Politics (Page 100)

പുതുപ്പള്ളിയിലെ വാർത്താസമ്മേളനത്തിടെ കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും തമ്മിൽ തർക്കമുണ്ടായതിനെ പരിഹസിച്ച് സിപിഎം നേതാവ് എം.വി.ജയരാജൻ. കോൺഗ്രസിൽ ഇതൊന്നും പുതിയ കാര്യമല്ല എന്നാണ് അദ്ദേഹം പരിഹസിച്ചത്. നേതാക്കൾ തമ്മിൽ ഐക്യമില്ലാത്തത് കോൺഗ്രസിൽ ഉള്ളതാണ് എന്നാൽ ഗ്രൂപ്പു തർക്കം അമർച്ച ചെയ്യാനായി ഉദയം കൊണ്ടവരാണ് തങ്ങളെന്നു പറയുന്നവർ ഗ്രൂപ്പു തർക്കത്തിന്റെ ആശാന്മാരായി മാറിയിരിക്കുകയാണ് എന്നും എം.വി.ജയരാജൻ പരിഹസിച്ചു.

‘ഏതായാലും അവനവൻ ആത്മസുഖത്തിന് ആചരിക്കുന്നത് അപരന്റെ സുഖത്തിനായി വരേണം എന്ന വാക്യം സതീശന് ഓർമയിൽ വന്നത് നന്നായി. ആരാണ് പുതുപ്പള്ളി വിജയത്തിന്റെ അവകാശി എന്ന് അവരുതന്നെയാണല്ലോ തീരുമാനിക്കേണ്ടത്. ചാണ്ടി ഉമ്മൻ പറയുന്നു അതിന് അവകാശി ഉമ്മൻ ചാണ്ടിയാണെന്ന്, മറ്റാർക്കും അവകാശപ്പെട്ടതല്ലെന്ന്. ഇത് എന്റെ വിജയമല്ല, കോൺഗ്രസിന്റെ വിജയമല്ല, യുഡിഎഫിന്റെ വിജയമല്ല, ഉമ്മൻ ചാണ്ടിയുടെ മാത്രം വിജയമാണെന്നാണ് ചാണ്ടി ഉമ്മൻ പറയുന്നത്.

കോൺഗ്രസിൽ നേതാക്കൾ തമ്മിൽ തർക്കം ഉണ്ടാവുന്നത് പുതിയകാര്യമല്ല. ഈ തർക്കിക്കുന്ന രണ്ട് പേരും ആ പദവിയിൽ എത്തുന്നതിനു മുൻപ് ഞങ്ങൾ ഗ്രൂപ്പിന് അതീതാരാണെന്നും പറഞ്ഞിരുന്നു. ഈ തമ്മിലടിയിലൂടെ ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ ആശാന്മാരാണ് തങ്ങൾ എന്ന് തെളിയിച്ചിരിക്കുകയാണ് അവരെന്നും അദ്ദേഹം പറഞ്ഞു.

ചാണ്ടി ഉമ്മന്റെ വിജയം ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന വാർത്താ സമ്മേളനത്തിലായിരുന്നു കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും തമ്മിൽ തർക്കമുണ്ടായത്. ഞാൻ തുടങ്ങാമെന്നു സതീശൻ പറഞ്ഞപ്പോൾ, ഇല്ലില്ല ഞാൻ തുടങ്ങാമെന്ന് സുധാകരനും പറയുകയായിരുന്നു. തുടർന്ന് സതീശൻ മുന്നിലുള്ള മൈക്ക് സുധാകരനു നേരെ മാറ്റിവയ്ക്കുകയായിരുന്നു. ഈ വീഡിയോ പിന്നീട് വൈറലാവുകയും ട്രോളുകൾക്കും വിമർശനങ്ങൾക്കും കാരണമാവുകയും ചെയ്തിരുന്നു.

എന്നാൽ സംഭവത്തിൽ വിശദീകരണവുമായി വി. ഡി സതീശനും രംഗത്ത് വന്നിരുന്നു. തങ്ങൾ തമ്മിൽ തർക്കമുണ്ടായിരുന്നെന്നും എന്നാൽ അത്, പുതുപ്പള്ളി വിജയത്തിന്റെ ഫുൾ ക്രെഡിറ്റ് തനിക്ക് നൽകുമെന്ന് കെ. സുധാകരൻ പറഞ്ഞതുമായി ബന്ധപ്പെട്ടാണെന്നുമാണ് സതീശന്റെ വിശദീകരണം. അങ്ങനെ പറയല്ലേ പറയല്ലേ എന്നുപറഞ്ഞ് ഞാൻ സുധാകരന്റെ കയ്യിലും കാലിലും അമർത്തിയെന്നുമാണ് വി ഡി സതീശൻ പറഞ്ഞത്.

തിരുവനന്തപുരം: ‘ഇന്ത്യ’ മുന്നണിയെന്ന പ്ലാറ്റ്‌ഫോം ആകാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ അതിന്റെ പേരിൽ സംഘടനാ രൂപത്തോട് യോജിപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഏകോപന സമിതി എന്നത് സംഘടനാ രൂപമാണ്. അതിനോട് യോജിപ്പില്ല. ഇന്ത്യ മുന്നണിയുടെ ചർച്ചകളിൽ സിപിഎം നേതാക്കൾ പങ്കെടുക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.

ഏതെങ്കിലും വ്യക്തിയ്‌ക്കോ സംസ്ഥാനത്തിനോ മാത്രമായി പ്രത്യേക തീരുമാനത്തിലെത്തുന്ന പാർട്ടിയല്ല സിപിഎം. പാർട്ടിയിൽ പൊതു അഭിപ്രായമാണ് ബാധകം. ഇന്ത്യ മുന്നണിയുടെ ഏകോപന സമിതിയിലേക്ക് നേതാക്കളെ അയക്കേണ്ടതില്ലെന്ന് സിപിഎം തീരുമാനിച്ചിരുന്നെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി.

ജാതിവിവേചന വിവാദത്തിൽ യോഗക്ഷേമസഭയ്ക്കും തന്ത്രി സമാജത്തിനും മറുപടിയുമായി മന്ത്രി കെ രാധാകൃഷ്ണൻ. താൻ ആദ്യമായല്ല അമ്പലത്തിൽ പോകുന്നത്. ക്ഷേത്രത്തിനകത്തല്ല, പുറത്തായിരുന്നു പരിപാടി എന്നായിരുന്നു മന്ത്രിയുടെ മറുപടി. ദേവപൂജ കഴിയുന്നത് വരെ ആരെയും സ്പർശിക്കില്ലെങ്കിൽ പിന്നെ എന്തിനാണ് പൂജാരി പുറത്തിറങ്ങിയതെന്നും മന്ത്രി ചോദിച്ചു.

സംഭവം കഴിഞ്ഞ് മാസങ്ങൾക്ക് ശേഷം അഭിപ്രായം പറഞ്ഞതിൽ മറ്റൊരു ഉദ്ദേശവും ഇല്ല. അനുഭവം പറയുന്നതിന് തൊട്ടു മുൻപുള്ള ദിവസങ്ങളിൽ ദളിത് വേട്ടയെ കുറിച്ചുള്ള വാർത്ത വായിച്ചു അതുകൊണ്ട് പറഞ്ഞതാണ് എന്ന് മന്ത്രി വ്യക്തമാക്കി. ഒന്ന് തന്നെ താൻ പ്രതികരിച്ചതാണെന്നും എന്നാൽ അതു ചർച്ചയായില്ല. എന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.

ജാതിവിവേചനം വിവാദമായതിനെതുടർന്ന് യോഗക്ഷേമസഭ മന്ത്രിക്കെതിരെ രംഗത്തെത്തിയിരുന്നു. ശുദ്ധാശുദ്ധങ്ങൾ പാലിക്കുന്നത് അയിത്തമായി തെറ്റിദ്ധരിക്കുന്നുവെന്നും ശുദ്ധി പാലിക്കുന്നത്, ജാതി തിരിച്ചുള്ള വിവേചനം അല്ലെന്നും അഖില കേരള തന്ത്രി സമാജവും വ്യക്തമാക്കിയിരുന്നു.

ഐ ജി ലക്ഷ്മണിന് ഹൈകോടതിയുടെ വിമർശനം. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ ആരോപണത്തിലാണ് ഐ ജി ലക്ഷ്മണിനു ഹൈക്കോടതിയുടെ വിമർശനം. ഇത് കോടതി നടപടികളെ പ്രഹസനമാക്കുന്നതിനു തുല്യമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. ആരോപണം പിൻവലിക്കാനുള്ള ഹർജി പരിഗണിച്ചപ്പോഴായിരുന്നു വിമർശനം. ഹർജിയിലെ പരാമർശങ്ങൾക്ക് അഭിഭാഷകനെ പഴിച്ച് രക്ഷപെടാൻ സാധിക്കില്ല എന്നും കോടതി വ്യക്തമാക്കി. അഭിഭാഷകനെ പഴിചാരിയുള്ള സത്യവാഗ്മൂലം പിൻവലിച്ച് പുതിയത് സമർപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. അല്ലെങ്കിൽ കനത്ത പിഴ ചുമത്തുമെന്നും കോടതി മുന്നറിയിപ്പ് നൽകി.

മുഖ്യമന്ത്രിയുടെ ഓഫീസിൽ ഭരണഘടനാ ബാഹ്യ അധികാര കേന്ദ്രം പ്രവർത്തിക്കുന്നു എന്ന ഗുരുതര ആരോപണമാണ് ഐ ജി ലക്ഷ്മൺ ഹർജിയിൽ ഉന്നയിച്ചത്. ഈ അധികാര കേന്ദ്രം സാമ്പത്തിക ഇടപാടുകളിൽ പോലും മധ്യസ്ഥത വഹിക്കുന്നുണ്ട് എന്നാണ് ഹർജിയിൽ പറഞ്ഞിരിക്കുന്നത്. എന്നാൽ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട ആരോപണങ്ങൾ തന്റെ അറിവോടെ അല്ലെന്നും അഭിഭാഷകൻ കൂട്ടിച്ചേർത്തതാണെന്നുമായിരുന്നു ഐ ജി പിന്നീട് പറഞ്ഞത്. ആദ്യത്തെ അഭിഭാഷകനെ മാറ്റിയാണ് ലക്ഷ്മൺ ഹർജിയിലെ ആരോപണങ്ങൾ പിൻവലിക്കണം എന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചത്.

വനിതാ സംവരണ ബിൽ സ്വാഗതം ചെയ്ത് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. വനിതാ സംഘടനകൾ കാലങ്ങളായി ഉന്നയിക്കുന്ന ആവശ്യമാണിത്. എന്നാൽ ഇത്തരം ഒരു നിയമ നിർമ്മാണം നടക്കാൻ ഇത്രയും നാൾ എടുത്തു എന്നുള്ളത് ലജ്ജാകരമാണെന്നും മന്ത്രി പറഞ്ഞു. വനിതാ സംവരണം നടപ്പിലാക്കുന്നതിലൂടെ സമൂഹത്തിലെ പകുതിയിലധികം വരുന്ന സ്ത്രീകളുടെ പ്രശ്നങ്ങൾക്ക് നിയമപരമായി പരിഹാരം ലഭിക്കാൻ എളുപ്പമാവും എന്നും മന്ത്രി കൂട്ടിച്ചേർത്തു. ഏറെ കാലമായി കാത്തിരിക്കുന്ന ബില്ലാണ് ഇന്ന് ലോകസഭയിൽ അവതരിപ്പിച്ച വനിതാ സംവരണ ബിൽ. ഇതുപ്രകാരം ലോകസഭയിലും രാജ്യസഭയിലും നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം ലഭിക്കും.

പുതിയ പാർലമെന്റിന്റെ ആദ്യ ബില്ലായി നിയമമന്ത്രി അർജുൻ റാം മേഘ് വാൾ ആണ് അവതരിപ്പിച്ചത്. ബിൽ അവതരണത്തിന് മുൻപ് സംസാരിച്ച പ്രധാന മന്ത്രി വനിതാ സംവരണം നടപ്പിലാക്കാൻ ദൈവം തന്നെയാണ് തെരഞ്ഞെടുത്തത് എന്ന് അദ്ദേഹം പറഞ്ഞു.

കരുവന്നൂർ ബാങ്കുവഴി നോട്ട് നിരോധന സമയത്ത് കോടിക്കണക്കിന് കള്ളപ്പണം വെളുപ്പിച്ച കേസിലെ പ്രതികളെ സർക്കാർ സംരക്ഷിക്കാൻ ശ്രമിക്കുകയാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. എ സി മൊയ്‌ദീൻ ഇ ഡിക്ക് മുന്നിൽ ഹാജറാവാതിരുന്നത് സിപിഎം നിർദ്ദേശത്തെ തുടർന്നാണെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ പുറത്തു വന്നിരിക്കുന്നത് മഞ്ഞു മലയുടെ അറ്റം മാത്രമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തൃശൂരിൽ പല ബാങ്കുകളിൽ നിന്നുമായി 500 കോടിയിലധികം രൂപയുടെ കള്ളപ്പണം വെളുപ്പിച്ചു എന്ന വാർത്ത ഞെട്ടിപ്പിക്കുന്നതാണ്. അറസ്റ്റിലായ സതീശൻ എന്ന് പറയുന്ന വ്യക്തി സിപിഎം നേതാക്കളുടെ ബിനാമിയാണെന്നും സുരേന്ദ്രൻ ആരോപിക്കുന്നുണ്ട്. ഉന്നതർ കുടുങ്ങും എന്ന് മനസിലാക്കിയത് കൊണ്ടാണ് കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നത് എന്നും അദ്ദേഹം ആരോപിച്ചു. പാവപ്പെട്ടവരുടെ പണമാണ് സിപിഎം കൊള്ളയടിക്കുന്നത്. കഴിഞ്ഞ ദിവസം ക്രൈം ബ്രാഞ്ച് ഭീഷണിപ്പെടുത്തിയെന്ന് സിപിഐ ബോർഡ് മെമ്പർ വെളിപ്പെടുത്തിയിരുന്നു. ഇഡിക്കെതിരെ സമരം ചെയ്യുന്നത് മടിയിൽ കനമുള്ളതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ സഹകരണ ബാങ്കുകളിലെ അഴിമതിക്കെതിരെ ബിജെപി രണ്ട് ജില്ലകളിൽ സഹകരണ അദാലത്ത് നടത്തിയതായും മറ്റുജില്ലകളിലും സംഘടിപ്പിക്കുമെന്നും പണംനഷ്ട്ടമായവർക്ക് നീതിലഭിക്കും വരെ പോരാടുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

സഹകരണ ബാങ്കിന്റെ മറവിൽ കള്ളപ്പണ ഇടപാടാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സിപിഎം ജില്ലാ നേതൃത്വത്തിനും സംസ്ഥാന നേതൃത്വത്തിനും ഈ ഇടപാടുകളിൽ പങ്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാന ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ബാങ്ക് കൊള്ളയാണ് സഹകരണ ബാങ്കിലെ തട്ടിപ്പെന്നും അദ്ദേഹം പറഞ്ഞു. ഈ സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും സമരപരിപാടികൾ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം വാർത്ത സമ്മേളനത്തിൽ പറഞ്ഞു. കേരളത്തിൽ ഇത്രയും വലിയ ധന പ്രതിസന്ധി ഉണ്ടാക്കിയത് തോമസ് ഐസക്ക് ആണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നികുതി വെട്ടിപ്പുകാരുടെ പറുദീസയാക്കി കേരളത്തെ മാറ്റിയതിൽ ഐസക് വഹിച്ച പങ്ക് ചെറുതൊന്നുമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യ മുന്നണിയുമായി സഹകരിക്കേണ്ട എന്നാണ് സിപിഎമ്മിന്റെ തീരുമാനം. ബിജെപിയുമായി ഒത്തുതീർപ്പുള്ളതിനാൽ അവർക്ക് ഭയമാണ്. ബിജെപി സമ്മർദ്ദത്തിന് വഴങ്ങിയാണ് പിന്മാറ്റമെന്നും ദേശിയ നേതൃത്വത്തെ സമ്മർദ്ദത്തിലാക്കുന്നത് കേരളം ഘടകമാണെന്നും അദ്ദേഹം ആരോപിച്ചു.

എഴുപതിയഞ്ച് വർഷത്തെ പാർലമെന്റ് ചരിത്രയാത്രയെ കുറിച്ചുള്ള രാജ്യസഭയിൽ നടന്ന ചർച്ചയിൽ, ഇന്ത്യയെ അഴിമതി രഹിതവും വികസിതവുമായ രാജ്യമാക്കണമെന്ന് സഭാ നേതാവും കേന്ദ്രമന്ത്രിയുമായ പീയുഷ് ഗോയൽ ആഹ്വാനം ചെയ്തു. അഞ്ച് ദിവസത്തെ സമ്മേളനത്തിനായി കൂടിയ സഭയിൽ, ജി 20 ഉച്ചകോടിയിലെ പ്രധാനമന്ത്രിയുടെ വിജയത്തെ ചെയർമാൻ ജഗദീപ് ധൻഖാർ പ്രശംസിച്ചു. സംവിധാൻ സഭയിൽ നിന്നും ആരംഭിച്ച എഴുപത്തിയഞ്ച് വർഷത്തെ പാർലമെന്റ് യാത്രയുടെ നേട്ടങ്ങളും, അനുഭവങ്ങളും, ഓർമ്മകളും, അറിവുകളും ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ആറു മണിക്കൂർ നീണ്ടുനിൽക്കുന്ന ചർച്ചയിൽ എല്ലാ അംഗങ്ങൾക്കും അഭിപ്രായം പ്രകടിപ്പിക്കാൻ അവസരം ലഭിക്കുമെന്നും ചെയർമാൻ പറഞ്ഞു.

ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഗാർഘേ, എ എ പി അംഗങ്ങളായ സഞ്ജയ് സിംഗ്, രാഘവ് ചാധ എന്നിവരുടെ സസ്പെൻഷൻ റദ്ദാക്കണമെന്ന് അഭ്യർത്ഥിച്ചു. എഴുപത്തിയഞ്ച് വർഷത്തെ പാരമ്പര്യമുള്ള സഭയിലെ അന്നുതൊട്ടുള്ള അംഗങ്ങളുടെ സംഭാവനകൾ എടുത്തുപറഞ്ഞുകൊണ്ട് ചർച്ചയ്ക്ക് തുടക്കമിട്ട ഗോയൽ, സ്ത്രീ ശാക്തീകരണത്തിന് എല്ലാവരും ദൃഢനിശ്ചയം ചെയ്യണമെന്നും, ഇന്ത്യയെ അഴിമതി രഹിതവും വികസിതവുമായ രാഷ്ട്രമാക്കി മാറ്റണമെന്നും അദ്ദേഹം ഊന്നി പറഞ്ഞു.

സി പി ഐ എമ്മിനെക്കണ്ടല്ല ഇന്ത്യ സഖ്യം ഉണ്ടായതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഇന്ത്യ സഖ്യത്തിൽ സിപിഐഎമ്മിന് മാത്രമാണ് എതിരഭിപ്രായമുള്ളത്. താത്പര്യം ഉണ്ടെങ്കിൽ മാത്രം സഖ്യത്തിന്റെ ഭാഗമായ മതിയെന്നും അദ്ദേഹം പറഞ്ഞു. സിപിഐഎം വന്നാലും പോയാലും ഇന്ത്യ സഖ്യം നില നിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിപിഐഎം ഇല്ലാത്തതു കൊണ്ട് ഇന്ത്യ സഖ്യം പൊളിയുമെന്നു കരുതുന്നുണ്ടെങ്കിൽ അത് വിഡ്ഢികളുടെ സ്വർഗ്ഗരാജ്യ സങ്കൽപ്പം പോലെയാണ്. ബിജെപിയോടുള്ള തുറന്ന പോരാട്ടത്തിനാണ് ഇന്ത്യ സഖ്യം രൂപീകരിച്ചിട്ടുള്ളത് സി പി ഐ എം കേരളം നേതൃത്വമാണ് എതിർപ്പ് പ്രകടിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ കേരളത്തിൽ സി പി ഐ എം നേതൃത്വത്തിനെതിരെയായിരിക്കും പോരാട്ടമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ ഇന്ത്യ സഖ്യത്തിന്റെ ഏകോപന സമിതിയിൽ ഉണ്ടാവില്ല എന്ന സി പി ഐ എമ്മിന്റെ തീരുമാനത്തെ മാനിക്കുന്നു എന്ന് കെ സി വേണുഗോപാൽ പറഞ്ഞു. പാർട്ടിയുടെ ആദർശം മാറ്റി വച്ച് ഇന്ത്യ മുന്നണിയിൽ ചേരണമെന്ന് പറഞ്ഞിട്ടില്ല എന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ മുന്നണിയിൽ ഭിന്നതയില്ലെന്നും അദ്ദേഹം പറഞ്ഞു

തിരുവനന്തപുരം: ഇന്ത്യാ സഖ്യത്തിലെ ഏകോപന സമിതിയിൽ സിപിഎം പ്രതിനിധിയില്ല. സിപിഎം പൊളിറ്റ് ബ്യൂറോ യോഗത്തിലാണ് പ്രതിനിധി വേണ്ടെന്ന തീരുമാനമുണ്ടായത്. 14 അംഗ ഏകോപന സമിതി രൂപീകരണത്തെ എതിർത്ത് പൊളിറ്റ് ബ്യൂറോ രംഗത്തെത്തി. മതേതര ജനാധിപത്യം വിപുലീകരിക്കാൻ ഇന്ത്യ സഖ്യം വിപുലീകരിക്കണമെന്നും പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു.

ഈ നീക്കത്തോടെ സിപിഎം പ്രതിപക്ഷ മുന്നണി സഖ്യത്തിലെ ഏകോപന സമിതി രൂപീകരണത്തിൽ ഭിന്നത പരസ്യമാക്കിയിരിക്കുകയാണ്. മുതിർന്ന നേതാക്കളാണ് തീരുമാനം എടുക്കുന്നതെന്നും മറ്റ് സമിതികളിൽ അടിസ്ഥാനമില്ലെന്നും ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി.

20 പാർട്ടികളാണ് സഖ്യത്തിലുള്ളതെന്നും ഒരു സമിതിയും ഈ പാർട്ടികളെ മുഴുവനായി പ്രതിനിധീകരിക്കുന്നില്ലെന്നും യെച്ചൂരി വിശദമാക്കി. ഇന്ത്യ സഖ്യത്തിൽ തീരുമാനങ്ങൾ എടുക്കുന്നത് ഈ പാർട്ടികളിലെ ഉന്നത നേതാക്കളാണ്. സഖ്യത്തിൽ കൂട്ടായ തീരുമാനം എടുക്കാൻ എല്ലാവരോടും ആലോചിക്കേണ്ടതുണ്ടെന്നും അദ്ദേഹം അറിയിച്ചു.