National (Page 844)

ഈ വർഷം സിബിഎസ്ഇ അഫിലിയേറ്റഡ് സ്കൂളുകളിൽ പഠിക്കുന്ന പത്താം ക്ലാസ് വിദ്യാർത്ഥികളുടെ ബോർഡ് പരീക്ഷാ ഫലങ്ങൾ അവരുടെ യൂണിറ്റ് ടെസ്റ്റുകളിലെ പ്രകടനം, അർദ്ധ വാർഷിക പരീക്ഷ, അതത് സ്കൂളുകൾ നടത്തുന്ന പ്രീ-ബോർഡ് പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിൽ ടാബുലേറ്റ് ചെയ്യപ്പെടും. അന്തിമ ഫലങ്ങൾ ജൂൺ 20 ന് പ്രഖ്യാപിക്കുമെന്ന് സി ബി എസ് ഇ വൃത്തങ്ങളില്‍ നിന്നും അറിയാന്‍ കഴിഞ്ഞു.

യൂണിറ്റ് ടെസ്റ്റിലെ ഒരു വിദ്യാർത്ഥിയുടെ പ്രകടനത്തിനു 10 മാർക്കും, മിഡ്-ടേം പരീക്ഷയ്ക്ക് 30 മാർക്കും, പ്രീ-ബോർഡ് പരീക്ഷയിൽ 40 മാർക്കും ലഭിക്കും. ഈ മൂന്ന് ഘടകങ്ങളും ചേര്‍ന്ന് 80 മാര്‍ക്ക്. സിബിഎസ്ഇയുടെ നിലവിലുള്ള പോളിസി അനുസരിച്ച് ബാക്കി 20 മാർക്ക് സ്കൂളുകൾ നടത്തുന്ന ആന്തരിക വിലയിരുത്തലിനായിരിക്കും (Internal Assessment).

മുകളിൽ പറഞ്ഞ മൂന്ന് വിഭാഗങ്ങളായ യൂണിറ്റ് ടെസ്റ്റ്, മിഡ്-ടേം പരീക്ഷ, പ്രീ-ബോർഡ് പരീക്ഷ എന്നിവ സിബിഎസ്ഇയുമായി ബന്ധപ്പെട്ട മിക്ക സ്കൂളുകളുടെയും പാഠ്യപദ്ധതിയുടെ ഭാഗമാണു എന്നും അത് കൊണ്ടാണ് സ്പെഷ്യല്‍ മാര്‍ക്കിംഗ് സംവിധാനത്തിനായി ഇത് വിനിയോഗിക്കാന്‍ തീരുമാനിച്ചത് എന്നും ബോർഡ് പറഞ്ഞു. ഈ വർഷം പത്താം ക്ലാസ് പരീക്ഷ റദ്ദാക്കിയതോടെയാണ് ഇത് അനിവാര്യമായിത്തീര്‍ന്നത്.

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി നിൽക്കുന്ന ഈ സാഹചര്യത്തിൽ പ്രതീക്ഷയുടെ പ്രകാശവുമായി റഷ്യയിൽ നിന്ന് സ്പുടിനിക് വാക്‌സിൻ എത്തി. കൊറോണ വൈറസിനെതിരെ 90 ശതമാനം ഫലപ്രദമാണ് സ്പുടിനിക് എന്നാണ് പരീക്ഷണങ്ങളിൽ തെളിഞ്ഞിട്ടുള്ളത്. റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ടെലിഫോൺ വഴി നടത്തിയ ദീർഘസമയ ചർച്ചകൾക്ക് ശേഷമാണ് സ്പുടിനിക് ഇന്ത്യയിൽ എത്തിക്കാൻ തീരുമാനമായത്.

മോസ്‌കോയിൽ നിന്ന് 150,000 ഡോസ് വാക്‌സിനുകളാണ് ഹൈദരാബാദിൽ എത്തിയത്. ഇതുകൂടാതെ മൂന്ന് മില്യൺ ഡോസ് വാക്‌സിനുകൾ കൂടി ഈ മാസം റഷ്യ ഇന്ത്യയ‌്ക്ക് നൽകും.ഇന്ത്യയിലെ ഡിസ്‌ട്രിബ്യൂട്ടർമാരായ ഡോ. റെഡ്ഡീസ് ലബോറട്ടറിക്കാണ് സ്പുടിനിക് കൈമാറുക. വാക്‌സിനേഷന് മുമ്പായി സെൻട്രൽ ഡ്രഗ്‌സ് അതോറിറ്റിയുടെ അനുമതി ഡോ. റെഡ്ഡീസ് നേടേണ്ടതായിട്ടുണ്ട്.

ദില്ലി: ബിഗ് ബാസ്കറ്റിന്റെ 64.3 ശതമാനം ഓഹരികൾ വാങ്ങാൻ ടാറ്റ ഡിജിറ്റലിന് കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ അനുവാദം. ഓൺലൈൻ ഗ്രോസറി മാർക്കറ്റിൽ നിലവിലെ ഒന്നാം സ്ഥാനക്കാരാണ് ബിഗ് ബാസ്കറ്റ്. ഒരു ബില്യൺ ഡോളർ വാർഷിക വരുമാനം ഉണ്ടെന്നാണ് കമ്പനിയുടെ അവകാശവാദം. ഇതോടെ, ആമസോൺ, റിലയൻസ്, ഫ്ലിപ്‌കാർട്ട് തുടങ്ങിയ കമ്പനികളുമായി നേരിട്ട് കൊമ്പുകോർക്കാൻ ടാറ്റ സൺസിന് സാധിക്കും. കൊവിഡ് 19 മഹാമാരി ഇന്ത്യയടക്കം ലോകത്തെമ്പാടും പടർന്നുപിടിച്ച സാഹചര്യമാണ് പുതിയ ബിസിനസ് നീക്കത്തിലേക്ക് ടാറ്റ സൺസിനെ എത്തിച്ചത്. ഇതോടെ ലോകത്തെമ്പാടും ഇ-കൊമേഴ്സ് സ്ഥാപനങ്ങൾക്ക് വൻ ആവശ്യക്കാരുണ്ടായി.

റിലയൻസിന്റെ ജിയോ മാർട്ടിലേക്ക് വലിയ നിക്ഷേപങ്ങൾ വന്നതും ടാറ്റ സൺസിന്റെ തിരക്കിട്ട ആലോചനകൾക്ക് കാരണമായിരുന്നു.ഒന്നോ അതിലധികമോ ഘട്ടത്തിലൂടെയാവും കമ്പനിയുടെ മേൽനോട്ട ചുമതലയടക്കം ടാറ്റ ഡിജിറ്റൽ ഏറ്റെടുക്കുക. ഇതോടെ ഇന്നൊവേറ്റീവ് റീടെയ്ൽ കൺസെപ്റ്റ്സ് എന്ന ബിഗ് ബാസ്കറ്റിനെ നയിക്കുന്ന കമ്പനിയുടെ നിയന്ത്രണം തന്നെ സൂപ്പർമാർക്കറ്റ് ​ഗ്രോസറി സപ്ലൈസ് എന്ന കമ്പനിക്കാവും.ടാറ്റ സൺസിന്റെ പൂർണ ഉടമസ്ഥതയിലുള്ള ടാറ്റ ഡിജിറ്റൽ ലിമിറ്റഡാണ് ബിഗ് ബാസ്കറ്റിൽ നിക്ഷേപം നടത്തുന്നത്.

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തിനായി ദേശീയ തലത്തില്‍ ഒരു പദ്ധതി രൂപീകരിക്കണമെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി. കുടിയേറ്റ തൊഴിലാളികളുടെ മടക്കയാത്ര തത്കാലത്തേക്ക് തടഞ്ഞ് 6000 രൂപ അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കുകയും വേണമെന്നും സോണിയ ഗാന്ധി ട്വിറ്ററില്‍ പങ്ക് വച്ച വീഡിയോയില്‍ പറഞ്ഞു.
രാജ്യത്തെ പ്രതിദിന കോവിഡ് കണക്ക് നാലുലക്ഷം കടന്ന പശ്ചാത്തലത്തിലാണ് സോണിയയുടെ പ്രതികരണം. രാജ്യത്ത് പരിശോധന വര്‍ധിപ്പിക്കണമെന്നും മെഡിക്കല്‍ ഓക്‌സിജന്റെയും മറ്റ് അവശ്യവസ്തുക്കളുടെയും ലഭ്യത യുദ്ധകാലാടിസ്ഥാനത്തില്‍ തയ്യാറാക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സ്വന്തം ജീവന്‍് അപകടത്തിലാക്കി കൊണ്ടുപോലും കോവിഡ് രോഗികളെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും മുന്നില്‍ ശിരസ്സു കുനിക്കുന്നതായും സോണിയ പറഞ്ഞു.

നായ്ക്കൾക്കുമാകാം ട്രെയിൻ യാത്ര.റെയിൽവേ സ്റ്റേഷനുകളിലുള്ള പാർസൽ കേന്ദ്രത്തിൽലെത്തി നായയുടെ വിവരങ്ങൾ ഉൾപ്പെടുത്തി ഫോം പൂരിപ്പിച്ചു നൽകിയാൽ വളരെ കുറഞ്ഞ ചെലവിൽ ഉടമ യാത്ര ചെയുന്ന അതേ ട്രെയിനിൽ കൂടെ കൂട്ടാം. പക്ഷേ അതിനായി കുറച്ചുകാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.എല്ലാ ട്രെയിനുകളിലും ഏറ്റവും പിന്നിൽ ഗാർഡ് വിഭാഗമുണ്ട്. അതിൽ ഒരു ഡോഗ് ബോക്സ്‌ കാണാം. ആ ഡോഗ് ബോക്സിലാണ് ആണ് നായയെ പാർപ്പിക്കുക. ട്രെയിനിൽ ഉടമയുടെ ഒപ്പം ഇരുത്തി നായയെ കൊണ്ടുപോകാനും സംവിധാനമുണ്ട്‌. പക്ഷേ, അത് വളരെ ചെലവേറിയതാണ്. ഇവിടെ പറയുന്നത് ചെലവ് കുറഞ്ഞ മാർഗത്തെക്കുറിച്ചയതുകൊണ്ട് അതിനെക്കുറിച്ച് കൂടുതൽ പറയുന്നില്ല.

നായയെ ട്രെയിനിൽ കൊണ്ടുപോകാമെങ്കിലും ചില പ്രശ്നങ്ങളുമുണ്ട്. യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന ട്രെയിനിൽ വേറെ നായ ഉണ്ടെങ്കിൽ ആ ട്രെയിനിൽ മറ്റൊരു നായയെ കയറ്റാൻ സാധിക്കില്ല. കാരണം, ഒരു ട്രെയിനിൽ ഒരു ഡോഗ് ബോക്സ്‌ മാത്രമേയുള്ളൂ. അതുകൊണ്ടുതന്നെ യാത്രചെയ്യാൻ ഉദ്ദേശിക്കുന്ന ട്രെയിനിൽ വേറെ നായയുണ്ടോ എന്ന് മുൻകൂട്ടി അന്വേഷിച്ചറിയണം. നേരിട്ട് അന്വേഷിക്കുന്നതാണ് ഏറ്റവും ഉചിതം.

അത് മാത്രമല്ല നായയ്‌ക്കു വാക്‌സിനേഷൻ കൃത്യമായി എടുത്തതായിരിക്കണം (Rabies & DHLP vaccines). വാക്‌സിൻ എടുത്തതിന്റെ സർട്ടിഫിക്കറ്റ് കൈവശം ഉണ്ടായിരിക്കണം.നായ യാത്ര ചെയ്യാൻ മാനസികമായും ശരീരികമായും ആരോഗ്യമുള്ളതാണെന്ന് തെളിയിക്കുന്നതിനുള്ള ഫിറ്റ്‌നെസ് സർട്ടിഫിക്കറ്റ് കൈവശം ഉണ്ടായിരിക്കണം (ഈ സാക്ഷ്യപത്രം വെറ്ററിനറി ഡോക്ടറാണ് നൽകേണ്ടത്).നായയ്ക്ക് ലോഹനിർമിതമായ ചെയിൻ (ലീഷ് ) ഉണ്ടായിരിക്കണം.നായയെ പൊതു ഇടങ്ങളിൽ കൊണ്ടുപോകുമ്പോൾ അവർ അക്രമകാരിയായി കടികാതിരിക്കാൻ വേണ്ടി മാസ്ക് (dog muzzle) ഉണ്ടായിരിക്കണം (ഓരോ ഇനം നായ്ക്കളുടെ മുഖത്തിനു ചേരുന്ന വലുപ്പത്തിൽ പെറ്റ് ഷോപ്പുകളിൽ ലഭ്യമാണ്).മേൽപ്പറഞ്ഞ സാധനങ്ങളും, സർട്ടിഫിക്കറ്റുകളുടെയും ഉടമയുടെ തിരിച്ചറിയൽ കാർഡിന്റെയും (adhaar) പകർപ്പ് കൈവശംവയ്ക്കുക.

covid

ന്യൂ‍ഡൽഹി∙ രാജ്യത്ത് കോവിഡ് ബാധിച്ച് ഏപ്രിൽ 2020 മുതൽ ഈ മാസം 28 വരെ 101 മാധ്യമപ്രവർത്തകരുടെ ജീവനാണ് കൊറോണ വൈറസ് അപഹരിച്ചത്.ഇതിൽ 52 മരണവും ഈ ഏപ്രിലിലാണ് ഉണ്ടായതെന്നും ഡൽഹി ആസ്ഥാനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെർസെപ്ഷൻ സ്റ്റഡീസിന്റെ (ഐപിഎസ്) റിപ്പോർട്ടിൽ പറയുന്നു. മാധ്യമപ്രവർത്തകരുടെ മരണനിരക്ക് ഏറ്റവും കൂടുതലുള്ളത് യുപിയിലാണ്. 19 പേരാണ് അവിടെ മരിച്ചത്. തെലങ്കാന (17), മഹാരാഷ്ട്ര (13), ഒഡീഷ (9), ‍ഡൽഹി (8), ആന്ധ്ര പ്രദേശ് (6) എന്നിങ്ങനെയാണ് ഐപിഎസിന്റെ റിപ്പോർട്ട്.

കോവിഡ് സ്ഥിരീകരിച്ച് ദിവസങ്ങൾക്കുള്ളിലാണ് പ്രമുഖ ടെലിവിഷൻ മാധ്യമപ്രവർത്തകൻ രോഹിത് സർദാന (41) അന്തരിച്ചത്. വെള്ളിയാഴ്ച ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം. ആജ് തക് ചാനലിന്റെ എക്സിക്യൂട്ടീവ് എഡിറ്ററും അവതാരകനുമായിരുന്നു. ഭാര്യയും രണ്ടു പെൺമക്കളുമുണ്ട്.അസമിലെ മുതിർന്ന മാധ്യമപ്രവർത്തക നിലാക്ഷി ഭട്ടാചാര്യയുടെ ജീവനും ഇന്നു പൊലിഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയിലെ മാധ്യമപ്രവർത്തകയാണ്. ഇവരുടെ ഭർത്താവ് ദി അസം ട്രിബ്യൂൺ മാധ്യമത്തിന്റെ ഡൽഹി ബ്യൂറോ ചീഫ് കല്യാൺ ബറുവയും കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലാണ്.

അഹമ്മദാബാദ് : ഗുജറാത്തിലെ ഭറൂച്ച് ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ പതിനെട്ട് രോഗികള്‍ മരിച്ചു. ഇന്ന് പുലര്‍ച്ചയോടെയായിരുന്നു സംഭവം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് പറയുന്നത്. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 50 ഓളം രോഗികളെ നാട്ടുകാരും അഗ്‌നിശമന സേനാംഗങ്ങളും രക്ഷപ്പെടുത്തി.മരണസംഖ്യ ചിലപ്പോള് ഇനിയും ഉയര്‍ന്നേക്കാമെന്ന് ഭറൂച്ച് പോലീസ് സൂപ്രണ്ട് രാജേന്ദ്ര സിങ് ചുദാസാമ പറഞ്ഞു.

ചെന്നൈ: റെംഡിസിവര്‍ മരുന്ന് കരിഞ്ചന്തയില്‍ വിറ്റതിന് ചെന്നൈയിലും ഡല്‍ഹിയിലും ആന്ധ്രാപ്രദേശിലുമായി ഡോക്ടര്‍മാര്‍ ഉള്‍പ്പടെ ഏഴുപേര്‍ പിടിയില്‍. 4800 രൂപയ്ക്ക് വാങ്ങിയ മരുന്ന് 20,000 രൂപയ്ക്കാണ് വിറ്റത്. ഉത്തരാഖണ്ഡില്‍ വ്യാജ റെംഡിസിവര്‍ നിര്‍മ്മാണ ഫാക്ടറി പൊലീസ് കണ്ടെത്തുകയും ഉടമ ഉള്‍പ്പെടെ അഞ്ച് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ആന്ധ്രാപ്രദേശിലെ മംഗളഗിരി ടൗണിലെ സ്വകാര്യ ആശുപത്രിയില്‍ ഡ്യൂട്ടി ഡോക്ടറായ ഭാനു പ്രതാപിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ 52,000 രൂപയ്ക്ക് ഹൈദരാബാദില്‍ നിന്നാണ് നാലു വ്യാജ റെംഡിസിവര്‍ ഇന്‍ജെക്ഷനുകള്‍ എത്തിച്ചിരുന്നു.കൊവിഡ് ചികിത്സക്ക് ഉപയോഗിക്കുന്ന ആന്റിവൈറല്‍ മരുന്നാണ് റെംഡിസിവര്‍. ഈ മരുന്ന് കരിഞ്ചന്തയില്‍ വിറ്റതിന് മലയാളികളടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി പേര്‍ ഇതിനോടകം അറസ്റ്റിലായിട്ടുണ്ട്.

സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ഒരു കോടിയിലധികം വാക്‌സിൻ ഡോസുകൾ ഉണ്ടെന്ന് കേന്ദ്രസർക്കാർ. മൂന്ന് ദിവസത്തിനുള്ളിൽ ഇരുപത് ലക്ഷത്തോളം ഡോസുകൾ കൂടി നൽകുമെന്നും കേന്ദ്രം അറിയിച്ചു.സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കുമായി ഇതുവരെ 16.33 കോടി വാക്‌സിൻ ഡോസുകൾ നൽകിയിട്ടുണ്ട്. ഇതിൽ പാഴായിപ്പോയതടക്കം 15.33 കോടി ഡോസുകളാണ് ഉപയോഗിച്ചതെന്നും മന്ത്രാലയം പറഞ്ഞു.

‘ഒരു കോടിയിലധികം കോവിഡ് വാക്‌സിന്‍ ഡോസുകള്‍ (1,00,28,527) ഇപ്പോഴും സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഉണ്ട്. അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ 20 ലക്ഷം ഡോസുകള്‍ വിതരണം ചെയ്യും’മന്ത്രാലയം അറിയിച്ചു. കോവിഡ് പ്രതിരോധത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ണായകമായി കാണുന്ന ഒന്നാണ് കോവിഡ് വാക്‌സിനേഷന്‍.

അതേസമയം രാജ്യത്ത് ഇന്ന് കഴിഞ്ഞ 24 മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് രോഗികളുടെ എണ്ണം 3,86,452. ഇന്നലെ കോവിഡ് ബാധിച്ച് മരിച്ചത് 3498 പേരാണ്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 1,87,62,976 ആയി. മരണ സംഖ്യ 2,08,330. ആക്ടീവ് കേസുകളുടെ എണ്ണം 31,70,228 ആണ്. 1,53,84,418 ഇതുവരെ രോഗമുക്തരായി. 15,22,45,179 പേര്‍ ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചു.

ഇന്ത്യയില്‍ കോവിഡ് മഹാമാരി റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യുന്നത് ഇന്നലെയാണ്. കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ രാവിലെ 11 ന് കേന്ദ്രമന്ത്രിമാരുടെ യോഗം നടക്കുന്നുണ്ട്. ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.

vaccine

ന്യൂഡൽഹി:കോവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തിൽ ആഗോള വാക്സിനേഷൻ ദൗത്യം ഊർജ്ജിതമാക്കാൻ വാക്സിനുകളുടെ പേറ്റന്റ് അവകാശവും ബൗദ്ധിക സ്വത്തവകാശവും ഇളവു ചെയ്യണമെന്ന് ഇന്ത്യയും ദക്ഷിണാഫ്രിക്കയും കഴിഞ്ഞ വർഷം ഒക്ടോബറിൽ ലോക വ്യാപാര സംഘടനയിൽ ആവശ്യപ്പെട്ടിരുന്നു. മന്ദഗതിയിൽ പോയാൽ ലോകജനസംഖ്യയിൽ വലിയൊരു വിഭാഗത്തിന് വാക്സിൻ കിട്ടാൻ രണ്ട് വർഷം വരെ വൈകുമെന്നും ഈ കാലയളവിൽ വൈറസിന് കൂടുതൽ ജനിതകമാറ്റം വന്ന് അതീവ മാരകമാവുമെന്നും യോഗത്തിൽ ഇന്ത്യ ചൂണ്ടിക്കാട്ടി.

വാക്സിൻ അസംസ്‌കൃത വസ്തുക്കളുടെയും ഉപകരണങ്ങളുടെയും കയറ്റുമതി നിയന്ത്രണങ്ങൾ ഒഴിവാക്കാൻ അമേരിക്കയും ചില പാശ്ചാത്യരാജ്യങ്ങളും തീരുമാനിച്ചതിന് പിന്നാലെയാണ് പേറ്റന്റ് ഇളവിനുള്ള ചർച്ചകളും സജീവമായത്. ലോകാരോഗ്യ സംഘടനയും നിരവധി ലോക നേതാക്കളും ഇതിന് സമ്മർദ്ദം ചെലുത്തുന്നുമുണ്ട്.ഇളവു ചെയ്താൽ കൂടുതൽ സ്ഥാപനങ്ങൾക്ക് വാക്സിൻ ഉൽപ്പാദിപ്പിക്കാനും ആഗോള വാക്സിനേഷൻ വിപുലമാക്കാനും കഴിയും. കഴിഞ്ഞയാഴ്ച ചേർന്ന സംഘടനയുടെ യോഗത്തിലും ഇന്ത്യൻ നിർദ്ദേശത്തെ അംഗങ്ങൾ ശക്തമായി എതിർത്തു.

പാകിസ്ഥാൻ,​ ഈജിപ്റ്റ്,​ ബൊളീവിയ,​ വെനിസ്വേല,​ കെനിയ,​ സിംബാബ്‌വേ തുടങ്ങിയ 58 രാജ്യങ്ങൾ ഇന്ത്യയെ പിന്തുണയ്ക്കുന്നുണ്ട്.അതേസമയം,​ ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ ആവശ്യം പരിഗണനയിലാണെന്ന് കഴിഞ്ഞ ദിവസം അമേരിക്ക സൂചിപ്പിച്ചു. ലോകവ്യാപാര സംഘടനയുടെ ഇന്നത്തെ യോഗത്തിൽ ഇന്ത്യൻ ഗ്രൂപ്പ് ഈ ആവശ്യം വീണ്ടും ഉന്നയിക്കും.വാക്സിൻ ഉൽപാദനം ലോകവ്യാപകമായി വർദ്ധിപ്പിക്കാനുള്ള വഴിയാണ് പേറ്റന്റ് ഇളവെന്നും യു.എസ് അക്കാര്യം പഠിക്കുകയാണെന്നും വൈറ്റ്ഹൗസ് വക്താവ് ജെൻ സാക്കി പറഞ്ഞു.