തിരുവനന്തപുരം: എസ്എസ് എല്‍സി, പ്ലസ്ടു പരീക്ഷയുടെ ചോദ്യപ്പേപ്പര്‍ ഘടന പുറത്തുവന്നതോടെ വെട്ടിലായി വിദ്യാര്‍ഥികള്‍. ഫോക്കസ് ഏരിയയില്‍ നിന്നുള്ള ചോദ്യങ്ങളും മാര്‍ക്കും 70% ആയി കുറച്ച് 30% മാര്‍ക്ക് നോണ്‍ ഫോക്കസ് ഏരിയയില്‍നിന്നു മാത്രമാക്കിയ രീതി രക്ഷിതാക്കളെ അക്കം ആശങ്കയിലാക്കിയിരിക്കുകയാണ്. ഇത്തരം ഒരു പരിഷ്‌കാരം വിദ്യാഭ്യാസ വകുപ്പ് നേരത്തെ അറിയിക്കാഞ്ഞതിനാല്‍ കഴിഞ്ഞ വര്‍ഷത്തെ മാതൃകയില്‍ ഫോക്കസ് ഏരിയ മാത്രം കേന്ദ്രീകരിച്ചായിരുന്നു പഠനം. പരീക്ഷയ്ക്കു രണ്ടു മാസം മാത്രം ബാക്കി നില്‍ക്കെയാണ് പുതിയ അറിയിപ്പ്. ഫോക്കസ് ഏരിയ മാത്രം പഠിക്കുന്നവര്‍ക്ക് എ ഗ്രേഡ് പോലും (80% മാര്‍ക്കിനു മുകളില്‍) നേടാനാവില്ല.
പൂര്‍ണ തോതില്‍ ക്ലാസുകള്‍ നടക്കാത്തതിനാല്‍ പാഠപുസ്തകത്തിന്റെ 60% പാഠങ്ങള്‍ ഉള്‍പ്പെടുന്ന ഫോക്കസ് ഏരിയ തന്നെ പരീക്ഷയ്ക്കു മുന്‍പു പഠിപ്പിച്ചു തീര്‍ക്കാനാവാത്ത സാഹചര്യമാണെന്നാണ് അധ്യാപകര്‍ പറയുന്നത്. ഇപ്പോള്‍ വീണ്ടും ക്ലാസുകള്‍ പ്രതിസന്ധിയിലായിരിക്കുകയാണ്.
കഴിഞ്ഞ വര്‍ഷം പാഠപുസ്തകത്തിന്റെ 40% പാഠങ്ങളായിരുന്നു ഫോക്കസ് ഏരിയയെങ്കില്‍ ഇത്തവണ 60% ആയി വര്‍ധിപ്പിച്ചിരുന്നു. ഓപ്ഷനലായി ഉള്‍പ്പെടുന്ന അധിക ചോദ്യങ്ങള്‍ 100 ശതമാനത്തില്‍ നിന്ന് 50% ആയി കുറയ്ക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം എ പ്ലസ് ഗ്രേഡുകാരുടെ എണ്ണം കൂടിയത് മൂലമുള്ള പ്രതിസന്ധി പരിഗണിച്ചാണ് ഇത്തവണ ഉയര്‍ന്ന ഗ്രേഡുകാരുടെ എണ്ണം കുറക്കാനുള്ള ഈ ‘സര്‍ജിക്കല്‍ സ്‌ട്രൈക്ക്’. പാഠപുസ്തകം സമഗ്രമായി പഠിക്കുന്നവര്‍ക്കു മാത്രം ഉന്നത ഗ്രേഡുകള്‍ ലഭിക്കുകയുള്ളൂ എന്നത് പഠന നിലവാരം വര്‍ധിപ്പിക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് അധികൃതരുടെ ന്യായീകരണം. എന്നാല്‍, പരീക്ഷ അടുപ്പിച്ച പ്രഖ്യാപിച്ച ഈ പരിഷ്‌കാരം പിന്‍വലിക്കണമെന്നാണ് ഭരണ-പ്രതിപക്ഷ അധ്യാപക സംഘടനകള്‍ ആവശ്യപ്പെടുന്നത്.

