National (Page 842)

ബെംഗളൂരു: കര്‍ണാടകയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 44,631 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 20,870 കേസുകള്‍ ബെംഗളൂരുവിലാണ്. നിലവില്‍ ചികിത്സയില്‍ ഉള്ളവരുടെ എണ്ണം 4,64,363 ആയി ഉയര്‍ന്നു. 24 മണിക്കൂറിനുള്ളില്‍ മരിച്ചത് 292 പേരാണ്. ഇതോടെ സംസ്ഥാനത്തെ മരണ സംഖ്യ 16,538 ആയി. ബെംഗളൂരുവില്‍ ഒരു ദിവസം രോഗം ബാധിച്ച് പുതുതായി 132 പേര്‍ മരിച്ചു. കര്‍ണാടകയില്‍ ഓക്‌സിജന്‍ ക്ഷാമം തുടങ്ങിയതോടെ മരണ സംഖ്യയും ഉയരുകയാണ്. ബെംഗളൂരുവില്‍ അടക്കം പല ആശുപത്രികളും ഓക്‌സിജന്‍ ക്ഷാമത്തില്‍ ആശങ്ക ഉയര്‍ത്തിക്കഴിഞ്ഞു. തിങ്കളാഴ്ച മൂന്ന് ആശുപത്രികള്‍ ഓക്‌സിജന്‍ ക്ഷാമമുണ്ടെന്ന് പരാതി അറിയിച്ചു. മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്‍ഗണനാ ക്രമത്തില്‍ വാക്‌സീന്‍ നല്‍കുമെന്ന് മുഖ്യമന്ത്രി ബി.എസ്. യെഡിയൂരപ്പ അറിയിച്ചു.

ഹൈദരാബാദ്: ഹൈദരാബാദിലെ നെഹ്റു സുവോളജിക്കല്‍ പാര്‍ക്കിലെ എട്ട് സിംഹങ്ങൾക്ക് കൊവിഡ് പോസിറ്റീവായതായി റിപ്പോര്‍ട്ട് .ആര്‍ടിപിസിആര്‍ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. വൈറസ് ബാധ പടര്‍ന്നത് മനുഷ്യരില്‍ നിന്നാണോ അതോ മറ്റ് ഉറവിടങ്ങളില്‍ നിന്നാണോ എന്ന് അറിയുന്നതിന് വിശദമായ പരിശോധന നടത്തുമെന്ന് സെന്‍റര്‍ ഫോര്‍ സെല്ലുലാര്‍ ആന്‍ഡ് മോളിക്കുലാര്‍ ബയോളജിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നു.നാല് ആണ്‍സിംഹങ്ങളും നാല് പെണ്‍ സിംഹങ്ങളുമാണ് രോഗബാധിതരായിട്ടുള്ളത്.

സിംഹങ്ങളുടെ മൂക്കില്‍ നിന്ന് ദ്രാവക സമാനമായ പദാര്‍ത്ഥം കാണുകയും ഇവ തീറ്റയെടുക്കാതിരിക്കുകയും ചുമയ്ക്കാനും തുടങ്ങിയതോടെയാണ് ഇവയെ പരിശോധനയ്ക്ക് വിധേയമാക്കിയത്. രോഗം ശ്വാസകോശത്തിനെ എത്തരത്തിലാണ് ബാധിച്ചിരിക്കുന്നതെന്ന് അറിയാന്‍ സിംഹങ്ങളെ സി ടി സ്കാനിന് വിധേയമാക്കും. മൃഗങ്ങള്‍ക്ക് കൊവിഡ് ബാധ സംബന്ധിച്ച് മൃഗശാല ഡയറക്ടറും ക്യുറേറ്ററും ഇതുവരെ പ്രതികരിച്ചിട്ടില്ല.

380 ഏക്കര്‍ വിസ്താരമുള്ള സുവോളജിക്കല്‍ പാര്‍ക്കില്‍ 1500 മൃഗങ്ങളാണ് ഉള്ളത്. കൊവിഡ് രോഗബാധിതരായ സിംഹങ്ങളില്‍ ചെറിയ ലക്ഷണമുണ്ടെന്നാണ് റിപ്പോര്‍ട്ട്.കൂടുതല്‍ വിശദമായ സാംപിള്‍ പരിശോധനയില്‍ സിംഹങ്ങളിലുള്ള കൊറോണ വൈറസ് മനുഷ്യരില്‍ നിന്ന് വന്നതാണോയെന്ന് വിശദമായ പരിശോധനയില്‍ വ്യക്തമാകമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

മുന്‍കരുതലുകള്‍ സ്വീകരിക്കാനും മരുന്നുകള്‍ നല്‍കാനും വിദഗ്ധര്‍ ഇതിനോടകം നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ മൃഗശാലയിലൊന്നാണ് നെഹ്റു സുവോളജിക്കല്‍ പാര്‍ക്ക്. കൊവിഡ് ബാധ വ്യാപകമായതിന് പിന്നാലെ പാര്‍ക്കില്‍ സന്ദര്‍ശകരെ അനുവദിച്ചിരുന്നില്ല. എന്നാല്‍ അടുത്തിടെ മൃഗശാല ജീവനക്കാര്‍ കൊവിഡ് പോസിറ്റീവായിരുന്നു.

ന്യൂഡല്‍ഹി : അഞ്ഞൂറ് കോടിയുടെ കോവിഡ് മരുന്ന് ഇന്ത്യയിലേക്ക് കയറ്റി അയക്കുമെന്ന് ഫൈസര്‍. എന്നാല്‍, ഫൈസര്‍ ഉത്പാദിപ്പിക്കുന്ന വാക്‌സിന് ഇതുവരെ രാജ്യത്ത് അടിയന്തര ഉപയോഗ അനുമതി ലഭിച്ചിട്ടില്ല.ഇന്ത്യയിലെ എല്ലാ രോഗികള്‍ക്കും കൊവിഡ് ചികില്‍സ ലഭിക്കണം എന്ന് കരുതിയാണ് മരുന്ന് അയക്കുന്നതെന്നും കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരിതാശ്വാസ പ്രവര്‍ത്തനമാണിതെന്നും ഫൈസര്‍ ചെയര്‍മാന്‍ ആല്‍ബേര്‍ട്ട് ബുര്‍ല പറഞ്ഞു. അതേസമയം, രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. പ്രതിദിന കണക്ക് ഇന്നും മൂന്നരലക്ഷത്തിന് മുകളിലാണ്. 24 മണിക്കൂറിനിടെ 3,68,147 പേര്‍ക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചതെന്നാണ് രാവിലെ പുറത്തുവന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്.

covid

ന്യൂഡൽഹി∙ കോവിഡിനെതിരെ തദ്ദേശീയമായി വികസിപ്പിച്ച കോവാക്സീൻ ബ്രസീലിയൻ വകഭേദത്തിനും ഫലപ്രദമെന്ന് ഐസിഎംആർ. ഐസിഎംആറും നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും (എൻഐവി) ചേർന്നാണ് ബ്രസീലിയൻ വകഭേദത്തിനെതിരെ കോവാക്സീന്റെ പ്രവർത്തനത്തെക്കുറിച്ച് പഠിച്ചത്. രണ്ട് ഡോസ് സ്വീകരിച്ചവരിൽ വൈറസിനെ ഇല്ലാതാക്കാൻ വാക്സീന് സാധിക്കുന്നുണ്ടെന്ന് പഠനത്തിൽനിന്നും വ്യക്തമായി.

ഭാരത് ബയോടെക്കും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും (ഐസിഎംആർ) ചേർന്നാണ് കോവാക്സീൻ വികസിപ്പിച്ചത്.യുകെ വകഭേദത്തിനും ഇരട്ട ജനിതക വ്യതിയാനം സംഭവിച്ച മഹാരാഷ്ട്ര വൈറസിനുമെതിരെ പൊരുതാൻ കോവാക്സീനു സാധിക്കുമെന്നു നേരത്തെ കണ്ടെത്തിയിരുന്നു. ​ഇന്ത്യയിൽ ബ്രസീലിയൻ വകഭേദം കുറവാണ്. മഹാരാഷ്ട്രയിൽ 70% ഇരട്ട വ്യതിയാനം വന്ന വൈറസുകളാണ്. യുകെ വകഭേദമാണ് പഞ്ചാബിൽ കൂടുതൽ. ഇരട്ട വ്യതിയാനം വന്ന വൈറസും യുകെ വകഭേദവുമാണ് രാജ്യത്ത് വിവിധ ഭാഗങ്ങളിൽ കൂടുതലായും കണ്ടെത്തിയത്.

കോവിഡ് മുക്തരാകുന്നവര്‍ക്കായി പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ സ്ഥാപിക്കും:ആരോഗ്യവകുപ്പ്

ന്യൂഡൽഹി: മുതിർന്ന ഡോക്ടർമാരുടെയും ഫാക്കൽറ്റി അം​ഗങ്ങളുടെയും മേൽനോട്ടത്തിൽ കൊവിഡ് മാനേജ്‌മെന്റ് ചുമതലകൾക്കായി മെഡിക്കൽ ഇന്റേണുകളെ വിന്യസിക്കാമെന്ന് കേന്ദ്ര സർക്കാർ. അതേസമയം നീറ്റ്-പിജി മെഡിക്കൽ എൻട്രൻസ് പരീക്ഷകൾ കുറഞ്ഞത് നാലു മാസത്തേക്ക് മാറ്റിവച്ചു. ആ​ഗസ്റ്റ് 31നു മുൻപ് പരീക്ഷകൾ നടത്തില്ല. രജിസ്റ്റർ ചെയ്ത പരീക്ഷാർത്ഥികൾക്ക് പുനഃക്രമീകരിച്ച പരീക്ഷ നടക്കുന്നതിന് ഒരു മാസം മുൻപ് നോട്ടീസ് നൽകും.

രോഗികൾക്കാവശ്യമായ മരുന്നുകൾ, മെഡിക്കൽ ഓക്സിജൻ, ആശുപത്രി കിടക്കകൾ എന്നിവ പോലെ തന്നെ പരീശീലനം ലഭിച്ച മെഡിക്കൽ പ്രൊഫഷണലുകളുടെ കുറവും രാജ്യത്ത് അനുഭവപ്പെടുന്നുണ്ട്.പരീക്ഷ മാറ്റിവയ്ച്ചതിലൂടെ യോഗ്യതയുളള ഡോക്ടർമാരും മെഡിക്കൽ വിദ്യാർത്ഥികളും കൊവിഡ് ഡ്യൂട്ടിക്ക് ലഭ്യമാകുമെന്ന് കേന്ദ്രം അറിയിച്ചു.കോവിഡ് ഡ്യൂട്ടിയിൽ 100 ദിവസമെങ്കിലും ജോലി ചെയ്തിട്ടുള്ളവർക്ക് ഇനി വരുന്ന സർക്കാർ‌ റിക്രൂട്ട്മെന്റിൽ മുൻഗണന നൽ‌കാനും കേന്ദ്ര സർക്കാർ തീരുമാനിച്ചു.

കൊവിഡ് രണ്ടാം തരം​ഗം രൂക്ഷമായ സാഹചര്യത്തിലാണ് ഇത്തരം തീരുമാനങ്ങളുമായി കേന്ദ്ര സർക്കാർ രംഗത്തെത്തിയിരിക്കുന്നത്. കൊവിഡിനെതിരായ പോരാട്ടത്തിൽ മനുഷ്യശക്തി വർദ്ധിപ്പിക്കുന്നതിന്റെ ഭാ​ഗമായാണ് പുതിയ തീരുമാനം. അവസാന വർഷ എം.ബി.ബി.എസ് വിദ്യാർത്ഥികളെ ടെലി-കൺസൾട്ടേഷൻ സേവനങ്ങൾക്കും ഫാക്കൾറ്റി അം​ഗങ്ങളുടെ മേൽനോട്ടത്തിൽ ​ഗുരുതരമല്ലാത്ത കൊവിഡ് കേസുകൾ നിരീക്ഷിക്കുന്നതിനും വിനിയോ​ഗിക്കാമെന്നും കേന്ദം വ്യക്തമാക്കി.‌‌

കൊല്‍ക്കത്ത : തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ സംസ്ഥാനത്ത് വിവിധയിടങ്ങളിലായി ടിഎംസി നേതാക്കള്‍ നടത്തിയ ആക്രമണങ്ങളില്‍ ആറ് ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. ബംഗാളിലെ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തെ തുടര്‍ന്ന് തന്നെ തൃണമൂല്‍ പ്രവര്‍ത്തകര്‍ നിരന്തരം ആക്രമണങ്ങള്‍ അഴിച്ചുവിട്ടിരുന്നു. വോട്ടെണ്ണല്‍ ദിനത്തിലും ഇന്നലെയും തൃണമൂല്‍ ഭീകരതയ്ക്കാണ് ബംഗാള്‍ ജനത സാക്ഷ്യം വഹിച്ചത്. വ്യാപകമായി ബിജെപിപ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെയും ബിജെപി ഓഫീസുകള്‍ക്ക് നേരെയും ആക്രമണമുണ്ടായി. തുടര്‍ന്ന് ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍ സംസ്ഥാന പൊലീസ് മേധാവിയെ കണ്ട് റിപ്പോര്‍ട്ട് തേടി.സംസ്ഥാനത്തെ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും റിപ്പോര്ട്ട് തേടി. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി.നദ്ദ ഇന്ന് ബംഗാള്‍ സന്ദര്‍ശിക്കുന്നുണ്ട്.

covid

ന്യൂഡൽഹി; കേന്ദ്രം കോവിഡ് വാക്സീനുകൾക്ക് പുതിയ ഓർഡർ നൽകിയിട്ടില്ലെന്ന് റിപ്പോർട്ട് വാസ്തവ വിരുദ്ധവുമാണെന്ന് കേന്ദ്ര സർക്കാർ. മാർച്ചിലാണ് കേന്ദ്രം നിലവിലെ രണ്ട് വാക്സീൻ നിർമാതാകൾക്കും അവസാനമായി ഓർഡർ നൽകിയതെന്നായിരുന്നു ചില മാധ്യമങ്ങളിൽ വന്ന റിപ്പോർട്ട്. മേയ് 2 വരെയുള്ള കണക്കുപ്രകാരം, തുവരെ 16.54 കോടിയിൽ അധികം വാക്സീൻ ഡോസുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സൗജന്യമായി നൽകിയിട്ടുണ്ടെന്നു സർക്കാർ വ്യക്തമാക്കി.

78 ലക്ഷത്തിൽ അധികം ഡോസുകൾ ഇപ്പോഴും സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും കൈവശം ജനങ്ങൾക്ക് നൽകാനായി ബാക്കിയുണ്ട്.56 ലക്ഷത്തിലധികം വാക്സീൻ ഡോസുകൾ അടുത്ത മൂന്നു ദിവസത്തിനുള്ളിൽ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി നൽകും. കേന്ദ്ര ഡ്രഗ്സ് ലബോറട്ടറിയുടെ അനുമതി ലഭിച്ച വാക്സീനുകളുടെ 50% എല്ലാ മാസവും വാങ്ങിക്കും.

അങ്ങനെ വാങ്ങുന്ന വാക്സീനുകൾ സംസ്ഥാനങ്ങൾക്ക് നേരത്തെ നൽകിയതുപോലെ സൗജന്യമായിതന്നെ നൽകുമെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.മേയ്, ജൂൺ, ജൂലൈ മാസങ്ങൾക്ക് വേണ്ടിയുള്ള കോവിഷീൽഡ് വാക്സീന്റെ 11 കോടി ഡോസുകൾക്ക് വേണ്ടിയുള്ള 1732.50 കോടി രൂപയും മുൻകൂറായി സീറം ഇൻസ്റ്റിറ്റ്യൂട്ടിന് ഏപ്രിൽ 28നു നൽകിയിട്ടുണ്ട്. ഇതുവരെ 10 കോടി കോവിഷീൽഡ് വാക്സീൻ ഡോസുകൾക്ക് നൽകിയ ഓർഡറിൽ, 8.744 കോടി ഡോസുകൾ മേയ് 3 വരെ ലഭിച്ചു കഴിഞ്ഞതായി കേന്ദ്ര സർക്കാർ വ്യക്തമാക്കി.

കൊല്‍ക്കത്ത: ബംഗാളില്‍ ഇടതുപക്ഷം സംപൂജ്യരാകുന്നത് താന്‍ ആഗ്രഹിക്കുന്നില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി. രാഷ്ട്രീയമായി അവരെ ഞാന്‍ എതിര്‍ക്കും. എന്നാല്‍ അവര്‍ പൂജ്യരായി കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ലെന്ന് മമത പറഞ്ഞു. ബിജെപി പകരം ഇടതുപക്ഷം സീറ്റുകള്‍ നേടുന്നതാണ് നല്ലത്. അവരുടെ ശുഷ്‌കാന്തി ബിജെപിക്ക് അനുകൂലമായി. അവര്‍ സ്വയം വില്‍പനക്ക് വെച്ച് വെച്ച് ചിഹ്നം മാത്രമായി.

ഇതിനെക്കുറിച്ച് അവര്‍ ചിന്തിക്കണമെന്നും മമത ബാനര്‍ജി പറഞ്ഞു. സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം ആദ്യമായാണ് ബംഗാള്‍ നിയമസഭയില്‍ ഇടതുപക്ഷത്തിനും കോണ്‍ഗ്രസിനും പ്രാതിനിധ്യം ഇല്ലാതാകുന്നത്. ഇത്തവണ കോണ്‍ഗ്രസും സിപിഎമ്മും സഖ്യമായാണ് മൽസരിച്ചത്. 290 മണ്ഡലങ്ങളിലെ ഫലം പ്രഖ്യാപിച്ചപ്പോള്‍ തൃണമൂല്‍ 213ഇടത്തും ബിജെപി 77 ഇടത്തും വിജയിച്ചു. ബംഗാളില്‍ ഇടതുപക്ഷത്തിന്റെ അവസ്ഥ ദയനീയമാണെന്ന് നേതാക്കള്‍ തന്നെ സമ്മതിച്ചിരുന്നു.

അഹമ്മദാബാദ്: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ രണ്ട് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തിങ്കളാഴ്ച കൊല്‍ക്കത്തയും റോയല്‍ ചലഞ്ചേഴ്‌സും ബംഗളുരും തമ്മില്‍ നടക്കേണ്ട മത്സരം മാറ്റി വച്ചു. നൈറ്റ് റൈഡേഴ്‌സിന്റെ വരുണ്‍ ചക്രവര്‍ത്തിയും മലയാളി താരം സന്ദീപ് വാര്യരുമാണ് കോവിഡ് പോസറ്റീവായത്. ബാക്കിയുള്ളവരുടെ പരിശോധനാഫലം നെഗറ്റീവാണെന്നും ടീം അറിയിച്ചു. ഇരുവരും ഐസൊലേഷനിലാണ്. രോഗബാധ നേരത്തെ കണ്ടെത്തി ഉചിതമായ ചികിത്സ ലഭ്യമാക്കുന്നതിന്റെ ഭാഗമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നിത്യവും കളിക്കാരെ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കുന്നുണ്ട്.
രാജ്യത്ത് കോവിഡ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില് ഐ.പി.എല്‍ മത്സരങ്ങള്‍ നടത്തുന്നതിനെതിരേ വലിയ വിമര്‍ശനം ഉയരുന്നുണ്ട്.

ന്യൂഡല്‍ഹി: ലണ്ടന്‍ ആസ്ഥാനമായുള്ള ബ്രാ്ന്‍ഡ് ഫിനാന്‍സ് തയ്യാറാക്കിയ പട്ടികയില്‍ ലോകത്തിലെ ഇന്‍ഷുറന്‍സ് രംഗത്ത് ബ്രാന്‍ഡ് കരുത്തിന്റെ കാര്യത്തില്‍ മൂന്നാം സ്ഥാനം നേടി ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍. എന്നാല്‍ ബ്രാന്‍ഡ് മൂല്യം കണക്കാക്കിയാല്‍ എല്‍ഐസിയുടെ സ്ഥാനം പത്താമതുമാണ്. 860 കോടി ഡോളറാണ് എല്‍ഐസിയുടെ ബ്രാന്‍ഡ് മൂല്യമായി കണക്കാക്കിയിരിക്കുന്നത്. ചൈനയുടെ പിങ് ആന്‍ ആണ് 4480 കോടി ഡോളര്‍ ബ്രാന്‍ഡ് മൂല്യത്തോടെ ഇക്കാര്യത്തില്‍ ഒന്നാമത്. 2020 ഡിസംബര്‍ 31 വരെയുള്ള കമ്പനികളുടെ പ്രകടനം വിലയിരുത്തിയാണ് റാങ്ക് പട്ടിക തയ്യാറാക്കിയത്.
ബ്രാന്‍ഡ് മൂല്യം കണക്കാക്കുമ്പോള്‍ ആ്ദ്യപത്തിലെ അഞ്ചും ചൈനയില്‍ നിന്നുള്ള കമ്പനികളാണ്. ബാക്കിയുള്ളവയില്‍ രണ്ടെണ്ണം യുറോപ്യന്‍ കമ്പനികളും, രണ്ടെണ്ണം യുഎസില്‍ നിന്നുള്ളവയുമാണ്.