ന്യൂഡല്‍ഹി: 1972ല്‍ ഇന്ത്യാ ഗേറ്റില്‍ സ്ഥാപിച്ച ഇന്ത്യയുടെ നിത്യജ്വാല എന്നറിയപ്പെടുന്ന അമര്‍ ജവാന് ജ്യോതി 50 വര്‍ഷങ്ങള്‍ക്ക് ശേഷം കെടാനൊരുങ്ങുന്നു. റിപബ്ളിക് ദിനത്തിന് മുന്നോടിയായി ദേശീയ യുദ്ധസ്മാരകത്തിലെ ജ്വാലയുമായി അമര്‍ ജവാന് ജ്യോതി ലയിപ്പിക്കുന്നതിന്റെ ഭാഗമായാണ് തീ കെടുത്തുന്നത്.
1971 ലെ ഇന്ത്യാ-പാക് യുദ്ധത്തില്‍ വീരമൃത്യു വരിച്ച സൈനികരുടെ സ്മരണയ്ക്കായാണ് അമര്‍ ജവാന് ജ്യോതി ഇന്ത്യാ ഗേറ്റില്‍ സ്ഥാപിച്ചിരിക്കുന്നത്. ഇന്ത്യാ ഗേറ്റിന്റെ ചുമരുകളില്‍ സൈനികരുടെ പേരുകള്‍ ആലേഖനം ചെയ്തിട്ടുണ്ട്. സ്മാരകത്തില്‍ തലകീഴായി ഒരു ബയണറ്റും അതിനു മുകളില്‍ സൈനികര്‍ ഉപയോഗിക്കുന്ന ഹെല്‍മറ്റും സ്ഥാപിച്ചിട്ടുണ്ട്. ഇതിന് മുന്നിലായാണ് കെടാവിളക്ക് സ്ഥാപിച്ചിരിക്കുന്നത്. സൈനിക മേധാവികളും സന്ദര്‍ശകരുമെല്ലാം ഇവിടെയെത്തി സൈനികര്‍ക്ക് ആദരവ് അര്‍പ്പിച്ചിരുന്നു. റിപബ്ളിക് ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അമര്‍ ജവാന് ജ്യോതിയില്‍ ആദരാഞ്ജലി അര്‍പ്പിക്കും. 2019ലാണ് ദേശീയ യുദ്ധ സ്മാരകം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്.

