാങ്ങിയത്.

പുതുപ്പള്ളി വികസനവും അച്ചു ഉമ്മനുമായി ബന്ധപെട്ട വിഷയങ്ങളും ഉമ്മൻ ചാണ്ടിയുടെ ചികിത്സാ വിവാദവും എല്ലാം ആയുധമാക്കിയെങ്കിലും ഒന്നും തുണച്ചില്ല. എന്നിരുന്നാലും ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ ജെയ്ക് എന്ന കരുത്തനായ സ്ഥാനാർത്ഥിയുടെ പിൻബലത്തിലാണ് നിലവിൽ ലഭിച്ച വോട്ടുശതമാനത്തിലേക്ക് എൽഡിഎഫ് എത്തിയതെന്നാണ് നേതാക്കൾ അവകാശപ്പെടുന്നത്.

കോട്ടയം: പുതുപ്പള്ളിയിലെ വോട്ടർമാർക്ക് നന്ദി അറിയിച്ച് യുഡിഎഫ് സ്ഥാനാർത്ഥിയും ഉമ്മൻ ചാണ്ടിയുടെ മകനുമായ ചാണ്ടി ഉമ്മൻ. പുതുപ്പള്ളിയിലെ ചരിത്ര വിജയത്തിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. സോണിയ ഗാന്ധിയ്ക്കും രാഹുൽ ഗാന്ധിയ്ക്കും എല്ലാ മുതിർന്ന നേതാക്കൾക്കും അദ്ദേഹം നന്ദി അറിയിച്ചു. പുതുപ്പള്ളിയിലെ വിജയം അപ്പയുടെ 13-ാം വിജയമായി കണക്കാക്കുന്നെന്ന് ചാണ്ടി ഉമ്മൻ വ്യക്തമാക്കി.

പുതുപ്പള്ളി വോട്ട് ചെയ്തിരിക്കുന്നത് വികസന തുടർച്ചയ്ക്ക് വേണ്ടിയാണ്. ഇത് അപ്പയെ സ്നേഹിച്ച എല്ലാ പുതുപ്പള്ളിക്കാരുടെയും വിജയമാണ്. ഇത് നിങ്ങൾ തന്നിൽ അർപ്പിച്ച വിശ്വാസമാണ്. താൻ ആ വിശ്വാസത്തിന് ഒരിക്കലും ഭംഗം വരുത്തുകയില്ലെന്നും അദ്ദേഹം അറിയിച്ചു.

ഈ നാട്ടിൽ കഴിഞ്ഞ 53 വർഷം അപ്പ വികസനവും കരുതലുമായി ഉണ്ടായിരുന്നു. ആ വികസന തുടർച്ചയ്ക്ക് പുതുപ്പള്ളിയോടൊപ്പം താനുമുണ്ടാകും. വോട്ട് ചെയ്തവരും വോട്ട് ചെയ്യാത്തവരും തനിക്ക് സമന്മാരാണെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

പുതുപ്പള്ളിയുടെ വികസനത്തിനും വളർച്ചയ്ക്കും ഒരുമിച്ച് പ്രവർത്തിക്കാം. കഴിഞ്ഞ വർഷങ്ങളിൽ ഏതൊരു വ്യക്തിക്കും അപ്പയുടെ അടുത്ത് വന്ന് തങ്ങളുടെ പ്രശ്‌നങ്ങൾ പറയാൻ അദ്ദേഹം കയ്യെത്തുന്ന ദൂരത്തുണ്ടായിരുന്നു. അതിന് അപ്പയെ പിന്തുണയ്ക്കുകയോ വോട്ട് ചെയ്യുകയോ വേണ്ട. അപ്പയെ പോലെ തന്നെ താനും പുതുപ്പള്ളിക്ക് കയ്യെത്തുന്ന ദൂരത്ത് കാണും. പാർട്ടിയോ, ജാതിയോ, മതമോ ഒന്നും അതിനൊരു പ്രശ്‌നമല്ലെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.

പുതുപ്പള്ളി : പുതുപ്പള്ളി സ്വന്തമാക്കി ചാണ്ടിഉമ്മൻ. 36454 വോട്ടിന്റെ റെക്കോർഡ് ലീഡിലാണ് ചാണ്ടിഉമ്മൻ ചരിത്രവിജയം നേടിയത്. വോട്ടെണ്ണൽ ആരംഭിച്ചതു മുതൽ തന്നെ ചാണ്ടി ഉമ്മൻ വ്യക്തമായ ലീഡ് നിലനിർത്തിയിരുന്നു. വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ 2011-ല്‍ ഉമ്മന്‍ ചാണ്ടി നേടിയ 33255 എന്ന റെക്കോര്‍ഡ് ഭൂരിപക്ഷം മറികടന്നാണ് ഉപതിരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മൻ വിജയകിരീടം ചൂടിയത്.
ഒസിക്ക് പകരക്കാരനായി ഇനി പുതുപ്പള്ളി മണ്ഡലത്തെ ചാണ്ടി ഉമ്മന്‍ നയിക്കും. യുഡിഎഫ്-78,649, എല്‍ഡിഎഫ്-41,982, എന്‍ഡിഎ-6486എന്നിങ്ങനെയാണ് വോട്ട് നില.

ചരിത്രവിജയത്തിന് പിന്നാലെ ചാണ്ടി ഉമ്മന്‍ നേരെ പോയത് പുതുപ്പള്ളി സെന്റ് ജോര്‍ജ് പള്ളിയോട് ചേര്‍ന്ന് അന്ത്യവിശ്രമം കൊള്ളുന്ന ഉമ്മന്‍ ചാണ്ടിയെ കാണാനാണ്. വിജയം പിതാവിന് സമര്‍പ്പിക്കുന്നുവെന്ന് പറയാതെ പറഞ്ഞ് ചാണ്ടി ഉമ്മന്‍ ഉമ്മന്‍ ചാണ്ടിയുടെ കല്ലറയിലെത്തി നിറകണ്ണുകളോടെ മൗനമായി പ്രാര്‍ത്ഥിച്ചു. പുതുപ്പള്ളിയുടെ പുതിയ ജനനായകനെ കാണാനും അഭിനന്ദിക്കാനും ജനങ്ങൾ തിക്കിതിരക്കുന്ന അപൂര്‍വ കാഴ്ചയ്ക്കും പുതുപ്പള്ളി സാക്ഷിയായി.

ചാണ്ടി ഉമ്മൻ ചരിത്ര വിജയം നേടിയപ്പോൾ കാൽചുവട്ടിലെ മണ്ണ് ഒഴുകിപോയ സ്ഥിതിയിലായി എൽഡിഎഫ് സ്ഥാനാർഥി ജയ്ക്ക് സി തോമസ്. സ്വന്തം തട്ടകത്തിൽ പോലും ജയ്ക്കിനെ കൈവിട്ടു. ജെയ്ക്ക് താമസിക്കുന്ന മണർകാട് ഒരു ബൂത്തിൽ പോലും ജെയ്ക്കിന് ലീഡ് ഉണ്ടായില്ല. എൻഡിഎ ആണെങ്കിൽ പുതുപ്പള്ളിയുടെ ചിത്രത്തിൽ തന്നെ ഇല്ല. മുൻ തെരഞ്ഞെടുപ്പുകളിൽ പതിനായിരത്തിൽ കൂടുതൽ വോട്ട് ലഭിച്ചിരുന്ന ബിജെപിക്ക് ഇത്തവണ പക്ഷെ നിരാശയായിരുന്നു ഫലം.

പുതുപ്പള്ളിയില്‍ വൻ ഭൂരിപക്ഷത്തോടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ വിജയത്തിലേക്ക് കുതിക്കുകയാണ്. ഉമ്മൻചാണ്ടിക്ക് ഉണ്ടായിരുന്ന ഭൂരിപക്ഷം പോലും ചാണ്ടിഉമ്മൻ മറികടന്ന് ചരിത്ര വിജയത്തിലേക്ക് അടുക്കുമ്പോൾ ചിത്രത്തില്‍ പോലും ഇല്ലാതെ ബിജെപി. ബിജെപി സ്ഥാനാര്‍ത്ഥി ലിജിന്‍ ലാല്‍ 5654 വോട്ടിന് മൂന്നാം സ്ഥാനത്താണ്. വോട്ടെണ്ണല്‍ ആരംഭിച്ച് ഒന്നേകാല്‍ മണിക്കൂറിന് ശേഷമാണ് ലിജിന്‍ ലാല്‍ ആയിരം വോട്ടുകളിലേക്കെങ്കിലും എത്തിയത്. 2021ലെ 11,694 വോട്ടുകൾ ലഭിച്ചിരുന്നു. എന്നാൽ ഇത്തവണത്തെ വോട്ട്ശതമാനത്തില്‍ വലിയ ഇടിവാണുണ്ടായിരിക്കുന്നത്.

പുതുപ്പള്ളി മൂന്നാമങ്കത്തിലും ജെയ്ക് സി തോമസിനെ തുണച്ചില്ല. ജയ്ക്കിന് ആധിപത്യം ഉണ്ടായിരുന്നവിടങ്ങളിൽ പോലും ഇത്തവണ വോട്ട് വളരെ കുറവാണ്. വോട്ടെണ്ണലിന്റെ അവസാനഘട്ടമാവുമ്പോൾ ചാണ്ടിഉമ്മൻ – 72,946 വോട്ടുകൾ ജെയ്ക് സി തോമസ് – 32886 വോട്ടുകൾ ലിജിൻ ലാൽ 5654 വോട്ടുകൾ എന്ന നിലയിലാണ്. 40,060 വോട്ടുകളുടെ ഭൂരിപക്ഷമാണ് ചാണ്ടിഉമ്മന് ലഭിച്ചിരിക്കുന്നത്.
സിപിഐഎം കോട്ടകളില്‍ ഉള്‍പ്പെടെ ചാണ്ടി ഉമ്മനാണ് ലീഡുയര്‍ത്തുന്നത്. ജെയ്ക് പ്രതീക്ഷ വച്ച മണര്‍കാട് പോലും എല്‍ഡിഎഫിനെ കൈവിട്ടു. മണര്‍കാട് മുഴുവന്‍ ബൂത്തുകളിലും ചാണ്ടി ഉമ്മന്‍ തന്നെയാണ് ലീഡ് ചെയ്തത്. എൻഡിഎക്ക് ഇത്തവണ വൻ തിരിച്ചടിയാണ് നേരിട്ടത്.

കണ്ണൂർ : സ്നേഹത്തിന്റെ ശക്തി മനസ്സിലാക്കി കൊടുത്ത തിരഞ്ഞെടുപ്പാണിതെന്ന് പുതുപ്പള്ളി വിജയത്തിൽ കെ സുധാകൻ എംപി. സ്വന്തം അണികളെ പോലും കൊന്നൊടുക്കി മക്കൾക്ക് വേണ്ടി നാട് കട്ടുമുടിച്ച്, കൂടെയുള്ള അടിമകളെ കൊണ്ട് അതിനെയും ന്യായീകരിപ്പിച്ച് ജീവിക്കുന്ന പൊളിറ്റിക്കൽ ക്രിമിനലുകൾക്കും സ്നേഹത്തിന്റെ ശക്തി പുതുപ്പള്ളി സ്നേഹത്തിന്റെ ശക്തി മനസിലാക്കി കൊടുത്തു എന്ന് അദ്ദേഹം പറഞ്ഞു.

ഏത് രാഷ്ട്രീയ പ്രസ്ഥാനത്തിലും പ്രവർത്തിക്കുന്ന, ഏതൊരു വ്യക്തിക്കും, എപ്പോഴും സമീപിക്കാവുന്ന എംഎൽഎ ആയിരിക്കും ചാണ്ടി ഉമ്മനെന്ന് ഞങ്ങൾ ഉറപ്പ് തരികയാണെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

കമ്മ്യൂണിസമെന്ന പൈശാചികതയെ, കോൺഗ്രസിന്റെ നന്മയുടെ രാഷ്ട്രീയമുപയോഗിച്ച് ഒറ്റക്കെട്ടായി ജനങ്ങൾ നേരിട്ടു. പുതുപ്പള്ളി തിരികൊളുത്തിയ നന്മയുടെ രാഷ്ട്രീയം കേരളം മുഴുവൻ കോൺഗ്രസ് ആളിപ്പടർത്തും. വെറുപ്പിന്റെ രാഷ്ട്രീയത്തെ കേരളത്തിന്റെ മണ്ണിൽ നിന്ന് തുടച്ചു നീക്കുമെന്ന് ജനങ്ങൾക്ക് വാക്ക് തരികയാണെന്ന് കെപിസിസി പ്രസിഡന്റ് അഭിപ്രായപ്പെട്ടു. കൊടി സുനിമാരെ കൂലിക്കെടുത്ത് പാതിരാത്രി നിരായുധരെ കൊന്നൊടുക്കുന്നതിന്റെ പേരല്ല കരുത്ത്. മണ്ണോടടിഞ്ഞാലും, മനുഷ്യരുടെ ഹൃദയത്തിൽ ഇതുപോലെ ജ്വലിക്കാൻ കഴിയുന്നതാണ് യഥാർത്ഥ ശക്തിയെന്നും അദ്ദേഹം പറഞ്ഞു. സ്നേഹത്തിന്റെ ശക്തിയാണ് ഈ വിജയം. നാടാണ് ജയിച്ചത്‌ എന്നും കെ സുധാകരൻ വ്യക്തമാക്കി. തന്റെ പിതാവ് നടന്ന വഴിയേ തന്നെ പോകാനുള്ള എല്ലാവിധ സവിശേഷതകളും ഉള്ളൊരു ചെറുപ്പക്കാരനാണ് ചാണ്ടി ഉമ്മനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവന്തപുരം : എൽ ഡി എഫ് പുതുപ്പള്ളിയിൽ ജയിച്ചാൽ അത് ലോകാത്ഭുതമാകുമെന്ന് സി പി എം കേന്ദ്രകമ്മിറ്റി അംഗം എ കെ ബാലൻ. ഇപ്പോൾ അത്ഭുതമാെന്നും സംഭവിക്കുന്നില്ലല്ലോ എന്നും ബാലൻ ചോദിച്ചു. കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമെന്നല്ലേ യുഡിഎഫ് പറഞ്ഞത്? 52 വർഷം ഉമ്മൻചാണ്ടി കൈവശം വച്ച മണ്ഡലമല്ലേ? അതുണ്ടാവുമോ എന്ന് നോക്കാമെന്നും എ കെ ബാലൻ പറഞ്ഞു.

ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ ലീഡ് കാൽ ലക്ഷം കടന്നു. തനിക്ക് റെക്കോഡ് ഭൂരിപക്ഷം കിട്ടുമെന്ന് യു ഡി എഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ തന്നെ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. 49044 + എന്നാണ് വോട്ടെണ്ണൽ തുടങ്ങി രണ്ടുമണിക്കൂർ കഴിഞ്ഞപ്പോൾ ചാണ്ടിഉമ്മൻ ഫേസ് ബുക്കിൽ കുറിച്ചത്. എൽ ഡി എഫിന് ശക്തമായ സ്വാധീനമുള സ്ഥലങ്ങളിൽപ്പോലും ജെയ്ക്കിനെ ജനങ്ങൾ കൈവിട്ട അവസ്ഥയാണ്. കഴിഞ്ഞ തവണ ജെയ്ക്ക് സി തോമസും എൽഡിഎഫും മുന്നേറിയ അയർക്കുന്നത്ത് ഇത്തവണ ചാണ്ടി ഉമ്മൻ വലിയ തരംഗമുണ്ടാക്കി. ചിത്രത്തിലേ ഇല്ലാത്ത സ്ഥിതിയാണ് ബി ജെ പി. ബി ജെ പിയുടെ വോട്ടുകൾ യു ഡി എഫിന് മറിച്ചുനൽകിയില്ലെങ്കിൽ ജെയ്ക്ക് ജയിക്കുമെന്ന് എൽ ഡി എഫ് നേതാക്കൾ വോട്ടെടുപ്പ് കഴിഞ്ഞയുടൻ തന്നെ പറഞ്ഞിരുന്നു.
വോട്ടെണ്ണൽ തുടങ്ങി ആദ്യ മണിക്കൂറുകളിൽ തന്നെ ചാണ്ടിഉമ്മനാണ് ലീഡ് ചെയ്തിരുന്നത്.

പുതുപ്പള്ളി : പുതുപ്പള്ളിയിൽ പോളിങ് കുറഞ്ഞതിനു പിന്നിൽ ബോധപൂർവം ഒരുക്കിയ കെണിയെന്ന ആരോപണവുമായി കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരൻ. പോളിങ് സംഘടിതമായി കുറച്ചതാണെന്ന ചാണ്ടി ഉമ്മന്റെ ആരോപണം വസ്തുതാപരമാണെന്നും അദ്ദേഹം പറഞ്ഞു. മുഴുവൻ യു ഡി എഫ് വോട്ടർമാർക്കും വോട്ട് ചെയ്യാനായില്ല. 80 ശതമാനത്തിലേറെ പോളിങ് ശതമാനം ഉയരുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

കോൺഗ്രസിന് ബിജെപി വോട്ട് ചെയ്തിട്ടുണ്ടെന്ന എം വി ഗോവിന്ദന്റെ ആരോപണത്തിലും കെ. സുധാകരൻ പ്രതികരിച്ചു. പുതുപ്പള്ളിയിൽ സി.പി.എമ്മിന് പരാജയഭീതിയുണ്ടെന്നും കെ.പി.സി.സി അധ്യക്ഷൻ പറഞ്ഞു. അത് മറച്ചുവയ്ക്കാനാണ് ബി.ജെ.പി വോട്ട് കോൺഗ്രസിന് ലഭിച്ചെന്ന എം വി ഗോവിന്ദന്റെ ആരോപണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സാമാന്യ ബുദ്ധിയുള്ള ഒരാളുടെ പരാമർശമല്ല അത്. ബി.ജെ.പി കോൺഗ്രസിന് വോട്ട് ചെയ്യുക. അങ്ങിനെ ഒരു സംഭവമുണ്ടോ ഇന്ത്യാ രാജ്യത്ത് എന്നും അദ്ദേഹം ചോദിച്ചു. സി.പി.എമ്മിന് വോട്ട് ചെയ്തിട്ടുണ്ട്. അത് കോൺഗ്രസ് മുക്തഭാരതമുണ്ടാക്കാനാണെന്നും സുധാകരൻ കൂട്ടിച്ചേർത്തു.