ഒന്ന് മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസുകള്‍ ഇന്ന് മുതല്‍ ഓണ്‍ലൈനില്‍; നിയന്ത്രണങ്ങള്‍ രണ്ടാഴ്ചത്തേക്ക്‌

കൊവിഡ് സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്ത് ഒന്നുമുതല്‍ 9 വരെയുളള ക്ലാസുകള്‍ ഇന്നുമുതല്‍ ഓണ്‍ലൈനില്‍. രണ്ടാഴ്ചത്തേക്കാണ് നിയന്ത്രണം. എന്നാല്‍, എസ് എസ് എല്‍ സി, പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളും, കോളേജുകളും അടക്കില്ല. സി കാറ്റഗറിയില്‍പ്പെടുന്ന ജില്ലകളില്‍ ഒന്നും രണ്ടും വര്‍ഷ ബിരുദ ക്ലാസുകളും, ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ ക്ലാസുകളും പ്ലസ് വണ്‍ ക്ലാസുകളും ഓണ്‍ലൈനിലേക്ക് മാറും. ബയോ ബബിള്‍ മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്കും, തെറാപ്പി അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന സ്പെഷ്യല്‍ സ്‌കൂളുകള്‍ക്കും നിയന്ത്രണമില്ല.

അതേസമയം, ഞായറാഴ്ചകളില്‍ ലോക്ഡൗണിനു സമാനമായ അടച്ചിടലുണ്ടാകും. 23, 30 തീയതികളില്‍ അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് അനുമതി. എന്നാല്‍, രാത്രികാല നിയന്ത്രണം തല്‍ക്കാലം ഏര്‍പ്പെടുത്തില്ല. വിവാഹം-മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണം പരമാവധി 20 ആയി ചുരുക്കി. പാലക്കാട്, ഇടുക്കി, തിരുവനന്തപുരം, വയനാട്, പത്തനംതിട്ട ജില്ലകളില്‍ കൂടുതല്‍ നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തും. ഈ ജില്ലകളിലെ എല്ലാ പൊതുപരിപാടികളും നിയന്ത്രിക്കും. ആരാധനാ ചടങ്ങുകള്‍ ഓണ്‍ലൈനില്‍ മാത്രം നടത്തും.

സംസ്ഥാനത്ത് നിയന്ത്രണങ്ങളുടെ ഭാഗമായി എറണാകുളം, ആലപ്പുഴ, കൊല്ലം ജില്ലകളെ ‘എ’ കാറ്റഗറിയില്‍പ്പെടുത്തും. പൊതുപരിപാടികളില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണം പരമാവധി 50 ആക്കും. മാളുകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് മാനേജുമെന്റുകള്‍ക്ക് തീരുമാനിക്കാം.