ജിയോ അവരുടെ ഏറ്റവും കുറഞ്ഞ നിരക്കായ 119 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ ഒഴിവാക്കി. ഒരു ഉപഭോക്താവിൽ നിന്നുള്ള ശരാശരി വരുമാനം മെച്ചപ്പെടുത്താനാണ് ജിയോയുടെ പുതിയ നീക്കം. ജിയോയുടെ സ്ഥിര ഉപഭോക്താക്കൾക്ക് ഇതൊരു നിരാശ നൽകുന്ന വാർത്തയാണ്. ഈ പ്ലാൻ ഒഴിവാക്കിയെങ്കിലും പുതിയ പ്ലാൻ ജിയോ അവതരിപ്പിച്ചിട്ടുണ്ട്.
149 രൂപയുടെ പ്ലാനാണ് നിലവിലുള്ള ഏറ്റവും കുറഞ്ഞ പ്ലാൻ. 61 രൂപയുടെ 5 ജി അപ്ഗ്രേഡ് പ്ലാനുണ്ടെങ്കിലും അതൊരു ആഡ് ഓണായാണ് പ്രവർത്തിക്കുന്നത്. പ്രതിദിനം വൺ ജി ബി ഡാറ്റയും അൺലിമിറ്റഡ് കോളും 100 എസ് എം എസ് എന്നിവയാണ് പുതിയ പ്ലാനിലുള്ളത്. ജിയോ ടി വി, ജിയോ ക്ളൗഡ്, ജിയോ സിനിമ സേവനങ്ങളും ലഭിക്കുന്ന പ്ലാനിന്റെ വാലിഡിറ്റി 20 ദിവസമാണ്.
നേരത്തെയുണ്ടായിരുന്ന 119 രൂപയുടെ പ്ലാൻ പ്രതിദിനം ഒന്നര ജി ബി ഡാറ്റ, അൺലിമിറ്റഡ് കോളുകൾ, 100 എസ് എം എസ് എന്നിവ നല്കുന്നതായിരുന്നുവെങ്കിലും കാലാവധി 14 ദിവസത്തേക്കായിരുന്നു. 149 രൂപയുടെ പ്ലാനിൽ ഡാറ്റ കുറവാണെങ്കിലും വാലിഡിറ്റി 6 ദിവസം കൂടി ലഭിക്കുന്നുണ്ട്. 99 രൂപയുടെ പ്ലാൻ നിർത്തി 155 രൂപയുടെ പ്ലാനുമായി എയർ ടെലും സമാനനീക്കവുമായി നേരത്തേയെത്തിയിരുന്നു. ഇത് വൺ ജി ബി ഡാറ്റയും അൺലിമിറ്റഡ് കോളും 300 എസ് എം എസുകളും വിങ്ക് മ്യൂസിക്കിലേക്കുള്ള ആക്സസും ഹലോ ട്യൂൺ സബ്സ്ക്രിപ്ഷനും നൽകുന്നു.

