ദില്ലി : രാജ്യത്തിന്റെ പേര് മാറ്റ വിവാദത്തിൽ പരിഹാസവുമായി കോൺഗ്രസ് നേതാവ് ശശി തരൂർ. ഇന്ത്യയെന്ന പേര് പ്രതിപക്ഷ സഖ്യം ഇട്ടതിന് പിന്നാലെയാണ് ഭാരതെന്ന പേര് മാറ്റൽ ഉണ്ടായത്. പ്രതിപക്ഷം സഖ്യത്തിന് ഭാരത് എന്ന് പേര് മാറ്റണം. അങ്ങനെ ചെയ്താൽ സർക്കാർ ബുദ്ധിശൂന്യമായ കളി അവസാനിപ്പിക്കുമെന്നുമാണ് ഇന്ത്യ എന്ന പേര് ഭാരത് എന്നാക്കി മാറ്റാനുള്ള കേന്ദ്ര നീക്കത്തെ ശശി തരൂർ പരിഹസിച്ചത്. ഇന്ത്യ സഖ്യത്തെ ബെറ്റർമെന്റ് ഹാർമണി ആൻഡ് റെസ്പോൺസിബിൾ അഡ്വാൻസ്മെന്റ് ഫോ ടുമോറോ (BHARAT) എന്നാക്കിയലെങ്കിലും ഈ പെരുമാറ്റൽ മണ്ടത്തരം അവസാനിപ്പിക്കുമല്ലോ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ ഇന്ത്യ ഒഴിവാക്കി ഭാരത് ആക്കുമെന്നത് പ്രചാരണം മാത്രമെന്നാണ് കേന്ദ്ര സർക്കാരിന്റെ വിശദീകരണം. പ്രതിപക്ഷം അഭ്യൂഹം പരത്തുകയാണെന്നും കേന്ദ്രസർക്കാർ കുറ്റപ്പെടുത്തി. ഭാരതിനോട് കോൺഗ്രസിന് അസഹിഷ്ണുതയെന്നും കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ പറഞ്ഞു. ജി20ക്കായി തയ്യാറാക്കിയ ചെറുപുസ്തകത്തിലും ‘ഭാരത്’ എന്നാണ് സർക്കാർ ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ പാർലമെൻറ് സമ്മേളനത്തിന്റെ അജണ്ടയിൽ മൗനം തുടരുന്ന നിലപാടാണ് സർക്കാരിന്റേത്.
റിപ്പബ്ലിക് ഓഫ് ഇന്ത്യ എന്നതാണ് ലോക രാജ്യങ്ങൾക്കിടയിൽ അംഗീകരിച്ച പേര്. എന്നാൽ ഇന്ത്യ എന്നത് മാറ്റി എല്ലായിടത്തും ഭാരത് ഉപയോഗിക്കാനുള്ള നീക്കത്തിലേക്ക് കടക്കുകയാണ് കേന്ദ്ര സർക്കാർ എന്നായിരുന്നു അഭ്യൂഹങ്ങൾ പ്രചരിച്ചത്. റിപ്പബ്ലിക് ഓഫ് ഇന്ത്യ എന്നതിന് പകരം റിപ്പബ്ലിക് ഓഫ് ഭാരത് പാസ്പോർട്ടിലുൾപ്പടെ ഉപയോഗിക്കാനുള്ള പ്രമേയം പ്രത്യേക പാർലമെൻ്റ് സമ്മേളനത്തിൽ കേന്ദ്ര സർക്കാർ കൊണ്ടുവന്നേക്കുമെന്നും സൂചനയുണ്ടായിരുന്നു.
ഇന്ത്യ ദാറ്റ് ഈസ് ഭാരത് എന്നാണ് ഭരണഘടനയുടെ ഒന്നാം അനുച്ഛേദം രാജ്യത്തെ വിശേഷിപ്പിക്കുന്നത് പ്രതിപക്ഷം ഭരണഘടന വായിക്കണമെന്ന് പറഞ്ഞ് എസ് ജയശങ്കറും രംഗത്ത് വന്നിരുന്നു.

