Latest News (Page 569)

ട്യൂൺ മൂളി കൊടുത്താൽ പാട്ട് കണ്ടെത്തുന്ന പുതിയ ഫീച്ചർ ഉപഭോക്താക്കൾക്കായി അവതരിപ്പിച്ചിരിക്കുകയാണ് യു ട്യൂബ്. ആപ്പിളിന്റെ മ്യൂസിക് റെക്കഗ്നിഷൻ ആപ്പായ ഷാസാമിലെ ഫീച്ചറിന് സമാനമാണിത്. നിലവിൽ പരീക്ഷണ ഘട്ടത്തിലുള്ള ഫീച്ചർ വൈകാതെ തന്നെ ഉപഭോക്താക്കളിലേക്കെത്തിക്കും. മൂളികൊണ്ടും പ്ലേ ചെയ്തു കൊണ്ടിരിക്കുന്ന പാട്ട് റെക്കോർഡ് ചെയ്തുകൊണ്ടും പാട്ട് കണ്ടെത്താനുള്ള ഫീച്ചർ ഞങ്ങൾ കൊണ്ട് വരുമെന്ന് യു ട്യൂബ് പ്രഖ്യാപിച്ച് കഴിഞ്ഞു. എന്നാൽ യൂ ട്യൂബ് പ്രീമിയം സബ്സ്ക്രിപ്‌ഷനെടുത്ത ചിലർക്ക് ഈ ഫീച്ചർ ലഭിക്കുന്നുണ്ട്.

യു ട്യൂബിലെ വോയിസ് സെർച്ച് ചെയ്യുന്ന ബട്ടൺ ഉപയോഗിച്ച് നിങ്ങൾ ഉദ്ദേശിക്കുന്ന പാട്ടിന്റെ മൂന്ന് സെക്കൻഡിലധികമുള്ള ട്യൂൺ മൂളിയോ, പാടിയോ , റെക്കോർഡ് ചെയ്തോ തിരയാവുന്നതാണ്. പാട്ട് കണ്ടെത്തി യൂ ട്യൂബ് അതുമായി ബന്ധപ്പെട്ട ഒഫീഷ്യൽ മ്യൂസിക് ഉള്ളടക്കത്തിലേക്ക് കൊണ്ട് പോവുകയോ ഷോർട്സുകളിലേക്ക് യൂസേർമാരെ റീ ഡയറക്ട് ചെയ്യുകയോ ചെയ്യും. കൂടാതെ ക്രിയേറ്ററിന് ഒരേ സമയം ഒന്നിലധികം വിഡിയോകൾ അപ്‌ലോഡ് ചെയ്യാനുള്ള ഫീച്ചർ നൽകുന്നതിനും യു ട്യൂബ് പദ്ധതിയിടുന്നുണ്ട്.

കൊൽക്കത്ത : ഡ്യൂറന്‍ഡ് കപ്പിൽ തോൽവി ഏറ്റുവാങ്ങി ഗോകുലം. ഈസ്റ്റ് ബംഗാളിനെതിരെ ഒന്നിന് രണ്ടു ഗോളുകൾക്കായിരുന്നു ഗോകുലം കേരള തോറ്റത്. കളിയുടെ ആദ്യ മിനിറ്റിൽ തന്നെ ഈസ്റ്റ് ബംഗാൾ പൂർണമായും ആധിപത്യം സ്ഥാപിച്ചിരുന്നു . തുടക്കത്തിൽ തിരിച്ചടിച്ചു നിന്നെങ്കിലും ആദ്യപകുതിക്ക് ശേഷം ഈസ്റ്റ് ബംഗാളിനെ പ്രതിരോധിക്കാൻ ഗോകുലത്തിന് കഴിഞ്ഞില്ല.

ബൗബ അമീനുവിന്റെ ഹെഡ്ഡറിലൂടെ 57 മത്തെ മിനിറ്റിൽ ഗോൾ അടിച്ച് ഗോകുലം ഈസ്റ്റ് ബംഗാളിന് ഒപ്പം എത്തി. അഭിജിത്ത് നൽകിയ ക്രോസ് ആയിരുന്നു ബൗബ ഹെഡറിലൂടെ വലയിലാക്കിയത്. എന്നാൽ 77 മത്തെ മിനിറ്റിലുള്ള ബൗബയുടെ തന്നെ സെൽഫ് ഗോളാണ് ഗോകുലത്തിന് വില്ലൻ ആയത്. ഇതോടെ ഈസ്റ്റ് ബംഗാൾ കളിയിൽ ലീഡ് പിടിച്ച് അവസാന നാലിലേക്ക് ടിക്കറ്റ് ഉറപ്പിക്കുകയായിരുന്നു.

തിരുവനന്തപുരം: തലസ്ഥാനത്തെ ഓണം വാരാഘോഷത്തിന് മിഴിവേകാനായി ദീപവിസ്മയങ്ങൾ ഒരുങ്ങി. ഓണാഘോഷത്തിന്റെ ആസ്ഥാനമായ കനകക്കുന്നും നഗരമൊന്നാകെയും പ്രകാശപൂരിതമാക്കുന്ന ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓൺ കർമ്മം ഇന്ന് മന്ത്രി പി. എ മുഹമ്മദ് റിയാസ് നിർവഹിക്കും. ചടങ്ങിന് മന്ത്രി വി ശിവൻകുട്ടി അദ്ധ്യക്ഷത വഹിക്കും.

ഓണം കൂടാൻ നഗരത്തിലെത്തുന്നവരുടെ കണ്ണും മനസും നിറയ്ക്കുന്ന ദീപ വിസ്മയങ്ങൾ ഇന്ന്(ആഗസ്റ്റ് 26) വൈകിട്ട് മിഴി തുറക്കും. ഓണം വാരാഘോഷത്തിന്റെ ഭാഗമായി കനകക്കുന്നിലും നഗരമൊന്നാകെയും പ്രകാശപൂരിതമാക്കുന്ന ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓൺ കർമ്മം പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിക്കും. ചടങ്ങിന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിക്കും.

കവടിയാർ മുതൽ മണക്കാട് വരെയും ശാസ്തമംഗലം വരെയുമുള്ള നഗരവീഥികൾ ഇനിയുള്ള ഒരാഴ്ചക്കാലം ദീപപ്രഭയാൽ വർണാഞ്ചിതമാകും. വൈകുന്നേരം 6.30ന് കനകക്കുന്ന് കൊട്ടാര വളപ്പിൽ നടക്കുന്ന ചടങ്ങിൽ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു, ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ എന്നിവർ മുഖ്യാതിഥികളാകും. ഇല്യൂമിനേഷൻ കമ്മിറ്റി ചെയർമാൻ കൂടിയായ സി കെ ഹരീന്ദ്രൻ എം എൽ എ, വി കെ പ്രശാന്ത് എംഎൽഎ, മേയർ ആര്യാ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ തുടങ്ങിയവരും പങ്കുചേരും.

ചെന്നൈ: ഡിഎംകെയും കരുണാനിധിയ്ക്കുമെതിരെ ആഞ്ഞടിച്ച് തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ. കച്ചത്തീവ് ദ്വീപ് ശ്രീലങ്കയ്ക്ക് കൈമാറി തമിഴ് ജനതയെ ഡിഎംകെയും കരുണാനിധിയും വഞ്ചിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. തമിഴ്ജനതയെ പ്രത്യേകിച്ച് മത്സ്യത്തൊഴിലാളികളെ ഡിഎംകെ സർക്കാർ വഞ്ചിക്കുകയായിരുന്നുവെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു. എൻ മണ്ണ് എൻ മക്കൾ പദയാത്രയുടെ ആദ്യഘട്ടത്തിന്റെ സമാപനസമ്മേളനത്തിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

രഹസ്യമായി ദ്വീപ് കൈമാറ്റം നടന്നത് ഇന്ദിര പ്രധാനമന്ത്രിയായിരുന്ന സമയത്താണ്. 1972ൽ ഗസറ്റിൽ പ്രസിദ്ധീകരിക്കുമ്പോൾ അന്ന് കരുണാനിധിയായിരുന്നു തമിഴ്‌നാട് മുഖ്യമന്ത്രി. ജനങ്ങളെ ഒരുപോലെ വഞ്ചിക്കുകയായിരുന്നു ഡിഎംകെ സർക്കാരും ഇന്ദിരയും. എ ബി വാജ്പേയി അതിശക്തമായ നിലപാടാണ് കൈമാറ്റത്തിനെതിരെ പാർലമന്റിൽ സ്വീകരിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കച്ചത്തീവ് എന്നത് ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന ഒരു ദ്വീപാണ്. നിലവിൽ ഇവിടെ സ്ഥിരതാമസമില്ല. പാക്ക് കടലിടുക്കിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇന്ത്യൻ തീരത്ത് നിന്ന് രാമേശ്വരത്തിന് വടക്ക് കിഴക്കായി ഏകദേശം 33 കിലോമീറ്റർ അകലെയാണിത്.

ജിയോ അവരുടെ ഏറ്റവും കുറഞ്ഞ നിരക്കായ 119 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ ഒഴിവാക്കി. ഒരു ഉപഭോക്താവിൽ നിന്നുള്ള ശരാശരി വരുമാനം മെച്ചപ്പെടുത്താനാണ് ജിയോയുടെ പുതിയ നീക്കം. ജിയോയുടെ സ്ഥിര ഉപഭോക്താക്കൾക്ക് ഇതൊരു നിരാശ നൽകുന്ന വാർത്തയാണ്. ഈ പ്ലാൻ ഒഴിവാക്കിയെങ്കിലും പുതിയ പ്ലാൻ ജിയോ അവതരിപ്പിച്ചിട്ടുണ്ട്.

149 രൂപയുടെ പ്ലാനാണ് നിലവിലുള്ള ഏറ്റവും കുറഞ്ഞ പ്ലാൻ. 61 രൂപയുടെ 5 ജി അപ്ഗ്രേഡ് പ്ലാനുണ്ടെങ്കിലും അതൊരു ആഡ് ഓണായാണ് പ്രവർത്തിക്കുന്നത്. പ്രതിദിനം വൺ ജി ബി ഡാറ്റയും അൺലിമിറ്റഡ് കോളും 100 എസ് എം എസ് എന്നിവയാണ് പുതിയ പ്ലാനിലുള്ളത്. ജിയോ ടി വി, ജിയോ ക്‌ളൗഡ്‌, ജിയോ സിനിമ സേവനങ്ങളും ലഭിക്കുന്ന പ്ലാനിന്റെ വാലിഡിറ്റി 20 ദിവസമാണ്.

നേരത്തെയുണ്ടായിരുന്ന 119 രൂപയുടെ പ്ലാൻ പ്രതിദിനം ഒന്നര ജി ബി ഡാറ്റ, അൺലിമിറ്റഡ് കോളുകൾ, 100 എസ് എം എസ് എന്നിവ നല്കുന്നതായിരുന്നുവെങ്കിലും കാലാവധി 14 ദിവസത്തേക്കായിരുന്നു. 149 രൂപയുടെ പ്ലാനിൽ ഡാറ്റ കുറവാണെങ്കിലും വാലിഡിറ്റി 6 ദിവസം കൂടി ലഭിക്കുന്നുണ്ട്. 99 രൂപയുടെ പ്ലാൻ നിർത്തി 155 രൂപയുടെ പ്ലാനുമായി എയർ ടെലും സമാനനീക്കവുമായി നേരത്തേയെത്തിയിരുന്നു. ഇത് വൺ ജി ബി ഡാറ്റയും അൺലിമിറ്റഡ് കോളും 300 എസ് എം എസുകളും വിങ്ക് മ്യൂസിക്കിലേക്കുള്ള ആക്‌സസും ഹലോ ട്യൂൺ സബ്‌സ്‌ക്രിപ്ഷനും നൽകുന്നു.

മോസ്‌കോ: ഇന്ത്യയിൽവെച്ച് നടക്കുന്ന ജി-20 ഉച്ചകോടിയിൽ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുതിൻ നേരിട്ട് പങ്കെടുക്കാൻ സാധ്യതയില്ലെന്ന് റിപ്പോർട്ട്. പ്രസിഡന്റിനോടടുത്ത വൃത്തങ്ങളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ജി-20 ഉച്ചകോടി നടക്കുന്നത് സെപ്തംബർ മാസത്തിലാണ്.

യുക്രൈനെതിരെയുള്ള യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ പുതിനെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ട് ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഇക്കാര്യം ക്രെംലിൻ ശക്തമായി നിഷേധിക്കുന്നുണ്ടെങ്കിലും വിദേശയാത്ര നടത്തുന്നത് അറസ്റ്റിന് ഇടയാക്കാക്കുമെന്ന കാരണത്താലാണ് ഇന്ത്യയിലേക്കുള്ള പുതിന്റെ യാത്ര ഒഴിവാക്കുന്നതെന്നാണ് പുറത്തു വരുന്ന വിവരം. അതേസമയം, ദക്ഷിണാഫ്രിക്കയിൽ നടന്ന ബ്രിക്സ് ഉച്ചകോടിയിലും പുതിൻ നേരിട്ട് പങ്കെടുത്തിരുന്നില്ല. വീഡിയോ കോൺഫറൻസ് വഴിയായിരുന്നു അദ്ദേഹം ഉച്ചകോടിയിൽ പങ്കെടുത്തത്.

ഏഥൻസ്: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഗ്രീസ് പ്രധാനമന്ത്രി കിരിയാക്കോസ് മിറ്റ്സോടാക്കീസുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യ-ഗ്രീസ് ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് കൂടിക്കാഴ്ച്ചയ്ക്ക് ശേഷം നരേന്ദ്ര മോദി പറഞ്ഞു. സാമ്പത്തിക, രാഷ്ട്രീയ, സുരക്ഷ, പ്രതിരോധ മേഖലകളിൽ ഉഭയകക്ഷി സഹകരണം കൂടുതൽ വിപുലീകരിക്കാൻ തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു.

ഒരു ദിവസത്തെ സന്ദർശനത്തിനായി കഴിഞ്ഞ ദിവസമാണ് അദ്ദേഹം ഗ്രീസിലെത്തിയത്. ജോഹന്നാസ്ബർഗിൽ നടന്ന 15-ാമത് ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുത്ത ശേഷമായിരുന്നു അദ്ദേഹത്തിന്റെ ഗ്രീക്ക് സന്ദർശനം. കാർഷിക മേഖലയിലെ സഹകരണം സംബന്ധിച്ച് ഇരു രാജ്യങ്ങളും ധാരണാപത്രം ഒപ്പുവച്ചു. ഇരു രാജ്യങ്ങളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾ തമ്മിലുള്ള ബന്ധവും ശക്തിപ്പെടുത്തും. ഗ്രീസിനും ഇന്ത്യയ്ക്കുമിടയിൽ വിമാന സർവീസുകൾ പ്രോത്സാഹിപ്പിക്കുമെന്നും മോദി പറഞ്ഞു.

2030 ഓടെ വ്യാപാരം ഇരട്ടിയാക്കാനാണ് ഇരു രാജ്യങ്ങളും ലക്ഷ്യമിടുന്നത്. വ്യാപാരത്തിലും സാമ്പത്തിക സഹകരണത്തിലും ഗ്രീസും ഇന്ത്യയും എന്നും മുന്നിലായിരുന്നു. ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി യുനെസ്‌കോയിലും പരസ്പരം സഹകരണം ഉറപ്പുവരുത്തും. ഉഭയകക്ഷി ബന്ധം കൂടുതൽ ദൃഢമാക്കാനുള്ള നിരവധി പ്രവർത്തനങ്ങൾ ഇരു രാജ്യങ്ങളും സ്വീകരിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

കിംഗ് ഓഫ് കൊത്തയുടെ റിലീസിന് ശേഷം ആരാധകരോടും പ്രേക്ഷകരോടും നന്ദി പറഞ്ഞു ദുൽഖർ സൽമാൻ. ‘ ഞാൻ പ്രതീക്ഷിച്ചതിലും അധികം സ്നേഹവും പിന്തുണയും നിങ്ങൾ എനിക്ക് തന്നു. ഞാനിവിടെ എത്താനുള്ള കാരണം തന്നെ നിങ്ങൾ ഓരോരുത്തരുമാണ്. വീണു പോയപ്പോഴെല്ലാം എന്നെ പിടിച്ചുയർത്തി മുന്നോട്ട് പോകാൻ പ്രേരിപ്പിച്ചത് നിങ്ങളുടെ പിന്തുണയാണ് ‘എന്നായിരുന്നു ദുൽഖർ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. ‘കിംഗ് ഓഫ് കൊത്തയ്ക്ക് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്ന സ്നേഹത്തിൽ ഞൻ വിനീതനാണ്. നിങ്ങളുടെ ഓണത്തിന്റെ ഭാഗമാകാൻ ഞങ്ങൾക്ക് സാധിച്ചതിൽ സന്തോഷം. ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് ഞാൻ നിങ്ങൾക്ക് നന്ദി പറയുന്നു’ എന്നും ദുൽഖർ കൂട്ടിച്ചേർത്തു.

സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷി സംവിധാനം ചെയ്ത കിംഗ് ഓഫ് കൊത്ത എന്ന സിനിമ ഓഗസ്റ്റ് 24 നാണ് റിലീസായത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് തീയറ്ററുകളിൽ ലഭിക്കുന്നത്. ഒരു ഗ്യാങ്സ്റ്റർ വേഷത്തിലെത്തുന്ന ദുൽഖറിന്റെ പ്രകടനത്തിന് മികച്ച കൈയ്യടിയാണ് ലഭിക്കുന്നത്. ഐശ്വര്യ ലക്ഷ്മി, ഗോകുൽസുരേഷ്, ഷബീർ കല്ലറക്കൽ, പ്രസന്ന എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

തിരുവനന്തപുരം: കേരള സർവകലാശാലയുടെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നിവേദനം. തിരുവിതാംകൂർ രാജകുടുംബാംഗം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായിയും ട്രിവാൻഡ്രം ചേമ്പർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി പ്രസിഡന്റ് എസ് എൻ രഘുചന്ദ്രൻ നായർ, സെക്രട്ടറി എബ്രഹാം തോമസും ചേർന്നാണ് സർവകലാശാലകളുടെ ചാൻസലർ കൂടിയായ ഗവർണർക്ക് മെമ്മോറാണ്ടം സമർപ്പിച്ചത്.

കേരള സർവ്വകലാശാലയുടെ പേരിന് നിലവിലെ സാഹചര്യത്തിൽ പ്രസക്തിയില്ലെന്നും സ്ഥാപനം പ്രതിനിധീകരിക്കുന്ന അധികാരപരിധിയോ പൈതൃകമോ പ്രദേശമോ കൃത്യമായി പ്രതിഫലിപ്പിക്കുന്നില്ലെന്നും നിവേദനത്തിൽ പറയുന്നു. തിരുവിതാംകൂർ സർവ്വകലാശാല എന്നോ യൂണിവേഴ്‌സിറ്റി ഓഫ് ട്രാവൻകൂർ എന്നോ കേരള സർവ്വകലാശാലയെ പുനർനാമകരണം ചെയ്യണമെന്നാണ് ഉയർന്നു വന്നിട്ടുള്ള ആവശ്യം.

പ്രദേശത്തിന്റെ സാംസ്‌കാരിക സ്വത്വം പ്രതിഫലിപ്പിക്കുന്നതിനും ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ വികസനത്തിന് തിരുവിതാംകൂറിലെ ജനങ്ങൾ നൽകിയ സംഭാവനകളെ അംഗീകരിക്കുന്നതിനും സർവകലാശാലയെ ഇത്തരത്തിൽ പുനർനാമകരണം ചെയ്യുന്നതാണ് ഉചിതമെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ത്രിപുര: ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി മുൻ മന്ത്രിയും പാർട്ടിയുടെ സംസ്ഥാന വർക്കിംഗ് പ്രസിഡന്റുമായ ബില്ലാൽ മിയയുടെ നേതൃത്വത്തിൽ 8000 കോൺഗ്രസ് പ്രവർത്തകർ വ്യാഴാഴ്ച ത്രിപുരയിലെ സെപാഹിജാല ജില്ലയിലെ ബോക്സാനഗർ നിയമസഭാ മണ്ഡലത്തിന് കീഴിലുള്ള കുലുബാരിയിൽ ബിജെപിയിൽ ചേർന്നു.
ത്രിപുരയിൽ അടുത്ത മാസം ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബില്ലാൽ മിയയുടെ നീക്കം പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾക്ക് കാര്യമായ തിരിച്ചടിയാണ്. ത്രിപുര മുഖ്യമന്ത്രി മണിക് സാഹയുടെ സാന്നിധ്യത്തിലാണ് ബില്ലാൽ മിയ ബിജെപിയിൽ ചേർന്നത്.

വരും ദിവസങ്ങളിൽ ത്രിപുരയിലെ സിപിഎമ്മും കോൺഗ്രസും ഉൾപ്പെടെ രണ്ട് പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളും അപ്രത്യക്ഷമാകുമെന്നും അവരെ കണ്ടെത്താൻ മൈക്രോസ്കോപ്പ് വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
ത്രിപുരയിൽ മാത്രമല്ല, രാജ്യത്തുടനീളം അച്ചടക്കമില്ലാത്ത പാർട്ടിയാണ് കോൺഗ്രസ്. കോൺഗ്രസ് ഇനിയും മങ്ങുമെന്നും താമസിയാതെ കൂടുതൽ ആളുകൾ കൂറുമാറുമെന്നും ബില്ലാൽ മിയ പറഞ്ഞു. ‘ഇന്ന് നമ്മൾ സാക്ഷ്യം വഹിക്കുന്നത് ഒരു ട്രെയിലറാണെന്നും പ്രധാന ഇവന്റ് ഇപ്പോഴും തീർച്ചപ്പെടുത്തിയിട്ടില്ല. വ്യക്തികൾ കോൺഗ്രസിനെ ഉപേക്ഷിച്ച് ബിജെപിയിൽ ചേരുന്ന ഒരു ദിവസം വരും. ത്രിപുരയിലെ ജനങ്ങൾ ഒരിക്കലും സിപിഎമ്മിനെ പിന്തുണച്ചിട്ടില്ല. സിപിഎമ്മിന് സംസ്ഥാനം ഭരിക്കാൻ കഴിഞ്ഞത് കോൺഗ്രസ് കാരണമാണെന്നും. അവരുടെ ദുർഭരണത്തിന്റെ ഫലം നമ്മുടെ സംസ്ഥാനത്തെ ജനങ്ങൾ അനുഭവിച്ചു. നിരവധി ജീവനുകൾ പൊലിഞ്ഞു. തിരഞ്ഞെടുപ്പ് കാലത്ത് നടന്ന അക്രമ സംഭവങ്ങൾ ഞങ്ങൾ നിരീക്ഷിച്ചതായും എന്നാൽ ബിജെപിയുടെ ഭരണത്തിന് കീഴിൽ രാഷ്ട്രീയ കൊലപാതകങ്ങൾ അവസാനിച്ചു’ എന്നും ബിലാൽ മിയ അഭിപ്രായപ്പെട്ടു.

സംസ്ഥാനത്തിനുള്ളിലെ ക്രമസമാധാനനിലയിൽ ഗണ്യമായ പുരോഗതിയുണ്ടെന്നും അദ്ദേഹം എടുത്തുകാട്ടി. സബ്കാ സാത്ത് സബ്കാ വികാസ് പിന്തുടരുന്ന നിലവിലെ സർക്കാർ എല്ലാ മതങ്ങളെയും തുല്യമായി പരിഗണിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ഓഗസ്റ്റ് 23 ന് ബില്ലാൽ മിയ പാർട്ടിയിൽ നിന്ന് രാജി സമർപ്പിച്ചിരുന്നു. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ അഭിസംബോധന ചെയ്ത തന്റെ രാജിക്കത്തിൽ, കഴിഞ്ഞ 44 വർഷമായി തന്റെ രാഷ്ട്രീയ ഭവനം ആയിരുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടിയിലെ എല്ലാ പാർട്ടി സ്ഥാനങ്ങളിൽ നിന്നും തന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും ഒഴിയാനുള്ള തീരുമാനവും ബില്ലാൽ പ്രസ്താവിച്ചിരുന്നു. ഉപതിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ കോൺഗ്രസിന് ഇത് ഒരു വലിയ പ്രഹരമാണ് ഏൽപ്പിച്ചിരിക്കുന്നത്.