കേരള സർവകലാശാലയുടെ പേര് മാറ്റണം; ഗവർണർക്ക് നിവേദനം

തിരുവനന്തപുരം: കേരള സർവകലാശാലയുടെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നിവേദനം. തിരുവിതാംകൂർ രാജകുടുംബാംഗം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായിയും ട്രിവാൻഡ്രം ചേമ്പർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി പ്രസിഡന്റ് എസ് എൻ രഘുചന്ദ്രൻ നായർ, സെക്രട്ടറി എബ്രഹാം തോമസും ചേർന്നാണ് സർവകലാശാലകളുടെ ചാൻസലർ കൂടിയായ ഗവർണർക്ക് മെമ്മോറാണ്ടം സമർപ്പിച്ചത്.

കേരള സർവ്വകലാശാലയുടെ പേരിന് നിലവിലെ സാഹചര്യത്തിൽ പ്രസക്തിയില്ലെന്നും സ്ഥാപനം പ്രതിനിധീകരിക്കുന്ന അധികാരപരിധിയോ പൈതൃകമോ പ്രദേശമോ കൃത്യമായി പ്രതിഫലിപ്പിക്കുന്നില്ലെന്നും നിവേദനത്തിൽ പറയുന്നു. തിരുവിതാംകൂർ സർവ്വകലാശാല എന്നോ യൂണിവേഴ്‌സിറ്റി ഓഫ് ട്രാവൻകൂർ എന്നോ കേരള സർവ്വകലാശാലയെ പുനർനാമകരണം ചെയ്യണമെന്നാണ് ഉയർന്നു വന്നിട്ടുള്ള ആവശ്യം.

പ്രദേശത്തിന്റെ സാംസ്‌കാരിക സ്വത്വം പ്രതിഫലിപ്പിക്കുന്നതിനും ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ വികസനത്തിന് തിരുവിതാംകൂറിലെ ജനങ്ങൾ നൽകിയ സംഭാവനകളെ അംഗീകരിക്കുന്നതിനും സർവകലാശാലയെ ഇത്തരത്തിൽ പുനർനാമകരണം ചെയ്യുന്നതാണ് ഉചിതമെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.