ആശ്വാസ വാർത്ത; വാക്‌സിൻ സ്വീകരിച്ച ശേഷം കോവിഡ് ബാധിച്ച് ആരും മരണപ്പെട്ടില്ലെന്ന് പഠന റിപ്പോർട്ട്

ന്യൂഡൽഹി: വാക്‌സിൻ സ്വീകരിച്ച ശേഷം ഏപ്രിൽ, മെയ് മാസങ്ങളിൽ കോവിഡ് ബാധിച്ച ആരും മരിച്ചിട്ടില്ലെന്ന് പഠന റിപ്പോർട്ട്. ഡൽഹി എയിംസാണ് ഇത് സംബന്ധിച്ച പഠന റിപ്പോർട്ട് പുറത്തുവിട്ടത്. ബ്രേക്ക്ഗ്രൂ ഇൻഫെക്ഷനുകളെപ്പറ്റി എയിംസിൽ നടത്തിയ ജിനോമിക് സ്റ്റഡിയിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ആദ്യമായാണ് എയിംസിൽ ജിനോമിക് സ്റ്റഡി നടത്തുന്നത്. കോവിഡ് പ്രതിരോധ വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ച ശേഷവും വൈറസ് ബാധ ഉണ്ടാകുന്നതിനെയാണ് ബ്രേക്ക്ഗ്രൂ ഇൻഫെക്ഷൻ എന്ന് പറയുന്നത്. ഏപ്രിൽ, മെയ് മാസങ്ങളിൽ ബ്രേക്ക്ഗ്രൂ ഇൻഫെക്ഷൻ ഉണ്ടായവരിൽ ആരും മരിച്ചിട്ടില്ലെന്നാണ് എയിംസിന്റെ പഠന റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്. വാക്സിൻ സ്വീകരിച്ചവരിൽ ഒരാൾക്കു പോലും കോവിഡ് ബാധ ഗുരുതരമായില്ലെന്നും മിക്കവർക്കും അഞ്ച് മുതൽ ഏഴ് ദിവസം വരെ കടുത്ത പനി ഉണ്ടായെന്നും പഠനത്തിൽ പറയുന്നു. മറ്റ് രോഗങ്ങളൊന്നുമില്ലാത്ത സ്ത്രീകളെയും പുരുഷന്മാരെയുമാണ് പഠനത്തിന് വിധേയരാക്കിയതെന്നാണ് എയിംസ് അധികൃതർ വ്യക്തമാക്കുന്നത്.

അതേസമയം രണ്ട് ഡോസ് വാക്സിനും എടുത്ത ശേഷവും ചെറിയ ശതമാനം ആളുകൾക്ക് കോവിഡ് ബാധിക്കപ്പെടുകയോ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വരികയോ ചെയ്‌തേക്കാമെന്നാണ് അമേരിക്കയിലെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷൻ പറഞ്ഞിരിക്കുന്നത്. വാക്‌സിൻ സ്വീകരിച്ചവരിൽ ചെറിയ ശതമാനം ആളുകൾ കോവിഡ് ബാധിച്ച് മരണപ്പെട്ടേക്കാമെന്നും സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ പറയുന്നു.