Latest News (Page 2,382)

അങ്കമാലി: അങ്കമാലിയില്‍ കെ-റെയില്‍ സര്‍വേ കല്ലുകള്‍ പിഴുത നിലയില്‍. അതേസമയം, പദ്ധതിയുടെ സര്‍വേ കല്ലുകള്‍ പിഴുതെറിഞ്ഞ നടപടിയെ അനുകൂലിച്ച് റോജി എം ജോണ്‍ എംഎല്‍എ രംഗത്തെത്തി. സാധാരണ ജനങ്ങളുടെ സ്വാഭാവിക പ്രതികരണമാണ് ഇക്കാര്യത്തില്‍ ഉണ്ടായതെന്നും സംസ്ഥാനത്ത് സ്ഥാപിച്ച കല്ലുകള്‍ക്ക് മുഴുവന്‍ പോലീസ് കാവല്‍ നില്‍ക്കുമോയെന്നും റോജി എം ജോണ്‍ ചോദിച്ചു.

അങ്കമാലി, എളവൂര്‍, പാറക്കടവിനടുത്ത് ത്രിവേണി കവലയിലെ പാടശേഖരത്തിലാണ് ഇന്നലെ കെ-റെയില്‍ ഉദ്യോഗസ്ഥരെത്തി സര്‍വേ കല്ലുകള്‍ സ്ഥാപിച്ചത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം കെ-റെയില്‍ വിരുദ്ധ സമര സമിതിയുടെ നേതൃത്വത്തില്‍ ഉയരുകയും, പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീകക്ുകയും ചെയ്തിരുന്നു. എന്നാല്‍, ഇന്ന് പുലര്‍ച്ചെയാണ് സര്‍വേ കല്ലുകള്‍ പിഴുതു മാറ്റുകയും അതിന് മുകളില്‍ റീത്ത് വെയ്ക്കുകയും ചെയ്തതായി കണ്ടെത്തിയത്.

ജനങ്ങളെ അറസ്റ്റ് ചെയ്തും ഭീക്ഷണിപ്പെടുത്തിയും സ്ഥാപിച്ച കെ റെയില്‍ കല്ലുകള്‍ക്ക് 24 മണിക്കൂറിന്റെ ആയുസ് ഉണ്ടായില്ലെന്ന് റോജി എം ജോണ്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു. ജനങ്ങളെ വെല്ലുവിളിച്ച് മുന്നോട്ട് പോകുന്ന പിണറായി സര്‍ക്കാരിന്റെ ധാര്‍ഷ്ട്യത്തിന് തക്ക മറുപടി നല്‍കിയ ധീരന്‍മാര്‍ക്ക് അഭിവാദ്യങ്ങളെന്നുമാണ് ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് അദ്ദേഹം പറഞ്ഞത്.

നിമിഷ സജയനും സുരാജ് വെഞ്ഞാറമൂടും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രമായ ഗ്രേറ്റ് ഇന്ത്യൻ കിച്ചനെ പ്രശംസിച്ച് തെലുങ്ക് താരം രാം ചരൺ. അസാധ്യമായ സിനിമയാണ് ഗ്രേറ്റ് ഇന്ത്യൻ കിച്ചനെന്ന് അദ്ദേഹം പറഞ്ഞു. രാജമൗലി സംവിധാനം ചെയ്ത ആർ.ആർ.ആർ എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കേരളത്തിൽ എത്തിയപ്പോൾ ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. മലയാള സിനിമകൾ കാണാറുണ്ടോയെന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

കോവിഡ് വൈറസ് വ്യാപനത്തിന്റെ സമയത്താണ് മലയാള സിനിമകൾ കൂടുതലായും കണ്ട് തുടങ്ങിയത്. ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിൽ മലയാളം സിനിമകൾ വന്നതോടെ കുടുംബത്തോടൊപ്പം മലയാള സിനിമകൾ കാണാറുണ്ട്. ഗംഭീര നടിയാണ് നിമിഷ. അസാധ്യമായ അഭിനയമാണ് നിമിഷയുടേത്. നിമിഷ അവർക്കൊപ്പം ഏതെങ്കിലും ഒരു സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹവും രാം ചരൺ പ്രകടിപ്പിച്ചു.

ന്യൂഡല്‍ഹി: 1972ല്‍ ഇന്ത്യാ ഗേറ്റില്‍ സ്ഥാപിച്ച ഇന്ത്യയുടെ നിത്യജ്വാല എന്നറിയപ്പെടുന്ന അമര്‍ ജവാന്‍ ജ്യോതി 50 വര്‍ഷങ്ങള്‍ക്ക് ശേഷം കെടാനൊരുങ്ങുന്നു. റിപബ്‌ളിക് ദിനത്തിന് മുന്നോടിയായി ദേശീയ യുദ്ധസ്മാരകത്തിലെ ജ്വാലയുമായി അമര്‍ ജവാന്‍ ജ്യോതി ലയിപ്പിക്കുന്നതിന്റെ ഭാഗമായാണ് തീ കെടുത്തുന്നത്.

1971 ലെ ഇന്ത്യാ-പാക് യുദ്ധത്തില്‍ വീരമൃത്യു വരിച്ച സൈനികരുടെ സ്മരണയ്ക്കായാണ് അമര്‍ ജവാന്‍ ജ്യോതി ഇന്ത്യാ ഗേറ്റില്‍ സ്ഥാപിച്ചിരിക്കുന്നത്. ഇന്ത്യാ ഗേറ്റിന്റെ ചുമരുകളില്‍ സൈനികരുടെ പേരുകള്‍ ആലേഖനം ചെയ്തിട്ടുണ്ട്. സ്മാരകത്തില്‍ തലകീഴായി ഒരു ബയണറ്റും അതിനു മുകളില്‍ സൈനികര്‍ ഉപയോഗിക്കുന്ന ഹെല്‍മറ്റും സ്ഥാപിച്ചിട്ടുണ്ട്. ഇതിന് മുന്നിലായാണ് കെടാവിളക്ക് സ്ഥാപിച്ചിരിക്കുന്നത്. സൈനിക മേധാവികളും സന്ദര്‍ശകരുമെല്ലാം ഇവിടെയെത്തി സൈനികര്‍ക്ക് ആദരവ് അര്‍പ്പിച്ചിരുന്നു. റിപബ്‌ളിക് ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അമര്‍ ജവാന്‍ ജ്യോതിയില്‍ ആദരാഞ്ജലി അര്‍പ്പിക്കും. 2019ലാണ് ദേശീയ യുദ്ധ സ്മാരകം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്.

തിരുവനന്തപുരം: പോലീസിന്റെ ഭാഗമാകാൻ ഇനി കുടുംബശ്രീ അംഗങ്ങളും. സ്ത്രീ കർമ്മസേനയെന്ന പേരിൽ കുടുംബശ്രീ അംഗങ്ങളുടെ പ്രത്യേക സംഘം കേരള പോലീസിൽ രൂപീകരിക്കാനാണ് തീരുമാനം. ഡിജിപി അനിൽകാന്ത് പദ്ധതിയുടെ വിശദ രേഖ തയ്യാറാക്കും. പ്രത്യേകസംഘത്തിലെ തെരഞ്ഞെടുക്കപ്പെടുന്ന കുടുംബശ്രീ അംഗങ്ങൾക്ക് പരിശീലനവും യൂണിഫോമും നൽകും. പദ്ധതിയുടെ വിശദമായ രൂപരേഖ തയ്യാറാക്കാനാണ് ഡിജിപി അനിൽ കാന്തിന് ആഭ്യന്തര സെക്രട്ടറി നൽകിയിരിക്കുന്ന നിർദ്ദേശം.

സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് പോലെ പ്രത്യേക വിഭാഗമായിട്ടാകും കുടുംബശ്രീ അംഗങ്ങൾ പ്രവർത്തിക്കുന്നത്. സ്ത്രീസുരക്ഷ ഉറപ്പാക്കാനും പോലീസ് സ്റ്റേഷനുകളെ കൂടുതൽ സ്ത്രീസൗഹൃദമാക്കാനും വേണ്ടിയാണ് പുതിയ നടപടി.

ആഴ്ചയിൽ മൂന്ന് ദിവസമെങ്കിലും കുടുംബശ്രീ പ്രവർത്തകർ പൊലീസ് സ്റ്റേഷനിലുണ്ടാകണമെന്നാണ് നിർദ്ദേശം. നിയമസമിതിയുടെയും ഡിജിപിയുടെയും ശുപാർശയുടെ അടിസ്ഥാനത്തിലാണ് ഇത്തരത്തിൽ പുതിയ പദ്ധതി ആവിഷ്‌ക്കരിച്ചത്. സമൂഹത്തിന്റെ അടിത്തട്ട് വരെ സ്വാധീനമുള്ള കുടുംബശ്രീ പ്രവർത്തകരെ പൊലീസിലും ഉപയോഗപ്പെടുത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. സമൂഹത്തിന്റെ എല്ലാ കോണിലേക്കും ഇറങ്ങി പ്രവർത്തിക്കുന്നതിനാലാണ് കുടുംബശ്രീ പ്രവർത്തകരെ ഈ പദ്ധതിയുടെ ഭാഗമാക്കുന്നത്.

കൊവിഡ് സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്ത് ഒന്നുമുതല്‍ 9 വരെയുളള ക്ലാസുകള്‍ ഇന്നുമുതല്‍ ഓണ്‍ലൈനില്‍. രണ്ടാഴ്ചത്തേക്കാണ് നിയന്ത്രണം. എന്നാല്‍, എസ് എസ് എല്‍ സി, പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളും, കോളേജുകളും അടക്കില്ല. സി കാറ്റഗറിയില്‍പ്പെടുന്ന ജില്ലകളില്‍ ഒന്നും രണ്ടും വര്‍ഷ ബിരുദ ക്ലാസുകളും, ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ ക്ലാസുകളും പ്ലസ് വണ്‍ ക്ലാസുകളും ഓണ്‍ലൈനിലേക്ക് മാറും. ബയോ ബബിള്‍ മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്കും, തെറാപ്പി അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന സ്പെഷ്യല്‍ സ്‌കൂളുകള്‍ക്കും നിയന്ത്രണമില്ല.

അതേസമയം, ഞായറാഴ്ചകളില്‍ ലോക്ഡൗണിനു സമാനമായ അടച്ചിടലുണ്ടാകും. 23, 30 തീയതികളില്‍ അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് അനുമതി. എന്നാല്‍, രാത്രികാല നിയന്ത്രണം തല്‍ക്കാലം ഏര്‍പ്പെടുത്തില്ല. വിവാഹം-മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണം പരമാവധി 20 ആയി ചുരുക്കി. പാലക്കാട്, ഇടുക്കി, തിരുവനന്തപുരം, വയനാട്, പത്തനംതിട്ട ജില്ലകളില്‍ കൂടുതല്‍ നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തും. ഈ ജില്ലകളിലെ എല്ലാ പൊതുപരിപാടികളും നിയന്ത്രിക്കും. ആരാധനാ ചടങ്ങുകള്‍ ഓണ്‍ലൈനില്‍ മാത്രം നടത്തും.

സംസ്ഥാനത്ത് നിയന്ത്രണങ്ങളുടെ ഭാഗമായി എറണാകുളം, ആലപ്പുഴ, കൊല്ലം ജില്ലകളെ ‘എ’ കാറ്റഗറിയില്‍പ്പെടുത്തും. പൊതുപരിപാടികളില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണം പരമാവധി 50 ആക്കും. മാളുകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് മാനേജുമെന്റുകള്‍ക്ക് തീരുമാനിക്കാം.

തിരുവനന്തപുരം: നിയമ മന്ത്രി പി രാജീവുമായി കൂടിക്കാഴ്ച്ച നടത്താനൊരുങ്ങി ഡബ്ല്യുസിസി അംഗങ്ങൾ. സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങൾ പഠിച്ച ജസ്റ്റിസ് ഹേമ സമിതി റിപ്പോർട്ട് പുറത്തുവിടണമെന്ന ആവശ്യവുമായാണ് ഡബ്ല്യുസിസി അംഗങ്ങൾ മന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തുന്നത്. വൈകിട്ട് നാലു മണിക്ക് കളമശ്ശേരി കുസാറ്റ് ഗസ്റ്റ് ഹൗസിൽ വച്ചാണ് കൂടിക്കാഴ്ച്ച.

നേരത്തെ ഈ ആവശ്യം ഉന്നയിച്ച് വനിതാ കമ്മീഷൻ അദ്ധ്യക്ഷ പി സതീദേവിയുമായി ഡബ്ല്യുസിസി അംഗങ്ങൾ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ജസ്റ്റിസ് ഹേമയുടേത് കമ്മീഷനല്ല സമിതിയാണെന്ന് അപ്പോഴാണ് തിരിച്ചറിഞ്ഞതെന്നും ഡബ്ല്യുസിസി അംഗങ്ങൾ മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരണമെന്നാണ് ആഗ്രഹമെന്ന് ഡബ്ല്യൂസിസി അംഗങ്ങൾ വ്യക്തമാക്കിയിരുന്നു. ഇനി കാത്തിരിക്കാനാവില്ലെന്നും ഡബ്ല്യൂസിസി അംഗങ്ങൾ പറഞ്ഞിരുന്നു. അതേസമയം ഹേമ കമ്മിറ്റിക്ക് മുൻപാകെ തനിക്ക് ഉണ്ടായ വ്യക്തിപരമായ പ്രശ്നങ്ങൾ എണ്ണിയെണ്ണി പറഞ്ഞിട്ടുണ്ടെന്ന് നടി പാർവ്വതി പറഞ്ഞു. നടിയെ പിന്തുണക്കുന്നു എന്ന് പോസ്റ്റിട്ടവർ സ്വന്തം പ്രൊഡക്ഷൻ കമ്പനിയിൽ ഇന്റേണൽ കംപ്ലയിന്റ് കമ്മറ്റി ഉണ്ടോയെന്ന് വ്യക്തമാക്കണമെന്നും അങ്ങനെയാണ് സ്ത്രീകളുടെ കൂടെ നിൽക്കേണ്ടതെന്നും പാർവ്വതി കൂട്ടിച്ചേർത്തു. ഒരുപാട് സ്ത്രീകൾ അവരുടെ പ്രശ്‌നങ്ങൾ തുറന്നു പറഞ്ഞ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരേണ്ടത് തന്നെയാണെന്ന് നടി പത്മപ്രിയയും ചൂണ്ടിക്കാട്ടി.

മാര്‍ച്ച് 2022ല്‍ ആരംഭിക്കുന്ന അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിന് ബന്ധപ്പെട്ട ഐ.ടി.ഐകളില്‍ ജനുവരി 25 വരെ അപേക്ഷ സമര്‍പ്പിക്കാന്‍ അവസരം. ഫൈനോടു കൂടി 31 വരെയും അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങളും അപേക്ഷാ ഫോമും ബന്ധപ്പെട്ട ഗവ. ഐ.ടി.ഐകളില്‍ നിന്നും www.det.kerala.gov.in എന്ന വെബ്സൈറ്റിലും ലഭ്യമാണ്.

ന്യൂഡൽഹി: രാജ്യത്തെ വാക്സിൻ വിതരണം വളരെ പ്രയോജനകരമായെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) മേധാവി ഡോ. ബൽറാം ഭാർഗവ. രണ്ടാം തരംഗത്തെ അപേക്ഷിച്ച് മരണം ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നിലവിൽ ഇന്ത്യയിലെ കോവിഡ് വ്യാപനം ഗുരുതരമായ രോഗാവസ്ഥയ്ക്കും ഉയർന്ന തോതിലുള്ള മരണനിരക്കിനും ഇടയാക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മൂന്നാം തരംഗത്തിൽ കോവിഡ് ബാധിച്ചവർ ഗുരുതരാവസ്ഥയിലേക്ക് പോകുന്നത് തടയുന്നതിന് വാക്സിനേഷൻ ഒരുപരിധിവരെ കാരണമായിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ ഏതെങ്കിലും അസുഖമുള്ളവർ ആരോഗ്യം നിരീക്ഷിക്കുകയും സങ്കീർണതകൾ ഒഴിവാക്കുകയും വേണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. മരണനിരക്ക് കുറയ്ക്കാൻ വാക്‌സിൻ സഹായിക്കുന്നുവെന്നതിനാൽ എല്ലാവരും വാക്‌സിൻ സ്വീകരിക്കണം. രാജ്യത്ത് 94 ശതമാനം പേർ ആദ്യ ഡോസും 72 ശതമാനം പേർ രണ്ടു ഡോസും സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

വീടുകളിൽ കോവിഡ് പരിശോധന നടത്തുന്നവരുടെ എണ്ണവും വർധിച്ചു. കഴിഞ്ഞ 20 ദിവസത്തിനുള്ളിൽ രണ്ടു ലക്ഷം ആളുകളാണ് ഇത്തരത്തിൽ പരിശോധന നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്ത് 16% ടിപിആർ എന്നത് വളരെ ഉയർന്ന നിരക്കാണെന്നും ഗോവയെപ്പോലെ ചില സംസ്ഥാനങ്ങളിൽ ഇത് 50%-ത്തിന് മുകളിലാണെന്നും നീതി ആയോഗ് അംഗം ഡോ.വി.കെ. പോൾ അറിയിച്ചു. കോവിഡ് അണുബാധ തടയുന്നതിൽ വാക്സിനേഷനുള്ള പങ്ക് എടുത്തുപറഞ്ഞ ഡോ. പോൾ, വാക്‌സിൻ മരണനിരക്ക് വലിയ തോതിൽ കുറച്ചിട്ടുണ്ടെങ്കിലും മറ്റു രോഗങ്ങളുള്ളവരുടെ കാര്യത്തിൽ ആശങ്കയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: എസ്എസ് എല്‍സി, പ്ലസ്ടു പരീക്ഷയുടെ ചോദ്യപ്പേപ്പര്‍ ഘടന പുറത്തുവന്നതോടെ വെട്ടിലായി വിദ്യാര്‍ഥികള്‍. ഫോക്കസ് ഏരിയയില്‍ നിന്നുള്ള ചോദ്യങ്ങളും മാര്‍ക്കും 70% ആയി കുറച്ച് 30% മാര്‍ക്ക് നോണ്‍ ഫോക്കസ് ഏരിയയില്‍നിന്നു മാത്രമാക്കിയ രീതി രക്ഷിതാക്കളെ അക്കം ആശങ്കയിലാക്കിയിരിക്കുകയാണ്. ഇത്തരം ഒരു പരിഷ്‌കാരം വിദ്യാഭ്യാസ വകുപ്പ് നേരത്തെ അറിയിക്കാഞ്ഞതിനാല്‍ കഴിഞ്ഞ വര്‍ഷത്തെ മാതൃകയില്‍ ഫോക്കസ് ഏരിയ മാത്രം കേന്ദ്രീകരിച്ചായിരുന്നു പഠനം. പരീക്ഷയ്ക്കു രണ്ടു മാസം മാത്രം ബാക്കി നില്‍ക്കെയാണ് പുതിയ അറിയിപ്പ്. ഫോക്കസ് ഏരിയ മാത്രം പഠിക്കുന്നവര്‍ക്ക് എ ഗ്രേഡ് പോലും (80% മാര്‍ക്കിനു മുകളില്‍) നേടാനാവില്ല.

പൂര്‍ണ തോതില്‍ ക്ലാസുകള്‍ നടക്കാത്തതിനാല്‍ പാഠപുസ്തകത്തിന്റെ 60% പാഠങ്ങള്‍ ഉള്‍പ്പെടുന്ന ഫോക്കസ് ഏരിയ തന്നെ പരീക്ഷയ്ക്കു മുന്‍പു പഠിപ്പിച്ചു തീര്‍ക്കാനാവാത്ത സാഹചര്യമാണെന്നാണ് അധ്യാപകര്‍ പറയുന്നത്. ഇപ്പോള്‍ വീണ്ടും ക്ലാസുകള്‍ പ്രതിസന്ധിയിലായിരിക്കുകയാണ്.

കഴിഞ്ഞ വര്‍ഷം പാഠപുസ്തകത്തിന്റെ 40% പാഠങ്ങളായിരുന്നു ഫോക്കസ് ഏരിയയെങ്കില്‍ ഇത്തവണ 60% ആയി വര്‍ധിപ്പിച്ചിരുന്നു. ഓപ്ഷനലായി ഉള്‍പ്പെടുന്ന അധിക ചോദ്യങ്ങള്‍ 100 ശതമാനത്തില്‍ നിന്ന് 50% ആയി കുറയ്ക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം എ പ്ലസ് ഗ്രേഡുകാരുടെ എണ്ണം കൂടിയത് മൂലമുള്ള പ്രതിസന്ധി പരിഗണിച്ചാണ് ഇത്തവണ ഉയര്‍ന്ന ഗ്രേഡുകാരുടെ എണ്ണം കുറക്കാനുള്ള ഈ ‘സര്‍ജിക്കല്‍ സ്‌ട്രൈക്ക്’. പാഠപുസ്തകം സമഗ്രമായി പഠിക്കുന്നവര്‍ക്കു മാത്രം ഉന്നത ഗ്രേഡുകള്‍ ലഭിക്കുകയുള്ളൂ എന്നത് പഠന നിലവാരം വര്‍ധിപ്പിക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് അധികൃതരുടെ ന്യായീകരണം. എന്നാല്‍, പരീക്ഷ അടുപ്പിച്ച പ്രഖ്യാപിച്ച ഈ പരിഷ്‌കാരം പിന്‍വലിക്കണമെന്നാണ് ഭരണ-പ്രതിപക്ഷ അധ്യാപക സംഘടനകള്‍ ആവശ്യപ്പെടുന്നത്.

ന്യൂഡൽഹി: വിവാഹിതരാണെങ്കിലും ലൈംഗികബന്ധത്തിന് പങ്കാളിയെ നിർബന്ധിക്കാനാവില്ലെന്ന് ഡൽഹി ഹൈക്കോടതി. മാരിറ്റൽ റേപ്പ് ക്രിമിനൽ കുറ്റമാക്കുന്നതിനായുള്ള ഹർജികൾ പരിഗണിക്കവെയാണ് കോടതി നിർണായക നിരീക്ഷണം നടത്തിയത്. ജസ്റ്റിസ് സി ഹരിശങ്കറാണ് ഇതുസംബന്ധിച്ച പരാമർശം നടത്തിയത്.

വിവാഹത്തിലായാലും അവിടെ ലൈംഗികബന്ധം പ്രതീക്ഷിക്കപ്പെടുന്നതാണ്. പങ്കാളിയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാനുള്ള അവകാശം തനിക്കുണ്ടെന്ന് നിർബന്ധം പിടിക്കാനാവില്ലെന്നും ജസ്റ്റിസ് ഹരിശങ്കർ ചൂണ്ടിക്കാട്ടി. അതേസമയം അമിക്കസ് ക്യൂരി റബേക്ക ജോൺ ഇതിനെ പിന്തുണച്ചു. വിവാഹത്തിൽ ലൈംഗികബന്ധം പ്രതീക്ഷിക്കപ്പെടും അത് കുറ്റകരമല്ല. പക്ഷേ, ഈ പ്രതീക്ഷ നിർബന്ധപൂർവമുള്ള ബലപ്രയോഗമായാൽ അത് തെറ്റാവുന്നുവെന്ന് അമിക്കസ് ക്യൂരി പറഞ്ഞു. വെള്ളിയാഴ്ച ഹർജിയിൽ കോടതി തുടർവാദം കേൾക്കും.