തോട്ടപ്പള്ളി കരിമണൽ ഖനനം സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് സുപ്രീം കോടതി; എതിർ കക്ഷികൾക്ക് നോട്ടീസ് അയച്ചു

ന്യൂഡൽഹി: തോട്ടപ്പള്ളി കരിമണൽ ഖനനം സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് സുപ്രീം കോടതി. കെ.എം.എം.ആർ.എൽ, ഐ.ആർ.ഇ എന്നീ സ്ഥാപനങ്ങൾ തോട്ടപ്പള്ളി പൊഴിമുഖത്ത് നടത്തുന്ന ഖനനം അടിയന്തിരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സുരേഷ് കുമാറാണ് ഹർജി നൽകിയത്. കരിമണൽ ഖനനം സ്റ്റേ ചെയ്യാൻ കോടതി വിസമ്മതിച്ചെങ്കിലും പൊഴിമുഖത്തെ ഖനനത്തിനെതിരായ ഹർജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. കേന്ദ്ര സർക്കാർ ഉൾപ്പടെയുള്ള എതിർ കക്ഷികൾക്കാണ് കോടതി നോട്ടീസ് അയച്ചത്.

അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ ആണ് ഹർജിക്കാരനായ സുരേഷ് കുമാറിന് വേണ്ടി സുപ്രീം കോടതിയിൽ ഹാജരായത്. കേന്ദ്ര സർക്കാരിന്റെ അനുമതി തേടാതെയാണ് ഖനനം നടത്തുന്നത് എന്ന് പ്രശാന്ത് ഭൂഷൺ കോടതിയെ അറിയിച്ചു. സീനിയർ അഭിഭാഷകൻ വി ചിദംബരേഷാണ് കെ.എം.എം.ആർ. എൽന് വേണ്ടി ഹാജരായത്. കുട്ടനാട്ടിലെ വെള്ളപ്പൊക്കം നേരിടാനാണ് മണൽ നീക്കമെന്ന് അദ്ദേഹം വാദിച്ചു. തടസ്സ ഹർജി നൽകിയ കെ.എം.എം.എല്ലിന് വേണ്ടി സീനിയർ അഭിഭാഷകൻ വി ചിദംബരേഷന് പുറമെ, അഭിഭാഷകൻ എ കാർത്തിക്കും ഹാജരായിരുന്നു.