Politics (Page 109)

തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ സനാധനധർമ്മം പരാമർശത്തിൽ പ്രതികരിച്ച് തമിഴ്നാട് ബിജെപി അദ്ധ്യക്ഷൻ കെ അണ്ണാമലൈ. ദക്ഷിണേന്ത്യയുടെ പപ്പുവാണ് ഉദയനിധി സ്റ്റാലിലിനെന്നാണ് പരാമർശം.

രാഹുൽ ഉത്തരേന്ത്യൻ രാഷ്ട്രീയത്തിലെ പപ്പുവാകുമ്പോൾ ദക്ഷിണേന്ത്യൻ രാഷ്ട്രീയത്തിലെ പപ്പു ഉദയനിധിയാണ്.
ഒരു മതത്തിന് നേരെയുള്ള സംഘടിത ആക്രമണമാണ് തമിഴ്നാട് സർക്കാരിന്റെ നേതൃത്വത്തിൽ നടക്കുന്നത്. ഉദയനിധി സ്റ്റാലിൻ നടത്തിയത് വംശഹത്യയ്ക്കുള്ള ആഹ്വാനമാണെന്നും അണ്ണാമലൈ വ്യക്തമാക്കിയിരുന്നു.

ഇത്തരം വാചകകസർത്തുകൾ അവർക്ക് തന്നെ ദോഷം ചെയ്യും. ഐഎൻഡിഐഎ സഖ്യത്തിൽ ഡിഎംകെ വോട്ടിംഗ് ഇതിനകം തന്നെ വെറും അഞ്ച് ശതമാനമായി കുറഞ്ഞു. ഉദയനിധി ഇത്തരം പരാമർശങ്ങൾ തുടരുകയാണെങ്കിൽ, ഐഎൻഡിഐഎ സഖ്യത്തിന് അവരുടെ വോട്ടുകളിൽ 20 ശതമാനം വരെ ഇടിവുണ്ടാകുമെന്നും അണ്ണാമലൈ കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം ചെന്നൈയിൽ സംഘടിപ്പിച്ച പരിപാടിയിലാണ് ഉദയനിധി സ്റ്റാലിൻ വിവാദ പരാമർശം നടത്തിയത്. അതിനുശേഷം നിരവധിപേരാണ് ഉദയനിധിക്കെതിരെ രംഗത്ത് വന്നത്.

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ആവേശകരമായ പോളിംഗാണ് രേഖപ്പെടുത്തുന്നത്. രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന പുതുപ്പള്ളിയിൽ എല്ലാ മുന്നണികളും പ്രതീക്ഷയർപ്പിച്ചാണ് നിലകൊള്ളുന്നത്. ഇപ്പോൾ പുതുപ്പള്ളിയിലെ മുന്നണിയുടെ പ്രതീക്ഷ വ്യക്തമാക്കിയിരിക്കുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പുതുപ്പള്ളിയിലെ മികച്ച പോളിംഗിൽ പ്രതീക്ഷയുണ്ടെന്നും ഇടത് സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസ് വിജയിക്കുമെന്നും മണ്ഡലത്തിൽ ജനങ്ങൾ ഉത്സവ പ്രതീതിയിൽ വോട്ട് ചെയ്യുന്നു. ഇത് ജെയ്ക്കിന് നല്ല പ്രതീക്ഷ നൽകുന്നതാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഉമ്മൻചാണ്ടി എംഎൽഎയായി തുടർന്ന 53 വർഷത്തിന് ശേഷം ചാണ്ടി ഉമ്മന് ഈസി വാക്കോവറാണ് യുഡിഎഫ് ആദ്യം പ്രതീക്ഷിച്ചത്. എന്നാൽ മണ്ഡലത്തിൽ വികസനം ചർച്ചയായതോടെ ആ സാഹചര്യം മാറി ഇടത് അനുകൂല സാഹചര്യങ്ങളുണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളാ കോൺഗ്രസ് ബിയുടെ കൈവശമുണ്ടായിരുന്ന മുന്നോക്ക വികസന കോർപറേഷൻ ചെയർമാനെ അറിയിപ്പില്ലാതെ മാറ്റിയ നടപടിയിലും എം വി ഗോവിന്ദൻ പ്രതികരിച്ചു. ഘടകക്ഷികളുടെ കയ്യിലുള്ള സീറ്റുകളൊന്നും പിടിച്ച് വാങ്ങാൻ സിപിഎം ഉദ്ദേശിക്കുന്നില്ല. ഘടകകക്ഷികളുടെ സ്ഥാനം പിടിച്ചെടുക്കുകയുമില്ല. ഭരണപരമായ നിലപാട് പാർട്ടി അറിയണമെന്നില്ല. മുന്നോക്ക കമ്മീഷനുമായി ബന്ധപ്പെട്ട് എന്തുണ്ടായെന്ന് പരിശോധിക്കാം. തെറ്റുണ്ടായെങ്കിൽ തിരുത്തുമെന്നും അദ്ദേഹം അറിയിച്ചു.

പുതുപ്പള്ളി ഇലക്ഷനെ ബാധിച്ചേക്കുമെന്ന ഭീതിയിലാണ് കരുവന്നൂർ കേസിൽ മുൻ മന്ത്രിയും സിപിഎം നേതാവുമായ എസി മൊയ്തീൻ ഇഡിക്ക് മുന്നിലിതുവരെ എത്താതിരുന്നതെന്ന വാദം അദ്ദേഹം തള്ളി. എസി മൊയ്തീൻ ഇഡിക്ക് മുന്നിൽ ഹാജാരാകുമെന്നും എംവി ഗോവിന്ദൻ വിശദീകരിച്ചു. ഇത് വരെ ഹാജരാകാതിരുന്നത് നിയമസഭാ കമ്മിറ്റി അടക്കം മറ്റ് കാര്യങ്ങൾ ഉള്ളതിനാലാണെന്നും വിശദീകരിച്ചു

തമിഴ്നാട് കായികമന്ത്രി ഉദയനിധി സ്റ്റാലിനുനേരെ ഉയർന്ന വധഭീഷണിക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഉദയനിധി. തനിക്ക് നേരെ ഉയർന്ന വധഭീഷണിയെ പുശ്ചിച്ചുതള്ളിയാണ് ഉദയനിധി സ്റ്റാലിൻ മറുപടി നൽകിയത്. തമിഴ്നാടിനു വേണ്ടി സ്വന്തം ജീവൻ തന്നെ അപകടത്തിലാക്കിയ വ്യക്തിയുടെ കൊച്ചുമകനാണ് താനെന്നും, ഇത്തരം ഭീഷണികളൊന്നും തന്നെ ആശങ്കപ്പെടുത്തുന്നില്ലെന്നും ഉദയനിധി പ്രതികരിച്ചു.

സനാധന ധർമ്മവുമായി ബന്ധപ്പെട്ട് ഉദയനിധി നടത്തിയ പരാമർശത്തെ തുടർന്ന് ഉദയനിധിയെ വധിക്കുന്നവർക്ക് 10 കോടി രൂപ പ്രതിഫലം പ്രഖ്യാപിച്ച് ഉത്തർപ്രദേശിൽനിന്നുള്ള പരമഹംസ ആചാര്യ രംഗത്തെത്തിയിരുന്നു. മന്ത്രിയുടെ ചിത്രം വാളിൽ കോർത്തു കത്തിച്ച ശേഷമായിരുന്നു പ്രഖ്യാപനം. ഉദയനിധി സ്റ്റാലിന്റെ ശിരസ് ഛേദിച്ച് അതുമായി എന്റെയടുത്ത് വരുന്നവർക്ക് ഞാൻ 10 കോടി രൂപ നല്കും. ആരും അതിനു തയാറാകുന്നില്ലെങ്കിൽ, ഞാൻ തന്നെ അയാളെ കണ്ടെത്തി കൊലപ്പെടുത്തും എന്നായിരുന്നു പരമഹംസ ആചാര്യയുടെ വാക്കുകൾ.

എന്നാൽ 10 കോടിയുടെ ആവശ്യമില്ല അതിന് വെറും 10 രൂപയുടെ ചീർപ്പ് മതിയാകുമെന്നാണ് എന്റെ അഭിപ്രായം എന്ന് ഉദയനിധി സ്റ്റാലിൻ പരിഹസിച്ചു. ഇത്തരം ഭീഷണികളൊന്നും ഞങ്ങളെ സംബന്ധിച്ച് പുതിയതല്ല. ഞങ്ങൾ ഇത്തരം ഭീഷണികളെ ഭയപ്പെടുന്നവരുമല്ല. തമിഴ്നാടിനു വേണ്ടി തന്റെ ശിരസ് റെയിൽവേ ട്രാക്കിൽ വയ്ക്കാൻ മടിക്കാതിരുന്ന ഒരു കലാകാരന്റെ കൊച്ചുമകനാണ് ഞാൻ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ മകനും മുൻ മുഖ്യമന്ത്രി എം.കരുണാനിധിയുടെ കൊച്ചുമകനുമാണ് ഉദയനിധി സ്റ്റാലിൻ.

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് സമിതിയ്ക്ക് രൂപം നൽകി കോൺഗ്രസ്. ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി പതിനാറംഗ തിരഞ്ഞെടുപ്പ് സമിതിയ്ക്കാണ് കോൺഗ്രസ് രൂപം നൽകിയത്. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി തുടങ്ങിയവർ സമിതിയിൽ ഉണ്ട്.

കേരളത്തിൽ നിന്നുള്ള എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെയും സമിതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അംബിക സോണി, അധീർ രഞ്ജൻ ചൗധരി, സൽമാൻ ഖുർഷിദ്, മധുസൂദൻ മിസ്ത്രി, എൻ ഉത്തം കുമാർ റെഡ്ഡി, ടി എസ് സിങ് ഡിയോ, കെ ജെ ജോർജ്, പ്രീതം സിങ്, മുഹമ്മദ് ജാവേദ്, ആമി യാജ്നിക്, പി എൽ പൂനിയ, ഓംകാർ മർകം എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങൾ.

സര്‍ക്കാരിനെതിരായ കേരള സമൂഹത്തിന്റെ പൊതുവികാരം ഉൾക്കൊണ്ടതാകും പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് എന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് പ്രതിപക്ഷ നേതാവ് പരാമർശം നടത്തിയിട്ടുള്ളത്. ജീവിച്ചിരുന്നപ്പോൾ ഉമ്മൻചാണ്ടിയെ വേട്ടയാടിയവർ അദ്ദേഹത്തിന്റെ മരണശേഷവും അദ്ദേഹത്തെയും കുടുംബത്തെയും വെറുതെ വിട്ടില്ല എന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. ഉമ്മന്‍ ചാണ്ടിയുടെ മക്കളെ പോലും മനസാക്ഷിയില്ലാതെ അധിക്ഷേപിച്ചു. സി.പി.എം നേതൃത്വത്തിന്റെ അറിവോടെയായിരുന്നു ഇതെല്ലാം. ഇനിയെങ്കിലും ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തോട് മാപ്പ് ചോദിക്കാന്‍ സി.പി.എം തയാറുണ്ടോ? എന്നും അദ്ദേഹം ഫേസ്ബുക് കുറിപ്പിലൂടെ ചോദിച്ചു. വികസനം ചര്‍ച്ച ചെയ്യുമെന്ന് പറഞ്ഞവര്‍ വ്യക്തിഹത്യയാണ് നടത്തിയത് എന്നാരോപിച്ച അദ്ദേഹം യു.ഡി.എഫ് ഗൗരവമായ രാഷ്ട്രീയമാണ് പുതുപ്പള്ളിയില്‍ പറഞ്ഞതെന്നും കൂട്ടിച്ചേർത്തു. മാസപ്പടി അടക്കമുള്ള ആറ് അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചു. മുഖ്യമന്ത്രിയോട് ഏഴ് ചോദ്യങ്ങള്‍ക്ക് മറുപടി ചോദിച്ചു. മഹാമൗനത്തിന്റെ മാളത്തില്‍ ഭീരുവിനെ പോലെ ഒളിക്കുകയായിരുന്നു മുഖ്യമന്ത്രിയെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.

വോട്ട് ചെയ്യുന്നത് പുതുപ്പള്ളിയാണ്. സര്‍ക്കാരിനെതിരായ കേരള സമൂഹത്തിന്റെ പൊതുവികാരം കൂടി ഉള്‍ക്കൊണ്ടുള്ളതാകും പുതുപ്പള്ളിക്കാരുടെ വിധിയെഴുത്ത്. രാഷ്ട്രീയ പരിഗണനകള്‍ക്കും ജാതി മത ചിന്തകള്‍ക്കും അതീതമായി യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന് അനുകൂലമായ വലിയൊരു പ്രതികരണം ജനങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകുമെന്ന പൂര്‍ണമായ വിശ്വാസമുണ്ട്. എല്ലാവിഭാഗം ജനങ്ങള്‍ക്കിടയില്‍ നിന്നും വന്‍ പിന്തുണയാണ് ലഭിച്ചത്. യു.ഡി.എഫ്. ഒരു ടീമായി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നു. സ്വപ്നതുല്യമായ ഒരു വിജയലക്ഷ്യം ഞങ്ങള്‍ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

53 വര്‍ഷം പുതുപ്പള്ളിയെ പ്രതിനിധാനം ചെയ്ത ഉമ്മന്‍ ചാണ്ടി ഒരു വികാരമാണ്. മലയാളികളുടെ മനസില്‍ അദ്ദേഹം ഒരു വിങ്ങലായി ഇന്നും നില്‍ക്കുന്നു. എതിരാളികള്‍ വിചാരിച്ചാല്‍ അത് മായ്ച്ച് കളയാന്‍ കഴിയില്ല. ഉമ്മന്‍ ചാണ്ടിയോട് ജനങ്ങള്‍ക്കുള്ള സ്നേഹവും അടുപ്പവും തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. അതോടൊപ്പം സര്‍ക്കാരിനെതിരായ കടുത്ത ജനവികാരം കൂടി ചേരുന്നതാകും പുതുപ്പള്ളിയുടെ വിധിയെഴുത്ത് എന്നും തന്റെ ഫേസ്ബുക് കുറിപ്പിലൂടെ അദ്ദേഹം പറഞ്ഞു.

ഉമ്മൻ‌ചാണ്ടിയുമായി ബന്ധപ്പെട്ട ചികിത്സാ വിവാദത്തിൽ വീണ്ടും പ്രതികരണവുമായി ചാണ്ടി ഉമ്മൻ. പിതാവിനെ താൻ ദൈവ തുല്യനായിട്ടാണ് കാണുന്നത് എന്നും ആരോഗ്യസ്ഥിതിയെയും രോഗ ചികിൽസയെയും കുറിച്ച് ഉമ്മൻചാണ്ടി ഡയറിയിൽ എഴുതിയിരുന്നുവെന്നും അതിൽ താൻ മുൻകൈ എടുത്ത് അമേരിക്കയിൽ കൊണ്ടുപോയി ചികിൽസിച്ചതടക്കമുള്ള കാര്യങ്ങൾ എഴുതിയിട്ടുണ്ടെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. ഒക്ടോബറിലാണ് ഡയറി എഴുതിയത് എന്ന് പറഞ്ഞ ചാണ്ടി ഉമ്മൻ,ഇതെല്ലാം ജനങ്ങൾ അറിയട്ടെയെന്നും കൂട്ടിച്ചേർത്തു. 20 വർഷക്കാലമായി കുടുംബത്തെ വേട്ടയാടുകയാണെന്നും അദ്ദേഹം പറഞ്ഞു.

ആരോഗ്യ സ്ഥിതിയെ കുറിച്ച് വ്യക്തമായി അദ്ദേഹം എഴുതിയിട്ടുണ്ട്. അദ്ദേഹത്തിന്റെ അടക്കത്തിനുശേഷം യഥാർച്ഛികമായാണ് ഞാൻ ഡയറി കാണുന്നത്. ഇതൊന്നും പറയണം എന്ന് കരുതിയതല്ല. പക്ഷേ ഇങ്ങനെ വ്യാജക്കഥകൾ, അദ്ദേഹം മുൻകൂട്ടി കാര്യങ്ങൾ കണ്ട ആളായത് കൊണ്ടാണ് ഒക്ടോബറിൽ എഴുതി വെച്ചിട്ടുണ്ട് അദ്ദേഹത്തിന്റെ ആരോ​ഗ്യസ്ഥിതിയെക്കുറിച്ചും നടന്ന കാര്യങ്ങളെക്കുറിച്ചും അദ്ദേഹം വ്യക്തമായി എഴുതി വെച്ചിട്ടുണ്ട്. ഇങ്ങനെ വ്യാജമായി പ്രചരിപ്പിക്കുന്ന ശൈലി, ഇങ്ങനെ അദ്ദേഹത്തെ വേട്ടയാടി, നിങ്ങൾക്കറിയാമോ 9 വർഷം വേട്ടയാടി. അതുപോലെ വീണ്ടും വേട്ടയാടൽ നടക്കും എന്ന് മനസ്സിലാക്കിയത് കൊണ്ടാണ് ഒക്ടോബർ ആറിന് അദ്ദേഹം ആരോ​ഗ്യ സ്ഥിതിയെക്കുറിച്ചും നടന്ന കാര്യങ്ങളെക്കുറിച്ചും വളരെ വ്യക്തമായി അദ്ദേഹത്തിന്റെ ഡയറിയിൽ എഴുതി വെച്ചത്. ഞാൻ അബദ്ധവശാൽ കണ്ടതാണ്.ശരിക്കും പറഞ്ഞാൽ ഒരു പത്രക്കാരൻ വന്ന് എന്നെക്കാണിക്കുമ്പോളാണ് ഞാനിത് കാണുന്നത്. അതിൽ ഒരു കുറിപ്പ് പിറ്റേന്ന് പത്രത്തിൽ വന്നതുമാണ്. എനിക്ക് ഒരു വിഷമവുമില്ല. 20 വർഷമായിട്ട് ഞങ്ങളെ വേട്ടയാടികൊണ്ടിരിക്കുകയാണ് എന്നും ചാണ്ടി ഉമ്മൻ മാധ്യമങ്ങളോട് പറഞ്ഞു. പുതുപ്പള്ളിയിൽ ഇന്ന് വോട്ടിംഗ് പുരോഗമിക്കുകയാണ് ഈ സാഹചര്യത്തിലാണ് ചാണ്ടി ഉമ്മന്റെ പ്രതികരണം.

തിരുവനന്തപുരം: എ ഐ ക്യാമറ വിഷയത്തിൽ ഹൈക്കോടതി ഉത്തരവ് നിലനിൽക്കേ എസ് ആർ ഐ ടി കമ്പനി ആദ്യ ഗഡു ആവശ്യപ്പെട്ട് സർക്കാരിനെ സമീപിച്ചതിന് പിന്നിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വെറും 100 കോടി രൂപയ്ക്ക് താഴെ നടപ്പിലാക്കാവുന്ന പദ്ധതിക്കാണ് സർക്കാർ 232 കോടിയായി തുക വർദ്ധിപ്പിച്ചു നൽകിയതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ഇത് പ്രതിപക്ഷം തെളിവുസഹിതം പുറത്തു കൊണ്ടുവന്നെങ്കിലും സർക്കാർ പ്രതിപക്ഷ എതിർപ്പ് മറികടന്ന് മുന്നോട്ട് പോകുകയാണുണ്ടായത്. തുടർന്നാണ് പ്രതിപക്ഷനേതാവും താനും ഹൈക്കോടതിയെ സമീപിച്ചത്. കേസ് അടിയന്തിര വാദം കേട്ട കോടതി ഇടക്കാല ഉത്തരവിലൂടെ എസ്ആർഐടിക്ക് സർക്കാർ തുക അനുവദിച്ചു നൽകുന്നത് തടഞ്ഞുകൊണ്ട് ഉത്തരവ് ഇറക്കുകയാണ് ഉണ്ടായതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇതിനിടയിലാണ് കമ്പനി കോടതിയെ സമീപിക്കാതെ സർക്കാരിനെ സമീപിച്ച് ആദ്യ ഗഡു ലഭ്യമാക്കണമെന്ന് കത്ത് നൽകിയിരിക്കുന്നത്. ഇക്കാര്യത്തിൽ എസ്ആർഐടിക്ക് അനുകൂലമായി തീരുമാനമെടുക്കാൻ സർക്കാർ അണിയറയിൽ നീക്കം നടത്തുന്നത് ഒത്തുകളിയല്ലാതെ മറ്റെന്താണെന്ന് ചെന്നിത്തല ചോദിച്ചു. മുഖ്യമന്ത്രിയുടെ അടുത്ത ബന്ധു പങ്കാളിയായിട്ടുള്ളതാണ് ഇതിലൊരു കമ്പനിയെന്നത് ഇതിന്റെ ദുരൂഹത വർദ്ധിപ്പിക്കുന്നു. ഇക്കാര്യങ്ങൾ കോടതിയെ അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. സ്‌നേഹത്തിന്റെ കട തുറക്കാൻ ഇറങ്ങിയവർ മുന്നോട്ട് വയ്ക്കുന്ന അഖണ്ഡതയുടെ സന്ദേശമാണോ ഡി.എം.കെ നേതാവ് പങ്കുവയ്ക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.

ഗണപതി മിത്താണെന്ന് പറയുന്ന എ എൻ ഷംസീറിൻറെ അതേ വാചകമാണ് മറ്റൊരു തരത്തിൽ ഉദയനിധി സ്റ്റാലിൻ പറയുന്നതും. അതേ അഭിപ്രായം തന്നെയാണോ രാഹുൽ ഗാന്ധിയ്ക്കും പിണറായി വിജയനുമുള്ളതെന്നും മുരളീധരൻ ചോദിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദിജിയുടെ നേതൃത്വത്തിൽ നടക്കുന്ന, ഭാരതപൈതൃകത്തെ വീണ്ടെടുക്കാനുള്ള പരിശ്രമങ്ങൾക്ക് ജനപിന്തുണ ഉണ്ടെന്ന് ഇവർ മനസിലാക്കിയാൽ കൊള്ളാം. ഉദയനിധി സ്റ്റാലിന്റെ കുടുംബ പാർട്ടിക്കാർ 2ജിയും കൽക്കരിയുമടക്കം നടത്താവുന്ന അഴിമതിയെല്ലാം നടത്തി ഈ രാജ്യത്തെ കൊള്ളയടിച്ച കാലം അല്ലിത്. ഇത് സദ്ഭരണത്തിന്റെ അമൃതകാലം ആണെന്ന് വി മുരളീധരൻ അറിയിച്ചു.

ബിജെപിക്കെതിരെ ആഞ്ഞടിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. മതവികാരത്തെ ആളിക്കത്തിച്ച് ബിജെപി നേട്ടമുണ്ടാക്കാൻ ശ്രമിക്കുകയാണെന്നും ഭരണ പരാജയത്തെ മറയ്ക്കാൻ മതത്തെ ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സനാതന ധർമ്മത്തിനെതിരായ തമിഴ്നാട് കായികമന്ത്രി ഉദയനിധി സ്റ്റാലിൻ വിമർശനം ഉയർത്തിയത് വിവാദമായിരുന്നു. അതിനുപിന്നാലെയാണ് സ്റ്റാലിന്റെ ആരോപണം. 2002 ൽ ഗുജറാത്തിൽ വിദ്വേഷവും വെറുപ്പും ബിജെപി വിതച്ചിരുന്നു. ഇപ്പോൾ ഹരിയനയിലും മണിപ്പൂരിലും അതേശ്രമമാണ് ബിജെപി നടത്തുന്നതെന്നും ഇതിന് ഇപ്പോൾ തടയിട്ടില്ലെങ്കിൽ ഇന്ത്യയെ രക്ഷിക്കാനാകില്ലെന്നും എം കെ സ്റ്റാലിൻ കൂട്ടിച്ചേർത്തു.

എന്നാൽ, സനാതന ധർമ്മത്തിനെതിരായ വിമർശനം ഇനിയും തുടരുമെന്ന് തമിഴ്നാട് കായികമന്ത്രി ഉദയനിധി സ്റ്റാലിനും വ്യക്തമാക്കി. വംശഹത്യക്ക് ആഹ്വാനം നൽകിയെന്ന ബിജെപി പ്രചാരണം ബാലിശമാണെന്നും ഉദയനിധി സ്റ്റാലിൻ പറഞ്ഞു. ഇന്ത്യ മുന്നണിയെ ഭയക്കുന്നതു കാരണം വാക്കുകൾ വളച്ചൊടിക്കുന്നു. ഒരു ഗോത്രം, ഒരു ദൈവം എന്നതാണ് ഡിഎംകെ നയം എന്നും ഉദയനിധി വ്യക്തമാക്കി.

മലേറിയയും ഡെങ്കിയും പോലെ തുടച്ചു നീക്കേണ്ടതാണ് സനാതന ധർമം എന്നതായിരുന്നു ഉദയനിധി സ്റ്റാലിൻറെ പ്രസംഗം. ഉദയനിധിയുടേത് വംശഹത്യക്കുള്ള ആഹ്വനമാണ് എന്നാരോപിച്ചുകൊണ്ട് ബിജെപി നേതാക്കളും രംഗത്തെത്തിയിരുന്നു. എന്നാൽ വ്യാജപ്രചാരണം അവസാനിപ്പിക്കണമെന്നും ജാതിവ്യവസ്ഥയെ ആണ് എതിർക്കുന്നതെന്നും ഉദയനിധി പ്രതികരിച്ചു. ഹൈന്ദവ മഠങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ സ്റ്റാലിൻ സർക്കാർ ശ്രമിച്ചു വരുന്നതിനിടയിലാണ് ഉദയനിധിയുടെ വാക്കുകൾ ബിജെപി ആയുധമാകുന്നത്.

വടക്കുകിഴക്കൻ സംസ്ഥാനത്ത് നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകളിൽ പങ്കെടുക്കില്ലെന്ന മുഖ്യപ്രതിപക്ഷമായ ടിപ്ര മോതയുടെ തീരുമാനം ബിജെപിക്ക് നേട്ടമാകുമെന്ന് ത്രിപുര മുഖ്യമന്ത്രി മണിക് സാഹ. എന്നാൽ ഈ നീക്കത്തിലൂടെ ബിജെപി വിരുദ്ധ വോട്ടുകൾ ഏകീകരിക്കാൻ കഴിയുമെന്നാണ് സിപിഐഎം അവകാശപ്പെടുന്നത്. സെപഹിജാല ജില്ലയിലെ ധൻപൂർ, ബോക്സാനഗർ എന്നീ രണ്ട് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ ഒരു പാർട്ടിയെയും പിന്തുണയ്ക്കില്ലെന്ന് തിപ്ര മോത അറിയിച്ചിരുന്നു.
ബിജെപി വിരുദ്ധ വോട്ടുകൾ ഏകീകരിക്കാനുള്ള പ്രതിപക്ഷത്തിന്റെ ശ്രമത്തിൽ ചേരാത്തതിനാൽ തിപ്ര മോതയുടെ തീരുമാനം ശ്രദ്ധേയമാണ്. ഈ തീരുമാനം പാർട്ടിക്ക് തീർച്ചയായും നേട്ടമുണ്ടാക്കും. രണ്ട് നിയമസഭാ മണ്ഡലങ്ങളിലും മികച്ച ഭൂരിപക്ഷത്തിൽ ബിജെപി വിജയിക്കുമെന്ന് വിശ്വസിക്കുന്നതായി ബിജെപി വക്താക്കളും അറിയിച്ചു.

ബി.ജെ.പിയെക്കുറിച്ച് ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണയുണ്ടെന്ന് ഉപതിരഞ്ഞെടുപ്പിനുള്ള പാർട്ടിയുടെ പ്രചാരണത്തിന് നേതൃത്വം നൽകുന്ന സാഹ പറഞ്ഞു.

ഈ വർഷത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ, ന്യൂനപക്ഷ സമുദായത്തിൽ നിന്നുള്ള 50 ശതമാനത്തിലധികം വോട്ടർമാരുള്ള ബോക്സാനഗർ സീറ്റ് ബിജെപിക്ക് നഷ്ടപ്പെട്ടു, പക്ഷേ ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിച്ചതാണ് ധന്പൂരിൽ വിജയത്തിന് കാരണമായത്.

ഇത്തവണ തെറ്റിദ്ധാരണ നീക്കാൻ സാധിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സബ്കാ സാത് സബ്കാ വികാസ്എന്ന മുദ്രാവാക്യം കൊണ്ടാണ് ഇത് സാധ്യമായത്. പ്രധാനമന്ത്രി എല്ലാവർക്കുമായി പ്രവർത്തിക്കുന്നു, ഏതെങ്കിലും പ്രത്യേക വിഭാഗം ജനങ്ങൾക്ക് വേണ്ടിയല്ല, എന്നും അദ്ദേഹം കൂട്ടിചേർത്തു.
അതേസമയം, തിപ്ര മോത പ്രവർത്തകർ ഇടതുപക്ഷ പ്രവർത്തകർക്കൊപ്പം പ്രവർത്തിക്കുന്നുണ്ടെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി അവകാശപ്പെട്ടു.

തിപ്ര മോതയുടെ, ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കില്ല എന്ന പ്രഖ്യാപനംഒരു തന്ത്രപരമായ പ്രസ്താവനയാണ്. എന്നാൽ, തിപ്ര മൊതയിലെയും സി.പി.ഐ.എമ്മിലെയും പ്രവർത്തകർ ഉപതെരഞ്ഞെടുപ്പിനായി ഒരുമിച്ച് പ്രവർത്തിക്കുന്നു എന്നതാണ് അടിസ്ഥാന യാഥാർത്ഥ്യം. കൂടാതെ, അവരും (തിപ്ര മോത) ബിജെപിക്ക് വോട്ട് ചെയ്യാൻ വോട്ടർമാരോട് പറഞ്ഞിട്ടില്ല എന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. ടിപ്ര മോതയുടെ തീരുമാനം ബിജെപി വിരുദ്ധ വോട്ടുകളുടെ വിഭജനം തടയുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഉപതെരഞ്ഞെടുപ്പിൽ പോൾ ചെയ്ത വോട്ടുകൾ സെപ്റ്റംബർ എട്ടിന് എണ്ണും.

സിപിഐ എം എംഎൽഎ സാംസുൽ ഹഖിന്റെ നിര്യാണത്തെ തുടർന്നാണ് ബോക്സാനഗർ മണ്ഡലത്തിലേക്ക് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്, കേന്ദ്രമന്ത്രി പ്രതിമ ഭൂമിക് ധന്പൂരിലെ നിയമസഭാംഗത്വം രാജിവെച്ചതോടെ ഈ സീറ്റിലേക്ക് ഉപതിരഞ്ഞെടുപ്പ് അനിവാര്യമാവുകയും ചെയ്തു.