ഏഥൻസ്: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഗ്രീസ് പ്രധാനമന്ത്രി കിരിയാക്കോസ് മിറ്റ്സോടാക്കീസുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യ-ഗ്രീസ് ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് കൂടിക്കാഴ്ച്ചയ്ക്ക് ശേഷം നരേന്ദ്ര മോദി പറഞ്ഞു. സാമ്പത്തിക, രാഷ്ട്രീയ, സുരക്ഷ, പ്രതിരോധ മേഖലകളിൽ ഉഭയകക്ഷി സഹകരണം കൂടുതൽ വിപുലീകരിക്കാൻ തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു.
ഒരു ദിവസത്തെ സന്ദർശനത്തിനായി കഴിഞ്ഞ ദിവസമാണ് അദ്ദേഹം ഗ്രീസിലെത്തിയത്. ജോഹന്നാസ്ബർഗിൽ നടന്ന 15-ാമത് ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുത്ത ശേഷമായിരുന്നു അദ്ദേഹത്തിന്റെ ഗ്രീക്ക് സന്ദർശനം. കാർഷിക മേഖലയിലെ സഹകരണം സംബന്ധിച്ച് ഇരു രാജ്യങ്ങളും ധാരണാപത്രം ഒപ്പുവച്ചു. ഇരു രാജ്യങ്ങളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾ തമ്മിലുള്ള ബന്ധവും ശക്തിപ്പെടുത്തും. ഗ്രീസിനും ഇന്ത്യയ്ക്കുമിടയിൽ വിമാന സർവീസുകൾ പ്രോത്സാഹിപ്പിക്കുമെന്നും മോദി പറഞ്ഞു.
2030 ഓടെ വ്യാപാരം ഇരട്ടിയാക്കാനാണ് ഇരു രാജ്യങ്ങളും ലക്ഷ്യമിടുന്നത്. വ്യാപാരത്തിലും സാമ്പത്തിക സഹകരണത്തിലും ഗ്രീസും ഇന്ത്യയും എന്നും മുന്നിലായിരുന്നു. ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി യുനെസ്‌കോയിലും പരസ്പരം സഹകരണം ഉറപ്പുവരുത്തും. ഉഭയകക്ഷി ബന്ധം കൂടുതൽ ദൃഢമാക്കാനുള്ള നിരവധി പ്രവർത്തനങ്ങൾ ഇരു രാജ്യങ്ങളും സ്വീകരിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

