National (Page 843)

ന്യൂഡല്‍ഹി: വിദേശത്ത് നിന്ന് ഓക്‌സിജന്‍ ഇന്ത്യയിലേക്കെത്തിക്കാന്‍ ഏഴ് യുദ്ധക്കപ്പലുകള്‍ വിന്യസിച്ചു. ലിക്വിഡ് ഓക്‌സിജന്‍ നിറച്ച ക്രൈയോജനിക് കണ്ടെയ്‌നറുകള്‍ എത്തിക്കാന്‍ ഓപ്പറേഷന്‍ സമുദ്ര സേതു -2 എന്ന പേരിലാണ് യുദ്ധക്കപ്പലുകള്‍ ഇന്ത്യ ഉപയോഗിക്കുന്നത്. 40 മെട്രിക് ടണ്‍ ലിക്വിഡ് മെഡിക്കല്‍ ഓക്‌സിജനുമായി മനാമയില്‍ നിന്ന് മുംബയിലേക്ക് ഐ.എന്‍.എസ് തല്‍വാര്‍ പുറപ്പെട്ടു. ഐ.എന്‍.എസ് ഐരാവത് സിംഗുപ്പുരിലേക്ക് തിരിച്ചിട്ടുണ്ട്. ഐ.എന്‍.എസ് ജലാശ്വയും പുറപ്പെടാനൊരുങ്ങുകയാണ്. ഐ.എന്‍.എസ് കൊച്ചി, ഐ.എന്‍.എസ് ത്രികണ്ട്, ഐ.എന്‍.എസ് തബര്‍ എന്നിവയും മിഷന് വേണ്ടി ഉപയോഗിക്കുമെന്ന് നേവി വക്താവ് അറിയിച്ചു.വിദേശത്ത് നിന്ന് 47 കണ്ടെയ്‌നറുകള്‍ എത്തിച്ചു. ഇതൂകൂടാതെ രാജ്യത്തിനകത്ത് 2271 മെട്രിക് ടണ്‍ ശേഷിയുള്ള 109 കണ്ടെയ്‌നറുകള്‍ വിവിധയിടങ്ങളിലെത്തിച്ചു. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിന്റെ നേതൃത്വത്തില്‍ സേനകളുടെ പ്രവര്‍ത്തനം വിലയിരുത്തി.

ചെന്നൈ: തമിഴ്നാട്ടില്‍  അണ്ണാഡിഎംകെയുടെ പത്ത് വര്‍ഷത്തെ തുടര്‍ഭരണം അവസാനിച്ചതോടെ പാര്‍ട്ടിയില്‍ ഇപിഎസ് ഒപിഎസ് നേതൃത്വത്തിന്‍റെ നിലനിലപ്പ് ഭീഷണിയിലായി.ആറടി മണ്ണിനായി കലൈജ്ഞറുടെ സമാധിയിടത്തില്‍ വരെ വീശിയടിച്ച രാഷ്ട്രീയ കാറ്റിന്  തെരഞ്ഞെടുപ്പിലൂടെ മറുപടിക്ക് കാത്തിരുന്ന ഡിഎംകെയ്ക്ക്  ഒട്ടും പിഴച്ചില്ല.ജയലളിത വികാരം ആളികത്തിച്ചിട്ടും അത് വോട്ടായി മാറിയില്ല.  

ഇതോടെ ഇരുവരും ചേര്‍ന്ന് ജയലളിതയുടെ പാര്‍ട്ടിയെ തകര്‍ത്തെന്ന് ശശികല വിഭാഗം ആരോപിച്ചു.രാഷ്ട്രീയ പിന്‍മാറ്റം പ്രഖ്യാപിച്ച ശശികല പുതിയ നീക്കങ്ങള്‍ക്ക് ഒരുങ്ങുമോ എന്നാണ് തമിഴകം ഉറ്റുനോക്കുന്നത്. ഇപിഎസ് ഒപിഎസ് നേതൃത്വത്തിന്‍റെ പതനവും അണ്ണാഡിഎംകെയുടെ തകര്‍ച്ചയും തുടങ്ങിയെന്ന നിലപാടിലാണ് എം കെ സ്റ്റാലിന്‍. അണ്ണാഡിഎംകെയുടെ  ആറ് മന്ത്രിമാര്‍, സിറ്റിങ് എംഎല്‍എമാര്‍ ഉള്‍പ്പടെ തോറ്റു.

ഒ പനീർസെൽവം കടന്നുകൂടിയത് നേരിയ ഭൂരിപക്ഷത്തിലാണ്. ശശികല പക്ഷത്തെ ഒപ്പം നിര്‍ത്താനുള്ള ശ്രമം ഇപിഎസ് വിഭാഗം ശക്തമായി എതിര്‍ത്തിരുന്നു. ബിജെപി സമ്മര്‍ദ്ദങ്ങള്‍ക്കൊടുവിലും ഇപിഎസ് വിട്ടുവീഴ്ച്യ്ക്ക് തയാറായിരുന്നില്ല. ഒരുമിച്ച് നിന്ന് വോട്ടുപിളര്‍പ്പ് ഒഴിവാക്കാതെ ഇരുപക്ഷവും ചേർന്ന് പാര്‍ട്ടിയെ തകര്‍ത്തെന്ന് ശശികല പക്ഷം വിമര്‍ശിച്ചു.ടിടിവി ദിനകരന്‍റെ അമ്മ മക്കള്‍ മുന്നേറ്റ കഴകം ശക്തികേന്ദ്രങ്ങളില്‍ പോലും വോട്ടുചോര്‍ച്ചയ്ക്ക് ആക്കം കൂട്ടിയതാണ് അണ്ണാഡിഎംകെയ്ക്ക് തിരിച്ചടിയായത്.

ന്യൂഡൽഹി: കൊവിഡ് രണ്ടാം വ്യാപനത്തോടെ വാക്സിൻ ആവശ്യം വർദ്ധിച്ച സാഹചര്യത്തിൽ ഇന്ത്യ സ്വന്തമായി വികസിപ്പിച്ച കൊവാക്സിൻ വിദേശത്ത് നിർമ്മിക്കാൻ കേന്ദ്രസർക്കാർ നീക്കം തുടങ്ങി. ഇതിനായി വാക്സിൻ സാങ്കേതിക വിദ്യ വിദേശ രാജ്യങ്ങൾക്ക് കൈമാറും.

ജനിതക മാറ്റം വന്ന വൈറസ് വൻ ഭീഷണിയായ പശ്ചാത്തലത്തിൽ കൊവാക്സിൻ വിദേശത്ത് നിർമ്മിച്ച് ലഭ്യത കൂട്ടാനുള്ള സാദ്ധ്യതകൾ തേടുകയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. താത്പര്യമുള്ള രാജ്യങ്ങളെ കണ്ടെത്താൻ എംബസികളോട് നിർദ്ദേശിച്ചു. വാക്സിൻ നിർമ്മാണത്തിന് വാണിജ്യ സ്ഥാപനങ്ങൾക്ക് സാങ്കേതിക വിദ്യ കൈമാറും. ഇന്ത്യയിൽ കൊവാക്സിൻ നിർമ്മിക്കുന്ന ഹൈദരാബാദിലെ ഭാരത് ബയോടെക്കുമായാണ് കമ്പനികൾ ധാരണയുണ്ടാക്കേണ്ടത്.

ഭാവിയിൽ ഇന്ത്യയിൽ വികസിപ്പിക്കുന്ന വാക്സിനുകളുടെ കാര്യത്തിലും ഇതേ നയം തുടരുമെന്നും ഉദ്യോഗസ്ഥർ വിശദീകരിച്ചു.കൊവിഡ് വ്യാപനത്തെ തുടർന്ന് ആവശ്യം കൂടിയെങ്കിലും ആനുപാതികമായി കോവാക്സിനും കോവിഷീൽഡും നിർമ്മിക്കാൻ രണ്ട് കമ്പനികൾക്കും കഴിയുന്നില്ല.

കൊൽക്കത്ത : ബിജെപിയുടെ സുവേന്ദു അധികാരി 1957 വോട്ടിനാണ് മമതയെ പരാജയപ്പെടുത്തിയത്.പലതവണ ജയിച്ച രണ്ടു മണ്ഡലങ്ങൾ വേണ്ടെന്നുവെച്ചായിരുന്നു മമത നന്ദിഗ്രാമില്‍ സുവേന്ദുവിനെതിരെ അങ്കത്തിനിറങ്ങിയത്​. തൃണമൂലിൽ നിന്നും രാജിവച്ച് ബി.ജെ.പിയില്‍ ചേര്‍ന്നയാളാണ് സുവേന്ദു.

വോട്ടെണ്ണലിന്റെ പല വേളകളിലും ആയ്യായിരത്തിനു മുകളിൽ ലീഡ് സുവേന്ദു നേടിയിരുന്നു.നേരത്തെ രണ്ടിടത്ത് മത്സരിക്കുമെന്ന് മമത സൂചന നല്‍കിയെങ്കിലും ബി.ജെ.പിയുടെ വെല്ലുവിളിയെ തുടര്‍ന്ന് നന്ദിഗ്രാമില്‍ മാത്രം മത്സരിക്കുകയായിരുന്നു.തൃണമൂൽ കോൺ​ഗ്രസ് സംസ്ഥാനത്ത് വൻ മുന്നേറ്റം നടത്തുന്നതിനിടെയിലും മമത ബാനർജിയൂടെ പരാജയം ഏറെ ശ്രദ്ധിക്കപ്പെട്ടു.

കോയമ്പത്തൂർ സൗത്തിൽ കമൽഹാസൻ പരാജയപ്പെട്ടു. ബിജെപി സ്ഥാനാര്‍ത്ഥി വനതി ശ്രീനിവാസന്‍ 1500 ഓളം വോട്ടുകള്‍ക്കാണ് മക്കള്‍ നീതി മയ്യം പാര്‍ട്ടിയുടെ സ്ഥാപകനേതാവായ കമല്‍ഹാസനെ പരാജയപ്പെടുത്തിയത്. മുന്നാം സ്ഥാനത്ത് ഡിഎംകെ സ്ഥാനാർത്ഥി മയൂര ജയകുമാറാണ്‌.

ഇത്തവണ 154 നിയോജക മണ്ഡലങ്ങളിലാണ് മക്കൾ നീതി മയ്യം മത്സരിച്ചത്. നടനായ ആർ ശരത്കുമാറിന്റെ നേതൃത്വത്തിലുള്ള അഖിലേന്ത്യാ സമത്വ മക്കൾ കച്ചി (എഐഎസ്എംകെ), ടി ആർ പാരീവേന്ദർ നയിക്കുന്ന ഇന്ദിയ ജനനായക കച്ചി (ഐജെകെ) എന്നിവരുമായാണ് മക്കൾ നീതി മയ്യത്തിന് സഖ്യം. ഈ മുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി കമലഹാസൻ ആണെന്നും സഖ്യം അറിയിച്ചിരുന്നു.

ഭരണത്തുടർച്ച ഉറപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയനെയും ഇടതുമുന്നണിയെയും അഭിനന്ദിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘തെരഞ്ഞെടുപ്പില്‍ വിജയിച്ച പിണറായി വിജയനും എല്‍.ഡി.എഫിനും അഭിനന്ദനങ്ങള്‍ കോവിഡിനെ നേരിടുന്നതില്‍ ഉള്‍പ്പെടെ തുടർന്നും ഒന്നിച്ച്‌ പ്രവര്‍ത്തിക്കും.

തെരഞ്ഞെടുപ്പിൽ ബിജെപിക്കൊപ്പം നിന്ന ജനങ്ങളോട് നന്ദി പറയുന്നതായും മോദി കുറിച്ചു. തമിഴ്നാട്ടിലെ ഡിഎംകെ വിജയത്തിൽ എം കെ സ്റ്റാലിനെ അഭിനന്ദിച്ച മോദി ഒന്നിച്ച് പ്രവർത്തിക്കാനാവുന്നതിലെ സന്തേഷവും പങ്കുവച്ചു.

ചെന്നൈ: തമിഴ്മണ്ണില്‍ ഡിഎംകെയുടെ തേരോട്ടം. 150 സീറ്റുകളുമായി ഡിഎംകെ മുന്നേറിയപ്പോള്‍ 83 സീറ്റുകളുമായാണ് അണ്ണാ സ്ഥാനാര്‍ത്ഥികളുള്ളത്. ഇതോടെ തമിഴ്‌നാട്ടില്‍ ഭരണമാറ്റത്തിന്റ സൂചനകള്‍ ലഭിച്ച് തുടങ്ങി. ഡിഎംകെ ഒറ്റയ്ക്ക് കേവലഭൂരിപക്ഷത്തിലേക്ക് എത്തിയതോടെ ഡിഎംകെ പ്രവര്‍ത്തകര്‍ പാര്‍ട്ടി ആസ്ഥാനത്തിന് പുറത്ത് മധുരം വിതരണം ചെയ്ത് ആഹ്ലാദപ്രകടനം നടത്തി. എന്നാല്‍ കോവിഡ് പശ്ചാത്തലത്തില്‍ എല്ലാവരും വേഗത്തില്‍ പിരിഞ്ഞ് പോകുകയായിരുന്നു.

harbhajan singh

ന്യൂഡൽഹി: കോവിഡ്​ മഹാമാരിയെ ചെറുക്കാൻ ഇന്ത്യ ഏതാനും ആഴ്​ച്ചകൾ രാജ്യം അടച്ചിടണമെന്നും വാക്​സിനേഷന്​ പകരം ആളുകൾക്ക്​ ഓക്സിജനും ആശുപത്രി ബെഡുകളും ചികിത്സയും ഉറപ്പാക്കുന്നതിലാണ്​ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും ഉപദേശിച്ച മുതർന്ന യു.എസ്​ ആരോഗ്യ വിദഗ്​ധൻ ഡോ. ആൻറണി ഫൗചിക്ക്​ മറുപടിയുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ്​ താരം ഹർഭജൻ സിങ്​.

അമേരിക്കയും മറ്റെല്ലാ രാജ്യങ്ങളും ഒത്തുചേർന്ന് ചൈനയോട് ചില കടുത്ത ചോദ്യങ്ങൾ ചോദിക്കാൻ കഴിയില്ലെന്നുണ്ടോ. എന്തിനാണ്​ അവർ ഇത്​ ലോകമെമ്പാടും പടർത്തിയത്​. എല്ലാം കുഴപ്പത്തിലാക്കിയത്​… ചൈനയിൽ കൂടുതൽ കോവിഡ്​ കേസുകളുള്ളതായി നമുക്കിപ്പോൾ കേൾക്കാൻ സാധിക്കുന്നില്ല. -ഹർഭജൻ ട്വിറ്ററിൽ കുറിച്ചു. ​ഇന്ത്യൻ എക്​സ്​പ്രസ്​ പ്രസിദ്ധീകരിച്ച ഫൗചിയുമായുള്ള അഭിമുഖം പങ്കുവെച്ചുകൊണ്ടാണ്​ ഹർഭജ​െൻറ പ്രതികരണം.

എന്നാൽ, ഭാജിയുടെ ട്വീറ്റിന്​ സമ്മിശ്ര പ്രതികരണങ്ങളാണ്​ ലഭിച്ചത്​. ഇവിടെയുള്ള ഭരണാധികാരികളുടെ പിഴവുകൾക്ക്​ മറ്റുള്ളവരെ കുറ്റപ്പെടുത്തുന്ന തരത്തിലുള്ള മണ്ടൻ ചോദ്യമാണിത്​. യുദ്ധങ്ങളേക്കാൾ മനുഷ്യൻ ജീവനുകൾ അപഹരിച്ചിട്ടുള്ളത്​, വൈറസുകളാണെന്ന്​ ചരിത്രം പറയുന്നുണ്ട്​… അദ്ദേഹത്തി​െൻറ ട്വീറ്റിന്​ മറുപടിയായി ഒരാൾ എഴുതി.

ന്യൂഡൽഹി; കോവി‍ഡ് രണ്ടാം തരംഗം നിയന്ത്രിക്കാൻ പോസിറ്റിവിറ്റി നിരക്ക് പത്തിനു മുകളിലുള്ള സ്ഥലങ്ങളിലെല്ലാം ലോക്ഡൗൺ ഏർപ്പെടുത്തണമെന്നു ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) മേധാവി ഡോ. രൺദീപ് ഗുലേറിയ. ഇന്ത്യയുടെ ആരോഗ്യ സംവിധാനങ്ങൾ പരമാവധി ഉപയോഗപ്പെടുത്തിയെന്നും വാരാന്ത്യ ലോക്‌ഡൗണുകളും രാത്രി കർഫ്യൂകളും കൊണ്ടുമാത്രം കോവിഡിനെ പിടിച്ചുകെട്ടാൻ കഴിയില്ലെന്നും കഴിഞ്ഞ വർഷം മാർച്ചിൽ ഏർപ്പെടുത്തിയതുപോലെ സമ്പൂർണ ലോക്ഡൗൺ ചിലയിടങ്ങളിൽ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലോക്‌‍ഡൗൺ പ്രഖ്യാപിക്കണം. പ്രധാനപ്പെട്ടത് എന്തെങ്കിലും ചെയ്യണം, അദ്ദേഹം കൂട്ടിച്ചേർത്തു.

ഡൽഹിയിലെ ബത്ര ആശുപത്രിയിൽ ഓക്സിജൻ ലഭിക്കാതെ ഡോ. ആർ.കെ. ഹിംതാനി ഉൾപ്പെടെ 12 പേർ മരിച്ചതുതന്നെ നമ്മുടെ ആരോഗ്യസംവിധാനങ്ങൾ പരമാവധി ഉപയോഗപ്പെടുത്തി എന്നതിന്റെ തെളിവാണെന്നും അദ്ദേഹം പറയുന്നു.കേസുകൾ ഉയരുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്.‌ ഇത്രയും വലിയതോതിൽ കാര്യങ്ങൾ ചെയ്യാൻ ലോകത്ത് ഒരു ആരോഗ്യ സംവിധാനത്തിനും കഴിയില്ല. കേസുകളുടെ എണ്ണം കുറയ്ക്കണം. കണ്ടെയ്‌ൻമെന്റ് സോണുകൾ ഏർപ്പെടുത്തണം. ഉയർന്ന പോസിറ്റിവിറ്റിയുള്ള സ്ഥലങ്ങളിൽ ലോക്‌ഡൗൺ ഏർപ്പെടുത്തണമെന്ന് ഇതു രണ്ടാം തവണയാണ് ഗുലേറിയ ആവശ്യപ്പെടുന്നത്.

ന്യൂഡല്‍ഹി : കോവിഡ് മഹാമാരിയില്‍ വരുമാനം കുതിച്ചുയര്‍ന്ന് ഗൂഗിള്‍. വര്‍ക്ക് ഫ്രം ഹോം നടപ്പാക്കിയതോടെ 7412 കോടിയിലേറെ രൂപയാണ് ഗൂഗിളിന് മിച്ചം പിടിക്കാനായത്. വരുമാനത്തില്‍ 34 ശതമാനം വര്‍ദ്ധനവാണ് ഗൂഗിള്‍ കൈവരിച്ചത്. രോഗവ്യാപനം രൂക്ഷമായതു മുതല്‍, വീട്ടില്‍ നിന്നുള്ള ജോലി തൊഴില്‍ സംസ്‌കാരത്തിന്റെ ഭാഗമായി. ഈ മോഡലിനെ നേരത്തെ സ്വീകരിച്ച ഫേസ്ബുക്ക്, മൈക്രോസോഫ്റ്റ്, ആപ്പിള്‍, ട്വിറ്റര്‍, ഗൂഗിള്‍ തുടങ്ങിയ ടെക് ഭീമന്മാര്‍ തങ്ങളുടെ ജീവനക്കാര്‍ വീട്ടില്‍ നിന്ന് ജോലി ചെയ്യുന്നതിനാല്‍ ചെലവ് കുറച്ചതിന്റെ ഗുണം കൈവരിച്ചിട്ടുണ്ട്.ഗൂഗിള്‍ ജീവനക്കാരുടെ യാത്രാ ചെലവുകള്‍ക്കും മറ്റ് പ്രമോഷണല്‍, വിനോദ ചെലവുകള്‍ക്കുമായി ചിലവഴിക്കുന്ന പണം കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ വര്‍ഷത്തെ ആദ്യ സാമ്പത്തിക പാദത്തില്‍ 268 മില്യണ്‍ ഡോളര്‍ ലാഭിക്കാന്‍ കാരണമായി. ഒരു വാര്‍ഷിക കാലയളവില്‍ ഇതേ കണക്ക് പരിശോധിക്കുമ്പോള്‍, ഒരു ബില്യണ്‍ ഡോളര്‍ അഥവാ 7412 കോടിയിലേറെ രൂപ ലാഭിക്കാന്‍ ഗൂഗിളിന് കഴിഞ്ഞു. ഇത് പ്രധാനമായും കോവിഡ്-19 ന്റെ ഫലമാണെന്ന് റിപ്പോര്‍ട്ടില്‍ ഗൂഗിള്‍ പറഞ്ഞു.
ലോകമെമ്പാടുമുള്ള 1.3 ലക്ഷം ജീവനക്കാരില്‍ ഭൂരിഭാഗവും വീട്ടില്‍ നിന്നാണ് ജോലി ചെയ്യുന്നതെന്നും ഇന്റര്‍നെറ്റ് അധിഷ്ഠിത സേവനങ്ങളുടെ ആവശ്യം വന്‍തോതില്‍ വര്‍ദ്ധിച്ചതിനാല്‍ ഗൂഗിള്‍ വരുമാനത്തില്‍ 34 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി.ട്വിറ്റര്‍, ആപ്പിള്‍, ഫെയ്‌സ്ബുക്ക് തുടങ്ങിയ ടെക് ഭീമന്‍മാര്‍ തങ്ങളുടെ ജീവനക്കാരോട് വീട്ടില്‍ നിന്ന് ജോലിചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ട് അല്ലെങ്കില്‍ ഈ വര്‍ഷത്തെ പ്രവര്‍ത്തന മോഡലിനെക്കുറിച്ച് ഇതുവരെ ഒരു അറിയിപ്പും നല്‍കിയിട്ടില്ലെങ്കിലും ഗൂഗിള്‍ ഈ വര്‍ഷം തന്നെ ഓഫീസുകള്‍ വീണ്ടും തുറക്കുമെന്ന് അറിയിച്ചിട്ടുണ്ട്.