കച്ചത്തീവ് ദ്വീപ് ശ്രീലങ്കയ്ക്ക് കൈമാറി തമിഴ് ജനതയെ ഡിഎംകെ വഞ്ചിക്കുകയായിരുന്നു; അണ്ണാമലൈ

ചെന്നൈ: ഡിഎംകെയും കരുണാനിധിയ്ക്കുമെതിരെ ആഞ്ഞടിച്ച് തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ. കച്ചത്തീവ് ദ്വീപ് ശ്രീലങ്കയ്ക്ക് കൈമാറി തമിഴ് ജനതയെ ഡിഎംകെയും കരുണാനിധിയും വഞ്ചിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. തമിഴ്ജനതയെ പ്രത്യേകിച്ച് മത്സ്യത്തൊഴിലാളികളെ ഡിഎംകെ സർക്കാർ വഞ്ചിക്കുകയായിരുന്നുവെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു. എൻ മണ്ണ് എൻ മക്കൾ പദയാത്രയുടെ ആദ്യഘട്ടത്തിന്റെ സമാപനസമ്മേളനത്തിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

രഹസ്യമായി ദ്വീപ് കൈമാറ്റം നടന്നത് ഇന്ദിര പ്രധാനമന്ത്രിയായിരുന്ന സമയത്താണ്. 1972ൽ ഗസറ്റിൽ പ്രസിദ്ധീകരിക്കുമ്പോൾ അന്ന് കരുണാനിധിയായിരുന്നു തമിഴ്‌നാട് മുഖ്യമന്ത്രി. ജനങ്ങളെ ഒരുപോലെ വഞ്ചിക്കുകയായിരുന്നു ഡിഎംകെ സർക്കാരും ഇന്ദിരയും. എ ബി വാജ്പേയി അതിശക്തമായ നിലപാടാണ് കൈമാറ്റത്തിനെതിരെ പാർലമന്റിൽ സ്വീകരിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കച്ചത്തീവ് എന്നത് ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന ഒരു ദ്വീപാണ്. നിലവിൽ ഇവിടെ സ്ഥിരതാമസമില്ല. പാക്ക് കടലിടുക്കിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇന്ത്യൻ തീരത്ത് നിന്ന് രാമേശ്വരത്തിന് വടക്ക് കിഴക്കായി ഏകദേശം 33 കിലോമീറ്റർ അകലെയാണിത്.