ബിജെപിയുടെ വോട്ട് വാങ്ങിയില്ലെങ്കിൽ ചാണ്ടി ഉമ്മൻ ജയിക്കില്ല : എം വി ഗോവിന്ദൻ.

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ബിജെപിയുടെ വോട്ട് ചാണ്ടി ഉമ്മൻ വാങ്ങിയിട്ടില്ലെങ്കിൽ തെരഞ്ഞെടുപ്പിൽ ജയിക്കില്ലെന്ന്‌ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വോട്ട് കോൺഗ്രസ് വാങ്ങിയിട്ടുണ്ടോ എന്ന കാര്യത്തിൽ സംശയം ഉണ്ട്. വോട്ടെണ്ണൽ പൂർത്തിയായാൽ മാത്രമേ അക്കാര്യത്തിൽ വ്യക്തതവരു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

താഴെത്തട്ടിലെ കണക്കെല്ലാം കിട്ടിയിട്ടുണ്ട്. പ്രശ്നം ഇത്രയേയുള്ളൂ, ബി ജെ പിയ്ക്ക് പത്ത് പത്തൊൻപതിനായിരം വോട്ടുണ്ട് അവിടെ. ആ ബി ജെ പി വോട്ട് യു ഡി എഫ് വാങ്ങിയോ എന്ന് നല്ല സംശയമുണ്ട്. വോട്ടെണ്ണുമ്പോൾ മാത്രമേ അത് മനസിലാകുകയുള്ളൂ. ബി ജെ പി വോട്ട് വാങ്ങാതെ ചാണ്ടി ഉമ്മൻ ജയിക്കില്ല. വാങ്ങിയിട്ടില്ലെങ്കിൽ ഞങ്ങൾ ജയിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ആരു ജയിച്ചാലും വലിയ ഭൂരിപക്ഷമൊന്നും ഉണ്ടാവില്ലെന്നും വളരെ ചെറിയ ഭൂരിപക്ഷമേ ഉണ്ടാകുകയുള്ളൂവെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.

ആരു ജയിക്കും, തോൽക്കും എന്നത് വസ്തുനിഷ്ടമായിരിക്കുകയാണ്. ഇനി വെറുതെ അവകാശവാദങ്ങൾ ഉന്നയിക്കേണ്ട കാര്യമില്ല. വലിയ അവകാശവാദമൊന്നും ഉന്നയിക്കുന്നില്ലെന്ന് ആദ്യമേ പറഞ്ഞതാണ്. വലിയ രീതിയിലുള സംഘടന – രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി ജയിക്കാൻ സാദ്ധ്യതയുണ്ടെന്ന് തന്നെയാണ് നേരത്തേയും പറഞ്ഞത്. പോളിംഗ് കഴിഞ്ഞപ്പോഴും അതുതന്നെയാണ് പറയാനുള്ലതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചെന്നിത്തലയുടെ പരാമർശത്തിലും സി പി എം സംസ്ഥാന സെക്രട്ടറി പ്രതികരിച്ചു. പുതുപ്പളിയിലെ വിധി സർക്കാരിന്റെ ആണിക്കല്ലിളക്കുന്നതാകുമെന്നായിരുന്നു ചെന്നിത്തലയുടെ പ്രസ്താവന. ഈ വിധിയോടെ സർക്കാരിന്റെ ആണിക്കല്ല് ഉറയ്ക്കുകയാണ് ചെയ്യുക എന്നായിരുന്നു അദ്ദേഹം മറുപടി നൽകിയത്.