ഗൂഗിളിന് മഹാമാരിയിലും വരുമാനത്തില്‍ 34 ശതമാനം വര്‍ദ്ധനവ്

ന്യൂഡല്‍ഹി : കോവിഡ് മഹാമാരിയില്‍ വരുമാനം കുതിച്ചുയര്‍ന്ന് ഗൂഗിള്‍. വര്‍ക്ക് ഫ്രം ഹോം നടപ്പാക്കിയതോടെ 7412 കോടിയിലേറെ രൂപയാണ് ഗൂഗിളിന് മിച്ചം പിടിക്കാനായത്. വരുമാനത്തില്‍ 34 ശതമാനം വര്‍ദ്ധനവാണ് ഗൂഗിള്‍ കൈവരിച്ചത്. രോഗവ്യാപനം രൂക്ഷമായതു മുതല്‍, വീട്ടില്‍ നിന്നുള്ള ജോലി തൊഴില്‍ സംസ്‌കാരത്തിന്റെ ഭാഗമായി. ഈ മോഡലിനെ നേരത്തെ സ്വീകരിച്ച ഫേസ്ബുക്ക്, മൈക്രോസോഫ്റ്റ്, ആപ്പിള്‍, ട്വിറ്റര്‍, ഗൂഗിള്‍ തുടങ്ങിയ ടെക് ഭീമന്മാര്‍ തങ്ങളുടെ ജീവനക്കാര്‍ വീട്ടില്‍ നിന്ന് ജോലി ചെയ്യുന്നതിനാല്‍ ചെലവ് കുറച്ചതിന്റെ ഗുണം കൈവരിച്ചിട്ടുണ്ട്.ഗൂഗിള്‍ ജീവനക്കാരുടെ യാത്രാ ചെലവുകള്‍ക്കും മറ്റ് പ്രമോഷണല്‍, വിനോദ ചെലവുകള്‍ക്കുമായി ചിലവഴിക്കുന്ന പണം കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ വര്‍ഷത്തെ ആദ്യ സാമ്പത്തിക പാദത്തില്‍ 268 മില്യണ്‍ ഡോളര്‍ ലാഭിക്കാന്‍ കാരണമായി. ഒരു വാര്‍ഷിക കാലയളവില്‍ ഇതേ കണക്ക് പരിശോധിക്കുമ്പോള്‍, ഒരു ബില്യണ്‍ ഡോളര്‍ അഥവാ 7412 കോടിയിലേറെ രൂപ ലാഭിക്കാന്‍ ഗൂഗിളിന് കഴിഞ്ഞു. ഇത് പ്രധാനമായും കോവിഡ്-19 ന്റെ ഫലമാണെന്ന് റിപ്പോര്‍ട്ടില്‍ ഗൂഗിള്‍ പറഞ്ഞു.
ലോകമെമ്പാടുമുള്ള 1.3 ലക്ഷം ജീവനക്കാരില്‍ ഭൂരിഭാഗവും വീട്ടില്‍ നിന്നാണ് ജോലി ചെയ്യുന്നതെന്നും ഇന്റര്‍നെറ്റ് അധിഷ്ഠിത സേവനങ്ങളുടെ ആവശ്യം വന്‍തോതില്‍ വര്‍ദ്ധിച്ചതിനാല്‍ ഗൂഗിള്‍ വരുമാനത്തില്‍ 34 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി.ട്വിറ്റര്‍, ആപ്പിള്‍, ഫെയ്‌സ്ബുക്ക് തുടങ്ങിയ ടെക് ഭീമന്‍മാര്‍ തങ്ങളുടെ ജീവനക്കാരോട് വീട്ടില്‍ നിന്ന് ജോലിചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ട് അല്ലെങ്കില്‍ ഈ വര്‍ഷത്തെ പ്രവര്‍ത്തന മോഡലിനെക്കുറിച്ച് ഇതുവരെ ഒരു അറിയിപ്പും നല്‍കിയിട്ടില്ലെങ്കിലും ഗൂഗിള്‍ ഈ വര്‍ഷം തന്നെ ഓഫീസുകള്‍ വീണ്ടും തുറക്കുമെന്ന് അറിയിച്ചിട്ടുണ്ട്.