രാജ്യത്തെ കോവിഡ് വ്യാപനം ഗുരുതരമായ രോഗാവസ്ഥയ്ക്ക് ഇടയാക്കില്ല; ഐസിഎംആർ

ന്യൂഡൽഹി: രാജ്യത്തെ വാക്സിൻ വിതരണം വളരെ പ്രയോജനകരമായെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) മേധാവി ഡോ. ബൽറാം ഭാർഗവ. രണ്ടാം തരംഗത്തെ അപേക്ഷിച്ച് മരണം ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നിലവിൽ ഇന്ത്യയിലെ കോവിഡ് വ്യാപനം ഗുരുതരമായ രോഗാവസ്ഥയ്ക്കും ഉയർന്ന തോതിലുള്ള മരണനിരക്കിനും ഇടയാക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മൂന്നാം തരംഗത്തിൽ കോവിഡ് ബാധിച്ചവർ ഗുരുതരാവസ്ഥയിലേക്ക് പോകുന്നത് തടയുന്നതിന് വാക്സിനേഷൻ ഒരുപരിധിവരെ കാരണമായിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ ഏതെങ്കിലും അസുഖമുള്ളവർ ആരോഗ്യം നിരീക്ഷിക്കുകയും സങ്കീർണതകൾ ഒഴിവാക്കുകയും വേണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. മരണനിരക്ക് കുറയ്ക്കാൻ വാക്‌സിൻ സഹായിക്കുന്നുവെന്നതിനാൽ എല്ലാവരും വാക്‌സിൻ സ്വീകരിക്കണം. രാജ്യത്ത് 94 ശതമാനം പേർ ആദ്യ ഡോസും 72 ശതമാനം പേർ രണ്ടു ഡോസും സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

വീടുകളിൽ കോവിഡ് പരിശോധന നടത്തുന്നവരുടെ എണ്ണവും വർധിച്ചു. കഴിഞ്ഞ 20 ദിവസത്തിനുള്ളിൽ രണ്ടു ലക്ഷം ആളുകളാണ് ഇത്തരത്തിൽ പരിശോധന നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്ത് 16% ടിപിആർ എന്നത് വളരെ ഉയർന്ന നിരക്കാണെന്നും ഗോവയെപ്പോലെ ചില സംസ്ഥാനങ്ങളിൽ ഇത് 50%-ത്തിന് മുകളിലാണെന്നും നീതി ആയോഗ് അംഗം ഡോ.വി.കെ. പോൾ അറിയിച്ചു. കോവിഡ് അണുബാധ തടയുന്നതിൽ വാക്സിനേഷനുള്ള പങ്ക് എടുത്തുപറഞ്ഞ ഡോ. പോൾ, വാക്‌സിൻ മരണനിരക്ക് വലിയ തോതിൽ കുറച്ചിട്ടുണ്ടെങ്കിലും മറ്റു രോഗങ്ങളുള്ളവരുടെ കാര്യത്തിൽ ആശങ്കയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.