തിരുവനന്തപുരം: നിയമ മന്ത്രി പി രാജീവുമായി കൂടിക്കാഴ്ച്ച നടത്താനൊരുങ്ങി ഡബ്ല്യുസിസി അംഗങ്ങൾ. സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങൾ പഠിച്ച ജസ്റ്റിസ് ഹേമ സമിതി റിപ്പോർട്ട് പുറത്തുവിടണമെന്ന ആവശ്യവുമായാണ് ഡബ്ല്യുസിസി അംഗങ്ങൾ മന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തുന്നത്. വൈകിട്ട് നാലു മണിക്ക് കളമശ്ശേരി കുസാറ്റ് ഗസ്റ്റ് ഹൗസിൽ വച്ചാണ് കൂടിക്കാഴ്ച്ച.
നേരത്തെ ഈ ആവശ്യം ഉന്നയിച്ച് വനിതാ കമ്മീഷൻ അദ്ധ്യക്ഷ പി സതീദേവിയുമായി ഡബ്ല്യുസിസി അംഗങ്ങൾ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ജസ്റ്റിസ് ഹേമയുടേത് കമ്മീഷനല്ല സമിതിയാണെന്ന് അപ്പോഴാണ് തിരിച്ചറിഞ്ഞതെന്നും ഡബ്ല്യുസിസി അംഗങ്ങൾ മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരണമെന്നാണ് ആഗ്രഹമെന്ന് ഡബ്ല്യൂസിസി അംഗങ്ങൾ വ്യക്തമാക്കിയിരുന്നു. ഇനി കാത്തിരിക്കാനാവില്ലെന്നും ഡബ്ല്യൂസിസി അംഗങ്ങൾ പറഞ്ഞിരുന്നു. അതേസമയം ഹേമ കമ്മിറ്റിക്ക് മുൻപാകെ തനിക്ക് ഉണ്ടായ വ്യക്തിപരമായ പ്രശ്നങ്ങൾ എണ്ണിയെണ്ണി പറഞ്ഞിട്ടുണ്ടെന്ന് നടി പാർവ്വതി പറഞ്ഞു. നടിയെ പിന്തുണക്കുന്നു എന്ന് പോസ്റ്റിട്ടവർ സ്വന്തം പ്രൊഡക്ഷൻ കമ്പനിയിൽ ഇന്റേണൽ കംപ്ലയിന്റ് കമ്മറ്റി ഉണ്ടോയെന്ന് വ്യക്തമാക്കണമെന്നും അങ്ങനെയാണ് സ്ത്രീകളുടെ കൂടെ നിൽക്കേണ്ടതെന്നും പാർവ്വതി കൂട്ടിച്ചേർത്തു. ഒരുപാട് സ്ത്രീകൾ അവരുടെ പ്രശ്‌നങ്ങൾ തുറന്നു പറഞ്ഞ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരേണ്ടത് തന്നെയാണെന്ന് നടി പത്മപ്രിയയും ചൂണ്ടിക്കാട്ടി.

