73 -ാം റിപ്പബ്ലിക് ദിനം ആഘോഷിച്ച് രാജ്യം; പ്രതിരോധ രംഗത്തെ കരുത്ത് തെളിയിച്ച് പരേഡ്

ന്യൂഡൽഹി: 73 -ാം റിപ്പബ്ലിക് ദിനം ആഘോഷിച്ച് രാജ്യം. ഡൽഹിയിലെ രാജ്പഥിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെയും സാന്നിദ്ധ്യത്തിൽ റിപ്പബ്ലിക്ക് ദിന പരേഡ് നടന്നു. റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി രാഷ്ട്രപതി രാം നാഥ് കോവിന്ദ് സേനാ അംഗങ്ങളുടെ സല്യൂട്ട് സ്വീകരിച്ചു. സൈനിക അഭ്യാസ പ്രകടനങ്ങൾക്കും രാജ്യം സാക്ഷ്യം വഹിച്ചു. ഇന്ത്യയുടെ പ്രതിരോധ രംഗത്തെ കരുത്ത് തെളിയിച്ചു കൊണ്ട് ആയുധങ്ങൾ വഹിച്ചുള്ള ടാങ്കറുകളും പരേഡിൽ പങ്കെടുത്തു.

കോവിഡ് പ്രോട്ടോകോളുകൾ പാലിച്ചാണ് ആഘോഷ ചടങ്ങുകൾ നടന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണ റിപ്പബ്ലിക് ദിനാഘോഷത്തിൽ വിശിഷ്ടാതിഥി ഉണ്ടായിരുന്നില്ല. 21 നിശ്ചലദൃശങ്ങളാണ് പരേഡിലുണ്ടായിരുന്നത്. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും സേനാ മേധാവികളും ചടങ്ങിൽ പങ്കെടുത്തു. പത്തരയോടെയാണ് രാജ് പഥിൽ പരേഡ് ആരംഭിച്ചത്. 75 ആകാശയാനങ്ങൾ പങ്കെടുക്കുന്ന ‘ഇന്ത്യൻ എയർഫോഴ്‌സ് ഷോ ഡൗൺ’, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി മത്സരങ്ങൾ നടത്തി തെരഞ്ഞെടുത്ത 480 -ൽ പരം നർത്തകീ നർത്തകന്മാരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ‘വന്ദേഭാരതം’ നൃത്തപരിപാടി, എഴുപത്തഞ്ചടി നീളവും പതിനഞ്ചടി വീതിയുമുള്ള ഭീമൻ സ്‌ക്രോളുകൾ അണിനിരക്കുന്ന ‘കലാ കുംഭ്’, എഴുപത്തഞ്ചു വർഷത്തെ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രം വിശദീകരിക്കുന്ന പ്രൊജക്ഷൻ മാപ്പിംഗ്, സ്‌കൂൾ കുട്ടികളെക്കൊണ്ട് രക്തസാക്ഷികളുടെ കഥ പറയിക്കുന്ന ‘വീർ ഗാഥ’ പരിപാടി, കാണികളുടെ സൗകര്യം കണക്കിലെടുത്തുകൊണ്ട് സ്ഥാപിക്കപ്പെടുന്ന പത്ത് വമ്പൻ LED സ്‌ക്രീനുകൾ, ബീറ്റിങ് റിട്രീറ്റ് ചടങ്ങിൽ പങ്കെടുക്കാൻ അണിനിരക്കുന്ന ആയിരത്തിലധികം ഡ്രോണുകൾ തുടങ്ങിയവയും ചടങ്ങിലുണ്ടായിരുന്നു.

അതേസമയം ഡൽഹിയിൽ അടുത്തിടെ സ്‌ഫോടകവസ്തു കണ്ടെത്തിയ സാഹചര്യത്തിൽ പോലീസ് അതീവ ജാഗ്രത പുലർത്തുന്നുണ്ട്.