Politics (Page 99)

സിപിഎം ഉന്നത നേതാക്കൾ നടത്തിയ തട്ടിപ്പിനെ ന്യായീകരിച്ച് എം വി ഗോവിന്ദൻ സ്വയം പരിഹാസ്യനാവുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷണ് കെ സുരേന്ദ്രൻ. കരുവന്നൂർ ബാങ്കിൽ നടന്ന 500 കോടിയുടെ കള്ളപ്പണം വെളുപ്പിക്കലിനെ ഗോവിന്ദൻ പരസ്യമായി ന്യായീകരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മർദ്ദനവും ഇരവാദവുമെല്ലാം സിപിഎമ്മിന്റെ തിരക്കഥയുടെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാന സർക്കാരിന്റെ ഏജൻസി തട്ടിപ്പുകാർക്കൊപ്പമാണ് അതുകൊണ്ടാണ് സിപിഐലെ നേതാക്കൾക്ക് പോലും ഇ ഡി അന്വേഷണം ആവശ്യപ്പെടേണ്ടി വന്നത്. കേന്ദ്ര സഹകരണ ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തിലെ സഹകരണ മേഖലയെ തകർക്കാൻ ശ്രെമിക്കുന്നു എന്നഗോവിന്ദന്റെ വാക്കുകൾ മറുപടി അർഹിക്കുന്നില്ല മടിയിൽ കനമുള്ളതു കൊണ്ടാണ് സിപിഎം ആഭ്യന്തര മന്ത്രിയെ ഭയക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കരിമണൽ മുതലാളിയുടെ മാസപ്പടി ലിസ്റ്റിൽ ഉള്ള പി വി പിണറായി വിജയൻ തന്നെയാണെന്ന് അറിഞ്ഞിട്ടും അല്ലെന്നു പറയുന്നത് ഇരുട്ട് കൊണ്ട് ഒറ്റയടക്കുന്നതിനു തുല്യമാണ്. കേരളത്തിൽ വ്യവസായം തുടങ്ങാനുളള തടസ്സം നീക്കാനാണ് മുഖ്യമന്ത്രിക്കും മകൾക്കും മറ്റു നേതാക്കൾക്കും പണം നൽകിയത് അതിനെയാണ് പച്ചമലയാളത്തിൽ കൈക്കൂലി എന്ന് പറയുന്നത് എന്നും സുരേന്ദ്രൻ ആരോപിച്ചു. ചോദ്യങ്ങൾ ചോദിച്ച മാധ്യമപ്രവർത്തകരെ മുഖ്യമന്ത്രി ഭീഷണിപ്പെടുത്തുകയാണ് ചെയ്തത്. ഗോവിന്ദൻ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

നവകേരള നിർമ്മിതിയുടെ ഭാഗമായി സർക്കാരുണ്ടാക്കിയ മുന്നേറ്റത്തെ കുറിച്ച് ജനങ്ങളുമായി സംവദിക്കാനും ജനമനസ്സറിയാനും മണ്ഡലങ്ങൾ തോറും പര്യടനം നടത്താനൊരുങ്ങി സംസ്ഥാന സർക്കാർ. ഈ വർഷം നവംബർ 18 മുതൽ ഡിസംബർ 24 വരെയാണ് പര്യടനം സംഘടിപ്പിക്കുക. നവംബര് 18 ന് മഞ്ചേശ്വരത്ത് മണ്ഡലം സദസ്സ് പരിപാടിക്ക് തുടക്കം കുറിക്കുന്നതോട് കൂടി ഓരോ മണ്ഡലത്തിലും എം എൽ എ മാരുടെ നേതൃത്വത്തിൽ പര്യടനം ആരംഭിക്കും . ജനപ്രതി നിധികളും സഹകരണ സ്ഥാപനങ്ങളും തൊഴിലാളികളും കൃഷിക്കാരും മഹിളകളും വിദ്യാർഥികളും മുതിർന്ന പൗരന്മാരും അടങ്ങുന്ന ബഹുജന സദസ്സുകൾ സംഘടിപ്പിക്കും. ഒപ്പം വിവിധ കലാപരിപാടികൾ സംഘടിപ്പിക്കും. സ്വതന്ത്ര സമര സേനാനികൾ വെറ്ററൻസ്, മഹിളാ യുവജന വിദ്യാർഥി പ്രസ്ഥാനങ്ങളിൽ നിന്നും പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടവർ പട്ടിക ജാതി പട്ടിക വർഗ്ഗ വിഭാഗത്തിലെ പ്രതിഭകൾ, സെലിബ്രിറ്റികൾ, കലാകാരന്മാർ സാമുദായിക സംഘടനാ നേതാക്കൾ തുടങ്ങിയവർ പ്രത്യേക ക്ഷണിതാക്കളായി പങ്കെടുപ്പിച്ചു കൊണ്ടാണ് സർക്കാർ പര്യടനം സംഘടിപ്പിക്കുന്നത്.

തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനങ്ങളുടെ മനസ്സിൽ സ്ഥാനം പിടിക്കുക എന്ന ലക്ഷ്യവും സർക്കാരിനുണ്ട്. ജന മനസുകളിൽ നിന്നും സർക്കാർ അകലുന്നു എന്ന സാഹചര്യം മുന്നിൽ കണ്ടുകൊണ്ടാണ് സർക്കാരിൽ നിന്നും ഇപ്പോൾ ഇത്തരത്തിലൊരു നീക്കം എന്നാണ് വിലയിരുത്തൽ. പുതുപ്പള്ളി തെരഞ്ഞെടുപ്പിലെ ഇടതുപക്ഷത്തിന്റെ ദയനീയമായാ തോൽവി സഹതാപ തരംഗം കൊണ്ടുമാത്രമല്ല ഭരണ വിരുദ്ധ വികാരം കൊണ്ട് കൂടിയാണ് എന്ന വിമർശനം പരക്കെ ഉയർന്നിരുന്നു. ആ വിമർശങ്ങളെ ശരി വയ്ക്കുന്നതാണ് സർക്കാർ സംഘടിപ്പിക്കുന്ന ഈ പര്യടനം. ഭരണ വിരുദ്ധ വികാരം ജനങ്ങൾക്കിടയിൽ നിലനിൽക്കുന്നു എന്ന് സർക്കാർ തന്നെ ഒരു തരത്തിൽ അംഗീകരിക്കുകയാണ്.

എന്നാൽ സർക്കാരിന്റെ ഈ പര്യടന പരിപാടിയിൽ സഹകരിക്കില്ല എന്ന നിലപാടാണ് യു ഡി എഫിനുള്ളത് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും പറഞ്ഞു . സർക്കാർ ചെലവിലുള്ള തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികൾ ആണ് ഇതെന്നും ലോക് സഭ തദ്ദേശ തെരഞ്ഞെടുപ്പുകളുടെ പ്രചരണ പരിപാടികൾ സർക്കാർ സ്വന്തം നിലയിൽ നടത്തണമെന്നും അദ്ദേഹം വിമർശിച്ചു. സംസ്ഥാനം ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോൾ സർക്കാർ പണം അനാവശ്യമായി ധൂർത്തടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

സർക്കാരിന്റെ മുന്നേറ്റങ്ങൾ ജന മനസുകളിൽ എത്തിക്കുക എന്ന ഉദ്ദേശത്തോടുകൂടി നടത്തുന്ന ഈ മണ്ഡല പര്യടനപരിപാടി ഒരു തരത്തിൽ ജനസമ്പർക്ക പരിപാടിയെ അനുസ്മരിപ്പിക്കുന്നതാണ്. സർക്കാരിന്റെ ഈ പര്യടന പരിപാടി വിജയിപ്പിക്കാനാവശ്യമായ കാര്യങ്ങൾ നിർവഹിക്കുന്നതിന് ചീഫ് സെക്രട്ടറിയെയാണ് മന്ത്രി സഭ ചുമതലപ്പെടുത്തിയിരിക്കുന്നത്. കൂടാതെ അതാതു ജില്ലാകളിലെ മന്ത്രിമാരെയും ജില്ലാ കളക്ടർമാരെയും പരിപാടിയുടെ വിജയകരമായ നടത്തിപ്പിനുള്ള ചുമതല നൽകാനും തീരുമാനമായിട്ടുണ്ട്.

കേരളം ഗുരുതര കടക്കെണിയിലേക്കും സാമ്പത്തിക പ്രതിസന്ധിയിലേക്കും കടക്കുന്ന സാഹചര്യത്തിൽ ക്ഷേമനിധി ബോർഡുകളിൽ നിന്നും 1700 കോടി സമാഹരിക്കാനുള്ള സർക്കാരിന്റെ നീക്കം അട്ടിമറിക്കപ്പെട്ടതോടെയാണ്, ബാങ്കുകളെ വിലക്ക് പട്ടികയിൽ ഉൾപ്പെടുത്തുമെന്ന സർക്കാർ നടപടി ഉണ്ടായത്. രണ്ട് ക്ഷേമനിധി ബോർഡുകളിൽ നിന്നായി 1700 കോടി സമാഹരിക്കാനുള്ള ധനവകുപ്പിന്റെ നീക്കം രണ്ട് പൊതുമേഖലാ സ്ഥാപനങ്ങൾ വിസമ്മതിച്ചതോടെയാണ് സർക്കാരിന്റെ ഈ നടപടി. വരും മാസങ്ങളിൽ ഇപ്പോഴുള്ള പ്രതിസന്ധി മറികടക്കാൻ കൂടുതൽ ക്ഷേമനിധി പൊതുമേഖല ബാങ്കുകളിൽ നിന്നും നിക്ഷേപം സ്വീകരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

ഇപ്പോഴുള്ളതിനേക്കാൾ അര ശതമാനം പലിശ അധികമായി നൽകി, മാസങ്ങൾക്കുള്ളിൽ പണം തിരികെ നൽകാം എന്ന ഉറപ്പിന്മേലാകും പണം വാങ്ങുക. മോട്ടോർ വാഹന തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും 1200 കോടിയും ചെത്ത് തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും 500 കോടിയുമാണ് സർക്കാർ ആവശ്യപ്പെട്ടത്. ഇതിനായി 2 ബാങ്കുകളെ സമീപിച്ച് സ്ഥിരനിക്ഷേപ ഗ്യാരന്റിയിന്മേൽ ഓവർ ഡ്രാഫ്റ്റായി പണം ആവശ്യപ്പെട്ടിരുന്നു, ആദ്യം പണം നൽകാമെന്ന് ബാങ്കുകൾ സമ്മതിച്ചെങ്കിലും പിന്മാറുകയായിരുന്നു.

ഇത് സർക്കാരിന് വലിയ തിരിച്ചടിയായതിന് പിന്നാലെയാണ്, ഏജൻസി ബാങ്കുകളുടെ പട്ടികയിൽ നിന്നും ഇവയെ ഒഴിവാക്കി വിലക്കുപ്പട്ടികയിൽ ഉൾപ്പെടുത്തുമെന്നതടക്കമുള്ള നടപടി സർക്കാർ മുന്നോട് വച്ചത് . പ്രതിസന്ധി മറികടക്കാനായി 1000 കോടി രൂപ റിസേർവ് ബാങ്കിൽ നിന്നും സർക്കാർ കടമെടുക്കാനിരിക്കുകയാണ്, ഇതോടെ ഈ സാമ്പത്തിക വർഷം കടമെടുക്കാൻ സാധിക്കുന്ന തുക ഏതാണ്ട് അവസാനിക്കും . വിലക്കുപ്പട്ടികയിൽ ഉൾപ്പെടുത്തുമെന്നുള്ള മുന്നറിപ്പ് കണക്കിലെടുത്തു ബാങ്കുകൾ സഹകരിക്കുമെന്നാണ് സർക്കാർ പ്രതീക്ഷ. ഈ സാഹചര്യത്തിൽ പുതുതലമുറ ബാങ്കുകളിലേക്ക് സർക്കാർ അകൗണ്ടുകൾ മാറ്റുന്നതിനെക്കുറിച്ചും ധനവകുപ്പിന്റെ ആലോചനയിലുണ്ട്.

സത്യജിത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അദ്ധ്യക്ഷനായി നടനും മുൻ എംപിയുമായ സുരേഷ് ഗോപിയെ നിയമിച്ചിരുന്നു. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറാണ് സുരേഷ് ഗോപിയുടെ നിയമന വാർത്ത സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവച്ചത്.എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ കേന്ദ്രമന്ത്രി സുരേഷ് ഗോപിയ്ക്ക് അഭിനന്ദനം അറിയിക്കുകയും ചെയ്തു. താരത്തിന്റെ സിനിമാ മേഖലയിലെ വൈഭവം ഇൻസ്റ്റിറ്റ്യൂട്ടിനെ കൂടുതൽ സമ്പന്നമാക്കുമെന്നും പ്രവർത്തനകാലം ഫലവത്തായിരിക്കട്ടെയെന്നും അദ്ദേഹം അറിയിച്ചു.

നിയമനത്തിൽ സുരേഷ്‌ഗോപിക്ക് അതൃപ്തിയുള്ളതായി തൊട്ടടുത്ത വൃത്തങ്ങൾ അറിയിച്ചതായാണ് വാർത്തകൾ പുറത്തുവരുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സമയത്തുള്ള ഇത്തരം നിയമനം മത്സരത്തിൽ നിന്നുള്ള ഒഴിവാക്കളാണോ എന്നുള്ള ചർച്ചകളാണ് മുന്നോട്ട് വരുന്നത്. കുറച്ചു വർഷങ്ങളായി തൃശ്ശൂർ മണ്ഡലത്തിൽ സജീവ സാന്നിധ്യമാണ് സുരേഷ് ഗോപി. അടുത്ത തിരഞ്ഞെടുപ്പിൽ അദ്ദേഹം തന്നെ മത്സരിക്കുമെന്നുള്ള പ്രതീക്ഷയിലായിരുന്നു അണികൾ.
നിലവിൽ സത്യജിത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അദ്ധ്യക്ഷനായി നിയമിച്ചതോടുകൂടി സുരേഷ് ഗോപി എന്ത് തീരുമാനത്തിലെത്തുമെന്നുള്ള സംശയം പലർക്കുമുണ്ട്.

കേന്ദ്ര നേതൃത്വവുമായി ചർച്ചകൾ നടത്തിയതിന് ശേഷമേ തീരുമാനം എടുക്കുകയുള്ളൂ എന്ന നിലപാടിലാണ് മുൻ എം പി കൂടിയായ സുരേഷ് ഗോപി. ഇതിനിടയിൽ തൃശ്ശൂരിൽ സുരേഷ് ഗോപിയെ ഒതുക്കാനും കെ സുരേന്ദ്രനെ മത്സരിപ്പിക്കാനുമുള്ള കേന്ദ്രത്തിന്റെ തന്ത്രമാണിതെന്നതടക്കമുള്ള വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ കെ സുരേന്ദ്രൻ തന്നെ രംഗത്തെത്തിയിരുന്നു. സുരേഷ് ഗോപി വടക്കും നാഥന്റെ തട്ടകം ഏറ്റെടുത്ത് കഴിഞ്ഞു, ആരു വിചാരിച്ചാലും അത് തടായാനാവില്ല എന്ന് പറഞ്ഞുകൊണ്ട് സുരേഷ് ഗോപിക്ക് നിയമനത്തിൽ അതൃപ്തിയുണ്ടെന്ന വാർത്തകൾ രാഷ്ട്രീയ അജണ്ടയുടെ ഫലമാണെന്ന് ചൂണ്ടിക്കാട്ടി മാധ്യമങ്ങളെ രൂക്ഷമായി വിമർശിച്ചു.

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഉന്നത നേതാക്കൾ കുടുങ്ങും എന്ന അവസ്ഥയായപ്പോൾ സംസ്ഥാന സർക്കാർ കേന്ദ്ര ഏജൻസികളെ ഭീഷണിപ്പെടുത്തുകയാണെന്ന് എന്ന് കെ സുരേന്ദ്രൻ. ഇ ഡി ക്കെതിരായ പോലീസ് നീക്കം അതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ഇ ഡി ഓഫീസിൽ പോലീസ് പരിശോധന നടത്തിയത്. അതിൽ കടുത്ത അതൃപ്തി ഇഡി ഉദ്യോഗസ്ഥരും പ്രകടിപ്പിച്ചിരുന്നു. സിപിഎം കൗൺസിലർ അരവിന്ദാക്ഷനെ കൊണ്ട് കള്ളപരാതി കൊടുപ്പിച്ചതിന് പിന്നിൽ സിപിഎം നേതൃത്വമാണ്. ഇഡി മർദ്ദിച്ചുവെന്ന പരാതി കരുവന്നൂർ കേസ് അട്ടിമറിക്കാൻ വേണ്ടിയുള്ള ഉന്നതതല ഗൂഢാലോചനയുടെ ഭാഗമാണെന്നും സുരേന്ദ്രൻ വ്യക്തമാക്കി. ഇഡിയുടെ ചോദ്യം ചെയ്യൽ സുതാര്യമാണ് ക്യാമറകൾക്ക് നടുവിലാണ്. ചോദ്യം ചെയ്യലിന് ശേഷം ആറു ദിവസം കഴിഞ്ഞാണ് അരവിന്ദാക്ഷൻ പരാതി കൊടുത്തത്. ഇത് ഗൂഢാലോചനയാണെന്നും സുരേന്ദ്രൻ പറഞ്ഞു.

സർക്കാരിന്റെ ഭീഷണിക്ക് മുന്നിൽ കേന്ദ്ര ഏജൻസികൾ മുട്ടുമടക്കില്ല എന്നും ഫെഡറൽ തത്ത്വങ്ങൾ പിണറായി സർക്കാർ തുടർച്ചയായി ലംഘിക്കുകയാണ് എന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി. മാസപ്പടി ആരോപണത്തിൽ മുഖ്യമന്ത്രിയുടെ ന്യായീകരണം അരിയാഹാരം കഴിക്കുന്നവർ വിശ്വസിക്കില്ല. ചോദ്യങ്ങളിൽ നിന്നും ഒളിച്ചോടുകയാണ് മുഖ്യമന്ത്രി ചെയ്തതെന്നും കെ.സുരേന്ദ്രൻ വ്യക്തമാക്കി

സമസ്ത മേഖലകളിലും കേരളത്തിന്റെ മുന്നേറ്റം വ്യക്തമാക്കാനായി സര്‍ക്കാര്‍ നടത്തുന്ന കേരളീയം – 2023 പരിപാടി യുഡിഎഫ് ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ അറിയിച്ചു.
മുഖ്യമന്ത്രിയും മന്ത്രിമാരും നിയമസഭാ മണ്ഡലാടിസ്ഥാനത്തില്‍ നടത്തുന്ന പര്യടന പരിപാടികളിലും യുഡിഎഫ് സഹകരിക്കില്ലെന്നും വി ഡി സതീശൻ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

ഈ രണ്ട് പരിപാടികളും സര്‍ക്കാര്‍ ചെലവിലുള്ള തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികളാണെന്നും ലോക്‌സഭ, തദ്ദേശ തിരഞ്ഞെടുപ്പുകളുടെ പ്രചരണ പരിപാടികള്‍ ഇടതുമുന്നണി സ്വന്തം നിലയില്‍ സംഘടിപ്പിക്കേണ്ടതാണ്. അല്ലാതെ സര്‍ക്കാര്‍ ഖജനാവിലുള്ള പൊതുജനങ്ങളുടെ നികുതിപണം ദുരുപയോഗം ചെയ്യരുതെന്നും അദ്ദേഹം വിമർശിച്ചു. സംസ്ഥാനം ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോവുമ്പോൾ സർക്കാർ അനാവശ്യ ദൂർത്താണ് നടത്തുന്നത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സാധാരണക്കാരന്റെ കഴുത്തറുത്ത നികുതികൊള്ള ഒരു ഭാഗത്ത്‌ നടക്കുമ്പോൾ നികുതി വെട്ടിപ്പിനുള്ള പറുദീസയായി കേരളം മാറി. ക്ഷേമ പെൻഷൻ കൊടുക്കാൻ സർക്കാരിന് പണമില്ല. വികൃതമായ സര്‍ക്കാരിന്റെ മുഖം മിനുക്കുന്നതിനാണ് ഖജനാവില്‍നിന്ന് കോടികള്‍ ചെലവഴിക്കുന്നത്. ഇക്കാര്യത്തിൽ പ്രതിപക്ഷവുമായി യാതൊരു ആലോചനയും നടത്തിയിട്ടില്ല അതുകൊണ്ട് യുഡിഎഫ് രണ്ട് പരിപാടികളും ബഹിഷ്‌ക്കരിക്കും.

സി എം ആർ എല്ലിൽ നിന്നും പണം കൈപറ്റിയവരുടെ പട്ടികയിലെ പി വി എന്ന ചുരുക്കപ്പേര് തന്റേതായിരിക്കില്ലെന്നും ഈ നാട്ടിൽ എത്രയോ പി വി മാരുണ്ടെന്നും പിണറായി വിജയൻ പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. 7 മാസത്തെ ഇടവേളക്ക് ശേഷമാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നത്. വാർത്താസമ്മേളനത്തിൽ തനിക്കും മകൾ വീണാ വിജയനും നേരെ ഉയരുന്ന മാസപ്പടി ആരോപണങ്ങളെല്ലാം മുഖ്യമന്ത്രി നിഷേധിച്ചു. ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ റിപ്പോർട്ടുകളെല്ലാം രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം വാർത്ത സമ്മേളനത്തിൽ പറഞ്ഞു. തന്നെ എങ്ങനെയെങ്കിലും ഇടിച്ചുതാഴ്ത്താനാണ് മാധ്യമങ്ങൾ ശ്രമിക്കുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു.

അസംബ്ലി പര്യടനം നടത്താൻ മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും. നവകേരള നിര്‍മ്മിതിയുടെ ഭാഗമായി സര്‍ക്കാര്‍ ഉണ്ടാക്കിയ മുന്നേറ്റത്തെക്കുറിച്ച്‌ ജനങ്ങളുമായി കൂടുതല്‍ സംവദിക്കുന്നതിനും സമൂഹത്തിന്‍റെ ചിന്താഗതികള്‍ അടുത്തറിയുന്നതിനും വേണ്ടിയാണ് പര്യടനം. . 2023 നവംബര്‍ 18 മുതല്‍ ഡിസംബര്‍ 24 വരെ പരിപാടി. നവംബര്‍ 18 ന് മഞ്ചേശ്വരത്ത് മണ്ഡലം സദസ് പരിപാടിക്ക് തുടക്കം കുറിക്കുന്നത്തോടുകൂടി ഓരോ മണ്ഡലത്തിലും എം.എല്‍.എമാരുടെ നേതൃത്വത്തിൽ പര്യടനം നടത്തും. സെപ്റ്റംബര്‍ മാസത്തില്‍ സംഘാടകസമിതി രൂപീകരണം മണ്ഡലാടിസ്ഥാനത്തില്‍ സംഘടിപ്പിക്കും.

ജനപ്രതിനിധികളും സഹകരണ സ്ഥാപനങ്ങളും തൊഴിലാളികളും കൃഷിക്കാരും കര്‍ഷക തൊഴി ലാളികളും മഹിളകളും വിദ്യാര്‍ത്ഥികളും മുതിര്‍ന്ന പൗരന്മാരും അടങ്ങുന്ന ബഹുജന സാദസ്സുകളിലൂടെ പരിപാടിയുടെ വിജയത്തിനായി പരിശ്രമിക്കും. ഒപ്പം വിവിധ കലാപരിപാടികൾ സംഘടിപ്പിക്കുമെന്നും അറിയിച്ചു. സ്വാതന്ത്ര്യസ മര സേനാനികള്‍, വെറ്ററന്‍സ്, വിവിധ മേഖലകളിലെ പ്രമുഖര്‍, മഹിളാ, യുവജന, വിദ്യാര്‍ത്ഥി വിഭാഗത്തില്‍നിന്ന് പ്രത്യേകം തെരഞെഞ്ഞെടുക്കപ്പെട്ടവര്‍, കോളേജ് യൂണിയന്‍ ഭാരവാഹികള്‍, പട്ടിക ജാതിപട്ടികവര്‍ഗ വിഭാഗത്തിലെ പ്രതിഭകള്‍, കലാകാരന്മാര്‍, സെലിബ്രിറ്റികള്‍, വിവിധ അവാര്‍ഡ് നേടിയവര്‍, തെയ്യം കലാകാ രډന്മര്‍, വിവിധ സാമുദായിക സംഘടനകളിലെ നേതാക്കള്‍, വിവിധ സംഘടനാ പ്രതി നിധികള്‍, കലാസാംസ്കാരിക സംഘടനകള്‍ ആരാധനാലയങ്ങളുടെ പ്രതിനിധികൾ എന്നിവർ പ്രത്യേക ക്ഷണിതാക്കളായി പങ്കെടുക്കും. പാര്‍ല മെന്‍ററികാര്യ മന്ത്രി, ചീഫ് സെക്രട്ടറി,മന്ത്രിമാർ ജില്ലാ കളക്ടര്‍മാർ എന്നിവർക്കാണ് പരിപാടിയുടെ ചുമതലകൾ നൽകിയിട്ടുള്ളത്.

ഇന്ത്യ മുന്നണിയെന്ന പ്ലാറ്റ് ഫോം ആവാം എന്നാലതിന്റെ സംഘടനാ രൂപത്തോട് യോജിപ്പില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യ ഏകോപന സമിതി എന്നത് സംഘടനാ രൂപമാണ് അതിനോട് യോജിപ്പില്ല എന്നാൽ ഇന്ത്യ മുന്നണിയുടെ ചർച്ചകളിൽ സിപിഎം നേതാക്കൾ പങ്കെടുക്കും എന്നും അദ്ദേഹം അറിയിച്ചു. സിപിമ്മിൽ പൊതു അഭിപ്രായമാണ് ബാധകം അല്ലാതെ സംസ്ഥാനത്തിനോ ആൾക്കോ മാത്രമായി പ്രത്യേക തീരുമാനത്തിലെത്തില്ല എന്നുമദ്ദേഹം വ്യക്തമാക്കി. അതുകൊണ്ട് തന്നെ ഇന്ത്യ മുന്നണിയുടെ ഏകോപന സമിതിയിലേക്ക് സിപിഎം നേതാക്കളെ പറഞ്ഞയക്കേണ്ടതില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ ഇ ഡി റെയിഡുമായി ബന്ധപ്പെട്ടും അദ്ദേഹം പ്രതികരണം നടത്തിയിരുന്നു. നോട്ട് നിരോധന ഘട്ടത്തിൽ സഹകരണ മേഖലയെ തകർക്കാൻ ശ്രമം നടന്നെന്നും ഇപ്പോൾ സഹകരണ മേഖലയെ മൊത്തത്തിൽ ആക്ഷേപിക്കാൻ ചില ഏജൻസികൾ ശ്രമം നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്ര ഏജൻസികൾ സിപിഎമ്മിനെയല്ല മറിച്ച് സഹകരണ മേഘലയെയാണ് ലക്ഷ്യമിടുന്നത് എന്നും അദ്ദേഹം പറഞ്ഞു.

അഭിനേതാക്കളോടുള്ള ഇഷ്ട്ടം വാക്കുകളിലൂടെ ഇല്ലാതാക്കരുത് എന്നായിരുന്നു നടൻ അലൻസിയറുടെ വിഷയത്തിലൂള്ള മുഖ്യമന്ത്രിയുടെ പ്രതികരണം

മാത്യു കുഴൽ നാടനെതിരെ വിജിലൻസ് അന്വേഷണത്തിനു അനുമതി. ചിന്നക്കനാലിലെ ഭൂമിയിടപാടുമായി ബന്ധപ്പെട്ടാണ് അന്വേഷണത്തിന് അനുമതി നൽകിയിരിക്കുന്നത്. 1988 ലെ അഴിമതി നിരോധന നിയമം പ്രകാരം പ്രാഥമിക അന്വേഷണം നടത്താനാണ് ഉത്തരവ്. കുഴൽ നാടന്റെ ചിന്നക്കനാലിലെ റിസോർട്ട് നിയമ വിരുദ്ധമായാണ് പ്രവർത്തിക്കുന്നത് എന്ന് സി പി ഐ എമ്മിന്റെ പ്രാദേശിക നേതാവ് ആരോപണം ഉന്നയിച്ചരുന്നു. അതിനിടെ ചിന്നക്കനാലിലെ റിസോർട്ടിന് ലൈസൻസ് പുതുക്കി നൽകിയിരുന്നു. ഹോം സ്റ്റേ എന്ന നിലയിലാണ് ലൈസൻസ്‌ നൽകിയിരിക്കുന്നത്. ഹോം സ്റ്റേ റിസോർട്ട് എന്ന് പഞ്ചായത്ത് രേഖകളിൽ രേഖപ്പെടുത്തിയിരിക്കുന്നത് ക്ലറിക്കൽ പിഴവാണെന്നാണ് പഞ്ചായത്ത് നൽകുന്ന വിശദീകരണം. അതുകൊണ്ട് തന്നെ നികുതി നിരക്കിലടക്കം മാത്യു കുഴൽ നാടന് ഇളവ് ലഭിക്കും.

മാസപ്പടി വിവാദത്തിൽ സംസ്ഥാന സർക്കാരിനെതിരെ അതിരൂക്ഷ വിമർശനവുമായി രംഗത്തു വന്ന വ്യക്തിയാണ് മാത്യു കുഴൽ നാടൻ. കുഴൽ നാടനെ നേരിടാൻ സിപിഐഎം ആയുധമാക്കിയത് ഈ റിസോർട്ടും അതിലെ നിയമലംഘനങ്ങളുമാണ്