കരുവന്നൂർ ബാങ്ക് തട്ടിപ്പ് : പുറത്തു വന്നിരിക്കുന്നത് മഞ്ഞുമലയുടെ അറ്റം മാത്രം , കെ സുരേന്ദ്രൻ

കരുവന്നൂർ ബാങ്കുവഴി നോട്ട് നിരോധന സമയത്ത് കോടിക്കണക്കിന് കള്ളപ്പണം വെളുപ്പിച്ച കേസിലെ പ്രതികളെ സർക്കാർ സംരക്ഷിക്കാൻ ശ്രമിക്കുകയാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. എ സി മൊയ്‌ദീൻ ഇ ഡിക്ക് മുന്നിൽ ഹാജറാവാതിരുന്നത് സിപിഎം നിർദ്ദേശത്തെ തുടർന്നാണെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ പുറത്തു വന്നിരിക്കുന്നത് മഞ്ഞു മലയുടെ അറ്റം മാത്രമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തൃശൂരിൽ പല ബാങ്കുകളിൽ നിന്നുമായി 500 കോടിയിലധികം രൂപയുടെ കള്ളപ്പണം വെളുപ്പിച്ചു എന്ന വാർത്ത ഞെട്ടിപ്പിക്കുന്നതാണ്. അറസ്റ്റിലായ സതീശൻ എന്ന് പറയുന്ന വ്യക്തി സിപിഎം നേതാക്കളുടെ ബിനാമിയാണെന്നും സുരേന്ദ്രൻ ആരോപിക്കുന്നുണ്ട്. ഉന്നതർ കുടുങ്ങും എന്ന് മനസിലാക്കിയത് കൊണ്ടാണ് കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നത് എന്നും അദ്ദേഹം ആരോപിച്ചു. പാവപ്പെട്ടവരുടെ പണമാണ് സിപിഎം കൊള്ളയടിക്കുന്നത്. കഴിഞ്ഞ ദിവസം ക്രൈം ബ്രാഞ്ച് ഭീഷണിപ്പെടുത്തിയെന്ന് സിപിഐ ബോർഡ് മെമ്പർ വെളിപ്പെടുത്തിയിരുന്നു. ഇഡിക്കെതിരെ സമരം ചെയ്യുന്നത് മടിയിൽ കനമുള്ളതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ സഹകരണ ബാങ്കുകളിലെ അഴിമതിക്കെതിരെ ബിജെപി രണ്ട് ജില്ലകളിൽ സഹകരണ അദാലത്ത് നടത്തിയതായും മറ്റുജില്ലകളിലും സംഘടിപ്പിക്കുമെന്നും പണംനഷ്ട്ടമായവർക്ക് നീതിലഭിക്കും വരെ പോരാടുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.