National (Page 816)

ന്യൂഡൽഹി: രാജ്യത്തെ സാധാരണക്കാരെ ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ രൂപം നൽകിയ പദ്ധതികളിലൊന്നാണ് പ്രധാനമന്ത്രി ജൻധൻ യോജന. ഓരോ പൗരനും സേവിംഗ്‌സ് അക്കൗണ്ടുകൾ, ഡിപ്പോസിറ്റ്, പണമയയ്ക്കൽ, വായ്പകൾ, ഇൻഷുറൻസ്, പെൻഷനുകൾ എന്നിവ ഉറപ്പാക്കുന്ന പദ്ധതിയാണ് പിഎംജെഡിവൈ. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ഏത് ബാങ്ക് ശാഖയിലും സീറോ ബാലൻസ് സേവിംഗ്‌സ് അക്കൗണ്ട് തുറക്കാൻ ഈ പദ്ധതിയിലൂടെ കഴിയും.

ഓവർ ഡ്രാഫ്റ്റുകൾ, റുപേ ഡെബിറ്റ് കാർഡുകൾ തുടങ്ങിയ സൗകര്യങ്ങളും ജൻധൻ അക്കൗണ്ടിലുണ്ട്. കോവിഡ് വ്യാപനത്തിന്റെ ആദ്യ തരംഗത്തിൽ ജനങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ സഹായം ജൻധൻ അക്കൗണ്ട് വഴി ലഭിച്ചിരുന്നു. ഇത്തവണ 1.3 ലക്ഷം രൂപയുടെ ആനുകൂല്യങ്ങളാണ് കേന്ദ്രസർക്കാർ ജൻധൻ അക്കൗണ്ട് ഉടമകൾക്ക് നൽകുന്നത്. ഒരു ലക്ഷം രൂപ അപകട ഇൻഷുറൻസും 30,000 രൂപ ജനറൽ ഇൻഷുറൻസുമാണ് കേന്ദ്രം നൽകുന്ന ആനുകൂല്യങ്ങൾ. അക്കൗണ്ട് ഉടമയ്ക്ക് അപകടം സംഭവിക്കുകയാണെങ്കിൽ ഈ ആനുകൂല്യം ലഭിക്കുന്നതായിരിക്കും.

ഈ ആനുകൂല്യം ലഭിക്കുന്നതിന് ആധാർ നമ്പറുമായി ജൻധൻ അക്കൗണ്ട് ബന്ധിപ്പിക്കേണ്ടതാണ്. പല ബാങ്കുകളും ഇപ്പോൾ മെസേജുകളിലൂടെ ആധാർ നമ്പറുമായി അക്കൗണ്ട് ലിങ്ക് ചെയ്യാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. എന്നാൽ അക്കൗണ്ടുള്ള ബാങ്ക് ഈ സൗകര്യം നൽകുന്നില്ലെങ്കിൽ ഉപഭോക്താക്കൾക്ക് ആധാർ കാർഡിന്റെയും പാസ്ബുക്കിന്റെയും ഫോട്ടോകോപ്പിയുമായി ബാങ്ക് ശാഖയിലെത്തി ആധാറും ജൻധൻ അക്കൗണ്ടുമായി ബന്ധിപ്പിക്കാം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉപഭോക്താക്കൾക്ക് രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്ന് യുഐഡി അയച്ചുകൊണ്ട് അവരുടെ അക്കൗണ്ട് ആധാറുമായി ലിങ്ക് ചെയ്യാനുള്ള സംവിധാനമുണ്ട്.

സ്വകാര്യ ബാങ്കിലും ജൻധൻ അക്കൗണ്ട് തുറക്കാൻ കഴിയും. സേവിംഗ്‌സ് അക്കൗണ്ട് ഉണ്ടെങ്കിൽ അതിനെ ജൻധൻ അക്കൗണ്ടിലേക്ക് മാറ്റാൻ കഴിയും. 10 വയസ്സിന് മുകളിലുള്ള ഇന്ത്യയിൽ താമസിക്കുന്ന ഏതൊരു പൗരനും ജൻധൻ അക്കൗണ്ട് തുറക്കാം. ആധാർ കാർഡുകൾ, പാൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, വോട്ടർ ഐഡി കാർഡ്, പാസ്പോർട്ട്, എംജിഎൻആർജിഎ തൊഴിൽ കാർഡ് എന്നിവ ഉപയോഗിച്ച് അക്കൗണ്ട് എടുക്കാം.

google

ബെംഗളൂരു: ഗൂഗിളിനെതിരെ നിയമനടപടിയുമായി കര്‍ണാടക സര്‍ക്കാര്‍. ഇന്ത്യയിലെ ഏറ്റവും വൃത്തികെട്ട ഭാഷയേതെന്ന് സെര്‍ച്ച് ചെയ്യുമ്പോള്‍ ഗൂഗിള്‍ നല്‍കുന്ന മറുപടി കന്നഡയെന്നാണ്. ഇതിനെതിരെയാണ് നിയമനടപടിയുമായി കര്‍ണാടക സര്‍ക്കാര്‍ മുന്നോട്ട് പോകാന്‍ തീരുമാനിച്ചത്.ഇന്ത്യയിലെ മോശം ഭാഷ കന്നഡ ആണെന്ന ഗൂഗിള്‍ സെര്‍ച്ച് എന്‍ജിന്‍ നല്‍കുന്ന മറുപടിയുടെ സ്‌ക്രീന്‍ഷോട്ടുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

സംഭവം വിവാദമായതോടെ വ്യാഴാഴ്ച മൂന്ന് മണിക്ക് ശേഷം ഭാഷയുമായി ബന്ധപ്പെട്ട മറുപടി ഗൂഗിള്‍ നീക്കം ചെയ്തു. വിശദീകരണം ആവശ്യപ്പെട്ട് ഗൂഗിളിന് നോട്ടീസയക്കുമെന്ന് സാംസ്‌കാരിക മന്ത്രി അരവിന്ദ് ലിംബാവലി വ്യക്തമാക്കി.ഗൂഗിളിന്റെ ഭാഗത്ത് നിന്നുമുണ്ടായത് നിരുത്തരവാദപരമായ പെരുമാറ്റമാണെന്ന് മുന്‍ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ പുതിയ ഐടി ചട്ടങ്ങള്‍ക്കെതിരെ ട്വിറ്റര്‍ അടക്കമുള്ള മാധ്യമങ്ങള്‍ എതിര്‍പ്പ് പരസ്യമാക്കിയ നടപടി വിവാദത്തില്‍ തുടരുന്നതിനിടെയാണ് ഗൂഗിളിനെതിരെ കര്‍ണാടക സര്‍ക്കാര്‍ രംഗത്തുവരുന്നത്.

കോവിഡ് വാക്‌സീന്‍ കേന്ദ്രം സംഭരിച്ച് നല്കണമെന്നാവശ്യപ്പെട്ട് സംയുക്തനീക്കം നടത്തണമെന്ന് നിര്‍ദ്ദേശിച്ച് പിണറായി വിജയനെഴുതിയ കത്തിനോട് പ്രതികരിച്ച് ആന്ധ്ര മുഖ്യമന്ത്രി വൈഎസ് ജഗന്‍മോഹന്‍ റെഡ്ഢി. കേന്ദ്രത്തോട് സംസ്ഥാനങ്ങള്‍ ഒരുമിച്ചു ആവശ്യപ്പെടേണ്ട സമയമായെന്നും കേന്ദ്രം വാക്‌സിനേഷന്‍ ചുമതല ഏറ്റെടുക്കാന്‍ ആവശ്യപ്പെടണമെന്നും വാക്‌സിന് വേണ്ടിയുള്ള ആഗോള ടെണ്ടര്‍ വിളിച്ചിട്ടും പോലും ഫലം കാണുന്നില്ലെന്ന് ആന്ധ്ര മുഖ്യമന്ത്രി പറഞ്ഞു.കേന്ദ്രത്തില്‍ നിന്നും എല്ലാ സംസ്ഥാനങ്ങളിലേക്കും വാക്‌സിന്‍ ലഭ്യമാക്കുക മാത്രമേ കാര്യക്ഷമമായി വാക്‌സിനേഷന്‍ നടപ്പാകാന്‍ സഹായിക്കൂവെന്നും മറുപടി കത്തില്‍ ആന്ധ്ര മുഖ്യമന്ത്രി വിശദമാക്കി.

മുംബൈ : വായ്പാ തട്ടിപ്പ് നടത്തി നാടുവിട്ട വ്യവസായി വിജയ് മല്യ യുടെ സ്വത്തുക്കൾ വിറ്റ് ബാങ്കുകൾക്ക് പണം നൽകാൻ തീരുമാനം. വിജയ് മല്യയുടെ 5,646 കോടി രൂപയുടെ സ്വത്തുക്കൾ വിറ്റ് ബാങ്കുകൾക്ക് പണം നൽകാനാണ് ധാരണയായിരിക്കുന്നത് .

മുംബൈയിലെ പ്രത്യേക കോടതിയാണ് ഇതുസംബന്ധിച്ച വിധി പ്രഖ്യാപിച്ചത്. എസ് ബി ഐ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ വിധി. 11 ബാങ്കുകളടങ്ങിയ കൺസോർഷ്യമാണ് വിജയ് മല്യക്ക് വായ്പ നൽകിയത്. ഈ കൺസോർഷ്യത്തിലെ പ്രധാന ബാങ്കാണ് എസ്ബിഐ.

വിജയ് മല്യയുടെ 5646.54 കോടി രൂപയുടെ സ്വത്തുക്കൾ വിറ്റ് പണമാക്കി ബാങ്കുകൾക്ക് ഉപയോഗിക്കാമെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. റിയൽ എസ്റ്റേറ്റ് സ്വത്തുക്കളും സെക്യൂരിറ്റികളും വിറ്റ് പണമാക്കി അത് വായ്പാ തിരിച്ചടവായി ബാങ്കുകൾ കണക്കാക്കും. 6,900 കോടിയോളം രൂപയാണ് വിജയ് മല്യ വിവിധ ബാങ്കുകളിൽ നിന്ന് വായ്പയായി എടുത്തിരിക്കുന്നത്. എസ് ബി ഐ യിൽ നിന്നും 1600 കോടി രൂപയും പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 800 കോടി രൂപയും ഐഡിബിഐ ബാങ്കിൽ നിന്ന് 800 കോടിയും ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് 650 കോടിയും ബാങ്ക് ഓഫ് ബറോഡയിൽ നിന്ന് 550 കോടിയും സെൻട്രൽ ബാങ്കിൽ നിന്ന് 410 കോടിയും വായ്പ നൽകിയിട്ടുണ്ട്.

ന്യൂഡൽഹി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഇന്ത്യയ്ക്ക് കൈത്താങ്ങായി അമേരിക്ക. ഇന്ത്യയ്ക്ക് അമേരിക്ക കോവിഡ് വാക്സിൻ നൽകും. യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ചാണ് ഇക്കാര്യം അറിയിച്ചത്.

ആഗോളതലത്തിൽ 25 മില്യൺ ഡോസ് വാക്‌സിൻ വിതരണം ചെയ്യാനാണ് അമേരിക്ക പദ്ധതിയിട്ടിരിക്കുന്നത്. ഈ പദ്ധതിയുടെ ഭാഗമായാണ് ഇന്ത്യയ്ക്കും അമേരിക്ക വാക്സിൻ കൈമാറുന്നത്.

അമേരിക്കയുടെ തീരുമാനത്തെ അഭിനന്ദിക്കുന്നുവെന്നും ഇന്ത്യയ്ക്ക് നൽകിയ പിന്തുണയ്ക്കും ഐക്യദാർഢ്യത്തിനും നന്ദി അറിയിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. കമല ഹാരിസുമായുള്ള ഫോൺ സംഭാഷണത്തിന് ശേഷം ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്താനുള്ള കാര്യങ്ങൾ കമല ഹാരിസുമായി ചർച്ച ചെയ്തെന്നും അദ്ദേഹം അറിയിച്ചു.

മെക്സിക്കോ പ്രസിഡന്റ് അൻഡ്രസ് മാനുവൽ ലോപസ്, ഗ്വാട്ടിമാല പ്രസിഡന്റ് അലജാൻഡ്രോ ജിയാമട്ടി, ട്രിനിഡാഡ് ആൻഡ് ടൊബാഗോ പ്രധാനമന്ത്രി കീത്ത് റൗളി എന്നിവരുമായും കമല ഹാരിസ് ഫോണിൽ ബന്ധപ്പെട്ടിരുന്നു. വാക്‌സിൻ നൽകുമെന്ന് നേതാക്കളോട് കമല ഹാരിസ് വ്യക്തമാക്കി.

80 മില്യൺ ഡോസ് കോവിഡ് വാക്സിൻ ജൂൺ അവസാനത്തോടെ ആഗോളതലത്തിൽ വിതരണം ചെയ്യാനാണ് അമേരിക്ക പദ്ധതിയിടുന്നത് എന്നാണ് റിപ്പോർട്ട്.

covid

ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച രണ്ടാമത്തെ കോവിഡ് വാക്‌സിനും വിതരണത്തിന് തയ്യാര്‍.വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണം തുടരുകയാണ്.ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബയോളജിക്കല്‍-ഇയുടെ കോവിഡ് വാക്‌സിനായുള്ള കരാറില്‍ രാജ്യം ഒപ്പുവെച്ചു. വാക്‌സിനായി 1500 കോടി രൂപ മുന്‍കൂര്‍ നല്‍കുമെന്നും 2021 ഓഗസ്റ്റ് മുതല്‍ സെപ്റ്റംബര്‍ വരെയുളള കാലയളവിനുളളില്‍ ബയോളജിക്കല്‍-ഇ വാക്‌സിന്‍ ഉല്പാദിപ്പിക്കുകയും സംഭരിക്കുകയും ചെയ്യുമെന്നും റിപ്പോര്‍ട്ടുണ്ട്. കോവാക്‌സിന് പുറമേ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡ്, സ്പുട്‌നിക് വി എന്നീ വാക്‌സിനുകളാണ് രാജ്യത്ത് നിലവില്‍ വിതരണം ചെയ്യുന്നത്. ഫൈസര്‍, മൊഡേണ എന്നീ വിദേശ വാക്‌സിനുകള്‍ രാജ്യത്ത് വേഗത്തില്‍ ലഭ്യമാക്കാനുളള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്.

covaxin

കുട്ടികളിലുള്ള വാക്‌സിൻ ക്ലിനിക്കല്‍ പരീക്ഷണത്തിന് പട്‌ന എയിംസില്‍ തുടക്കമായി. കൊവാക്‌സിൻ 15 കുട്ടികളിലാണ് ആദ്യഘട്ട ട്രയൽ നടത്തുന്നത്. കുത്തിവെയ്പ്പിനുമുൻപായി ആര്‍ടിപിസിആര്‍, ആന്റിബോഡി പരിശോധനകള്‍ക്ക് ശേഷം കുട്ടികൾ ട്രയലില്‍ പങ്കാളികളായി. ആന്റിബോഡി സാന്നിധ്യം ശരീരത്തില്‍ കണ്ടെത്തിയ കുട്ടികൾക്ക് പരീക്ഷണത്തിന് പങ്കാളിയാകാൻ സാധിക്കില്ല . 12 നും 18 നും വയസ്സിനിടയിലുള്ള കുട്ടികള്‍ക്കാണ് ഇപ്പോള്‍ പ്രതിരോധ കുത്തിവെപ്പ് നല്‍കിയതെന്ന് എയിംസിലെ കോവിഡ് നോഡല്‍ ഓഫീസര്‍ ഡോ. സഞ്ജീവ് കുമാര്‍ പറഞ്ഞു. 5 എംഎല്‍ മരുന്ന് കുത്തിവെപ്പായി നല്‍കിയ ശേഷം കുട്ടികളെ രണ്ട് മണിക്കൂര്‍ നിരീക്ഷണത്തിന് വിധേയമാക്കി. രണ്ടാഴ്ചയ്ക്ക് ശേഷം രണ്ടാം ഡോസ് മരുന്ന് നല്‍കും. അതുവരെ കുട്ടികള്‍ കര്‍ശന നിരീക്ഷണത്തിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മുംബൈ : കോവിഡ് വ്യാപനം തടയാന്‍ മത്സരം പ്രഖ്യാപിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍. ഓരോ റവന്യു ഡിവിഷനിലും മൂന്ന് കോവിഡ് മുക്ത ഗ്രാമങ്ങള്‍ക്ക് ഒന്നാം സമ്മാനമായി 50 ലക്ഷം രൂപയും രണ്ടാം സമ്മാനമായി 25 ലക്ഷം രൂപയും മൂന്നാം സമ്മാനമായി 15 ലക്ഷം രൂപയുമാണ് നല്‍കുക. കൂടാതെ, മത്സരത്തില് വിജയിക്കുന്ന ഗ്രാമങ്ങള്‍ക്ക് പ്രോത്സാഹനമായി സമ്മാന തുകയ്ക്ക് തുല്യമായ അധിക തുകയും ലഭിക്കും. മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പ്രഖ്യാപിച്ച മൈ വില്ലേജ് കൊറോണ ഫ്രീ പദ്ധതിയുടെ ഭാഗമായാണ് ഈ മത്സരം നടത്തുന്നതെന്ന് ഗ്രാമവികസന മന്ത്രി ഹസന് മുഷ്‌റിഫ് പ്രസ്താവനയില്‍ പറഞ്ഞു.

cbse

ന്യൂഡല്‍ഹി: പന്ത്രണ്ടാം ക്ലാസ് പരീക്ഷ മൂല്യനിര്‍ണയ മാര്‍ഗരേഖ അന്തിമമാക്കാന്‍ സമയമെടുക്കുമെന്നും, വിദ്യാര്‍ത്ഥികളും അധ്യാപകരും ആശങ്കപ്പെടാതെ കാത്തിരിക്കണമെന്നും സിബിഎസ്ഇ സെക്രട്ടറി അനുരാഗ് ത്രിപാഠി. ഉന്നതവിദ്യാഭ്യാസപ്രവേശനം തുടങ്ങുന്നതിന് മുന്‍പേ ഫലം പ്രസിദ്ധീകരിക്കുമെന്നും സിബിഎസ്ഇ വ്യക്തമാക്കി. സ്‌കൂളുകള്‍ക്ക് പൂര്‍ണ അധികാരം നല്‍കിയാലുള്ള ക്രമക്കേടുകള്‍ തടയുന്നതിന് എല്ലാ പഴുതുകളും ആലോചിച്ച ശേഷമേ തീരുമാനമെടുക്കു. നിലവില്‍ രണ്ടു മാര്‍ഗങ്ങളാണ് സി ബി എസ് ഇയുടെ ആലോചനയിലുള്ളത്. പത്ത്, പതിനൊന്ന് ക്ലാസുകളിലെ ഫൈനല്‍ പരീക്ഷകളിലെയും പന്ത്രണ്ടാംക്ലാസിലെ ഇന്റേണല്‍ പരീക്ഷയിലെയും മികവിന്റെ അടിസ്ഥാനത്തില്‍് മൂല്യനിര്‍ണയം നടത്തുകയാണ് ഒരു മാര്‍ഗം. പത്താംക്ലാസ് ബോര്‍ഡ് പരീക്ഷയ്ക്ക് വെയിറ്റേജ് നല്കി, പന്ത്രണ്ടാം ക്ലാസിലെ ഇന്റേണല്‍ മാര്‍ക്ക് പരിഗണിച്ച് മൂല്യനിര്‍ണയം നടത്തുകയാണ് മറ്റൊരു മാര്‍ഗം.

ന്യൂഡല്‍ഹി: കെപിസിസി അധ്യക്ഷനെ പ്രഖ്യാപിക്കല്‍ ഇനിയും വൈകുമെന്ന സൂചന നല്‍കി കോണ്‍ഗ്രസ് നേതാക്കള്‍. സംസ്ഥാന കോണ്‍ഗ്രസിലെ എല്ലാ വശങ്ങളും നേതാക്കളുടെ അഭിപ്രായങ്ങളും വിശദമായി മനസിലാക്കിയ ശേഷമായിരിക്കും അധ്യക്ഷനെ പ്രഖ്യാപിക്കു. ഇതിനായി കേരളത്തിന്റെ ചുമതലയുളള ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ കേരളത്തിലെത്തിയേക്കുമെന്നാണ് വിവരം. പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കാതെ എല്ലാവര്‍ക്കും സ്വീകാര്യമാവുന്ന തീരുമാനം എടുക്കുകയെന്നതാണ് ഹൈക്കമാന്‍ഡിന്റെ നയം.രാഹുല്‍ ഗാന്ധിയുമായി ആലോചിച്ച ശേഷമാവും അന്തിമ തീരുമാനം കൈക്കൊള്ളുക.അദ്ധ്യക്ഷ സ്ഥാനത്തേക്ക് നിലവില്‍ കെ സുധാകരന് മുന്‍തൂക്കമുണ്ടെങ്കിലും കൊടിക്കുന്നില്‍ സുരേഷിനെ പിന്‍തുണയ്ക്കുന്നവരുമുണ്ട്. എന്നാല്‍ ഇവരാരുമല്ലാതെ പുതിയ തലമുറയില്‍പ്പെട്ട ജനകീയ അടിത്തറയുള്ളവരെ അദ്ധ്യക്ഷനാക്കുന്ന കാര്യവും തള്ളിക്കൂടെന്നുതന്നെയാണ് ഹൈക്കമാന്‍ഡ് വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം.