ന്യൂഡൽഹി: ചരിത്രമിന്നുവരെ കണ്ടിട്ടില്ലാത്ത ജനമുന്നേറ്റമായിരുന്നു ഭാരത് ജോഡോ യാത്രയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സ്നേഹത്തിലേക്കും ഒരുമയിലേക്കുമുള്ള ഭാരത് ജോഡോ യാത്രയുടെ ഓരോ ചുവടുകളും രാജ്യത്തിന്റെ നല്ല നാളേയ്ക്കുള്ള അടിത്തറ പാകുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഭാരത് ജോഡോ യാത്രയുടെ ഒന്നാം വാർഷികദിനത്തിലാണ് രാഹുൽ ഇക്കാര്യം അറിയിച്ചത്.
വെറുപ്പ് തുടച്ചു നീക്കപ്പെടുംവരെ, ഇന്ത്യ ഒന്നാകും വരെ ഭാരത് ജോഡോ യാത്ര തുടരുക തന്നെ ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത് തന്റെ ഉറപ്പാണെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു. എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കന്യാകുമാരി മുതൽ കശ്മീർ വരെയായിരുന്നു രാഹുൽ ഭാരത് ജോഡോ യാത്ര നടത്തിയത്. 136 ദിവസം കൊണ്ടായിരുന്നു രാഹുൽ 4,000 കിലോമീറ്റർ ദൂരം നടന്നുതീർത്തത്. 2022 സെപ്റ്റംബർ ഏഴ് മുതൽ 2023 ജനുവരി 30 വരെയുള്ള കാലയളവിലായിരുന്നു ഭാരത് ജോഡോ യാത്ര.

