പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; രേഖപ്പെടുത്തിയത് 72.91 ശതമാനം പോളിംഗ്

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയത് 72.91 ശതമാനം പോളിംഗ്. ചില ബൂത്തുകളിൽ ആറ് മണിക്ക് ശേഷവും വോട്ട് ചെയ്യാനുള്ളവരുടെ വരി ഉണ്ടായിരുന്നു. ഇവർക്ക് ടോക്കൺ നിൽകിയ ശേഷമാണ് സമയ പരിധിക്ക് ശേഷം വോട്ട് ചെയ്യിപ്പിച്ചത്. അതേസമയം, ബൂത്തുകളിൽ നിന്നുള്ള അന്തിമ കണക്കുകളുടെ അടിസ്ഥാനത്തിൽ പോളിങ് ശതമാനത്തിൽ ചെറിയ മാറ്റങ്ങളുണ്ടായേക്കാം. സെപ്തംബർ എട്ടിനാണ് വോട്ടെണ്ണൽ.

കനത്ത മഴ അനുഭവപ്പെട്ടപ്പോഴും ആളുകൾ ഇതൊന്നും കണക്കാക്കാതെ വോട്ട് രേഖപ്പെടുത്താനായി പോളിംഗ് ബൂത്തിലേക്ക് എത്തിയിരുന്നു. എന്നാൽ, ചില ബൂത്തുകളിൽ വോട്ടിങ് നടപടികൾ വേഗം കുറവായിരുന്നുവെന്ന ആരോപണം ഉയർന്നിട്ടുണ്ട്. ഇത് അന്വേഷിക്കണമെന്ന് യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മനും മറ്റു നേതാക്കളും ആവശ്യപ്പെട്ടു. ഇക്കാര്യം വ്യക്തമാക്കി ഇവർ ജില്ലാ കളക്ടർക്ക് പരാതിയും നൽകിയിട്ടുണ്ട്. എല്ലാ പരാതികളും അന്വേഷിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

ജെയ്ക്ക് സി തോമസാണ് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി. എൻഡിഎ സ്ഥാനാർഥി ലിജിൻ ലാലാണ്. ലൂക്ക് തോമസാണ് ആം ആദ്മി പാർട്ടി സ്ഥാനാർഥി.